അതിഭൗതികം

(അതിഭൗതികശാസ്ത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭൗതികത്തിന് അതീതമായ കാര്യങ്ങളെക്കുറിച്ചുള്ള പഠനത്തെ അതിഭൗതികം (ആംഗലേയം: metaphysics, മെറ്റാഫിസിക്സ്) എന്നു പറയുന്നു. നിരീക്ഷണപരീക്ഷണങ്ങൾക്ക് വിധേയമല്ലാത്ത ശാസ്ത്രം എന്നും ഇതിനെ നിർവചിക്കാറുണ്ട്.

അരിസ്റ്റോട്ടിൽ

അരിസ്റ്റോട്ടിലിന്റെ പ്രബന്ധങ്ങളിൽ ഭൗതികശാസ്ത്രങ്ങൾക്കു ശേഷമാണ് തത്ത്വശാസ്ത്രവിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടിരിക്കുന്നത്. അതിനാൽ ഭൗതികത്തിനുശേഷം എന്നർഥം വരുന്ന മെറ്റാറ്റാ ഫിസിക്ക (Meta Ta physika) എന്ന യവനപദത്തെ ആധാരമാക്കി ഇതിന് മെറ്റാഫിസിക്സ് എന്ന് പേരു നല്കപ്പെട്ടു. തത്ത്വദർശനം, സത്താശാസ്ത്രം, തത്ത്വമീമാംസ എന്നതിന്റെയെല്ലാം പര്യായമായി ഈ പദം ഉപയോഗിച്ചുവരുന്നു. എങ്കിലും ഭൌതികത്തിന് അതീതം എന്ന അർഥത്തിലാണ് അതിഭൌതികശാസ്ത്രത്തെ മനസ്സിലാക്കേണ്ടത്.

ചർച്ചാവിഷയങ്ങൾ

തിരുത്തുക
 
പ്ലേറ്റോ

ഓരോ കാലഘട്ടത്തിലും ജീവിച്ചിരുന്ന ദാർശനികൻമാരുടെ സവിശേഷതകളെ ആശ്രയിച്ച് അതിഭൗതികം വിവിധരൂപം കൈക്കൊണ്ടു. പ്ലേറ്റോ, ബോത്തിയസ്, റോസലിൻ, അബലാർഡ് പീറ്റർ, തോമസ് അക്വിനാസ്, ദെക്കാർത്ത്, സ്പിനോസാ, ഹെഗൽ തുടങ്ങിയവർ ഓരോതരത്തിൽ അതിഭൌതികവാദികൾ ആയിരുന്നു. ഈശ്വരന്റെ അസ്തിത്വം, ആത്മാവിന്റെ അനശ്വരത തുടങ്ങിയ വിഷയങ്ങളും ദ്രവ്യം, സാരം, രൂപം, പിണ്ഡം, (substance,essence,form,matter) എന്നീ സംപ്രത്യയങ്ങളും (cocepts) അതിഭൌതികശാസ്ത്രം ചർച്ച ചെയ്തിരുന്നു. തർക്കശാസ്ത്രം, നീതിശാസ്ത്രം, രാഷ്ട്രമീമാംസ, സൗന്ദര്യശാസ്ത്രം തുടങ്ങിയ തത്ത്വശാസ്ത്ര ശാഖകളിൽ പെടാത്ത ദാർശനികപ്രശ്നങ്ങളെല്ലാം അടുത്തകാലം വരെ അതിഭൗതികം കൈകാര്യം ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ അതിഭൗതികത്തിന്റെ ചർച്ചാവിഷയങ്ങൾ ജ്ഞാനവും (knowledge) സത്തയും (reality) ആകുന്നു.

