അനെയ്സ് നിൻ ഫ്രഞ്ച് സാഹിത്യകാരിയായിരുന്നു. പാരിസിനടുത്ത് ന്യുലിയിൽ 1903 ഫെബ്രുവരി 21 ന് ജനിച്ചു.

അനെയ്സ് നിൻ
Portrait of Nin, c. 1970
Portrait of Nin, c. 1970
ജനനംAngela Anaïs Juana Antolina Rosa Edelmira Nin y Culmell
1903
Neuilly-sur-Seine, Paris
മരണംജനുവരി 14, 1977(1977-01-14) (പ്രായം 73)
Los Angeles, California
തൊഴിൽAuthor
ദേശീയതAmerican
GenreJournals
Erotic literature
Short stories
Essays
പങ്കാളിHugh Parker Guiler (1923–1977)
Rupert Pole (1955–1966)
ബന്ധുക്കൾJoaquin Nin (father), Joaquin Nin-Culmell (brother)

ജീവിതരേഖ

തിരുത്തുക

സ്പാനിഷ് സംഗീതജ്ഞനായ ജൊവാക്വിൻ നിൻ ആണ് പിതാവ്. അനെയ്സിന് പതിനൊന്നു വയസ്സ് പ്രായമായപ്പോൾ പിതാവ് കുടുംബം ഉപേക്ഷിച്ചുപോയതു കാരണം മാതാവായ റോസാ കൾമെൽ കുട്ടികളുമായി ന്യൂയോർക്കിലെത്തി. യൂറോപ്പിൽ നിന്നും സ്വന്തം പിതാവിൽനിന്നും അകന്നപ്പോഴാണ് അനെയ്സ് ഡയറിക്കുറിപ്പുകൾ എഴുതാനാരംഭിച്ചത്. 1923-ൽ യൂഗോ ഗ്വിലറെ വിവാഹം ചെയ്തശേഷം പാരീസിലേക്കു താമസം മാറ്റി. അവിടത്തെ അനേകം ചിത്രകാരന്മാരുമായി സൌഹാർദം സ്ഥാപിച്ച അനെയ്സ്, ഹെന്റി മില്ലറുമായി പ്രേമബന്ധത്തിലാകുകയും നൂറുകണക്കിനു കത്തുകൾ കൈമാറുകയും ചെയ്തു. എ ലിറ്റററി പാഷൻ എന്ന കൃതിയിൽ ഇവരുടെ കത്തുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രേമത്തെക്കാളുപരി സാഹിത്യമണ്ഡലത്തിലെ പ്രവർത്തനങ്ങളാണ് ഈ കത്തുകളിൽ കൂടുതൽ പരാമർശിക്കപ്പെടുന്നത്.

ലോകപ്രശസ്ത സാഹിത്യകാരി

തിരുത്തുക

രണ്ടാം ലോകയുദ്ധത്തിനു മുമ്പ് അനെയ്സ് ന്യൂയോർക്കിലേക്കു തിരിച്ചുവന്നു. ന്യൂയോർക്കിലും ലോസ് ആഞ്ചലസിലുമായി മാറിമാറി താമസിച്ച അനെയ്സ് റുപെർട്ട് എന്ന ചെറുപ്പക്കാരനുമായി പ്രേമത്തിലായി. സ്ത്രീസ്വാതന്ത്ര്യവാദ പ്രസ്ഥാനത്തിന്റെ മുൻപന്തിയിൽ പ്രവർത്തിച്ചിരുന്ന അനെയ്സ് പിൽക്കാലത്ത് സാഹിത്യകാരി എന്ന നിലയിൽ ലോകപ്രശസ്തി നേടി. അനെയ്സിന്റെ ഡയറിക്കുറിപ്പുകളാണ് ഏറെ ജനശ്രദ്ധ ആകർഷിച്ചത്. കൂടാതെ നോവലുകളും ചെറുകഥകളും ഇവർ രചിക്കുകയുണ്ടായി. ഇവരുടെ രതിപ്രധാനമായ ചെറുകഥകൾ മരണശേഷം പ്രസിദ്ധീകരിക്കപ്പെട്ടു.

