വില്യം ആർതർ ലൂയിസ്

സാമ്പത്തികശാസ്ത്രത്തിൽ നോബൽ സമ്മാന ജേതാവ്
(W. Arthur Lewis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സർ വില്യം ആർതർ ലൂയിസ് (23 ജനുവരി 1915 - 15 ജൂൺ 1991) ഒരു സാമ്പത്തികശാസ്ത്രജ്ഞനും പ്രിൻസ്റ്റൺ സർവകലാശാലയിലെ ജെയിംസ് മാഡിസൺ പൊളിറ്റിക്കൽ ഇക്കണോമി പ്രൊഫസറുമായിരുന്നു.[1] ഡവലപ്പ്മെൻ്റ് എക്കണോമിക്സ് രംഗത്തെ സംഭാവനകളാൽ ലൂയിസ് പ്രശസ്തനായിരുന്നു. 1979 ൽ അദ്ദേഹത്തിന് സാമ്പത്തികശാസ്‌ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. അദ്ദേഹത്തിന് സെന്റ് ലൂസിയൻ, ബ്രിട്ടീഷ് ഇരട്ട പൗരത്വം ഉണ്ടായിരുന്നു.

വില്യം ആർതർ ലൂയിസ്
പ്രമാണം:East caribbean dollar 100b.jpg
ആർതർ ലൂയിസിന്റെ ചിത്രം പതിച്ച ഈസ്റ്റ് കരീബിയൻ ഡോളർ 100
ജനനം(1915-01-23)23 ജനുവരി 1915
മരണം15 ജൂൺ 1991(1991-06-15) (പ്രായം 76)
ദേശീയതസെന്റ് ലൂസിയൻ
ബ്രിട്ടിഷ്
കലാലയംലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സ്
അറിയപ്പെടുന്നത്Development economics
Dual-sector model
Lewis turning point
Industrial structure
History of the world economy
ജീവിതപങ്കാളി(കൾ)ഗ്ലാഡിസ് ജേക്കബ്സ് ലൂയിസ് (m. 1947)
കുട്ടികൾ2
പുരസ്കാരങ്ങൾസാമ്പത്തികശാസ്ത്ര നോബൽ (1979)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംസാമ്പത്തികശാസ്ത്രം
സ്ഥാപനങ്ങൾLondon School of Economics (1938–48)
University of Manchester (1948–58)
University of West Indies (1959–63)
Princeton University (1963–91)
പ്രബന്ധംThe economics of loyalty contracts (1940)
ഡോക്ടർ ബിരുദ ഉപദേശകൻസർ അർണോൾഡ് പ്ലാന്റ്

ജീവചരിത്രം

തിരുത്തുക

ആർതർ ലൂയിസ്, ബ്രിട്ടീഷ് വിൻഡ്‌വാർഡ് ദ്വീപുകളുടെ ഫെഡറൽ കോളനിയുടെ ഭാഗമായിരുന്ന സെന്റ് ലൂസിയയിലെ കാസ്ട്രീസിൽ, ജോർജ്ജിന്റെയും ഈഡാ ലൂയിസിന്റെയും അഞ്ച് മക്കളിൽ നാലാമനായി ജനിച്ചു. അദ്ദേഹത്തിന്റെ മാതാപിതാക്കൾ ആന്റിഗ്വയിൽ നിന്ന് കുടിയേറിയവരായിരുന്നു.[2] ആർതറിന് ഏഴുവയസ്സുള്ളപ്പോൾ ജോർജ്ജ് ലൂയിസ് മരിച്ചു. ആർതർ ഒരു പ്രതിഭാധനനായ വിദ്യാർത്ഥിയായിരുന്നു. രണ്ട് ക്ലാസുകൾ സ്ഥാനക്കയറ്റം ലഭിച്ച്,[3] പതിനാലാമത്തെ വയസ്സിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ലൂയിസ്, യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷ എഴുതാൻ കാത്തിരിക്കുന്ന സമയത്ത് ഒരു ഗുമസ്തനായി ജോലി ചെയ്തിതിരുന്നു. ഈ സമയത്ത് അദ്ദേഹം ട്രിനിഡാഡ് ആൻഡ് ടൊബാഗോയുടെ ഭാവി പ്രധാനമന്ത്രിയായ എറിക് വില്യംസുമായി ചങ്ങാത്തത്തിലായി. ഇരുവരും ആജീവനാന്ത സുഹൃത്തുക്കളായി തന്നെ തുടർന്നു.[4]

