അച്ചുവിന്റെ അമ്മ

മലയാള ചലച്ചിത്രം

മലയാള സിനിമയിൽ പുരുഷതാര പ്രാധാന്യം തീരെയില്ലാത്ത ചിത്രങ്ങളിൽ വാണിജ്യവിജയം കൊയ്ത ചിത്രമാണ‍്[അവലംബം ആവശ്യമാണ്] സത്യൻ അന്തിക്കാട് സം‌വിധാനം ചെയ്ത അച്ചുവിന്റെ അമ്മ. കേന്ദ്ര കഥാപാത്രമായ അച്ചുവിനെ അവതരിപ്പിച്ചിരിക്കുന്നത് മീരാ ജാസ്മിനാണ‍്. അച്ചുവിന്റെ അമ്മയായി ഉർവ്വശിയും വേഷമിട്ടിരിക്കുന്നു.
2006ലെ ദേശീയ ചലച്ചിത്രപുരസ്കാരങ്ങളിൽ മികച്ച സഹനടിക്കുള്ള പുരസ്കാരം ഈ ചിത്രത്തിലെ അഭിനയത്തിന് ഉർവശി നേടി.[1]

അച്ചുവിന്റെ അമ്മ
സംവിധാനംസത്യൻ അന്തിക്കാട്
നിർമ്മാണംഗൃഹലക്ഷ്മി പ്രൊഡക്ഷൻസ്
രചനരാജേഷ് ജയരാമൻ
തിരക്കഥരഞ്ജൻ പ്രമോദ്
അഭിനേതാക്കൾമീരാ ജാസ്മിൻ
ഉർവ്വശി
നരേൻ
സംഗീതംഇളയരാജ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംഅഴഗപ്പൻ
റിലീസിങ് തീയതി2005‍‍
രാജ്യംഇന്ത്യ
ഭാഷമലയാളം

കഥാപാത്രങ്ങളും അഭിനേതാക്കളും

തിരുത്തുക

കഥാസംഗ്രഹം

തിരുത്തുക

എൽ. ഐ. സി ഏജന്റായ വനജയുടെ(ഉർവ്വശി) മകളാണ് അശ്വതി(മീരാ ജാസ്മിൻ). പോളിടെക്നിക്കിലെ പഠനം പൂർത്തിയാക്കിയതിനുശേഷം സ്വന്തമായി ഒരു ജോലി കണ്ടെത്താനുള്ള ശ്രമത്തിലാണ് അവൾ. എന്നാൽ പി.എസ്.സി ഇന്റർവ്യൂവിനുള്ള കത്തു ലഭിക്കുമ്പോൾ അതു കിട്ടാനിടയില്ല എന്നു തോന്നിയതിനാൽ അവൾ പോകാൻ താൽപര്യപ്പെടുന്നില്ല. പക്ഷേ അമ്മയുടെ നിർബന്ധത്തിനുവഴങ്ങി അവൾ പോകുവാൻ തയ്യാറാകുന്നു. എന്നാൽ തിരുവനന്തപുരത്തു എത്തിച്ചേരുമ്പോളാണ് അന്നു അവിടെ ഹർത്താലാണെന്ന വിവരം അമ്മയും മകളും മനസ്സിലാക്കുന്നത്. അവിടെ വച്ച് അവർ ഇജോയെ(നരേൻ) പരിചയപ്പെടുന്നു. അവന്റെ ബുദ്ധിസാമർത്ഥ്യത്താൽ അവർ സുരക്ഷിതമായി ഇന്റർവ്യൂ നടക്കുന്നിടത്ത് എത്തിച്ചേരുന്നു. ഒരു വക്കീലായ ഇജോ താൻ ഒരു സ്റ്റേ ഓർഡർ വാങ്ങുന്നതിൽ വിജയിച്ച കാര്യം തന്റെ വീട്ടുടമയെ(ഇന്നസെന്റ്) അറിയിക്കുന്നു.

