താർഗും

(Targum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എബ്രായബൈബിളിന്‌ അരമായ ഭാഷയിലുള്ള വ്യാഖ്യാനപരമായ പരിഭാഷയാണ്‌ താർഗും(ബഹുവചനം: താർഗുമിം).[1] യെരുശലേമിലെ യഹൂദരുടെ രണ്ടാം ദേവാലയകാലം തുടങ്ങി ആദിമമദ്ധ്യയുഗങ്ങൾ വരെയുള്ള നൂറ്റാണ്ടുകളിലാണ്‌ താർഗുമുകൾ എഴുതപ്പെട്ടത്. അക്കാലത്ത് യഹൂദമതത്തിന്റേയും സംസ്കാരത്തിന്റേയും കേന്ദ്രങ്ങളായിരുന്ന ഇസ്രായേലിലേയും ബാബിലോണിലേയും യഹൂദ സമൂഹങ്ങളെ ആശ്രയിച്ചായിരുന്നു താർഗുമുകൾ രൂപപ്പെട്ടത്. ബാബിലോണിലെ പ്രവാസകാലത്ത് ആ നാട്ടിലേയും ഇസ്രായേലിലെ തന്നെയും യഹൂദർക്ക് എബ്രായ ഭാഷയുമായുള്ള ബന്ധം നഷ്ടപ്പെട്ടതാണ്‌ താർഗുമുകളുടെ രചനയുടെ പശ്ചാത്തലം. നൂറ്റാണ്ടുകളോളം ഈ യഹൂദ സമൂഹങ്ങളുടെ മുഖ്യഭാഷയും യഹൂദമതത്തിന്റെ തന്റെ കണ്ണിഭാഷയും അരമായ ആയിരുന്നു. ജനസാമാന്യത്തിന്‌ ബൈബിളിന്റെ സന്ദേശം എത്തിച്ചുകൊടുക്കാൻ അവരുടെ ഭാഷയായ അരമായയിൽ അതിന്‌ പരിഭാഷയും വ്യാഖ്യാനവും വേണമെന്നായി.

താർഗുമോടു കൂടിയ എബ്രായ ബൈബിളിന്റെ ഒരു പുറം - പതിനൊന്നാം നൂറ്റാണ്ടിൽ ടുണീഷ്യയിൽ നിർമ്മിക്കപ്പെട്ടതായി കരുതപ്പെടുന്ന ഇത് ഇറാക്കിലെ ഷോയൻ ശേഖരത്തിന്റെ ഭാഗമായിരുന്നു.


പരിഭാഷകളെന്ന നിലയിൽ താർഗുമുകളിൽ പ്രകടമാകുന്നത്, എബ്രായബൈബിളിന്റെ വിശകലനാത്മകമായ മിദ്രാശിക സമീപനമാണ്‌. പരമ്പരാഗതമായ മനുഷ്യവൽക്കൃത(anthropomorphic) വായനകൾക്കു പകരം, ബൈബിൾ പാഠങ്ങളുടെ പ്രതീകാത്മകമായ അർത്ഥമാണ്‌ താർഗുമുകൾ നൽകുന്നത്.[2] പതിമൂന്നാം നൂറ്റാണ്ടിലെ പ്രസിദ്ധ യഹൂദചിന്തകൻ മൈമോനിഡിസ്, "സന്ദേഹികൾക്കു വഴികാട്ടി"(Guide for the Perplexed) എന്ന പ്രഖ്യാതരചനയിൽ ഇത് എടുത്തു പറയുന്നുണ്ട്. ദീർഘവ്യാഖ്യാനങ്ങൾ സഹിതമുള്ള താർഗുമുകളുടെ കാര്യത്തിലെന്നപോലെ തന്നെ കേവലാർത്ഥം മാത്രം ഉൾക്കൊള്ളുന്ന താർഗുമുകളുടെ കാര്യത്തിലും ഇത് ശരിയാണ്‌. എല്ലാ പരിഭാഷകളും ഒരളവുവരെ വ്യാഖ്യാനം ആണെന്നു പറയാറുണ്ടെങ്കിലും താർഗുമുകൾ, പരിഭാഷയുടേയോ പരാവർത്തനത്തിന്റേയോ പരിധികൾ വിട്ട്, വ്യാഖ്യാനം ഒരു നയമായി തന്നെ സ്വീകരിച്ചവയാണ്‌.[1]

