വികാരങ്ങളുടേയും വിചാരങ്ങളുടേയും ആസ്ഥാനമായ അകത്തെ ഇന്ദ്രിമാണ് അന്തഃകരണം എന്ന പദം അർഥമാക്കുന്നത്. ആകാശാദി പഞ്ചഭൂതങ്ങളിൽ എല്ലാം കൂടിയുള്ള സത്വഗുണാംശങ്ങൾ ഏകമായി ചേർന്ന് അന്തഃകരണം ഉണ്ടായി എന്ന് പഞ്ചദശിയിൽ വിദ്യാരണ്യൻ പറഞ്ഞിട്ടുണ്ട്. യോഗശാസ്ത്രത്തിൽ ചിത്തം എന്ന പദംകൊണ്ട് അന്തഃകരണത്തെ വിവക്ഷിച്ചിരിക്കുന്നു.

വ്യാഖ്യാനം തിരുത്തുക

അന്തഃകരണത്തെ അവസ്ഥാഭേദം അനുസരിച്ച് സാംഖ്യൻമാർ മനസ്സ്, ബുദ്ധി, അഹങ്കാരം എന്നിങ്ങനെ മൂന്നു വിധത്തിലും വേദാന്തികൾ മനസ്സ്, ബുദ്ധി, അഹങ്കാരം, ചിത്തം എന്നിങ്ങനെ നാലു വിധത്തിലും വ്യവഹരിക്കാറുണ്ട്.

എന്ന വേദാന്തമതമനുസരിച്ച് അന്തഃകരണം സംശയാവസ്ഥയിലുള്ളപ്പോൾ മനസ്സ് എന്നും നിശ്ചയാവസ്ഥയിലുള്ളപ്പോൾ ബുദ്ധി എന്നും ഗർവാവസ്ഥയിലുള്ളപ്പോൾ അഹങ്കാരം എന്നും സ്മരണാവസ്ഥയിലുള്ളപ്പോൾ ചിത്തം എന്നും പറയപ്പെടുന്നു. വിശകലനം ചെയ്തു നോക്കിയാൽ ഈ അവസ്ഥകളുടെ ഉദ്ഭവം ബുദ്ധി, അഹങ്കാരം, മനസ്സ്, ചിത്തം എന്ന ക്രമത്തിലാണെന്നു കാണാം. സൃഷ്ടിക്രമം ഇങ്ങനെയാണെങ്കിലും ലൌകികാനുഭവമനുസരിച്ചുള്ള ക്രമം ചിത്തം, മനസ്സ്, അഹങ്കാരം, ബുദ്ധി എന്നിങ്ങനെയാണ്. രജോഗുണവും തമോഗുണവും താഴ്ത്തപ്പെട്ട് സത്വഗുണം പരിസ്ഫുടമായിരിക്കുന്ന ഒരവസ്ഥയാണ് ബുദ്ധിയുടേത്. അഹങ്കാരവൃത്തിയിൽ അന്തഃകരണം തമോഗുണപ്രധാനമാണ്; അപ്പോൾ സത്വവും രജസ്സും അമർത്തപ്പെട്ടിരിക്കും. സത്വവും തമസ്സും അഭിഭൂതങ്ങളായിത്തീർന്ന് അന്തഃകരണം രജോഗുണപ്രധാനമായിരിക്കുന്ന സ്ഥിതിയാണ് മനസ്സിന്റേത്. ചിത്തത്തെ ബുദ്ധിയിലന്തർഭവിച്ചതായി സാംഖ്യൻമാർ കരുതുന്നു. ചിലപ്പോൾ ചിത്തത്തെ അവർ അന്തഃകരണത്തിന്റെ പര്യായമായും പ്രയോഗിച്ചിട്ടുണ്ട്. എന്നാൽ വേദാന്തികൾ അന്തഃകരണത്തിന്റെ നാലാമതൊരു വൃത്തിവിശേഷമായി ചിത്തത്തെ പരിഗണിക്കുന്നു. പൂർവകാലീനാനുഭവങ്ങളെയോ പ്രത്യക്ഷത്തിലുള്ള അറിവിനെയോ സ്മരിക്കുന്നതാണ് അതിന്റെ സ്വഭാവം. ചേതതി അനേന ഇതിചിത്തം എന്നാണ് അവർ അതിനു നല്കുന്ന പരിഭാഷ. ബുദ്ധി ആദ്യം ഒരിക്കൽ നിശ്ചയിക്കുന്നു എന്നും അതിനുശേഷമുള്ള സ്മരണവും ചിന്തനവും ചിത്തദ്വാരാ നിർവഹിക്കപ്പെടുന്നു എന്നുമാണ് വേദാന്തികൾ സമർഥിക്കുന്നത്.

