ഠുമ്രി

(Thumri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതരൂപമാണ് ഠുമ്രി. ഖയാൽ കഴിഞ്ഞാൽ ഹിന്ദുസ്ഥാനി സംഗീതത്തിൽ ഏറെ പ്രാധാന്യമുള്ള ഗാനശാഖ ഠുമ്രിയാണ്. വൈകാരികത, പ്രത്യേകിച്ച് ശൃംഗാരത്തിന് ആണ് ഇതിൽ പ്രാധാന്യം. ശൃംഗാരരതിഭാവങ്ങളുടെ ഉദാത്തവത്ക്കരിക്കപ്പെട്ട ഭാവങ്ങളാണ് ഇതിലൂടെ അവതരിപ്പിക്കാറുള്ളത്. രതികല്പനകളുടെ നിറപൂർണിമയാണ് ഇതിന്റെ ആത്മാവ്. ഗ്രാമ്യശൈലിയിൽ ഇതൾ വിരിയുന്ന അഗാധമായ വൈകാരികതയാണ് ഇതിന്റെ ഉടൽ. ഒട്ടു മിക്ക ഗാനങ്ങളും സ്ത്രീ കല്പിതങ്ങളെന്ന രീതിയിൽ രചിക്കപ്പെട്ടിട്ടുള്ളവയാണ്. അതുകൊണ്ടാണ്, പ്രണയപാരവശ്യങ്ങളും നിഷ്ക്കളങ്ക കലഹങ്ങളും സമ്മോഹനമായ അംഗചലനങ്ങളും വളകിലുക്കങ്ങളും കൊണ്ട് സമൃദ്ധമാണ് ഠുമ്രി എന്നു പറയാറുള്ളത്. പതിനേഴാം ശതകത്തിലെ ഡച്ചുചിത്രകാരന്മാരുടെ പ്രകൃതിദൃശ്യങ്ങളോട് ഠുമ്രിയുടെ ഭാവതലത്തെ ചില വിമർശകർ ഉപമിച്ചിട്ടുണ്ട്. ആദ്യകാല ഠുമ്രിയിലെ ഭാവാത്മകമായ വരികൾ പലതും ശ്രീകൃഷ്ണനും രാധയും തമ്മിലുണ്ടായിരുന്ന അനുരാഗത്തെയും പ്രണയത്തെയും പരാമർശിക്കുന്നതായിരുന്നു. അതിനോടൊപ്പം ഗ്രാമീണ മനുഷ്യരുടെ നിഷ്കളങ്ക പ്രണയവും ഠുമ്രിയിൽ തുളുമ്പി നിന്നു.[1]

ഉത്പത്തിതിരുത്തുക

ഠുമ്രി എന്നതു ഠുമ്/ഠുമ്ക് എന്നിവയിൽ നിന്ന് നിഷ്പന്നമാണെന്നത് വ്യക്തമാണ്. അതുകൊണ്ട് ഠുമ്രി എന്നതിന് ലഘുനൃത്തഗാനം, പദതാളം എന്നൊക്കെ അർഥം കല്പിച്ചു വരുന്നു

ഇതിന്റെ ഉത്പത്തികാലം കൃത്യമായി കണ്ടെത്താനായിട്ടില്ല. ഔധിലെ നവാബായ വജീദ് അലി ഷായുടേയും അദ്ദേഹത്തിന്റെ ആസ്ഥാനഗായകനായ സിദ്ദിക് അലിഖാന്റേയും സൃഷ്ടിയാണ് ഠുമ്രി എന്നൊരു വാദമുണ്ട്. എന്നാൽ ചരിത്രരേഖകൾ അതു ശരിവെയ്ക്കുന്നില്ല. നവാബിന്റെ ജനനം 1822-ൽ മാത്രമാണ്. പക്ഷേ, 1834-ൽ ക്യാപ്റ്റൻ വില്യാർഡ് പ്രസിദ്ധീകരിച്ച 'മ്യൂസിക് ഒഫ് ഇന്ത്യ' എന്ന പുസ്തകത്തിൽത്തന്നെ ഠുമ്രിയെക്കുറിച്ച് വിശദമായി വിവരിച്ചിട്ടുണ്ട്. എന്നു തന്നെയല്ല ഠുമ്രിയിലെ ഗാനങ്ങൾക്കു സമാനമായ ഗാനത്തെക്കുറിച്ചും അതിന്റെ അവതരണത്തെക്കുറിച്ചും കാളിദാസ കൃതിയായ മാളവികാഗ്നിമിത്രത്തിൽപ്പോലും പരാമർശിച്ചു കാണുന്നു. വളരെ പണ്ടു മുതൽ നിലനിന്നിരുന്ന ഒരു ഗാനരീതി പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനമോ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യമോ ഠുമ്രിയായി ശൈലീവത്ക്കരിക്കപ്പെട്ടു എന്നനുമാനിക്കുന്നതാണുചിതം. മധുരഭക്തിപാരമ്പര്യമാണ് ഇതിന്റെ അടിത്തറയെന്നും അനുമാനിക്കാവുന്ന രേഖകൾ കാണുന്നുണ്ട്.