ചരിത്രം

തിരുത്തുക

എബ്രായബൈബിളിന്റെ മൂലപാഠത്തിനു കല്പിക്കപ്പെട്ടിട്ടുള്ള പവിത്രത മൂലം, പരിഭാഷകളോടും വ്യാഖ്യാനങ്ങളോടും അനുകൂലമായ നിലപാടല്ല യാഥാസ്ഥിതികനേതൃത്വം ആദ്യകാലത്ത് സ്വീകരിച്ചത്. പരിഭാഷകളും വ്യാഖ്യാനങ്ങളും ലിഖിതരൂപത്തിലാക്കുന്നതും ആരാധനയിൽ വായിക്കുന്നതും ഒരു കാലത്ത് വിലക്കപ്പെട്ടിരുന്നു. ഏതെങ്കിലും ബൈബിൾ വാക്യത്തെ, വാക്കോടു വാക്ക് പരിഭാഷപ്പെടുത്തുന്നവൻ നുണയനും വ്യാഖ്യാനിക്കുന്നവൻ ദൈവദോഷിയും ആണെന്നു പോലും[ക] യഹൂദമനീഷിയായ റബൈ അഖീവയുടെ ശിഷ്യൻ ക്രി.വ. രണ്ടാം നൂറ്റാണ്ടിലെ ജൂദാ ബെൻ ഇലായ് കരുതി. [3]എങ്കിലും യഹൂദസമൂഹങ്ങൾക്ക് എബ്രായ ഭാഷയുമായുള്ള ബന്ധം ഒന്നിനൊന്ന് ദുർബ്ബലമായി വന്നതോടെ ജനകീയ ഭാഷയായ അരമായയിലെ ബൈബിൾ ഭാഷ്യം ആരാധനയിലും പഠനത്തിലും ഒഴിവാക്കാനാവാത്തതായി.[4] അതിന്റെ ഫലമായി കാലക്രമേണ ആരാധനാവിധിയിലെ ഉപയോഗത്തിനായി പഞ്ചഗ്രന്ഥിയുടേയും പ്രവചനഗ്രന്ഥങ്ങളുടേയും അംഗീകരിക്കപ്പെട്ട താർഗുമുകൾ തന്നെ നിലവിൽ വന്നു. എബ്രായബൈബിളായ തനക്കിലെ കെത്തുവിം എന്ന മൂന്നാം ഭാഗത്തിനും, അംഗീകാരം നേടാത്തവയെങ്കിലും, താർഗുമുകൾ ഉണ്ടായി. യഹൂദബൈബിളിലെ ഗ്രന്ഥങ്ങളിൽ, എസ്രാ, നെഹമിയാ, ദാനിയേൽ എന്നിവയ്ക്കു മാത്രമാണ്‌ താർഗുമുകൾ എഴുതപ്പെട്ടിട്ടില്ലാത്തത്.[1] അരമായ ഭാഷയിൽ എഴുതപ്പെട്ട ഭാഗങ്ങൾ ഉൾക്കൊള്ളുന്നവയാണ്‌ ഈ ഗ്രന്ഥങ്ങളുടെ മൂലരൂപം തന്നെ എന്നതാവാം അവയ്ക്ക് താർഗുമുകൾ ഉണ്ടാകാതിരിക്കാൻ കാരണം. ഈ ഗ്രന്ഥങ്ങളിലെ അരമായ ഖണ്ഡങ്ങളെ തന്നെ താർഗുമുകൾ എന്നു വിളിച്ചിരുന്നു.[3]

അംഗീകൃത താർഗുമുകൾ

തിരുത്തുക

ആരാധനാവിധിയിലെ ഉപയോഗത്തിനായി അംഗീകരിക്കപ്പെട്ട രണ്ടു താർഗുമുകൾ താഴെ പറയുന്നവയാണ്‌.

  • യഹൂദനിയമമായ പഞ്ചഗ്രന്ഥിയുടെ(തോറ) ഓങ്കെലോസ് താർഗും
  • പ്രവാചകഗ്രന്ഥങ്ങളുടെ യോനാഥൻ താർഗും.