ബിരുദശേഷം എഞ്ചിനീയറാകാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്. സെന്റ് ലൂസിയ പോലുള്ള വെസ്റ്റ് ഇൻഡീസിലെ സർക്കാരുകളും കമ്പനികളും കറുത്തവരെ നിയമിക്കാൻ വിസമ്മതിച്ചതിനാലാണ് അദ്ദേഹം സാമ്പത്തിക ശാസ്ത്രത്തിലേക്ക് മാറിയത്. പതിനെട്ടാം വയസ്സിൽ അദ്ദേഹം ലോകത്തിലെ ഏറ്റവും പ്രശസ്‌തമായ സാമ്പത്തിക ശാസ്ത്ര സർവകലാശാലയായ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ചേരുന്നതിന് സ്കോളർഷിപ്പ് നേടിയെടുത്തു. ലൂയിസിന്റെ അക്കാദമിക് മേധാവിത്വം അദ്ദേഹത്തിന്റെ സമപ്രായക്കാരും പ്രൊഫസർമാരും ശ്രദ്ധിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. എൽ‌എസ്‌ഇയിൽ ആയിരുന്നപ്പോൾ, ജോൺ ഹിക്സ്, അർനോൾഡ് പ്ലാന്റ്, ലയണൽ റോബിൻസ്, ഫ്രീഡ്രിക്ക് ഹയക് എന്നിവരുടെ കീഴിൽ പഠിക്കാൻ ലൂയിസിന് അവസരം ലഭിച്ചു. 1937 ൽ ബിഎസ്‍സി ബിരുദവും, 1940 ൽ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ (എൽഎസ്ഇ) അർനോൾഡ് പ്ലാന്റിന്റെ മേൽനോട്ടത്തിൽ പിഎച്ച്ഡിയും നേടിയ ശേഷം ലൂയിസ് 1948 വരെ എൽ‌എസ്‌ഇയിൽ സ്റ്റാഫ് അംഗമായി പ്രവർത്തിച്ചു.[5] 1947 ൽ അദ്ദേഹം ഗ്ലാഡിസ് ജേക്കബ്സിനെ വിവാഹം കഴിച്ചു, അവർക്ക് രണ്ട് പെൺമക്കളുണ്ടായി.

ആ വർഷം മാഞ്ചസ്റ്റർ സർവകലാശാലയിൽ ലക്ചററായി തിരഞ്ഞെടുക്കപ്പെട്ടതിനാൽ കുടുംബത്തോടൊപ്പം അവിടേക്ക് താമസം മാറി. 1957 വരെ അദ്ദേഹം മാഞ്ചസ്റ്ററിൽ പഠിപ്പിച്ചു. ഈ കാലയളവിൽ, വികസ്വര രാജ്യങ്ങളിലെ മൂലധന രീതികളെയും വേതനത്തെയും കുറിച്ചുള്ള തന്റെ ഏറ്റവും പ്രധാനപ്പെട്ട ചില ആശയങ്ങൾ അദ്ദേഹം വികസിപ്പിച്ചെടുത്തു. മുൻ കോളനികൾ യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് സ്വാതന്ത്ര്യം നേടാൻ തുടങ്ങിയതോടെ, ഡവലപ്മെന്റ് എക്കണോമിക്സിൽ അദ്ദേഹം നൽകിയ സംഭാവനകളാൽ അദ്ദേഹം വളരെ പ്രശസ്തനായിരുന്നു.

നൈജീരിയ, ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, ജമൈക്ക, ബാർബഡോസ് എന്നിവയുൾപ്പടെ നിരവധി ആഫ്രിക്കൻ, കരീബിയൻ സർക്കാരുകളുടെ സാമ്പത്തിക ഉപദേഷ്ടാവായി ലൂയിസ് സേവനമനുഷ്ഠിച്ചു.