ജ്ഞാനവും സത്തയും

തിരുത്തുക

പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നതും അന്യോന്യം സ്വാധീനിക്കുന്നതുമായ സംപ്രത്യയങ്ങളെന്ന നിലയിലാണ് ജ്ഞാനത്തെയും സത്തയെയും ഈ ശാസ്ത്രം പഠനവിഷയമാക്കുന്നത്. ജ്ഞാതാവ്, ജ്ഞാനപ്രക്രിയ, ജ്ഞേയവസ്തു എന്നീ മൂന്നു പ്രധാനഘടകങ്ങളാണ് ജ്ഞാനമീമാംസയിൽ ചർച്ചചെയ്യപ്പെടുന്നത്. ജ്ഞാതാവ്, അഥവാ അറിയുന്നവൻ ആരാണ്? ജ്ഞേയവസ്തു, അതായത് അറിയപ്പെടേണ്ടവസ്തു എന്താണ്? ജ്ഞാനപ്രക്രിയയുടെ സ്വഭാവം എന്ത്? അല്ലെങ്കിൽ അറിവ് അഥവാ ജ്ഞാനം എങ്ങനെയുണ്ടാകുന്നു? ഈ ചോദ്യങ്ങൾക്ക് ദാർശനികൻ നല്കുന്ന ഉത്തരങ്ങളാണ് വിവിധ ജ്ഞാനസിദ്ധാന്തങ്ങൾ. ഇവയിൽ ഒരു സിദ്ധാന്തപ്രകാരം ജ്ഞാനപ്രക്രിയയിൽ ആത്മനിഷ്ഠവും വസ്തുനിഷ്ഠവുമായ രണ്ടു ഘടകങ്ങൾ ഉണ്ട്. അറിയുന്ന മനസ്സ് ആത്മനിഷ്ഠഘടകവും അറിയപ്പെടുന്നതു വസ്തുനിഷ്ഠഘടകവും ആകുന്നു. ഈ രണ്ടു ഘടകങ്ങളും ഒന്നുപോലെ യഥാർഥമാണെന്നാണ് ജ്ഞാനമീമാംസീയദ്വൈതവാദത്തിന്റെ (epistemological dualism) നിലപാട്. അറിയപ്പെടുന്ന വസ്തുവിന് തനതായ അസ്തിത്വമില്ലെന്നും ജ്ഞാതാവിന്റെ മനസ്സിൽ മാത്രം ആശയങ്ങളായി അവ വർത്തിക്കുമെന്നും ആണ് ആത്മനിഷ്ഠാശയവാദം (subjective idealism) സിദ്ധാന്തിക്കുന്നത്. ഈ വാദം അനുസരിച്ച് മനസ്സു മാത്രമാണ് യാഥാർഥ്യം. വസ്തുക്കൾ വെറും ആശയങ്ങൾ മാത്രം. അവയുടെ അസ്തിത്വം മനസ്സിനെ ആശ്രയിച്ചിരിക്കുന്നു. മനസ്സില്ലെങ്കിൽ ആശയങ്ങളില്ല. പ്രപഞ്ചം പരമമായ മനസ്സിന്റെ ഒരാശയം മാത്രമാകുന്നു. അപ്പോൾ എന്താണ് ഉണ്മ-യാഥാർഥ്യം- എന്ന പ്രശ്നം ഉദിക്കുന്നു. ഒരർഥത്തിൽ എല്ലാം ഉണ്മയാണ്, സത്യമാണ്, യാഥാർഥ്യമാണ്. പൂവും കായും മരവും അവയെ അറിയുന്ന മനസ്സും എല്ലാം സത്യമാകുന്നു. പക്ഷേ, കൂടുതൽ സത്യമായ-യാഥാർഥ്യമായ-ഒന്ന് എന്ന് ഏതിനെയെങ്കിലും പറ്റി പറയുവാൻ സാധിക്കുമോ? പരമമായ സത്യം എന്നൊന്നുണ്ടോ? ഈ കാര്യങ്ങളിൽ ദാർശനികർ ഭിന്നാഭിപ്രായക്കാരാണ്.

