പാശ്ചാത്യശീശ്മ

(Western Schism എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1378 മുതൽ 1417 വരെ റോമൻ കത്തോലിക്കാ സഭയുടെ ഉന്നതതലത്തിൽ നിലനിന്നിരുന്ന പിളർപ്പാണ് പാശ്ചാത്യശീശ്മ (Western Schism) എന്നറിയപ്പെടുന്നത്. പതിനാലാം നൂറ്റാണ്ടിൽ ഫ്രാൻസിലെ അവിഞ്ഞോണിൽ ഏഴു ദശകത്തോളം ദീർഘിച്ച മാർപ്പാപ്പാമാരുടെ "ബാബിലോൺ പ്രവാസത്തിന്റെ" സമാപ്തിയാണ് ഇതിന് അവസരമൊരുക്കിയത്. മാർപ്പാപ്പായുടെ ആസ്ഥാനമെന്ന റോമിന്റെ നില പുന:സ്ഥാപിക്കപ്പെട്ട് രണ്ടു വർഷത്തിനകം, കർദ്ദിനാൾ സംഘത്തിലെ ഫ്രെഞ്ച് ഭൂരിപക്ഷം സ്വന്തം നാട്ടുകാരനായ മറ്റൊരു മാർപ്പാപ്പയെ തെരഞ്ഞെടുത്ത് അവിഞ്ഞോണിൽ വാഴിച്ചതോടെ കത്തോലിക്കാസഭടെ പരമാദ്ധ്യക്ഷസ്ഥാനത്തിന് രണ്ട് അവകാശികളെന്ന അവസ്ഥയായി. വിശ്വാസസത്യങ്ങളുമായോ ദൈവശാസ്ത്രസമസ്യകളുമായോ ബന്ധമില്ലാതിരുന്ന ഈ ചേരിതിരിവിൽ പ്രാദേശികസഭകളുടെ ചായ്‌വ്, രാഷ്ട്രീയപരിഗണനകളെ ആശ്രയിച്ചിരുന്നു. നാലു ദശാബ്ദക്കാലം നിലനിന്ന ശീശ്മയുടെ അവസാനഘട്ടത്തിൽ മാർപ്പാപ്പാ സ്ഥാനത്തിന് മൂന്ന് അവകാശവാദികളുണ്ടായി. തെക്കുപടിഞ്ഞറൻ ജർമ്മനിയിലെ കോൺസ്റ്റൻസിൽ കൂടിയ സഭാസമ്മേളനം 1417-ൽ ഈ ഭിന്നിപ്പിന് അറുതിവരുത്തി. എങ്കിലും മാർപ്പാപ്പാമാരുടെ 67 വർഷക്കാലത്തെ അവിഞ്ഞോൺ വാഴ്ചയും അതിനെ തുടർന്നു നാല്പതു വർഷം ദീർഘിച്ച പാശ്ചാത്യശീശ്മയും, മതപരമായ അധികാരസ്ഥാനങ്ങൾക്ക് സാമാന്യജനങ്ങൾക്കിടയിൽ ഉണ്ടായിരുന്ന ബഹുമാന്യത കുറച്ച്, ഒരു നൂറ്റാണ്ടിനു ശേഷമുണ്ടായ പ്രൊട്ടസ്റ്റന്റ് നവീകരണത്തിനു വഴിയൊരുക്കി.[1][2]

Map showing support for Avignon (red) and Rome (blue) during the Western Schism; this breakdown is accurate until the Council of Pisa (1409), which created a third line of claimants.

