അണ്ടത്തോട്

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ ചാവക്കാട് ബ്ളോക്കിലെ പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ പുന്നയൂർക്കുളം വില്ലേജിന്റെ പരിധിയിൽ ഉൾപ്പെടുന്ന ഒരു സ്ഥലമാണ് അണ്ടത്തോട്. ഇതിന്റെ പടിഞ്ഞാറുഭാഗത്ത് അറബിക്കടലാണ്.

ചരിത്രം

തിരുത്തുക

മദ്രാസ് പ്രസിഡൻസിയുടെ കീഴിലെ മലബാർ ഡിസ്ട്രിക്ടിൽ ഉൾപ്പെട്ടിരുന്ന പ്രദേശമായിരുന്ന പുന്നയൂർക്കുളം. പിന്നീട് ഇത് ആറ്റുപുറം, അണ്ടത്തോട് എന്നീ രണ്ടു പഞ്ചായത്തുകളായി വിഭജിച്ചുകിടക്കുകയായിരുന്നു. 1962-ലാണ് ഇന്ന് നിലവിലുള്ള ഏകീകൃത പുന്നയൂർക്കുളം പഞ്ചായത്തായി മാറിയത്. ആദ്യം കോഴിക്കോട് ജില്ലയിലും പിന്നീട് 1956-നു ശേഷം പാലക്കാട് ജില്ലയിലും ഉൾപ്പെട്ടിരുന്ന അണ്ടത്തോട് 1970-കൾക്കുശേഷമാണ് തൃശൂർ ജില്ലയിലായത്. തെക്കേമലബാറിലെ വളരെ പ്രശസ്തമായ കളരിത്തറവാടായ ചെറായി കളരി ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ചെറായി പണിക്കന്മാർ നടത്തിയിരുന്ന ഈ കളരിയിൽ ഒതേനൻ ആയുധവിദ്യ അഭ്യസിക്കാൻ എത്തിയിരുന്നതായി ചരിത്രസൂചനയുണ്ട്. നാട്ടിൽ നിന്ന് പഠനം കഴിഞ്ഞ ഒതേനൻ ഉപരിപഠനാർത്ഥം രണ്ടുവർഷം കൊല്ലം ചെറായി കളരിയിൽ ആയുധവിദ്യ അഭ്യസിച്ചിട്ടുണ്ട്. ചില അപൂർവ്വ വിദ്യകൾ പഠിക്കാനായിരുന്നുവത്രേ ഒതേനൻ ഇവിടെ വന്നത്. ഇതിൽ നിന്നും മനസ്സിലാവുന്ന വസ്തുത, അണ്ടത്തോട് ചെറായി കളരിയുടെ പ്രശസ്തി വർഷങ്ങൾക്കു് മുമ്പുതന്നെ വടക്കേമലബാറിലും എത്തിയിരുന്നു എന്നാണ്. കേരളത്തിൽ ഏറ്റവുമധികം രാമച്ചം കൃഷി ചെയ്ത് അന്യസംസ്ഥാനങ്ങളിലേക്ക് കയറ്റിയയ്ക്കുന്ന ഗ്രാമങ്ങളിലൊന്നാണ് അണ്ടത്തോട്.

ഒന്നാം കേരള നിയമസഭയിൽ അണ്ടത്തോട് നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്തിരുന്നത് കൊളാടി ഗോവിന്ദൻകുട്ടി മേനോൻ ആയിരുന്നു. 1957-ൽ പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന കെ.ജി. കരുണാകരമേനോനെ പരാജയപ്പെടുത്തി അണ്ടത്തോട് നിയമസഭാ മണ്ഡലത്തിൽ നിന്ന് ഇദ്ദേഹം ഒന്നാം കേരളനിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

  • "പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത്". lsgkerala. Archived from the original on 2016-03-04. Retrieved 1 മാർച്ച് 2013.
"https://ml.wikipedia.org/w/index.php?title=അണ്ടത്തോട്&oldid=3622846" എന്ന താളിൽനിന്ന് ശേഖരിച്ചത്