ഈ രണ്ടു താർഗുമുകളെ യഹൂദരുടെ ബാബിലോണിയൻ താൽമൂദ് "നമ്മുടെ താർഗുമുകൾ" (targum didan) എന്നു വിളിച്ച് അംഗീകരിക്കുന്നു. താൽമൂദിക കാലത്തെ സിനഗോഗുകളിൽ പഞ്ചഗ്രന്ഥിയിലെ ഓരോ വാക്യത്തിന്റേയും വായനയ്ക്കിടയിൽ ഓങ്കെലോസ് താർഗുമും പ്രവചനഗ്രന്ഥങ്ങളുടെ വായനക്കിടയിൽ യോനാഥൻ താർഗുമും വായിച്ചിരുന്നു. ഈ പാരമ്പര്യം യെമനിലെ സിനഗോഗുകളിൽ മാത്രം ഇന്നും തുടരുന്നു. താർഗുമിനെ ആരാധനയിൽ ഉപയോഗിക്കുകയും അതിലെ അരമായയുടെ സജീവമായ ഉച്ചാരണപാരമ്പര്യം ബാബിലോണിയൻ ഭാഷാഭേദമനുസരിച്ച് നിലനിർത്തുകയും ചെയ്യുന്ന ഏകയഹൂദസമുദായം യെമനിലേതാണ്‌.

സിനഗോഗിലെ പരസ്യാരാധനയിൽ അതിനുള്ള പങ്കിനെക്കുറിച്ചെന്നപോലെ, താർഗുമിന്റെ സ്വകാര്യപഠനത്തിന്റെ ആവശ്യകതയെക്കുറിച്ചും താൽമൂദ് പറയുന്നുണ്ട്: ഇത്തരം സ്വകാര്യപഠനത്തിലും തോറായുടെ വായനയെ സഹായിക്കേണ്ടത് ഓങ്കെലോസ് താർഗുമും, പ്രവചനഗ്രന്ഥങ്ങളുടെ വായനയെ സഹായിക്കേണ്ടത് യോനാഥൻ താർഗുമും ആണ്‌. എബ്രായബൈബിൾ തിബേരിയൻ മസോറട്ടിക് പാഠത്തിന്റെ മദ്ധ്യയുഗങ്ങളിലെ കൈയ്യെഴുത്തുപ്രതികളിൽ പലപ്പോഴും എബ്രായ പാഠത്തിലെ വാക്യങ്ങൾക്കിടയിൽ അംഗീകൃത താർഗുമിലെ വാക്യങ്ങൾ കൊടുത്തിരിക്കുന്നത് കാണാം. സാമൂഹ്യാരാധനയിലും സ്വകാര്യവായനയിലും താർഗുമുകൾക്ക് ലഭിച്ച സ്വീകാര്യതയാണ്‌ ഈ പാഠപാരമ്പര്യത്തിൽ നിഴലിച്ചുകാണുന്നത്.

അംഗീകൃത താർഗുമുകൾ രണ്ടും ബാബിലോണിയൻ പശ്ചാത്തലമുള്ള പൗരസ്ത്യരചനകളായാണ്‌ കണക്കാക്കപ്പെടുന്നത്. എന്നാൽ അവയിലെ പഠങ്ങളിൽ പ്രകടമാവുന്ന പാശ്ചാത്യ അരമായ ഭാഷാസ്വാധീനം പരിഗണിക്കുമ്പോൾ അവയുടേയും തുടക്കം പലസ്തീനയിലാണെന്നു കരുതാം. പിന്നീട് പൗരസ്ത്യവൽക്കരിക്കപ്പെട്ട ഈ താർഗുമുകൾ അവയുടെ പലസ്തീനിയൻ അടിത്തറ ഇപ്പോഴും നിലനിർത്തുന്നു.

താൽമൂദിനു ശേഷമുള്ള കാലത്ത് യഹൂദസമൂഹങ്ങൾ അരമായ സംസാരിക്കാതായപ്പോൾ, പഞ്ചഗ്രന്ഥിക്കും പ്രവചനഗ്രന്ഥങ്ങൾക്കും ഒപ്പം താർഗുമുകൾ വായിക്കുന്ന പതിവും മിക്കവാറും യഹൂദസമൂഹങ്ങളിൽ ഇല്ലാതായി. യെമനിലെ യഹൂദസമൂഹം മാത്രം, അരമായ താർഗുമിന്റെ വായന ഉപേക്ഷിക്കുന്നതിനു പകരം അതിനോട് മറ്റൊന്നു കൂടി ചേർത്തു. പഞ്ചഗ്രന്ഥിയ്ക്ക് സാദിയാ ഗാവോൻ നിർ‌വഹിച്ച താഫ്സിർ എന്നറിയപ്പെടുന്ന അറബി പരിഭാഷയാണ്‌ വായനയുടെ പുതിയ ഭാഗമായത്. ബൈബിളിന്റെ എബ്രായപാഠത്തിനും അരമായ താർഗുമിനും ശേഷം അറബി പരിഭാഷയും വായിക്കുന്നതിനാൽ ഈ സമൂഹത്തിന്റെ ആരാധനകളിൽ ബൈബിൾ വാക്യങ്ങൾ മൂന്നു വട്ടം വായിക്കപ്പെടുന്നു.