പശ്ചാത്തലം

തിരുത്തുക

ഫ്രെഞ്ചുകാരനായ ക്ലെമന്റ് അഞ്ചാമൻ 1305-ൽ മാർപ്പാപ്പ സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് 1309 മുതൽ ഫ്രാൻസിലെ അവിഞ്ഞോൺ നഗരത്തിൽ മാർപ്പാപ്പാമാർ ചെലവഴിച്ച 67 വർഷക്കാലത്തെ "ബാബിലോൺ പ്രവാസം" ആണ് പാശ്ചാത്യക്രിസ്തീയതയെ നെടുകെ വിഭജിച്ച ഈ ശീശ്മക്ക് വഴിതുറന്നത്. ക്ലെമന്റ് അഞ്ചാമന്റെ പിൻഗാമികളായ ജോൺ ഇരുപത്തിരണ്ടാമൻ, ബെനഡിക്ട് പന്ത്രണ്ടാമൻ, ക്ലെമന്റ് ആറാമൻ, ഇന്നസന്റ് ആറാമൻ, അർബൻ അഞ്ചാമൻ, ഗ്രിഗോരിയോൻ പതിനൊന്നാമൻ എന്നീ മാർപ്പാപ്പാമാരുടേയും ആസ്ഥാനം അവിഞ്ഞോൺ ആയിരുന്നു. ഫ്രെഞ്ചുകാരായിരുന്ന അവർ, ഫ്രെഞ്ചു രാജാധികാരത്തിന് അധീനരും ഫ്രാൻസിന്റെ രാഷ്ട്രീയ താത്പര്യങ്ങൾ സംരക്ഷിക്കുന്നവരുമായി. ഇതര രാജ്യങ്ങളിൽ മാർപ്പാപ്പാമാരുടെ സ്വാധീനം ക്ഷയിക്കാൻ ഇത് ഇടയാക്കി. നൂറ്റാണ്ടുകളായി പാശ്ചാത്യക്രിസ്തീയതയുടെ ആസ്ഥാനമായി കരുതപ്പെട്ടിരുന്ന റോമാനഗരം അവഗണിക്കപ്പെട്ടും ക്ഷയിച്ചും കിടന്നു. അവിഞ്ഞോൺ പാശ്ചാത്യലോകത്തെ ധാർമ്മികകേന്ദ്രം എന്നതിനൊപ്പം അഴിമതിയുടെ കൂടി കേന്ദ്രമാണെന്ന പരാതിയും ഉയർന്നു. ഈ അവസ്ഥ അവസാനിച്ചു കാണാനുള്ള ആഗ്രഹം ക്രൈസ്തവലോകത്തെമ്പാടും സജീവമായി. സിയെനായിലെ കത്രീനയേയും സ്വീഡനിലെ ബ്രിജീത്തയേയും പോലുള്ള വിശുദ്ധാത്മാക്കളും റോം വീണ്ടും കത്തോലിക്കാ സഭയുടെ ആസ്ഥാനമായിക്കാണാൻ ആഗ്രഹിച്ചു. ഈ അഭ്യർത്ഥനകളുടേയും രാഷ്ട്രീയസാഹചര്യങ്ങളുടേയും പ്രേരണയിൽ ഗ്രിഗോരിയോസ് പതിനൊന്നാമൻ മാർപ്പാപ്പ 1376-ൽ അവിഞ്ഞോൺ വിട്ട് റോമിലെത്തി.