കല്യാണ ബ്രോക്കറായ കുഞ്ഞലച്ചേടത്തി അശ്വതിയ്ക്കായി ഒരു കല്യാണാലോചനയുമായി സമീപിക്കുമ്പോൾ അവൾ കുഞ്ഞാണെന്നു പറഞ്ഞ് വനജയവരെ മടക്കി അയക്കുന്നു. എന്നാൽ കുഞ്ഞലച്ചേടത്തി വനജക്കുള്ള ആലോചനകളുമായി വിടാതെ പിൻതുടരുന്നു. ഇതിനിടെ വനജയും അശ്വതിയും തങ്ങളുടെ കുടുംബ സുഹൃത്തായ മൂത്തുമ്മയുടെ(സുകുമാരി) കുടുംബത്തിലെ ഒരു വിരുന്നിൽ പങ്കെടുക്കുന്നു. അവിടെവച്ച് അശ്വതിയുടെ ജോലിക്കാര്യം മൂത്തുമ്മ തന്റെ മകനോട് ശുപാർശചെയ്യാനാവശ്യപ്പെടുന്നു. അങ്ങനെ അശ്വതിയ്ക്ക് നഗരത്തിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ താൽകാലികാടിസ്ഥാനത്തിൽ ഒരു ജോലി തരപ്പെടുന്നു. ജോലി സ്ഥലത്തുവച്ച് അച്ചു എഞ്ചിനിയറു ചേച്ചിയുമായി ചങ്ങാത്തം സ്ഥാപിക്കുന്നു. ഒരു ദിവസം മിനിലോറി ഡ്രൈവറായി ഇജോ വീണ്ടും അച്ചുവിന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്നു. പിന്നീട് അവർക്കിടയിൽ ആരോഗ്യകരമായ സൗഹൃദം ഉടലെടുക്കുന്നു. തന്റെ ഒരു സുഹൃത്തിന്റെ പ്രണയവിവാഹം നടത്തുവാൻ ഇജോ അച്ചുവിന്റെ സഹായം തേടുന്നു. മനസ്സില്ലാമനസ്സോടെയാണങ്കിലും അച്ചു സമ്മതം മൂളുന്നു. പക്ഷേ വനജ കാര്യങ്ങൾ മനസ്സിലാക്കുമ്പോൾ ഒളിച്ചോടാൻ തയ്യാറായ പെൺകുട്ടിയെ നിരുൽസാഹപ്പെടുത്തുന്നു. ഇത് ഇജോയ്ക്ക് തന്റെ സുഹൃത്തുക്കൾക്കിടയിലുള്ള മതിപ്പ് നഷ്ടപ്പെടുത്തുന്നു. അങ്ങനെ ഒറ്റപ്പെട്ട അവൻ അശ്വതിയെ സമീപിച്ച് അനുരഞ്ജനത്തിലെത്തുന്നു.

പുതിയ കേസുകൾ നേടിയെടുക്കാൻ അവൾ അവനെ സഹായിക്കുന്നു. പിന്നീട് അവർ തമ്മിൽ കൂടുതൽ അടുക്കുന്നു. ഇത് വനജയ്ക്ക് അത്ര ഇഷ്ടമാകുന്നില്ല. കുറച്ച് നാളുകൾക്ക് ശേഷം തങ്ങൾ പ്രണയത്തിലാണെന്ന് അച്ചുവും ഇജോയും തിരിച്ചറിയുന്നു. അച്ചു അത് തന്റെ അമ്മയുടെ അടുത്ത് അവതരിപ്പിക്കുന്നു. പൂർണമായി അംഗീകരിക്കാനായില്ലെങ്കിലും വനജ തന്റെ മകളുടെ ഇഷ്ടത്തിന് എതിരുപറയുന്നില്ല. തന്റെ പപ്പയും മമ്മിയും തന്റെ ഇഷ്ടത്തിനെതിരായി ഒന്നും പറയുകയില്ലെന്ന് ഇജോ തറപ്പിച്ചു പറയുന്നു. എന്നിട്ട് ഇജോ അവരെ ഒരു സെമിത്തേരിയിലേയ്ക്ക് കൊണ്ടുപോകുന്നു. എന്നിട്ട് അവിടെയുള്ള തന്റെ കുടുംബാംഗങ്ങളുടെയെല്ലാം കല്ലറകൾ കാണിച്ചുകൊടുക്കുന്നു. ഹോട്ടൽ നടത്തി നല്ലനിലയിൽ കഴിഞ്ഞിരുന്ന തന്റെ കുടുംബം കടക്കെണിയിൽ അകപ്പെട്ടപ്പോൾ ആത്മഹത്യയുടെ വഴി തേടുകയായിരുന്നുവെന്ന് ഇജോ പറയുന്നു. അതിൽ മരിക്കാതെ രക്ഷപ്പെട്ടതാകട്ടെ താൻ മാത്രവും.