യഹൂദസമൂഹങ്ങളിൽ സംസാരഭാഷയെന്ന നിലയിൽ അരമായ അപ്രത്യക്ഷമായതിനു ശേഷവും ബൈബിളിന്റെ സ്വകാര്യപഠനത്തിൽ താർഗുമുകൾക്കുള്ള പങ്ക് ഇല്ലാതായില്ല. അതിനാൽ ബൈബിൾ വ്യാഖ്യാനത്തിന്റെ ഒരു പ്രധാന ഉറവിടം എന്ന സ്ഥാനം താർഗുമുകൾ നിലനിർത്തി. ഉദാഹരണമായി, റാശിയുടെ തോറാ വ്യാഖ്യാനത്തിന്റെ ഒരു പ്രധാന സ്രോതസ്സ് താർഗുമുകളാണ്‌. ഇക്കാലത്തെ യഹൂദ ബൈബിൾ പതിപ്പുകളിൾ മിക്കവയിലും താർഗുമുകളും വ്യാഖ്യാനസഹിതം ചേർക്കാറുണ്ട്. അതേസമയം താർഗുമിന്റെ സ്വകാര്യവായനയ്ക്കു പകരം ഏതെങ്കിലും ആധുനിക ബൈബിൾ പരിഭാഷയോ, റാശിയുടേതുപോലുള്ള ഏതെങ്കിലും മിദ്രാശിക വ്യാഖ്യാനമോ പഠിച്ചാൽ മതിയാകുമെന്ന വീക്ഷണവും നിലവിലുണ്ട്.

താർഗും കെത്തുവിം

തിരുത്തുക

പഞ്ചഗ്രന്ഥിയ്ക്കും പ്രവാചകഗ്രന്ഥങ്ങൾക്കു പുറമേ എബ്രായബൈബിളായ തനക്കിൽ ഉൾപ്പെടുന്ന കെത്തുവിം(Writings) എന്ന മൂന്നാം ഭാഗത്തിന്‌ താർഗും എഴുതപ്പെട്ടിട്ടില്ലെന്ന് താൽമൂദ് വ്യക്തമായി പറയുന്നുണ്ട്. അതിനാൽ ആ വിഭാഗത്തിൽ പെടുന്ന ഗ്രന്ഥങ്ങൾക്ക് അംഗീകൃത താർഗുമുകൾ ഒന്നുമില്ല. ഈ ഗ്രന്ഥങ്ങൾക്ക് ആരാധാനാപരമായ പ്രാധാന്യം കുറവായതിനാൽ അവയ്ക്ക് അംഗീകൃത താർഗുമിന്റെ ആവശ്യവും ഉണ്ടായില്ല എന്നു പറയാം. പ്രവാചക ഗ്രന്ഥങ്ങൾക്ക് താർഗും എഴുതിയ യോനാഥൻ ബെൻ ഊസിയേൽ കെത്തുവിമിലെ ഗ്രന്ഥങ്ങൾക്കും താർഗും എഴുതാൻ ആഗ്രഹിച്ചെന്നും എന്നാൽ സ്വർഗ്ഗത്തിൽ നിന്നുള്ള ഒരു സ്വരം അദ്ദേഹത്തെ വിലക്കിയെന്നും പറയപ്പെടുന്നു. കെത്തുവിമിൽ രക്ഷകനായ മിശിഹായുടെ വരവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അത് വ്യാഖ്യാനം വഴി പരസ്യമാകുന്നത് അനുവദനീയമല്ലാത്തതിനാലാണ്‌ അതിലെ ഗ്രന്ഥങ്ങൾക്ക് താർഗും രചിക്കുന്നത് വിലക്കപ്പെട്ടിരിക്കുന്നതെന്നാണ്‌ ഇതിന്‌ കാരണമായി പറയപ്പെടുന്നത്.


