ടെട്രാപോഡ്

(Tetrapod എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൈകാലുകളുടെ രൂപത്തിൽ രണ്ടു ജോടി അവയവങ്ങൾ ഉള്ള കശേരുകികളുടെ വർഗത്തെ ടെട്രാപോഡുകൾ എന്നു പറയുന്നു. ഉഭയജീവികൾ (Amphibians), ഉരഗങ്ങൾ (Reptiles), പക്ഷികൾ (Aves), സസ്തനികൾ (Mammals) എന്നിവ ടെട്രാപോഡ് സൂപ്പർ ക്ലാസ്സിൽ ഉൾപ്പെടുന്നു.

ടെട്രാപോഡ്
Temporal range: Middle Devonian - Recent, 395–0 Ma
നാലുതരം ടെട്രാപോഡുകൾ, മുകളിൽ ഇടത്ത് ഉഭയജീവികൾ, വലത്ത് പക്ഷികൾ, താഴെ വലത്ത് ഉരഗങ്ങൾ, ഇടത്ത് സസ്തനികൾ
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Subphylum: Vertebrata
Infraphylum: Gnathostomata
ക്ലാഡ്: Eugnathostomata
ക്ലാഡ്: Teleostomi
Superclass: ടെട്രാപോഡ
Broili, 1913
Subgroups

and see text

ആദ്യകാല ടെട്രാപോഡുകൾ ക്രോസ്സോപ്ടെറിജിയൈ (Crossopterygii) എന്ന മത്സ്യവർഗത്തിൽനിന്നും പരിണമിച്ചവയാണെന്നു കരുതപ്പെടുന്നു. ആദിമ ടെട്രാപോഡുകൾ ഇന്നത്തെ നാൽക്കാലികളിൽനിന്നും വളരെ വ്യത്യസ്തമായിരുന്നു. ഫോസിൽ രേഖകൾ പ്രകാരം ക്രോസ്സോപ്ടെറിജിയൈ മത്സ്യങ്ങൾ 400 ദശലക്ഷം വർഷം മുമ്പ്, ഡിവോണിയൻ (Devonian) കാലഘട്ടത്തിൽ ജീവിച്ചിരുന്നതായി സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ മത്സ്യങ്ങളുടെ ചിറകുകൾ മറ്റു മത്സ്യങ്ങളുടേതിൽനിന്നും ഭിന്നമായിരുന്നു. നട്ടെല്ലുമായി, മുൻ-പിൻ ചിറകുകളിലെ അസ്ഥികളെ ബന്ധപ്പെടുത്തുന്ന അംസ മേഖല (pectoral girdle), ശ്രോണീ മേഖല (pelvic girdle) എന്നിവ ഇവയുടെ അസ്ഥികൂടത്തിൽ കാണാനാവും. ഇത് ടെട്രാപോഡയിൽ കാണുന്നതിനോട് സമാനമാണ്. അതിനാലാണ് ടെട്രാപോഡ ക്രോസ്സോപ്ടെറിജിയൈ മത്സ്യ പിൻഗാമികളിൽനിന്നും പരിണമിച്ചുണ്ടായതാണെന്ന ശാസ്ത്രമതം ശക്തിയാർജിച്ചത്.

പരിണാമം

തിരുത്തുക
 

കരയിൽ സഞ്ചരിക്കത്തക്ക വിധമാണ് ടെട്രാപോഡുകൾക്ക് കൈകാലുകൾ രൂപപ്പെട്ടുവന്നിട്ടുള്ളത്. കൈകാലുകളോടൊന്നിച്ച് അനുബന്ധ അസ്ഥികളും പരിണമിച്ചുണ്ടായി. മുൻകാലിലെ അസ്ഥികളും അവയെ നട്ടെല്ലുമായി ബന്ധിപ്പിക്കുന്ന അംസ മേഖലയും പിൻകാലിലെ അസ്ഥികളും അവയെ നട്ടെല്ലുമായി ബന്ധിപ്പിക്കുന്ന ശ്രോണീമേഖലയും ഉൾക്കൊള്ളുന്നതാണ് ഈ അനുബന്ധ അസ്ഥിവ്യൂഹം. കൈ (മുൻകാൽ), ഭുജാസ്ഥി (upper arm), അൾന (ulna), റേഡിയസ് (radius) എന്നിവ കണങ്കൈയിലും, കൈപ്പത്തി, വിരലുകൾ എന്നിവയിലെ അസ്ഥികൾ കൈപ്പടത്തിലും കൃത്യതയോടെ വിന്യസിച്ചിരിക്കുന്നു. പൊതുവേ വിരലുകൾ അഞ്ചെണ്ണമായിരിക്കും. കാലിൽ, തുടയെല്ല് (thigh bone), അന്തർജംഘിക (tibia), ബഹിർജംഘിക (fibula), കണങ്കാൽ, പാദം, വിരലുകൾ എന്നിവയിലെ അസ്ഥികളും ഉണ്ട്. എല്ലാ ടെട്രാപോഡകൾക്കും പൊതുവേ കൈകാലുകളിലെ എല്ലുകളിൽ സമാനരൂപത്തിലുള്ള വിന്യാസം തന്നെയാണുള്ളത്. ഇതിൽനിന്നുള്ള മാറ്റങ്ങൾ ജീവിതരീതിയും സാഹചര്യങ്ങളും അനുസരിച്ചുള്ള അനുകൂലനങ്ങൾ മാത്രമാണ്.