തുടക്കം

തിരുത്തുക

1378-ൽ ഗ്രിഗോരിയോസ് പതിനൊന്നാമൻ മാർപ്പാപ്പ മരിക്കുമ്പൊൾ, പിൻഗാമിയെ തെരഞ്ഞെടുക്കാൻ ചുമതലപ്പെട്ട കർദ്ദിനാൾസംഘത്തിൽ മൂന്നിൽ-രണ്ടു ഭാഗം ഫ്രെഞ്ചുകാരായിരുന്നു. പുതിയ മാർപ്പാപ്പ ഇറ്റലിക്കാരനായിരിക്കണമെന്ന ആഗ്രഹം റോമിലെ നേതാക്കൾ കർദ്ദിനാളന്മാരെ അറിയിച്ചു. സമ്മേളസ്ഥലം വളഞ്ഞിരുന്ന റോമിലെ ആൾക്കൂട്ടം, തീരുമാനം മറുത്തായാൽ കർദ്ദിനാളന്മാർക്ക് അപകടമുണ്ടാകുമെന്ന സൂചനയും നൽകി. ഈ സാഹചര്യത്തിൽ ഇറ്റലിയിലെ നേപ്പിൾസുകാരനായ അർബൻ ആറാമൻ മാർപ്പാപ്പാ ആയി തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാസമ്പന്നനും ആദർശവാനും എങ്കിലും തീരെ നയചാതുരി ഇല്ലാത്ത ക്ഷിപ്രകോപി ആയിരുന്നു പുതിയ മാർപ്പാപ്പ. സഭാഘടനയിൽ സമൂലമായ പരിഷ്കാരങ്ങൾ നടപ്പാക്കാൻ തീരുമാനിച്ച അദ്ദേഹം കർദ്ദിനാളന്മാരുടെ ഉപദേശം അവഗണിക്കുകയും അവരെ പരസ്യമായി ശകാരിക്കുകയും ചെയ്തു. ക്രൂദ്ധരായ കർദ്ദിനാളന്മാർ റോം വിട്ടുപോയി മദ്ധ്യ ഇറ്റലിയിലെ അനാഗ്നി നഗരത്തിൽ സമ്മേളിച്ചു. റോമിലെ ആൾക്കൂട്ടത്തിന്റെ ഭീഷണിയിൽ നടന്നതാണെന്ന ന്യായം പറഞ്ഞ് അർബൻ ആറാമന്റെ തെരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിച്ച അവർ അദ്ദേഹത്തെ മതവിരുദ്ധനും അന്തിക്രിസ്തുവുമായി മുദ്രകുത്തി. അദ്ദേഹത്തിനു പകരം അവർ, ഫ്രാൻസിലെ രാജാവിന്റെ ബന്ധുവായിരുന്ന ജനീവയിലെ റോബർട്ടിനെ മാർപ്പാപ്പ ആയി തെരഞ്ഞെടുത്തു. അദ്ദേഹം ക്ലെമന്റ് ഏഴാമൻ എന്ന പേരിൽ അവിഞ്ഞോൺ ആസ്ഥാനമാക്കി ഭരണം തുടങ്ങിയതോടെ 'പാശ്ചാത്യശീശ്മ' ആരംഭിച്ചു.[3]

വിഭക്തസഭ

തിരുത്തുക

ഈ തർക്കത്തിൽ പാശ്ചാത്യക്രിസ്തീയതയിലെ പ്രദേശികസഭകളു ചായ്‌വ് അവരുടെ രാഷ്ട്രീയപരിഗണനകൾ അനുസരിച്ചിരുന്നു. പൊതുവേ ഇറ്റലി, ഇംഗ്ലണ്ട്, ജർമ്മനി, പോളണ്ട്, ബൊഹീമിയ, ഹങ്കറി, പോർച്ചുഗൽ എന്നീ നാടുകൾ റോമിലെ മാർപ്പാപ്പയെ പിന്തുണച്ചു. ഫ്രാൻസ്, സ്പെയിൻ, സ്കോട്ട്ലണ്ട്, എന്നിവിടങ്ങൾ അവിഞ്ഞോൺ-പക്ഷപാതികളായി. ക്രൈസ്തവലോകത്തെ ഈ പിളർപ്പിൽ ഇരുപക്ഷവും എതിർപക്ഷികളെ വേദവിപരീതക്കാരും, ദൈവദോഷികളും, സഭാഭ്രഷ്ടരുമായി മുദ്രകുത്തി. എതിർപക്ഷത്തെ പുരോഹിതന്മാരിൽ നിന്നു സ്വീകരിക്കുന്ന കൂദാശകൾ അസാധുവാണെന്നും എതിരാളികളുടെ കുമ്പസാരത്തിനും ജ്ഞാനസ്നാനത്തിനും പാപവിമോചനശക്തി ഇല്ലാത്തതിനാൽ വിശ്വാസികൾ നിത്യനാശത്തിന്റെ ഭീഷണിയിലാണെന്നും ഇരുപക്ഷവും കരുതി.