ഇതൊക്കെയാണെങ്കിലും കെത്തുവിമിലെ മിക്കവാറും ഗ്രന്ഥങ്ങൾക്ക് അംഗീകാരമില്ലാത്തവയെങ്കിലും താർഗുമുകൾ രചിക്കപ്പെട്ടിട്ടുണ്ട്. പഞ്ചഗ്രന്ഥിയുടേയും പ്രവചനങ്ങളുടേയും അംഗീകൃത താർഗുമുകൾ ബാബിലോണിയയിൽ അന്തിമരൂപം കൈക്കൊണ്ടവയാണെങ്കിൽ, കെത്തുവിമിലെ ഗ്രന്ഥങ്ങളുടെ ഈ അനൗദ്യോഗിക താർഗുമുകൾ മിക്കതും പാലസ്തീനിൽ രൂപപ്പെട്ടവയാണ്‌‌. ആരാധനാക്രമത്തിൽ സ്ഥാനമില്ലാത്തതിനാൽ അവ നന്നായി പരിരക്ഷിക്കപ്പെട്ടവയോ പരക്കെ അറിയപ്പെടുന്നവയോ അല്ല. കെത്തുവിമിലെ ഗ്രന്ഥങ്ങൾക്ക് താർഗും എഴുതുന്ന പതിവ് പാലസ്തീനിൽ നിന്ന് ഇറ്റലിയിലേയ്ക്കും അവിടന്ന് ജർമ്മനിയിലേയും മറ്റും 'അസ്കനാസി' യഹൂദസമൂഹത്തിലേയ്ക്കും ഐബീരിയൻ ഉപദ്വീപിലെ 'സെഫാർദിക' യഹൂദസമൂഹത്തിലേയ്ക്കും പകർന്നു.

താർഗുമുകളും പുതിയനിയമവും

തിരുത്തുക

1657 -ലെ ലണ്ടൻ ബഹുഭാഷാബൈബിളിന്റെ(ലണ്ടൻ പോളിഗ്ലോട്ട് ബൈബിൾ) സംശോധകൻ ബ്രയാൻ വാൾട്ടൻ, അംഗീകൃതമായ ഒങ്കെലോസ്, ജോനാഥൻ താർഗുമുകൾ, യേശുവിന്റെ കാലത്ത് എഴുതപ്പെട്ടവയാണെന്ന് കരുതിയിരുന്നു. ഈ താർഗുമുകളിലെ ഭാഷ യേശുവിന്റെ മാതൃഭാഷ ആണെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. [5] പുതിയനിയമത്തിലെ ഗ്രന്ഥങ്ങളുടെമേൽ താർഗുമുകൾ ചെലുത്തിയിരിക്കാവുന്ന സ്വാധീനത്തെപ്പറ്റി ഒട്ടേറെ പഠനങ്ങൾ നടന്നിട്ടുണ്ട്. പുതിയനിയമഗ്രന്ഥങ്ങൾ താർഗുമുകളുടെ രൂപീകരണത്തിന്റെ ആരംഭദശയിൽ എഴുതപ്പെട്ടവയാകയാൽ, അവ തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അവകാശവാദങ്ങളിൽ അതിശയോക്തി കലർന്നിട്ടുണ്ടെന്നു കരുതുന്നവരുണ്ട്. എങ്കിലും പുതിയനിയമത്തിലെ ചില ഭാഗങ്ങളിൽ താർഗുമുകളുടെ വ്യക്തമായ സ്വാധീനം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. മർക്കോസിന്റെ സുവിശേഷം, 4:12-ലും പൗലോസ് അപ്പസ്തോലൻ എഫേസോസുകാർക്ക് എഴുതിയ ലേഖനം 4:8-ലും നിഴലിച്ചുകാണുന്ന എബ്രായബൈബിൾ ആശയങ്ങൾ പഴയനിയമത്തിന്റെ എബ്രായമൂലത്തെ എന്നതിനുപകരം അരമായ താർഗുമുകളെ ആശ്രയിച്ചുള്ളവയാണെന്നു കരുതപ്പെടുന്നു.[1]

കുറിപ്പുകൾ

തിരുത്തുക

ക.^ "....whosoever rendered a verse of the bible in its original form was a liar, while he who made additions was a blasphemer".

  1. 1.0 1.1 1.2 1.3 The Oxford Companion to the Bible, Translations(പുറങ്ങൾ 754-755)
  2. Oesterley, W. O. E. & Box, G. H. (1920) A Short Survey of the Literature of Rabbinical and Mediæval Judaism, Burt Franklin:New York.
  3. 3.0 3.1 യഹൂദവിജ്ഞാനകോശം, താർഗും
  4. കത്തോലിക്കാ വിജ്ഞാനകോശം, താർഗും
  5. Quest of Historical Jesus, Albert Schweitzer, Questions Regarding the Aramaic Language, Rabbinic Parallels, and Buddhistic Influence, Chapter-XVII
"https://ml.wikipedia.org/w/index.php?title=താർഗും&oldid=1698039" എന്ന താളിൽനിന്ന് ശേഖരിച്ചത്