ആദ്യകാലത്ത് ഇതിന് മധ്യ-ലയഖയാലുകളുടെ സ്വഭാവമാണ് ഉണ്ടായിരുന്നത്. പിന്നീട് ഗ്രാമീണ ഗാനങ്ങളുടെ ആർജവം കൂടി ഉൾക്കൊള്ളുകയും ലളിത ശൈലിപൂണ്ട് ഇതു വളരുകയും ചെയ്തു. ചുരുങ്ങിയത്, നൂറു വർഷത്തെയെങ്കിലും ചരിത്രം അവകാശപ്പെടാവുന്ന ഠുമ്രി, വികാസത്തിന്റെ കൊടുമുടിയിലെത്തിയത് 1920-50 കാലഘട്ടത്തിലാണ്. ലക്നൌവിലേയും ബനാറസിലേയും സംഗീതജ്ഞരാണ് അതിനു മുഖ്യകാരണക്കാർ. അതുകൊണ്ടാണ്, 'ലക്നൌ ഠുമ്രിയുടെ മാതാവാണ്, ബനാറസ് കാമുകനും' എന്നു പറഞ്ഞുപോരുന്നത്.

ഠുമ്രിയെ ജനപ്രിയ സംഗീതമാക്കി മാറ്റിയെടുത്തതും പ്രചരിപ്പിച്ചതും ബീഗം അഖ്തറും, ഉസ്താദ് ബഡേഗുലാം അലിഖാനുമാണ്. അസംഭായ്, ബഡീമോത്തീഭായ്, സിദ്ധേശ്വരിദേവി എന്നിവരും ഠുമ്രി ഗാനശാഖയുടെ വളർച്ചയിൽ ഗണ്യമായ സംഭാവന നൽകുകയുണ്ടായി.

ഠുമ്രിയിലുപയോഗിക്കുന്ന പ്രധാന രാഗങ്ങൾതിരുത്തുക

ഖയാലിലെ 'പ്രകടന'ങ്ങളെല്ലാം ഒഴിവാക്കിക്കൊണ്ടുള്ള രീതിയാണ് ഠുമ്രിയുടേത്. ഖയാൽ രാഗഭാവത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുമ്പോൾ ഠുമ്രി സ്വരഭാവത്തിലാണ് പാദമൂന്നി നിൽക്കുന്നത്. ഖയാലിലെന്ന പോലെയുള്ള രാഗസാധനയില്ലാതെ നേരിട്ട് ഗാനത്തിലേക്കു കടക്കുന്നതു കൊണ്ട് ഠുമ്രിയിൽ പെട്ടെന്നുതന്നെ ഗാനത്തിന്റെ ഭാവസാന്ദ്രത അനുഭവിക്കാനാകുന്നു. ലളിതമായ രാഗങ്ങളാണ് ഇതിനുപയോഗിക്കുന്നത്. പീലു, ഗാര, പഗാഡി, ഖമാജ് ഭൈരവി എന്നിവ ഉദാഹരണം.

പ്രധാന രചയിതാക്കൾതിരുത്തുക

അക്തർ പിയാ എന്ന തൂലികാനാമത്തിൽ പലകൃതികളും രചിച്ചിട്ടുള്ള ഔധിയിലെ നവാബായ വജീദ് അലിഷാ ആയിരുന്നു ഏറ്റവും പ്രമുഖ ഠുമ്രി രചയിതാവ്. കവിയും ഗായകനും നർത്തകനുമൊക്കെയായ ഇദ്ദേഹം ഭരണനിപുണനല്ലായിരുന്നു. കുതന്ത്രങ്ങൾ പ്രയോഗിച്ച് 1856-ൽ ബ്രിട്ടിഷുകാർ ഇദ്ദേഹത്തെ നാട്ടിൽ നിന്നും തുരത്തി. അപ്പോഴെഴുതിയ യാത്രാമൊഴി വജീദ് അലിഷായുടെ അതിപ്രശസ്തമായ ഠുമ്രി രചനയായി കരുതപ്പെടുന്നു. ഭൈരവി രാഗത്തിൽ 'ബാബുല് മേരാ..........' എന്നു തുടങ്ങുന്ന ആ കൃതിയിലുടനീളം പ്രണയവിരഹങ്ങളുടെ സാന്ദ്രഭാവം തരംഗിതമാകുന്നതു കാണാം. രാംപൂരിലെ ലല്ലൻപിയ, സനദ്പിയ, കാദർപിയ എന്നിവരാണ് മറ്റ് ആദ്യകാല രചയിതാക്കൾ. ലല്ലൻപിയ മധ്യ-ദ്രുത താളങ്ങളുടെ ശോഭയാർന്നതും സനദ്, വാദ്യവൃന്ദത്തിന്റെ ഛന്ദസ്സ് സ്വാംശീകരിച്ചതും കാദർ ഗ്രാമ്യശൈലിയുടെ ചാരുത ആവാഹിച്ചതുമായ രചനകളാണ് നിർവഹിച്ചിട്ടുള്ളത്.