കർദ്ദിനാൾ സംഘത്തിൽ പിന്തുണ തീരെ ഇല്ലാതായ അർബൻ ആറാമൻ പുതിയ കർദ്ദിനാളന്മാരെ വാഴിച്ചു. അവരിൽ ചിലർ തനിക്കെതിരെ നീങ്ങുന്നുവെന്നറിഞ്ഞ അദ്ദേഹം അവരിൽ ഏഴു അറസ്റ്റു ചെയ്യിച്ചു വധശിക്ഷ നൽകി. 1380-ൽ അർബൻ ആറാമൻ മരിച്ചു. അദ്ദേഹത്തിന്റെ പുതിയ കർദ്ദിനാളന്മാരിൽ അവശേഷിച്ചിരുന്ന 14 പേർ അവരിലൊരാളായ ബോണിഫേസ് എട്ടാമനെ റോമിൽ മാർപ്പാപ്പയാക്കി. 1394-ൽ ക്ല്ലെമന്റ് ഏഴാമൻ അവിഞ്ഞോണിൽ മരിച്ചപ്പോൾ ബെനഡിക്ട് പതിമൂന്നാമൻ അദ്ദേഹത്തിന്റെ പിൻഗാമിയായി.

അതിനിടെ, ശീശ്മയുടെ പ്രക്ഷുബ്ധസാഹചര്യത്തിൽ ജൂബിലി വർഷമായ 1400-ആണ്ടിൽ റോം സന്ദർശിക്കാൻ കഴിയാത്ത തീർത്ഥാടകരിൽ നിന്ന്, റോമിലേക്കുള്ള യാത്രച്ചെലവു സംഭാവനയായി വാങ്ങി പൂർണ്ണദണ്ഡവിമോചനം നൽകാൻ ബോണിഫസ് മാർപ്പാപ്പ പിരിവുകാരെ നിയോഗിച്ചു. തീർത്ഥാടകരുടെ വരവു മുടങ്ങിയതിലും സംഭാവനപിരിവിലെ തിരിമറികളിലും രോഷാകുലരായ റോമിലെ പൗരാവലി ലഹളകൂട്ടിയപ്പോൾ ബോണിഫസിന് വത്തിക്കാനു പുറത്ത് അഭയം തേടേണ്ടി വന്നു. 1404-ൽ ബോണിഫസ് എട്ടാമൻ മരിച്ചപ്പോൾ ഇന്നസെന്റ് ഏഴാമൻ അദ്ദേഹത്തിന്റെ പിൻഗാമിയായി. 1406-ൽ ഗ്രിഗോരിയോസ് പന്ത്രണ്ടാമൻ അദ്ദേഹത്തിന്റെ പിൻഗാമിയായി.[4]

പാശ്ചാത്യശീശ്മയുടെ സമയത്തെ മാർപ്പാപ്പമാർ
പാപ്പാവിരുദ്ധപാപ്പ ജോൺ XXIIIAntipope John XXIIIAntipope Alexander VPope Gregory XIIPope Innocent VIIPope Innocent VIIPope Boniface IXPope Urban VIAntipope Benedict XIIIAntipope Clement VIIPope Martin VPope Gregory XI

മൂന്നു മാർപ്പാപ്പമാർ

തിരുത്തുക

റോമിലേയും അവിഞ്ഞോണിലേയും മാർപ്പാപ്പമാരെ ഒരേസമയം സ്ഥാനത്യാഗം ചെയ്യിച്ചു പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. ഈ സാഹചര്യത്തിൽ ഫ്രാൻസും അവിഞ്ഞോണിലെ കർദ്ദിനാളന്മാരും ബെനഡിക്ടിനുള്ള പിന്തുണ പിൻവലിച്ചെങ്കിലും അദ്ദേഹം അധികാരമൊഴിയാതെ സ്പെയിനിൽ അഭയം തേടി. റോമിലെ കർദ്ദിനാൾസംഘത്തിൽ പലരും ഗ്രിഗോരിയോസിനെ പിന്തുണക്കുന്നതും നിർത്തിയതോടെ ഇരുപക്ഷത്തേയും കർദ്ദിനാളന്മാർ സംയുക്തമായി, ഇറ്റലിയിലെ പിസാ നഗരത്തിൽ ഒരു സഭാസമ്മേളനം വിളിച്ചുകൂട്ടി. പരമാദ്ധ്യക്ഷതലത്തിൽ സഭക്ക് നഷ്ടപ്പെട്ടിരുന്ന ദിശാബോധം പുനഃസ്ഥാപിക്കാനുള്ള അധികാരവും ചുമതലയും സഭാസമൂഹത്തിനാണെന്ന വാദമായിരുന്നു ഈ തീരുമാനത്തിനു പിന്നിൽ പ്രവർത്തിച്ചത്.

1409-ൽ പിസായിൽ ചേർന്ന സമ്മേളനം അലക്സാണ്ടർ അഞ്ചാമനെ പുതിയ മാർപ്പാപ്പ ആയി തെരഞ്ഞെടുത്തു. എങ്കിലും ഗ്രിഗൊരിയോസ് പന്ത്രണ്ടാമനും ബെനഡിക്ട് പതിമൂന്നാമനും സ്ഥാനമൊഴിയാൻ വിസമ്മതിച്ചു. അങ്ങനെ മൂന്നു മാർപ്പാപ്പാമാർ എന്ന നിലയിൽ ഭിന്നത കൂടുതൽ സങ്കീർണ്ണമായി. പ്രശ്നത്തിന്റെ ശാശ്വതപരിഹാരത്തിനായി ഉടൻ ഒരു സാർവത്രികസമ്മേളനം വിളിച്ചുകൂട്ടാനും പിസായിലെ സമ്മേളനം അവിടെ തെരഞ്ഞെടുക്കപ്പെട്ട മാർപ്പാപ്പയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അലക്സാണ്ടർ അഞ്ചാൻ മരിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ പിൻഗാമിയായിർന്ന ജോൺ ഇരുപത്തിരണ്ടാമൻ, സമ്മേളം വിളിച്ചുകൂട്ടുന്നത് താമസിപ്പിക്കാൻ എല്ലാ കൗശലവും പ്രയോഗിച്ചു.

കോൺസ്റ്റൻസ്

തിരുത്തുക

ഒടുവിൽ രാഷ്ട്രീയസമ്മർദ്ദം മൂലം പുതിയ സഭാസമ്മേളനം വിളിച്ചുകൂട്ടാൻ ജോൺ ഇരുപത്തിരണ്ടാമൻ നിർബ്ബന്ധിതനായി. തെക്കൻ ജർമ്മനിയിലെ കോൺസ്റ്റൻസ് നഗരത്തിൽ 1414 നവംബർ 5-ന് അദ്ദേഹം സഭാസമ്മേളനം ഔപചാരികമായി തുറന്നു. എന്നാൽ സമ്മേളനം തനിക്കെതിരെ തിരിയുമെന്നുറപ്പായപ്പോൾ ജോൺ ഇരുപത്തിരണ്ടാമൻ കോൺസ്റ്റൻസിൽ നിന്ന് ഒളിച്ചോടി.

  1. ജവഹർലാൽ നെഹ്രു, വിശ്വചരിത്രാവലോകനം, അദ്ധ്യായം 70 (പുറം 231)
  2. എച്ച്.ജി.വെൽസ്, Recalcitrannt Princes and the Great Schism, എ ഷോർട്ട് ഹിസ്റ്ററി ഓഫ് ദ വേൾഡ് (അദ്ധ്യായം 47)
  3. കെന്നത്ത് സ്കോട്ട് ലട്ടൂറെറ്റ്, എ ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി (പുറങ്ങൾ 627-29)
  4. വിൽ ഡുറാന്റ്, 'നവോത്ഥാനം', സംസ്കാരത്തിന്റെ കഥ, അഞ്ചാം ഭാഗം (പുറങ്ങൾ 361-63)
"https://ml.wikipedia.org/w/index.php?title=പാശ്ചാത്യശീശ്മ&oldid=3683305" എന്ന താളിൽനിന്ന് ശേഖരിച്ചത്