അഗാദിർ പ്രതിസന്ധി
മൊറോക്കോയിൽ അറ്റ്ലാന്റിക് തീരത്തു സ്ഥിതിചെയ്യുന്ന തുറമുഖമായ അഗാദിറിൽ വച്ചുണ്ടായ ഒരു അന്താരാഷ്ട്ര പ്രതിസന്ധിയാണ് അഗാദിർ പ്രതിസന്ധി. മൊറോക്കോയിൽ ഫ്രാൻസിന്റെയും ജർമനിയുടെയും താത്പര്യങ്ങൾ തമ്മിലുണ്ടായ സംഘട്ടനമാണ് അഗാദിർ പ്രതിസന്ധിക്ക് നിദാനം.
അഗാദിർ പ്രതിസന്ധി | |||||||
---|---|---|---|---|---|---|---|
പാന്തർ എന്ന യുദ്ധക്കപ്പൽ അഗാദിർ തുറമുഖത്തേയ്ക്ക് | |||||||
| |||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||
German Empire Austria-Hungary | United Kingdom Russia Italy Spain |
അൽജിസിറാസ് സമ്മേളന (Conference of Algeciras,1906)[1] ത്തിനുശേഷവും ഫ്രാൻസ് മൊറോക്കോയിലെ അധിനിവേശപ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരുന്നു. ഇത് തങ്ങളുടെ താത്പര്യങ്ങൾക്ക് ഹാനികരമാണെന്ന് ജർമനി വിശ്വസിച്ചു. ജർമനിയുടെ ആശങ്കകൾ ദൂരീകരിക്കാനുതകുന്ന തരത്തിൽ ഫ്രാൻസും ജർമനിയും തമ്മിൽ മൊറോക്കോയെ സംബന്ധിച്ച് 1909-ൽ ഒരു കരാറിൽ ഒപ്പുവച്ചു. പക്ഷേ ഈ കരാർവ്യവസ്ഥകൾ പിന്നീടു ലംഘിക്കപ്പെട്ടു.
1911-ൽ മൊറോക്കോയിൽ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടു. അതിനെതുടർന്ന് സുൽത്താൻ (മൌലേ അബ്ദുൽ ഹാഫിസ്) ഫ്രാൻസിന്റെ സഹായം തേടി. അതിന്റെ ഫലമായി മൊറോക്കോയുടെ തലസ്ഥാനമായ ഫെസ്സിലേക്ക് ഫ്രഞ്ചുപട്ടാളം നീങ്ങി. അതിൽ പ്രതിഷേധിച്ച് ജർമനി തങ്ങളുടെ പാന്തർ (Panther)[2] എന്ന ആയുധക്കപ്പൽ അഗാദിർ തുറമുഖത്തേക്ക് വിട്ടു (1911 ജൂല.). ജർമൻ വംശജരേയും ജർമൻ താത്പര്യങ്ങളേയും സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടൊപ്പം ഫ്രാൻസിനൊരു താക്കീതുകൂടിയായിരുന്നു ഈ നടപടി. ജർമനിയുടെ ഈ നീക്കം ഇംഗ്ളീഷുകാരെയും ആശങ്കാഭരിതരാക്കി. മൊറോക്കോതീരത്ത് ഒരു ജർമൻ നാവികത്താവളമുണ്ടാകുന്നത് - പ്രത്യേകിച്ച് ബ്രിട്ടീഷ് നാവികത്താവളമായ ജിബ്രാൾട്ടറിനു സമീപം - ബ്രിട്ടിഷ് താത്പര്യങ്ങൾക്ക് ഹാനികരമായതിനാൽ ജർമനിയുടെ ശ്രമത്തെ തങ്ങൾ ചെറുക്കുമെന്ന് ബ്രിട്ടൻ, ജർമനിക്ക് താക്കീതു നല്കി. ഈ പ്രതിസന്ധി ഒരു യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് കരുതി ജർമനി ഫ്രാൻസുമായി ചർച്ചകൾ ആരംഭിച്ചു. അതിന്റെ ഫലമായി 1911 നവംബർ 4-ന് മറ്റൊരു ഫ്രാങ്കോ-ജർമൻ കരാർ ഒപ്പുവയ്ക്കപ്പെട്ടു. ഈ കരാറനുസരിച്ച് മൊറോക്കോയിൽ ഫ്രാൻസിന്റെ അധീശത്വം ജർമനി അംഗീകരിച്ചു. അതിനുപകരം ഫ്രാൻസ് ഫ്രഞ്ച്-കോംഗോയിലെ 259,000 ച.കി.മീ. പ്രദേശം ജർമനിക്ക് നൽകി. മൊറോക്കോയുമായി വ്യാപാരബന്ധങ്ങളിലേർപ്പെടാൻ എല്ലാ രാഷ്ട്രങ്ങൾക്കും തുല്യവും സ്വതന്ത്രവുമായ അവകാശമുണ്ടായിരിക്കണമെന്ന ജർമൻവാദവും അംഗീകരിക്കപ്പെട്ടു. ഇതിനെതുടർന്ന് ജർമൻ നാവികസേന അഗാദിറിൽനിന്നും പിൻവലിക്കപ്പെട്ടു.
അവലംബം
തിരുത്തുകകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അഗാദിർ പ്രതിസന്ധി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |