ടോട്ടം

(Totem എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഗോത്രാചാരപ്രതീകമാണ് ടോട്ടം. ഏതെങ്കിലുമൊരു സമൂഹവുമായോ ഗോത്രവുമായോ ബന്ധപ്പെട്ട മൃഗമോ ചെടിയോ മറ്റേതെങ്കിലും പ്രകൃതി പ്രതിഭാസമോ 'ടോട്ട'മായി അംഗീകരിക്കപ്പെടാറുണ്ട്. ഈ ടോട്ടത്തോട് പ്രസ്തുത സമൂഹത്തിന് ഒരാരാധനാ മനോഭാവമായിരിക്കും ഉണ്ടായിരിക്കുക. പ്രാചീന സമൂഹങ്ങളിലെ വിവിധാചാരങ്ങളെയും വിശ്വാസങ്ങളെയും ടോട്ടെമിസം എന്ന പേരിൽ വ്യാഖ്യാനിക്കാറുണ്ട്.

ടോട്ടം. ബ്രിട്ടീഷ കൊളംബിയയിലെ വിക്ടോറിയയിലുള്ള തണ്ടർബേർഡ് പാർക്കിൽ നിന്നും

വിവിധ രൂപങ്ങൾ

തിരുത്തുക

പലതരം സമൂഹങ്ങളും ഗോത്രങ്ങളും നിവസിക്കുന്ന പ്രദേശങ്ങളിലാണ് ഓരോന്നിനെയും വേർതിരിച്ചു കാണാനായി ഏതെങ്കിലും ജന്തുവിനെയൊ മറ്റോ അതിന്റെ ടോട്ടമായി അംഗീകരിക്കുന്നത്. പലപ്പോഴും ടോട്ടത്തിന്റെ പേരിലായിരിക്കും ഗോത്രം അറിയപ്പെടുന്നത്. പരമ്പരാഗതമായി ടോട്ടവുമായി ബന്ധപ്പെട്ടവരാണെന്ന വിശ്വാസം ഇവരിലുളവാകുന്നു. ഉദാഹരണത്തിന് ഏതെങ്കിലുമൊരു മൃഗമാണ് ഒരു ഗോത്രത്തിന്റെ ടോട്ടമെങ്കിൽ അതിന്റെ മാംസം അവർ ഒരിക്കലും ഭക്ഷിക്കുകയില്ല. ടോട്ടത്തിന്റെ ക്ഷേമത്തിനും വർധനയ്ക്കും വേണ്ടി അവർ പ്രയത്നിക്കുകയും ചെയ്യും. ലിംഗാടിസ്ഥാനത്തിലും വ്യക്തിഗതമായും ടോട്ടമുള്ള ഗോത്രങ്ങളും നിലവിലുണ്ട്. ആസ്ത്രേലിയയിലെ ആദിവാസികൾക്കിടയിലാണ് ഇതു കൂടുതലായി കാണുന്നത്. പോളിനേഷ്യൻ ഗോത്രവർഗക്കാർക്കിടയിൽ മൃഗങ്ങളുടെയും മറ്റും രൂപത്തിൽ അവതരിച്ചുവെന്നു കരുതുന്ന ആത്മാക്കളെയാണ് ടോട്ടമായി കരുതുന്നത്.

പേരിനുപിന്നിൽ

തിരുത്തുക

വടക്കേ അമേരിക്കയിലെ ഒജിബ്വാ ഇന്ത്യൻ വംശജരുടെ ഭാഷയിൽ നിന്നാണ് ടോട്ടം എന്ന പദം രൂപം കൊണ്ടത്. ഇവർ മത്സ്യങ്ങളെയും മൃഗങ്ങളെയും പക്ഷികളെയും ടോട്ടമായി അംഗീകരിക്കുന്നുണ്ടെങ്കിലും അവയുടെ മാംസം ഭക്ഷിക്കുന്നതിൽ വിമുഖത കാട്ടാറില്ല.

ശാസ്ത്രീയ പഠനങ്ങൾ

തിരുത്തുക

പ്രകൃതിയുമായുള്ള ഗാഢബന്ധത്തിന്റെ പ്രതീകാത്മക പ്രകാശനമാണ് ടോട്ടമെന്ന സങ്കല്പമെന്ന് പ്രസിദ്ധ സാമൂഹിക ശാസ്ത്രജ്ഞനായ എമിലി ഡർക്കീം അഭിപ്രായപ്പെടുന്നു. മതവിശ്വാസത്തിന്റെ ആരംഭത്തെയാണ് ഇതു സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യാഖ്യാനിക്കുന്നു. സമൂഹത്തിലെ വിഭാഗീയത സൂചിപ്പിക്കുവാൻ പ്രകൃതിയിലെ വൈവിധ്യത്തെ ഉപയോഗിക്കുന്നതിന് ഉദാഹരണമാണ് ടോട്ടെമിസമെന്ന് ആധുനിക നരവംശ ശാസ്ത്രജ്ഞനായ ക്ലോദ് ലെവി-സ്ട്രോസ് അഭിപ്രായപ്പെടുകയുണ്ടായി.

സുപ്രധാന സംഭവങ്ങൾ സ്മരിക്കുവാനും വസ്തുക്കളുടെ ഉടമാവകാശം സൂചിപ്പിക്കുവാനും അന്തരിച്ചവരുടെ സ്മാരകങ്ങളായും മറ്റുമാണ് ഇന്ത്യൻ വംശജർ ടോട്ടം പോൾസ് പണിതുയർത്തുന്നത്. കുടുംബചരിത്രം സൂചിപ്പിക്കുന്ന കരവിരുതുകൾ ചില ടോട്ടം തൂണുകളിൽ കാണാം. മൃഗത്തിന്റെയും മനുഷ്യന്റെയും രൂപത്തിലുള്ള ആത്മാക്കളെയും പൂർവികർക്കൊപ്പം ആലേഖനം ചെയ്യാറുണ്ട്.


 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടോട്ടം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടോട്ടം&oldid=1714164" എന്ന താളിൽനിന്ന് ശേഖരിച്ചത്