ഉഭയജീവികൾ

തിരുത്തുക

ടെട്രാപോഡകളിൽ ആദ്യമുണ്ടായത് ഉഭയജീവികൾ (Amphibia) ആണ്. കശേരുകികളുടെ ഉത്പത്തിക്കുശേഷം കരയിൽ ജീവിക്കുന്നതിനു പ്രാപ്തി നേടിയ ആദ്യ ജീവി വർഗമാണിത്. ഭൂമിയിൽ കരയുടെ ആവിർഭാവത്തോടൊപ്പംതന്നെ കരജീവികളുടെ പരിണാമവും നടന്നതായി കരുതപ്പെടുന്നു. ജീവിതചക്രം പൂർത്തിയാക്കാൻ ഉഭയജീവികൾക്ക് ജലസാന്നിധ്യം അനിവാര്യമാണ്. ആംഫീബിയയിലെ യുറോഡില (Urodela) വിഭാഗത്തിൽപ്പെടുന്ന ജീവികൾ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും വെള്ളത്തിൽ കഴിയുന്നവയാണ്. മിക്ക തവളകളും ജീവിതത്തിന്റെ ആദ്യഘട്ടം വെള്ളത്തിലാണ് പൂർത്തിയാക്കുന്നത്. പിന്നീട് ഇവയ്ക്ക് കരയിലും ജീവിക്കാനുള്ള പ്രാപ്തിവരുന്നു. വെള്ളത്തിൽ നീന്താനും കരയിൽ ചാടി നടക്കാനും സാധിക്കത്തക്കവിധത്തിലാണ് ഇവയുടെ കൈകാലുകൾ രൂപപ്പെട്ടിട്ടുള്ളത്.

കൈകാലുകളില്ലാത്തതും പാമ്പിനെപ്പോലെ തോന്നിപ്പിക്കുന്നതുമായ എപോഡ (Apoda) എന്ന ഗോത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന സിസിലിയൻസ് എന്ന ഉഭയജീവി വർഗം നനവുള്ള മണ്ണിനടിയിൽ കഴിയുന്നു.

ഉരഗങ്ങൾ

തിരുത്തുക

ഉരഗങ്ങളിൽ പാമ്പുകൾക്ക് കൈകാലുകളില്ല. പക്ഷേ ഇത് ഒരു ദ്വിതീയ അനുകൂലനം (secondary adaptation) മാത്രമാണ്. നീളമുള്ള ശരീരവും വലിച്ചുകൊണ്ട് മണ്ണിൽ ഇഴഞ്ഞുനീങ്ങാനുള്ള അനുകൂലനമായി ഇവയുടെ കൈകാലുകൾ ക്രമേണ അപ്രത്യക്ഷമായതാണ്. പെരുമ്പാമ്പിന്റെ അസ്ഥികൂടത്തിൽ ശ്രോണീമേഖലയുടേയും പിൻകാലിന്റെ അസ്ഥികളുടേയും ശേഷിപ്പുകൾ കാണാം. കൈകാലുകൾ ഉണ്ടായിരുന്ന മുൻഗാമികളിൽനിന്നും പരിണമിച്ചാണ് പാമ്പുകളുണ്ടായതെന്ന് ഇത് സൂചന നൽകുന്നു.

പക്ഷികളുടെ മുൻകാലുകൾ ചിറകുകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. കൈപ്പത്തിയിലേയും വിരലുകളിലേയും അസ്ഥികൾക്ക് ചെറിയ രൂപാന്തരം സംഭവിച്ചിട്ടുണ്ട്. ഈ ഭാഗത്താണ് ചിറകിലെ പറക്കാൻ സഹായിക്കുന്ന തൂവലുകൾ ഉറപ്പിച്ചിരിക്കുന്നത്.

സസ്തനികൾ

തിരുത്തുക

തിമിംഗിലം, ഡോൾഫിൻ, കടൽപ്പശു തുടങ്ങിയ സീറ്റേസി (Setaeceae) വിഭാഗത്തിൽപ്പെടുന്ന ജലസസ്തനികളുടെ കൈകാലുകൾ പ്രത്യക്ഷത്തിൽ തുഴകളായി രൂപാന്തരപ്പെട്ടിരിക്കുന്നു. മത്സ്യത്തിന്റെ ചിറകുകളോട് സാദൃശ്യം തോന്നാമെങ്കിലും, ആന്തരികഘടനയും അസ്ഥികളുടെ വിന്യാസവും നാൽക്കാലികളായ മറ്റു സസ്തനികളുടെ കൈകാലുകളിൽനിന്നും ഇവയിൽ ഒട്ടും ഭിന്നമല്ല. കരയിൽ ജീവിച്ചിരുന്ന സസ്തനികളുടെ പിൻതലമുറക്കാരാണ് ഈ ജലസസ്തനികൾ എന്നാണ് ശാസ്‌ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നത്.

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടെട്രാപോഡ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടെട്രാപോഡ്&oldid=3845936" എന്ന താളിൽനിന്ന് ശേഖരിച്ചത്