പ്രമുഖ ജർമ്മൻ ദൈവശാസ്ത്രജ്ഞനും ക്രിസ്തീയ സഭാചരിത്രകാരനുമായിരുന്നു അഡോൾഫ് വോൺഹാർനാക് (ജനനം: 7 മേയ് 1851;മരണം : 10 ജൂൺ 1930). ക്രിസ്തുമതത്തിന്റെ വിശ്വാസസംഹിതയേയും ചരിത്രത്തേയും കുറിച്ച് അദ്ദേഹം ഒട്ടേറെ ഗ്രന്ഥങ്ങൾ രചിച്ചു. ആദിമ ക്രിസ്തീയരചനകളിന്മേൽ യവനദർശനം ചെലുത്തിയ ആഴത്തിലുള്ള സ്വാധീനം തുറന്നു കാട്ടിയ ഹാർനാക്, ആദ്യകാല സഭയിൽ ഉരുത്തിരിഞ്ഞ സിദ്ധാന്തങ്ങളുടെ വിശ്വസനീയത പരിശോധിക്കാൻ ക്രിസ്ത്യാനികളോടാവശ്യപ്പെട്ടു. യവനദർശനത്തിന്റെ ഭൂമികയിൽ വികസിച്ചു വന്ന ക്രിസ്തീയചിന്ത, യേശുവിന്റെ സന്ദേശത്തിന്റെ കാതലിനെ മറച്ചുകളഞ്ഞെന്നും, സിദ്ധാന്തങ്ങളുടെ പുറം തോടിനുള്ളിൽ അവഗണിക്കപ്പെട്ടു കിടക്കുന്ന ക്രിസ്തുസന്ദേശത്തിന്റെ മൂലസത്തയെ വീണ്ടെടുക്കാൻ ചരിത്രപരമായ വിമർശനരീതി ഉപയോഗിക്കേണ്ടതുണ്ടെന്നും ഹാർനാക് പഠിപ്പിച്ചു.[1] യവനചിന്തയുടെ അഗാധസ്വാധീനമുള്ള യോഹന്നാന്റെ സുവിശേഷത്തിന്റെ ചരിത്രപരമായ വിശ്വസനീയത ചോദ്യം ചെയ്ത അദ്ദേഹം സമാന്തരസുവിശേഷങ്ങളെ കൂടുതൽ സ്വീകാര്യമായി കരുതി. ശ്ലീഹന്മാരുടെ വിശ്വാസപ്രമാണത്തേയും ഹാർനാക് ചോദ്യം ചെയ്തു.[2] സുവിശേഷസന്ദേശത്തിന്റെ സാമൂഹ്യപ്രസക്തിയിലും സാമൂഹ്യനീതിക്കുവേണ്ടിയുള്ള സമരത്തിൽ അതിനുള്ള പ്രാധാന്യത്തിലും അദ്ദേഹം വിശ്വസിച്ചു.

അഡോൾഫ് വോൺ ഹാർനാക്
ജനനം(1851-05-07)7 മേയ് 1851
ടാർറ്റു, ലിവോണിയ പ്രവിശ്യ
മരണം10 ജൂൺ 1930(1930-06-10) (പ്രായം 79)
ഹൈഡൽബർഗ്
ദേശീയതജർമ്മനി
തൊഴിൽദൈവശാസ്ത്രജ്ഞൻ, സഭാചരിത്രകാരൻ
ജീവിതപങ്കാളി(കൾ)അമേലി തയേർഷ്(1858 – 1937)
കുട്ടികൾഅന്ന (20 മേയ് 1881 – 1965)
മാർഗരറ്റ് (1882-1890)
ആഗ്നസ് (19 ജൂൺ 1884 – 22 മേയ് 1950)
കാൾ തിയൊഡോഷ്യസ് (19 ജനുവരി 1886 – 14 ഏപ്രിൽ 1922)
ഏണസ്റ്റ് (15 ജൂലൈ 1888 – 5 മാർച്ച് 1945)
ഇലിസബത്ത് (1 ജനുവരി 1892 – 27 ജൂലൈ 1976)
ആക്സൽ (12 സെപ്തംബർ 1895 – 1974)
മാതാപിതാക്ക(ൾ)തിയഡോഷ്യസ് ഹാർനാക് (3 ജനുവരി 1817 – 23 സെപ്തംബർ 1889)
മേരി ഹാർനാക് (22 മേയ് 1828 – 23 നവംബർ 1857)
ബന്ധുക്കൾഅന്നാ (സഹോദരി; 1849 – ?)
ആക്സൽ (സഹോദരൻ; 7 മേയ് 1851 – 3 ഏപ്രിൽ 1888)
എറിക്ക് (സഹോദരൻ; 10 ഒക്ടോബർ 1852 – 23 മേയ് 1915)
ഒട്ടോ (സഹോദരൻ; 23 നവംബർ 1857 – 23 മാർച്ച് 1914)

പത്തൊൻപതാം നൂറ്റാണ്ടിൽ ജർമ്മനിയിലെ ടൂബിങ്ങൻ സർവകലാശാല കേന്ദ്രീകരിച്ചു പ്രചരിച്ച ഉദാത്തനിരൂപണം (higher criticism) ബൈബിളിന്റെ വ്യാഖ്യാനത്തിനും ചരിത്രത്തിലെ യേശുവിനെ മനസ്സിലാക്കാനുമായി രൂപപ്പെടുത്തിയ ചരിത്രാധിഷ്ഠിത വിമർശനരീതി (historical-critical method) ടൂബിങ്ങൻ പ്രസ്ഥാനം എന്നറിയപ്പെട്ടു. ആ പ്രസ്ഥാനത്തിന്റെ കുറവുകളോടുള്ള പ്രതിക്ഷേധവും, മറ്റൊരു നിലപാടിൽ നിന്നുള്ള ക്രിസ്തീയ പാരമ്പര്യത്തിന്റെ പുനർവ്യാഖ്യാനവും ആയിരുന്നു ഹാർനാക് നടത്തിയത്.

ദൈവശാസ്ത്ര രംഗത്തെ സംഭാവനകൾക്കു പുറമേ, ജർമ്മനിയിലെ ഭൗതികശാസ്ത്രരംഗത്തെ ഒരു സംഘാടകൻ എന്ന നിലയിലും ഹാർനാക് സ്മരിക്കപ്പെടുന്നു. ശാസ്ത്രപുരോഗതിക്കുവേണ്ടിയുള്ള കൈസർ വില്യം സൊസൈറ്റിയുടെ(Kaiser Wilhelm Gesellschaft) രൂപീകരണത്തിൽ പ്രധാന പങ്കുവഹിച്ച ഹാർനാക് അതിന്റെ ആദ്യത്തെ അദ്ധ്യക്ഷനും ആയിരുന്നു.[3]

  1. Adolf von Harnack (1851-1930), Boston Collaborative Encyclopedia of Western Theology
  2. Adolf von Harnack (1851-1930) Archived 2011-05-12 at the Wayback Machine. Religion Facts, Just the Facts of the World's Religions
  3. Adolf Harnack - (1851-1930), German historian and theologian, Christian Classics Ethereal Library

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
 
Wikisource
അഡോൾഫ് വോൺ ഹാർനാക് രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.
"https://ml.wikipedia.org/w/index.php?title=അഡോൾഫ്_വോൺ_ഹാർനാക്&oldid=3822268" എന്ന താളിൽനിന്ന് ശേഖരിച്ചത്