ഇന്ദ്രിയങ്ങളെ ചലിപ്പിക്കുന്നതിൽ മനസ്സും മനസ്സിനെ ചലിപ്പിക്കുന്നതിൽ അഹങ്കാരവും അഹങ്കാരത്തെ ചലിപ്പിക്കുന്നതിൽ ബുദ്ധിയും പ്രാമുഖ്യേന പ്രവർത്തിക്കുന്നു. ബുദ്ധിയുടെ സർവപ്രാധാന്യത്തേയും മനസ്സിന്റെ ഇന്ദ്രിയം വഴിയുള്ള ലോകസംബന്ധത്തേയും കണക്കിലെടുത്തുകൊണ്ട് കഠോപനിഷത്തിൽ സുന്ദരമായ ഒരു കല്പനയുണ്ട്:

.

ശരീരത്തെ രഥമായും ബുദ്ധിയെ സാരഥിയായും ഇന്ദ്രിയങ്ങളെ കുതിരകളായും മനസ്സിനെ കടിഞ്ഞാണായും പ്രാപഞ്ചികവിഷയങ്ങളെ ആ കുതിരകൾക്ക് സഞ്ചരിക്കുവാനുള്ള മാർഗ്ഗമായും ആത്മാവിനെ രഥിയായും ശരീരം, ഇന്ദ്രിയം, മനസ്സ് എന്നിവയോടുകൂടിയ ജീവാത്മാവിനെ ഭോക്താവായും ഇവിടെ വിഭാവനം ചെയ്തിരിക്കുന്നു. പ്രപഞ്ചത്തിന്റെയും ജീവാത്മാവിന്റെയും മധ്യവർത്തിയും ജ്ഞാനസാധനവുമായ അന്തഃകരണത്തിന്റെ വിഭിന്ന വൃത്തികളിലൂടെയാണ് ജീവാത്മാവിന് പ്രപഞ്ചാനുഭൂതിയുണ്ടാകുന്നത്. സിദ്ധസിദ്ധാന്തസംഗ്രഹം എന്ന കൃതിയിൽ ചൈതന്യം എന്ന ഒരു അവസ്ഥകൂടി അന്തഃകരണത്തിന് കല്പിതമായിട്ടുണ്ട്. അപ്പോൾ ആ പക്ഷത്തിൽ അന്തഃകരണം വൃത്തിഭേദമനുസരിച്ച് അഞ്ചാണ്. വിവേകം, വൈരാഗ്യം, ജ്ഞാനം, പ്രശാന്തി, ക്ഷമ എന്നിവ ബുദ്ധിയുടേയും; മാനം, മമത, സുഖം, ദുഃഖം, മോഹം എന്നിവ അഹങ്കാരത്തിന്റേയും; സങ്കല്പം, വികല്പം, ജഡത, മൂർഛ, മനനം എന്നിവ മനസ്സിന്റേയും; മതി, ധൃതി, സംസ്മൃതി, ഉത്കൃതി, സ്വീകൃതി എന്നിവ ചിത്തത്തിന്റേയും വിമർശം, ഹർഷം, ധൈര്യം ചിന്തനം, നിസ്പൃഹത എന്നിവ ചൈതന്യത്തിന്റെയും ധർമങ്ങളാണ് എന്നത്രെ അവിടത്തെ നിഗമനം.

മനസാക്ഷി, ഹൃദയം, ആത്മാവ്, മനസ്സ് എന്നീ അർഥങ്ങളിലും അന്തഃകരണപദം സാഹിത്യത്തിൽ പ്രയോഗിച്ചുവരുന്നു.

പുറംകണ്ണികൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്തഃകരണം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അന്തഃകരണം&oldid=3087767" എന്ന താളിൽനിന്ന് ശേഖരിച്ചത്