വിളയത്തു കൃഷ്ണനാശാൻ

(Vilayathu Krishnanasan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളീയനായ ഒരു സംസ്കൃത പണ്ഡിതനും മാസികാ പത്രാധിപരും ശ്രീ നാരായണ ഗുരുവിന്റെയും കുമാരനാശാന്റെയും ആദ്യകാല കവിതകൾ പ്രസിദ്ധം ചെയ്ത 'വിദ്യാവിലാസിനി' മാസികയുടെ പത്രാധിപരുമായിരുന്നു വിളയത്തു സി. കൃഷ്ണനാശാൻ. കേരള കൗമുദി സ്ഥാപന കാലത്ത് ഡയറക്ടർ ബോർഡംഗമായും വിവേകോദയം പ്രചാരകനായും പ്രവർത്തിച്ചു.[1]

വിളയത്തു കൃഷ്ണനാശാൻ
വിളയത്തു കൃഷ്ണനാശാൻ
ജനനം(1875-09-23)സെപ്റ്റംബർ 23, 1875
പെരിനാട് കൊല്ലം, കേരളം
മരണം1934 ഒക്ടോബർ 26
ദേശീയതഇന്ത്യൻ
തൊഴിൽഅദ്ധ്യാപകൻ, സാഹിത്യകാരൻ
ജീവിതപങ്കാളി(കൾ)കുഞ്ഞുകുഞ്ഞമ്മ
കാർത്ത്യായനി
കുട്ടികൾഗോപാലൻ
വാസു
ഭാരതി
ദേവകി
ലക്ഷ്മിക്കുട്ടി
വി.കെ. കേശവൻ
വി.കെ. ശാരദ

ജീവിതരേഖ

തിരുത്തുക

കൊല്ലം പ്രാക്കുളം സ്വദേശിയായിരുന്നു കൃഷ്ണനാശാൻ. കരുവ കൃഷ്ണനാശാനുമൊത്ത് വിദ്യാവിലാസിനി മാസികയിലൂടെ സാഹിത്യ പ്രവർത്തനം നടത്തി. മാസികയുടെ പത്രാധിപരായിരുന്നു ആശാൻ. 1076 മുതൽ 1079 അവസാനം വരെ ഗുരുവിനോടൊപ്പം അരുവിപ്പുറത്തു താമസിച്ചു. ഈ സമയത്ത് ആശാൻ ഗുരുദേവന്റെയും ആശാന്റെയും രചനകളെല്ലാം എഴുതി സൂക്ഷിച്ച സ്വാമിയുടെ ഉറ്റമിത്രവും ഗൃഹസ്ഥശിഷ്യനുമായിരുന്നു. സ്വാമികളെ സംബന്ധിക്കുന്ന വിലപ്പെട്ട വളരെയധികം വിവരങ്ങൾ വിളയത്താശാന്റെ നോട്ടു പുസ്തകങ്ങളിലുണ്ട്. [2]കുമാരനാശാന്റെ ലേഖനങ്ങളടങ്ങിയ മാസികകളെല്ലാം കൃഷ്ണനാശാൻ സൂക്ഷിച്ചിരുന്നു. ആശാന്റെ ഗ്രന്ഥശാലയിൽ നിന്ന് കുമാരനാശാന്റെ പല അപ്രകാശിത രചനകളും പിന്നീട് കണ്ടെടുത്ത് ഗവേഷകർ പ്രകാശിപ്പിച്ചിട്ടുണ്ട്. [2] കുമാരനാശാന്റെആദ്യ കാല കൃതികളായ കുമാരകരുണാമൃതം, ഭാഷാസൗന്ദര്യ ലഹരി തുടങ്ങിയ പല കൃതികളും ആദ്യമായി വെളിച്ചം കണ്ടത് വിദ്യാവിലാസിനിയിലൂടെയാണ്.[3]

വിവേകോദയം ഗ്രന്ഥശാല

തിരുത്തുക

തൃക്കരുവയിലെ തന്റെ വിളയത്തു വീട്ടിൽ വിവേകോദയം എന്ന പേരിൽ ഒരു ഗ്രന്ഥശാല ആശാന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്നു. ധാരാളം സംസ്കൃത, മലയാളം പുസ്തകങ്ങൾ ഇവിടെ ഉണ്ടായിരുന്നു. കുമാരനാശാന്റെ പല കൃതികളുടെയും കൈയെഴുത്തു പ്രതികൾ ഇവിടെ ഉണ്ടായിരുന്നു.[4] കുമാരനാശാന്റെ മരണശേഷം കരുവാ കൃഷണനാശാൻ ' കുമാരനാശാന്റെ ബാല്യകൃതികൾ' എന്ന ചെറുപുസ്തകം ഇറക്കി. വിളയത്ത് കൃഷ്ണനാശാന്റെ നോട്ടുബുക്കിൽ നിന്നാണ് ആ കവിതകൾ പകർത്തിയത്.[1] 'പ്രബോധചന്ദ്രോദയം' തർജമ യിൽനിന്നും ആ ശ്ലോകം മാത്രമായി എടുത്ത് അതിൽ ചേർത്തിരുന്നു.