ബാഹ്യമായ ഒരു വസ്തുവിനെപ്പറ്റി ലഭിക്കുന്ന അറിവിന്റെ കാര്യം പരിഗണിക്കാം. ഇന്ദ്രിയങ്ങൾ വഴിയാണ് അറിവു ലഭിക്കുന്നത്. അറിവ് ഭാഗികമോ പൂർണമോ ആകാം. ഭാഗികമായ അറിവിന്റെ ഫലമായി രൂപം കൊള്ളുന്ന വസ്തുവിനെക്കാൾ കൂടുതൽ ഉണ്മ പൂർണമായി അറിയപ്പെടുന്ന വസ്തുവിനുണ്ട്. വസ്തുക്കൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഒരു വസ്തുവിനെപ്പറ്റിയുള്ള പൂർണമായ അറിവിൽ ആ വസ്തു മറ്റു വസ്തുക്കളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന അറിവും ഉൾപ്പെടും. മറ്റു വസ്തുക്കളുമായി ബന്ധപ്പെട്ടതായറിയപ്പെടുന്ന വസ്തുവിന് കൂടുതൽ ഉണ്മ ഉണ്ടായിരിക്കും. എല്ലാവസ്തുക്കൾക്കും ഒരു വിശ്വവ്യവസ്ഥയിൽ (Cosmos) അതതിന്റെ സ്ഥാനം ഉണ്ട്. ഓരോവസ്തുവിന്റെയും സ്ഥാനം അറിയുക, വിശ്വവ്യവസ്ഥയെപ്പറ്റി ജ്ഞാനമുണ്ടാകുക എന്നതാണ് പരമമായ ഉണ്മ.

മേൽപറഞ്ഞ അർഥത്തിൽ ഒരു പരമമായ ഉണ്മയുണ്ടോ? വസ്തുക്കൾ എല്ലാം വിശ്വവ്യവസ്ഥയിൽ ഒരു സാർവാംഗിക സാകല്യത്തിൽ (organic whole) നിയതമായ സ്ഥാനം വഹിക്കുന്നവയാണോ? പഞ്ചേന്ദ്രിയങ്ങൾ വഴി വസ്തുക്കളെപ്പറ്റി ലഭിക്കുന്ന അറിവ് പൂർണമാണോ? വിശ്വവ്യവസ്ഥയെപ്പറ്റിയുള്ള ജ്ഞാനം എങ്ങനെ സാധ്യമാണ്? അതിഭൌതികശാസ്ത്രത്തിന്റെ മുഖ്യചർച്ചാവിഷയങ്ങളാണിവ. ഈ ചോദ്യങ്ങൾക്ക് ആശയവാദികളും (Idealists) യഥാതഥവാദികളും (Realists) വിഭിന്നങ്ങളായ ഉത്തരങ്ങൾ നല്കുന്നു. ഒരു പ്രപഞ്ചവ്യവസ്ഥയുണ്ടെന്നും ആ വ്യവസ്ഥ അഭൌതികസാകല്യമാണെന്നും (spiritual whole) ആശയവാദികൾ അഭിപ്രായപ്പെടുന്നു. ഭാരതീയദർശനത്തിൽ ഇതിനെ ബ്രഹ്മം എന്നും പാശ്ചാത്യദർശനത്തിൽ പരമതത്ത്വം എന്നും പറയുന്നു. ഈ കേവലസത്യത്തെ അറിയുവാൻ സാധാരണ ശാസ്ത്രീയരീതി ഉപയോഗപ്രദമല്ലെന്നാണ് ആശയവാദികളുടെ അഭിപ്രായം. ഇതേപ്പറ്റിയുള്ള ജ്ഞാനം അന്തഃപ്രജ്ഞ(Intuition) വഴിമാത്രമേ ലഭിക്കൂ.