ഹോണററി ഡോക്ടറേറ്റ് ബിരുദം ലഭിച്ചു

തിരുത്തുക

1973-ൽ ഫിലാഡൽഫിയ കോളജ് ഒഫ് ആർട്ടിൽ നിന്ന് അനെയ്സിന് ഓണററി ഡോക്ടറേറ്റ് ബിരുദം ലഭിക്കുകയുണ്ടായി. 1974-ൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർട്സ് ആൻഡ് ലെറ്റേഴ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അസുഖമില്ലാത്ത അവസ്ഥയാണ് സന്തോഷമെന്ന പ്രൂസ്റ്റിന്റെ അഭിപ്രായം ശരിയാണെങ്കിൽ താനൊരിക്കലും സന്തോഷവതിയായിരിക്കില്ലെന്നും വിജ്ഞാനത്തിനും അനുഭവത്തിനും സൃഷ്ടിക്കുംവേണ്ടിയുള്ള അസുഖം തന്നെ സദാ ബാധിച്ചിരിക്കുകയാണെന്നും വിജ്ഞാനദാഹിയായ അനെയ്സ് നിൻ ഒരിക്കൽ കുറിച്ചിടുകയുണ്ടായി. മാനസികാപഗ്രഥനം പഠിച്ച അനെയ്സ് കുറച്ചുകാലം ന്യൂയോർക്കിൽ മാനസികരോഗ ചികിത്സ നടത്തിയിരുന്നു. അതേകാലത്ത് പ്രസിദ്ധ മനഃശാസ്ത്രജ്ഞനായ കാൾ യുങ്ങിന്റെ ചികിത്സയ്ക്കും ഇവർ വിധേയയായി.

പ്രധാനകൃതികൾ

തിരുത്തുക

അനെയ്സിന്റെ രതിപ്രധാനമായ കഥകൾ അമേരിക്കയിൽ പ്രസിദ്ധീകരിക്കാൻ കഴിയാതെവന്നപ്പോൾ 1935-ൽ അവർ ഫ്രാൻസിലെത്തി സിയാനാ പ്രസിദ്ധീകരണക്കാരുമായി കരാറിലേർപ്പെട്ടു. മഹായുദ്ധം ആരംഭിച്ചപ്പോൾ അമേരിക്കയിലേക്കു മടങ്ങുകയും ചെയ്തു. അവിടെ ഗ്രീനിച്ച് വില്ലേജ് സമൂഹത്തിൽ സജീവ പ്രവർത്തകയായി. അനെയ്സിന്റെ ജേർണലുകൾ 1966-ലാണ് പ്രസിദ്ധീകരിക്കാൻ അനുവദിച്ചത്. ദ് ഡയറി ഒഫ് അനെയ്സ് നിൻ എന്ന പേരിൽ പത്തുവാല്യങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു. അനുവാചകരെ വളരെയേറെ ആകർഷിച്ച കുറിപ്പുകളാണിവ. ഓരോ വാക്യത്തിലും ഓരോ പ്രമേയം കൈകാര്യം ചെയ്യപ്പെടുന്നുണ്ട്. ഹെന്റി മില്ലറുമായും മറ്റുമുള്ള അനെയ്സ് നിന്നിന്റെ കത്തിടപാടുകളും ഗ്രന്ഥരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡയറിക്കുറിപ്പുകൾ പ്രചാരത്തിലായതോടെയാണ് അനെയ്സിന്റെ നോവലുകളും ഏറെ ശ്രദ്ധേയമായത്. ദ് ഡൽറ്റ ഒഫ് വീനസ്, ലിറ്റിൽ ബേഡ്സ് എന്നീ കൃതികൾ 1940-കളിലാണ് രചിച്ചതെങ്കിലും മരണശേഷം 1970-കളിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.

പുരുഷത്വത്തെയും സ്ത്രീത്വത്തെയും സംബന്ധിച്ച അനെയ്സിന്റെ വീക്ഷണം അന്നത്തെ സ്ത്രീസ്വാതന്ത്ര്യപ്രസ്ഥാനത്തെ ഏറെ സ്വാധീനിച്ചിരുന്നു. എങ്കിലും പ്രസ്ഥാനങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി വിജ്ഞാന സമ്പാദനത്തിലൂടെ വ്യക്തിസ്വാതന്ത്ര്യം നേടാനായിരുന്നു അനെയ്സിന്റെ ശ്രമം. 1977-ജനുവരി 14-ന് അനെയ്സ് അന്തരിച്ചു.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നിൻ, അനെയ്സ് (1903 - 77) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അനെയ്സ്_നിൻ&oldid=3793663" എന്ന താളിൽനിന്ന് ശേഖരിച്ചത്