പെരിനാടിന്റെ ചരിത്രം എന്നൊരു അപ്രകാശിത ഗ്രന്ഥം വിളയത്ത് ആശാൻ എഴുതി സൂക്ഷിച്ചിരുന്നു.[3]

ഗുരുവുമായുള്ള സംഭാഷണം

തിരുത്തുക

ശ്രീ നാരായണ ഗുരുവുമായുള്ള ആശാന്റെ ഒരു സംഭാഷണം മൂർക്കോത്തുകുമാരൻ, ശ്രീനാരായണഗുരുസ്വാമികളുടെ ജീവചരിത്രം, എന്ന ഗ്രന്ഥത്തിൽ എടുത്തു ചേർത്തിട്ടുണ്ട്.[5]

ഗുരു: ഈ (ദേവ)ആരാധനകളെല്ലാം ഒരിക്കൽ വേണ്ടാതെ വന്നേക്കാം.

കൃഷ്ണനാശാൻ: അങ്ങനെവരാൻ ഇടയില്ല.

ഗുരു: വിദ്വാന്മാർക്കു് ഇത് ഹിതമല്ലാതെ വരും. അവിദ്വാന്മാരും ഗതാനുഗതികന്യായേന വേണ്ടെന്നുവെയ്ക്കും, അല്ലേ?

കൃഷ്ണനാശാൻ: അങ്ങനെവരാൻ ഇടയില്ല.

ഗുരു: അങ്ങനെ വരുമ്പോൾ ഈ കെട്ടിടങ്ങളെല്ലാം അവർക്കു മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാമല്ലോ. ആഹാരംപോലെ കെട്ടിടങ്ങളും ആവശ്യമുള്ളവതന്നെ. ആഹാരം ഒരു ദിവസം രണ്ടോമൂന്നോ പ്രാവശ്യം മതിയാവും, ശീതോഷ്ണാദി ബാധകളിൽനിന്നു രക്ഷിക്കുന്നതിനുള്ള കെട്ടിടങ്ങൾ വേണ്ടാത്ത സമയമില്ലല്ലോ. ആഹാരം സൗജന്യമായി പലരിൽനിന്നും ലഭിക്കാവുന്നതുമാണ്; കെട്ടിടങ്ങൾ അങ്ങനെ ലഭിക്കുകയില്ലല്ലോ. ഒരു ഭിക്ഷു വീട്ടിൽ ച്ചെന്നു ഭിക്ഷവാങ്ങിയാൽപ്പിന്നെ ആ മുറ്റത്തു നില്ക്കുന്നതുതന്നെ വിഹിതമാകയില്ലല്ലോ. അതുകൊണ്ട് കെട്ടിടങ്ങൾ ഉണ്ടാക്കിയിടുന്നതും ഒരു ധാർമ്മികപ്രവർത്തിതന്നെയാണ്.

എന്നാലും നാം ജനങ്ങളുടെ പണം പാഴിൽക്കളഞ്ഞിട്ടില്ല, അല്ലേ?


  1. 1.0 1.1 റ്റി.ഡി. സദാശിവൻ (2018). ശ്രീനാരായണഗുരുദേവനും ഗൃഹസ്ഥശിഷ്യന്മാരും(രണ്ടാം ഭാഗം). കോട്ടയം: എൻ.ബി.എസ്. pp. 303–310. ISBN 978-93-88163-95-8.
  2. 2.0 2.1 ശ്രീനാരായണഗുരു സുവർണ്ണ രേഖകൾ ജി. പ്രിയദർശനൻ
  3. 3.0 3.1 ടി.ഡി. സദാശിവൻ. തിരുവിതാംകൂർ ചരിത്രത്തിൽ തൃക്കരുവായുടെ സാംസ്കാരിക പൈതൃകം. കൊല്ലം: ഭരത പബ്ളിക്കേഷൻസ്. pp. 364–366.
  4. സി ഒ കേശവൻ ബി എ (2020). മഹാകവി കുമാരനാശാൻ. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. ISBN 9789390520374.
  5. മൂർക്കോത്തുകുമാരൻ (1971). ശ്രീനാരായണഗുരുസ്വാമികളുടെ ജീവചരിത്രം. കോഴിക്കോട്: പി. കെ. ബ്രദേഴ്സ്. pp. 157–158.
"https://ml.wikipedia.org/w/index.php?title=വിളയത്തു_കൃഷ്ണനാശാൻ&oldid=4275537" എന്ന താളിൽനിന്ന് ശേഖരിച്ചത്