1957 ൽ ഘാന സ്വാതന്ത്ര്യം നേടിയപ്പോൾ, അവരുടെ ആദ്യത്തെ സാമ്പത്തിക ഉപദേഷ്ടാവായി ലൂയിസിനെ നിയമിച്ചു. ഘാനയുടെ ആദ്യത്തെ പഞ്ചവത്സര വികസന പദ്ധതി (1959–63) തയ്യാറാക്കാൻ അദ്ദേഹം സഹായിച്ചു.[6]

വെസ്റ്റ് ഇൻഡീസ് സർവകലാശാല വൈസ് ചാൻസലറായി നിയമിതനായപ്പോൾ 1959 ൽ ലൂയിസ് കരീബിയൻ മേഖലയിലേക്ക് മടങ്ങി. 1963 ൽ സാമ്പത്തികശാസ്ത്രത്തിന് നൽകിയ സംഭാവനകളുടെ പേരിൽ അദ്ദേഹത്തിന് നൈറ്റ് ബിരുദം ലഭിച്ചു .

ആ വർഷം, പ്രിൻസ്റ്റൺ സർവകലാശാലയിൽ യൂണിവേഴ്‌സിറ്റി പ്രൊഫസറായി നിയമിതനായതിനാൽ അമേരിക്കയിലേക്ക് മാറി. അടുത്ത രണ്ട് ദശകക്കാലം ലൂയിസ് പ്രിൻസ്റ്റണിൽ ജോലി ചെയ്തു. 1983 ൽ ആണ് വിരമിക്കുന്നത്. 1970-ൽ ലൂയിസ് കരീബിയൻ ഡെവെലപ്മെന്റൽ ബാങ്കിന്റെ ആദ്യ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, 1973 വരെ ആ പദവിയിൽ തുടർന്നു, [7]

1979 ൽ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലൂയിസിന് ലഭിച്ചു (തിയോഡോർ ഷുൾട്സുമായി പങ്കിട്ടു).[2]

1991 ജൂൺ 15 ന് ബാർബഡോസിലെ ബ്രിഡ്ജ്ടൌണിൽ അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം സെന്റ് ലൂസിയൻ കമ്മ്യൂണിറ്റി കോളേജിന്റെ മൈതാനത്താണ് അദ്ദേഹത്തെ സംസ്കരിച്ചത്.

ബഹുമതികളും അംഗീകരങ്ങളും

തിരുത്തുക
  • സെന്റ് ലൂസിയയിലെ ആർതർ ലൂയിസ് കമ്മ്യൂണിറ്റി കോളേജ് അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ടതാണ്.
  • സർക്കാർ സ്ഥാനങ്ങളിൽ പ്രവേശിക്കുന്നതിനുമുമ്പ് വർഷങ്ങളോളം അവിടെ ലക്ചറർ ആയിരുന്നതിനാൽ മാഞ്ചസ്റ്റർ സർവകലാശാലയിലെ ആർതർ ലൂയിസ് കെട്ടിടത്തിന് (2007 ൽ തുറന്നത്) അദ്ദേഹത്തിന്റെ പേര് നൽകി.
  • വെസ്റ്റ് ഇൻഡീസ് സർവകലാശാലയിലെ സർ ആർതർ ലൂയിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ആന്റ് ഇക്കണോമിക് സ്റ്റഡീസ് അദ്ദേഹത്തിനോടുള്ള ബഹുമാനാർഥം നാമകരണം ചെയ്യപ്പെട്ടതാണ്.
  • 100 ഡോളർ ഈസ്റ്റ് കരീബിയൻ ബില്ലിൽ സർ ആർതർ ലൂയിസിന്റെ ഛായാചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്.
  • പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിലെ വുഡ്രോ വിൽസൺ സ്കൂൾ ഓഫ് പബ്ലിക് ആന്റ് ഇന്റർനാഷണൽ അഫയേഴ്സിന്റെ റോബർട്ട്സൺ ഹാളിലെ പ്രധാന ഓഡിറ്റോറിയമായ ആർതർ ലൂയിസ് ഓഡിറ്റോറിയം അദ്ദേഹത്തിന്റെ പേരിൽ ആണ് അറിയപ്പെടുന്നത്.