സാർവാംഗികസാകല്യം

തിരുത്തുക

യഥാതഥവാദികൾ സാർവാംഗികസാകല്യത്തെ അംഗീകരിക്കുന്നില്ല. ആശയവാദികളുടെ അദ്വൈത സങ്കല്പത്തെയും അവർ സ്വീകരിക്കുന്നില്ല. പ്രപഞ്ചം വിഭിന്നസ്വഭാവമുള്ള വിവിധവസ്തുക്കളാൽ നിർമിതമാണ്. അതിന് സാർവാംഗികത്വമില്ല. യുക്തിക്ക് അതീതമായ ഒരു ജ്ഞാനസമ്പാദനരീതിയുണ്ടെന്ന് സമ്മതിക്കുവാനും അവർ തയ്യാറല്ല. നിരീക്ഷണപരീക്ഷണരീതികളിൽ കൂടിയല്ലാതെ ഒരു പ്രതിഭാസത്തെയും മനസ്സിലാക്കുവാൻ സാധ്യമല്ലെന്ന് യഥാതഥവാദികൾ സിദ്ധാന്തിക്കുന്നു. ഭൌതികത്തിന് അതീതമായി അതിഭൌതികമെന്നൊന്നില്ല. അതിഭൌതികശാസ്ത്രമെന്നപേരിൽ ചർച്ച ചെയ്യപ്പെടുന്നത് അവ്യക്തവും ശാസ്ത്രത്തിന് നിരക്കാത്തതുമായ ചില ധാരണകളാണെന്ന് അവർ കരുതുന്നു. പ്രപഞ്ചവ്യവസ്ഥയുടെ അടിസ്ഥാനസങ്കല്പങ്ങളായ സംഖ്യ, ദിക്ക്, കാലം തുടങ്ങിയവയെപ്പറ്റി വ്യക്തമായ അറിവ് ഗണിതത്തിന്റെ പുരോഗതിയോടുകൂടി ലഭിക്കുമെന്നാണ് അവരുടെ പക്ഷം. കാര്യകാരണബന്ധങ്ങൾ ഭൌതികശാസ്ത്രങ്ങളുടെ വളർച്ചയോടുകൂടി കൂടുതൽ വ്യക്തമാകുമെന്ന് അവർ കരുതുന്നു.

സിദ്ധാന്തമേഖലകൾ

തിരുത്തുക

ഭൌതികശാസ്ത്രങ്ങളും ഗണിതവും എത്രതന്നെ പുരോഗമിച്ചാലും അവ ദത്തങ്ങൾ (Data) പ്രദാനം ചെയ്യുകമാത്രമേയുള്ളു. അവയുടെ വ്യാഖ്യാനം മറ്റൊരു വിഷയമാണ്. അന്തഃപ്രജ്ഞയിൽ കൂടെ പ്രപഞ്ചവ്യവസ്ഥ വ്യക്തമാകുമെന്നുള്ള ആശയവാദികളുടെ നിലപാട് അംഗീകരിച്ചില്ലെങ്കിൽ തന്നെയും, ശാസ്ത്രങ്ങളുടെ സൂക്ഷ്മവിശകലനം വെളിച്ചത്തു കൊണ്ടുവരുന്ന വസ്തുക്കളെ പുനർവ്യാഖ്യാനം ചെയ്യുകയെന്ന പ്രക്രിയ അവശേഷിക്കുന്നു. അതു ശാസ്ത്രങ്ങളുടെ സീമയ്ക്കപ്പുറം നടക്കുന്ന ഒരു കർമമാണുതാനും. അതിഭൌതികശാസ്ത്രത്തിന്റെ മേഖല ഇവിടെ ആരംഭിക്കുന്നു.

നീതിശാസ്ത്രം, സൗന്ദര്യശാസ്ത്രം, തർക്കശാസ്ത്രം തുടങ്ങിയ മാനകശാസ്ത്രങ്ങളുടെ മൂല്യനിർണയനവും അതിഭൌതികശാസ്ത്രത്തിന്റെ കർത്തവ്യമാകുന്നു. സ്വാതന്ത്ര്യം, സൗന്ദര്യം തുടങ്ങിയവയുടെ വ്യാഖ്യാനം ഒരതിരുവരെ അതതു ശാസ്ത്രങ്ങൾ നിർവഹിക്കുന്നുണ്ട്. എന്നാൽ ഈ സങ്കല്പങ്ങളുടെ സമാകലനം മറ്റൊരു മേഖലയിലേ നടക്കുകയുള്ളു-അതിഭൗതികത്തിന്റെ മേഖലയിൽ. അടിസ്ഥാന ശാസ്ത്രസങ്കല്പങ്ങൾ കൂടുതൽ കൂടുതൽ വ്യക്തമാകുംതോറും അവയുടെ സമകാലിതവ്യാഖ്യാനങ്ങൾ പുതിയ രൂപങ്ങൾ കൈക്കൊള്ളും. ഈ വ്യാഖ്യാന പ്രക്രിയ അതിഭൗതികത്തിന്റെ പ്രധാന കർത്തവ്യമായി തുടർന്നുപോകുകയും ചെയ്യും.

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അതിഭൗതികം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അതിഭൗതികം&oldid=3835950" എന്ന താളിൽനിന്ന് ശേഖരിച്ചത്