ഇജോയോട് സഹതാപം തോന്നിയെങ്കിലും തന്റെ മകളെ അവനു കല്യാണം കഴിച്ചുകൊടുക്കാൻ വനജ തയ്യാറാകുന്നില്ല. ഇത് അമ്മയുടെയും മകളുടെയും പരസ്പരസ്നേഹത്തിൽ വിള്ളൽ വീഴത്തുന്നു. അതുവരെ തന്റെ അച്ഛനാരാണെന്ന ചോദ്യവുമായി അമ്മയെ ബുദ്ധിമുട്ടിക്കാൻ ശ്രമിക്കാത്ത അച്ചു അമ്മയുടെ വഴിവിട്ടജീവിതമാണോ തന്റെ ജനനത്തിനു പിന്നിലെന്ന സംശയമുന്നയിക്കുന്നു. ഇതിൽ കുപിതയായ വനജ അവളെ അടിക്കുന്നു. അച്ചു വീടുവിട്ടിറങ്ങുന്നു. അവിടെ നിന്നും എഞ്ചീയനറുചേച്ചിയുടെ വീട്ടിൽ താമസമാക്കുന്ന അവൾ ഗൃഹനാഥന്റെ പെരുമാറ്റത്തിൽ സംശയം തോന്നി മൂത്തുമ്മയുടെ വീട്ടിലെത്തുന്നു. മൂത്തുമ്മയുടെ മരണവാർത്തയറിഞ്ഞ അവൾ മാനസികമായി തകരുന്നു. പിന്നീട് ആത്മഹത്യയ്ക്കു ശ്രമിക്കുന്ന അവൾ ചെറിയ പരിക്കുകളോടെ രക്ഷപ്പെടുന്നു.ആശുപത്രിയിൽവച്ച് അച്ചു തന്റെ മകളല്ലെന്നും പെൺവാണിഭ സംഘത്തിന്റെ പിടിയൽ നിന്നും താൻ രക്ഷിച്ച കുട്ടിയാണന്നുമുള്ള സത്യം വനജ ഇജോയോട് തുറന്നുപറയുന്നു. അവനിൽ നിന്നും സത്യം മനസ്സിലാക്കിയ അച്ചു തന്റെ വളർത്തമ്മയുടെ അടുത്തേയ്ക്കു തിരിച്ചുപോകുന്നു. ഇജോയുമായുള്ള അച്ചുവിന്റെ ജീവിതത്തിന് വനജ പച്ചക്കൊടി കാണിക്കുന്നു. ചീരക്കാരി ലളിതയുടെ മകളെ അവൾ തന്റെ പുതിയ വളർത്തുപുത്രിയാക്കുന്നു.

പുരസ്കാരങ്ങൾ

തിരുത്തുക

53-ആം ദേശീയ ചലച്ചിത്രപുരസ്കാരങ്ങളിൽ മികച്ച സഹനടിക്കുള്ള രജതകമൽ - ഉർവ്വശി
2005 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം മികച്ച ഡബ്ബിങ്ങ് ആർടിസ്റ്റ് - ശരത്[2]
2005 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം മികച്ച ജനപ്രിയ ചിത്രം[2]
2005 ഫിലിംഫെയർ പുരസ്കാരം(മലയാളം) മികച്ച നടി - മീരാ ജാസ്മിൻ[3]
2005 ഏഷ്യാനെറ്റ് ഫിലിം അവാർഡ് മികച്ച നടി - മീരാ ജാസ്മിൻ[3]
2005 അമൃത ഫിലിം ഫ്രാറ്റേർണിറ്റി അവാർഡ് മികച്ച നടി - മീരാ ജാസ്മിൻ[3]

2005 അമൃത ഫിലിം ഫ്രാറ്റേർണിറ്റി അവാർഡ് മികച്ച സഹനടി - ഉർവ്വശി[3]

  1. http://popcorn.oneindia.in/artist-awards/3333/2/urvashi.html[പ്രവർത്തിക്കാത്ത കണ്ണി]
  2. 2.0 2.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-25. Retrieved 2010-04-19.
  3. 3.0 3.1 3.2 3.3 "ആർക്കൈവ് പകർപ്പ്". Archived from the original on 2009-05-31. Retrieved 2010-04-19.


"https://ml.wikipedia.org/w/index.php?title=അച്ചുവിന്റെ_അമ്മ&oldid=3622658" എന്ന താളിൽനിന്ന് ശേഖരിച്ചത്