അധികാരി (ധർമശാസ്ത്രം)

(അധികാരി (ധർമശാസ്ത്രത്തിൽ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കർമത്തിന്റെയും ജ്ഞാനത്തിന്റെയും പ്രയോജനം അനുഭവിക്കുന്നതിന് അർഹതയുള്ള വ്യക്തി. ഹൈന്ദവ ധർമശാസ്ത്രങ്ങളനുസരിച്ച് എല്ലാ കർമങ്ങൾക്കും ജ്ഞാനത്തിനും എല്ലാവരും അധികാരികളല്ല. അധികാരിഭേദങ്ങളും അവർക്കനുയോജ്യങ്ങളായ അനുഷ്ഠാനപദ്ധതികളും ആ ഗ്രന്ഥങ്ങളിൽ നിർദ്ദേശിച്ചിട്ടുണ്ട്.

കർമങ്ങളിൽ

തിരുത്തുക

ഇഷ്ടമെന്നും പൂർത്തമെന്നും രണ്ടുവിധം കർമങ്ങളുണ്ട്. (രണ്ടിനേയും ചേർത്ത് ഇഷ്ടാപൂർത്തം എന്നു വിളിക്കുന്നു.) അഗ്നിഹോത്രം, തപസ്സ്, സത്യം, വേദാധ്യയനം, ആതിഥ്യം, വൈശ്വദേവം എന്നിവ ഇഷ്ടകർമങ്ങളാണ്. ഇവ വൈദികകർമങ്ങളുമാണ്. കുളങ്ങൾ‍, കിണറുകൾ കുഴിപ്പിക്കൽ, ക്ഷേത്രം പണിയിക്കൽ, അന്നദാനം, ഉദ്യാനനിർമ്മാണം എന്നിവ പൂർത്തകർമങ്ങളാണ്. ബ്രാഹ്മണൻ‍, ക്ഷത്രിയൻ, വൈശ്യൻ എന്നീ മൂന്നു കൂട്ടർക്കും ഇഷ്ടവും പൂർത്തവും സാമാന്യമായി വിധിച്ചിട്ടുള്ള കർമങ്ങളാണ്. എന്നാൽ ശൂദ്രന് പൂർത്തത്തിൽ മാത്രമേ അധികാരമുള്ളൂ; ഇഷ്ടകർമത്തിലില്ല. അതുപോലെ ദേവൻമാരെയും പിതൃക്കളെയും സംബന്ധിച്ചുള്ള കർമങ്ങളിൽ സ്നാനം ചെയ്തവൻ മാത്രമേ അധികാരിയാവുന്നുള്ളൂ എന്ന് ആചാര്യൻ നിർദ്ദേശിച്ചിട്ടുണ്ട്. വർണാശ്രമവ്യവസ്ഥയും മറ്റും ഊർജ്ജിതമായിരുന്ന പഴയകാലത്ത് പ്രസ്തുത നിർദ്ദേശങ്ങൾക്ക് സമുദായമധ്യത്തിൽ പ്രായേണ നിയമപ്രാബല്യം തന്നെ ഉണ്ടായിരുന്നു എന്നു കരുതാം.

വേദാന്തത്തിൽ

തിരുത്തുക

വേദാന്തമതമനുസരിച്ച് അധികാരി, ഉത്തമൻ, മധ്യമൻ, അധമൻ എന്നിങ്ങനെ പിന്നെയും മൂന്നു വിധത്തിലുണ്ട്. വിഹിതമായ സർവകർമങ്ങളും ഉപേക്ഷിച്ച് നിരാകാരമായ ബ്രഹ്മത്തെ അറിയുന്നതിന് അർഹനാണ് ഉത്തമനായ അധികാരി. മധ്യമാധികാരിക്ക് വിഹിതമായ കർമങ്ങൾ തുടർന്ന് അനുഷ്ഠിച്ച് സോപാധികമായ ബ്രഹ്മത്തെ ഉപാസിക്കാവുന്നതാണ്. അധമാധികാരിയാണെങ്കിൽ അയാൾ വിഹിതമായ എല്ലാ കർമങ്ങളും അനുഷ്ഠിച്ചുകൊണ്ട് ബ്രഹ്മത്തെ രൂപം കല്പിച്ച് ഉപാസിക്കണം. ഏതൊരുകാര്യത്തിലേർപ്പെടുമ്പോഴും നിർദിഷ്ടമായ വിധത്തിൽ അധികാരിയായിരിക്കേണ്ടത് ഫലസിദ്ധിക്ക് അനുപേക്ഷണീയമാണ്.

ഭാരതീയശാത്രഗ്രന്ഥത്തിൽ

തിരുത്തുക

ഏതു ഭാരതീയ ശാസ്ത്രഗ്രന്ഥത്തിലും പ്രാരംഭത്തിൽ തന്നെ വിഷയം, സംബന്ധം, അധികാരി, പ്രയോജനം എന്നിങ്ങനെ നാലു അനുബന്ധങ്ങൾ (ഇവയ്ക്ക് നാലുംകൂടി അനുബന്ധചതുഷ്ടയം എന്നാണ് പേര്) കൊടുത്തിരിക്കും. അധികാരി എന്നതുകൊണ്ട് ഇവിടെ വിവക്ഷിക്കുന്നതും പ്രസ്തുത ശാസ്ത്രം പഠിക്കുന്നതിന് അർഹതയുള്ളവൻ എന്നാണ്. ഉദാഹരണമായി പൂർവമീമാംസാദർശനത്തിലെ (ജൈമിനി സൂത്രങ്ങൾ) ആദ്യത്തെ സൂത്രമായ അഥഅതഃ ധർമജിജ്ഞാസ എന്നതിൽ അഥ എന്ന ശബ്ദം വ്യാഖ്യാനിക്കുമ്പോൾ, വേദം മുഴുവൻ ഗുരുവിങ്കൽനിന്നും യഥാവിധി അധ്യയനം ചെയ്തവനാണ് ധർമത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് അധികാരി എന്ന് സമർഥിച്ചിട്ടുണ്ട്. പഴയ ധർമശാസ്ത്രപ്രകാരമുള്ളതും വർണാശ്രമവ്യവസ്ഥകളിൽ മാത്രം അധിഷ്ഠിതവുമായ അധികാരിവിചാരം ഇന്ന് ലുപ്തപ്രായമായിതുടങ്ങിയിട്ടുണ്ടെങ്കിലും അതിലടങ്ങിയ താത്ത്വികമായ അംശം എന്നും അംഗീകാരയോഗ്യമാണ്.

സ്വാമി, യജമാനൻ, അവകാശി, ഭരണച്ചുമതലവഹിക്കുന്നവൻ എന്നീ അർഥങ്ങളിലും അധികാരി എന്ന പദം പ്രയോഗത്തിലുണ്ട്.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അധികാരി (ധർമശാസ്ത്രം) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അധികാരി_(ധർമശാസ്ത്രം)&oldid=2279954" എന്ന താളിൽനിന്ന് ശേഖരിച്ചത്