പ്രധാന സംഭാവനകൾ

തിരുത്തുക

"ലൂയിസ് മോഡൽ"

തിരുത്തുക

ലൂയിസ് 1954-ൽ പ്രസിദ്ധീകരിച്ച, അദ്ദേഹത്തിന്റെ ഏറ്റവും സ്വാധീനിച്ച ഡേവലപ്മെന്റ് എക്കണോമിക്സ് ലേഖനം ആയ "എക്കണോമിക്ഡേവെലപ്മെന്റ് വിത്ത് അൺലിമിറ്റഡ് സപ്ലൈസ് ഓഫ് ലേബർ" (മാഞ്ചസ്റ്റർ സ്കൂൾ)[8] എന്ന പ്രസിദ്ധീകരണത്തിൽ അദ്ദേഹം ഡ്യുവൽ സെക്ടർ മോഡൽ അല്ലെങ്കിൽ "ലൂയിസ് മോഡൽ" അവതരിപ്പിച്ചു.[9]

തിയറി ഓഫ് എക്കണോമിക് ഗ്രോത്ത്

തിരുത്തുക

1955-ൽ ലൂയിസ് തിയറി ഓഫ് എക്കണോമിക് ഗ്രോത്ത് (സാമ്പത്തിക വളർച്ചയുടെ സിദ്ധാന്തം) പ്രസിദ്ധീകരിച്ചു. അതിൽ “സാമ്പത്തിക വികസനം പഠിക്കുന്നതിന് ഉചിതമായ ഒരു ചട്ടക്കൂട് നൽകാൻ” അദ്ദേഹം ശ്രമിച്ചു.[10] [11]

അവലംബങ്ങൾ

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. "Legacy of Nobel laureate Sir W. Arthur Lewis commemorated at Robertson Hall". Princeton University (in ഇംഗ്ലീഷ്). Retrieved 2020-05-29.
  2. 2.0 2.1 "The Sveriges Riksbank Prize in Economic Sciences in Memory of Alfred Nobel 1979", Nobel in Economics, 1979. Accessed 5 January 2011.
  3. Tignor, Robert L. (2006). W. Arthur Lewis and the Birth of Development Economics. Princeton University Press. pp. 7–8. ISBN 978-0-691-12141-3.
  4. Tignor, pp. 11–13.
  5. Tignor, Robert L. (2006). W. Arthur Lewis and the Birth of Development Economics. Princeton University Press. ISBN 978-0691121413.
  6. Felix Brenton, "Sir (William) Arthur Lewis (1915–1991)", Black Past website.
  7. "Sir Wm. Arthur Lewis: President 1970 – 1973" Archived 2016-03-04 at the Wayback Machine., Caribbean Development Bank.
  8. Hunt, Diana (1989). "W. A. Lewis on 'Economic Development with Unlimited Supplies of Labour'". Economic Theories of Development: An Analysis of Competing Paradigms. New York: Harvester Wheatsheaf. pp. 87–95. ISBN 978-0-7450-0237-8.
  9. Gollin, Douglas (2014). "The Lewis Model: A 60-Year Retrospective". Journal of Economic Perspectives. 28 (3): 71–88. doi:10.1257/jep.28.3.71. JSTOR 23800576.
  10. Leeson, P. F.; Nixson, F. I. (2004). "Development economics in the Department of Economics at the University of Manchester". Journal of Economic Studies. 31 (1): 6–24. doi:10.1108/01443580410516233.
  11. W. Arthur Lewis (2013). Theory of Economic Growth. Routledge. ISBN 978-0-415-40708-3.
  • ഫിഗെറോവ, എം. (2005). ഡബ്ല്യു. ആർതർ ലൂയിസ്സ് സോഷ്യൽ അനാലിസിസ് ആൻഡ് ദ ട്രാന്സ്ഫൊർമേഷൻ ഓഫ് ട്രോപ്പിക്കൽ എക്കണോമീസ്. സോഷ്യൽ ആന്റ് ഇക്കണോമിക് സ്റ്റഡീസ്, 54 (4), 72-90. https://doi.org/http://www.mona.uwi.edu/ses/archives

ഉറവിടങ്ങൾ

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വില്യം_ആർതർ_ലൂയിസ്&oldid=3774919" എന്ന താളിൽനിന്ന് ശേഖരിച്ചത്