പദങ്ങൾ അർഥസ്ഫുടതയോടെ പ്രയോഗിക്കുക എന്നതാണ് ഠുമ്രിയുടെ ആലാപനശൈലി. അർഥഭാവങ്ങളുടെ വർണങ്ങളെ സമ്മോഹനമായ രൂപഭേദങ്ങളിലൂടെ, പദഭ്രമങ്ങളിലൂടെ, സ്വരസമ്മിളനങ്ങളിലൂടെ അവതരിപ്പിക്കുന്ന ഈ രീതി 'ബോൽബനാവ' എന്നാണറിയപ്പെടുന്നത്. ഇതിന്റെ സാക്ഷാത്കാരത്തിന് പ്രതിഭയോടൊപ്പം അതിരുകളില്ലാത്ത ഭാവനയും ആവശ്യമാണ്.

ശൈലീഭേദങ്ങൾതിരുത്തുക

ഠുമ്രിക്ക് ലക്നൗ, ബനാറസ്, പഞ്ചാബ് എന്നിങ്ങനെ മൂന്ന് ശൈലീഭേദങ്ങളുണ്ട്. ഓരോന്നും മൌലികമാണ്.

ലക്നൗ ഠുമ്രിതിരുത്തുക

സൂക്ഷ്മഭാവങ്ങളാൽ സമ്പന്നമായ ശുദ്ധശൈലിയാണ് ലക്നൗ ഠുമ്രിയിലുള്ളത്.

ബനാറസി ഠുമ്രിതിരുത്തുക

കജ്രി, ചൈത്തി തുടങ്ങിയ നാടൻ ഗാനരൂപങ്ങളുടെ സ്വാധീനം ഏറെയുള്ളതാണ് ബനാറസി ഠുമ്രി.

പഞ്ചാബി ഠുമ്രിതിരുത്തുക

പഞ്ചാബിലെ നാടൻ പാട്ടുകളുടെ വർണപ്പൊലിമയാർന്ന 'പഞ്ചാബി അംഗി'ന്റെ വിങ്ങുന്ന ഭാവമാണ് പഞ്ചാബി ഠുമ്രിയുടേത്.

ശോഭാഗുട്ടു, ലക്ഷ്മിശങ്കർ എന്നിവർ സമകാലിക ഠുമ്രി ഗായകരാണ്. കഥക് നൃത്തത്തിലെ അഭിനയപ്രധാനമായ അംശങ്ങളിൽ ഠുമ്രിയാണ് ഉപയോഗിക്കാറുള്ളത്.

കർണാടക സംഗീതത്തിലെ 'പദ'ത്തിനു സമാനമാണ് ഹിന്ദുസ്ഥാനിയിലെ 'ഠുമ്രി' എന്ന് സംഗീതജ്ഞന്മാർ അഭിപ്രായപ്പെടുന്നു.

പ്രസിദ്ധ ഠുമ്രി ഗായകർതിരുത്തുക

അവലംബംതിരുത്തുക

  1. Darbar An Introduction to light classical thumri

അധിക വായനയ്ക്ക്തിരുത്തുക

  • Dance in Thumri, by Projesh Banerji. Published by Abhinav Publications, 1986. ISBN 81-7017-212-8.
  • Thumri in Historical and Stylistic Perspectives, by Peter Lamarche Manuel. Published by Motilal Banarsidass Publ., 1989. ISBN 81-208-0673-5.
  • Thumri, Tradition & Trends, by Ramanlal Chhotalal Mehta, Published by Indian Musicological Society, 1990.
  • Hindi Poetry in a Musical Genre: Thumri Lyrics, by Lalita Du Perron. Published by Routledge, 2007. ISBN 0-415-39446-5.

പുറം കണ്ണികൾതിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഠുമ്രി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഠുമ്രി&oldid=3820205" എന്ന താളിൽനിന്ന് ശേഖരിച്ചത്