അസ്ഥിപേശി

(Skeletal muscle എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അസ്ഥികളുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന പേശികളാണ് അസ്ഥിപേശികൾ അഥവാ രേഖാങ്കിതപേശികൾ (Skeletal muscles or Striated or Striped muscles). മസ്തിഷ്കനിയന്ത്രണത്തിനുവിധേയമായതിനാൽ ഇവയെ ഐച്ഛികപേശികൾ (Voluntary muscles) ആയി പരിഗണിക്കുന്നു. ഇവ സൊമാറ്റിക് നാഡീവ്യവസ്ഥയുടെ (കേന്ദ്രനാഡീവ്യവസ്ഥയുടെ) നിയന്ത്രണത്തിലാണ്. മറ്റ് രണ്ടിനം പേശികൾ ഹൃദയപേശികളും രേഖാശൂന്യപേശികൾ അഥവാ മിനുസപേശികളുമാണ്.
അസ്ഥിപേശികളെ അസ്ഥികളുമായി ബന്ധിപ്പിക്കുന്നതിന് സ്നായുക്കൾ അഥവാ ടെൻഡനുകൾ (Tendon) സഹായിക്കുന്നു. കൊളാജൻ തന്തുക്കൾ കൊണ്ടാണ് സ്നായുക്കൾ നിർമ്മിച്ചിരിക്കുന്നത്. അസ്ഥിപേശികൾ നിർമ്മിച്ചിരിക്കുന്ന കോശങ്ങൾ പൊതുവേ മയോസൈറ്റുകൾ (Myocytes) അഥവാ പേശീതന്തുക്കൾ (Muscle Fibres) എന്നറിയപ്പെടുന്നു. മയോഫൈബറുകൾ എന്നും അറിയപ്പെടുന്ന ഇവ സിലിണ്ടറാകൃതിയുള്ളതും ഒരുകോശത്തിൽത്തന്നെ ഒന്നിലധികം മർമ്മങ്ങളുള്ളതും (Multinuclate) ശാഖകളില്ലാത്തതും വളരെയേറെ നീളംകൂടിയതുമായ കോശങ്ങളാണ്. ഇത്തരം പേശീകോശങ്ങൾ ചേർന്നാണ് അസ്ഥികല (Musle Tissue) രൂപപ്പെട്ടിരിക്കുന്നത്.
[1]

അസ്ഥിപേശി
A top-down view of skeletal muscle
ലാറ്റിൻ textus muscularis striatus skeletalis

ഓരോ പേശീകോശവും മയോഫൈബ്രിൽ (Myofibril) എന്നറിയപ്പെടുന്ന നേരിയ ഫിലമെന്റുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഓരോ മയോഫൈബ്രിലും ആക്ടിൻ (Actin) എന്നും മയോസിൻ (Myosin) എന്നും രണ്ടിനം തന്തുക്കളാൽ നിർമ്മിതമാണ്. ഈ തന്തുക്കൾ ആവർത്തിച്ചുവരുന്ന ചെറുയൂണിറ്റുകളാണ് സാർക്കോമിയറുകൾ(Sarcomere). സാർക്കോമിയറുകളാണ് ഒരു പേശീകോശത്തിന്റെ ധർമ്മപരമായ അടിസ്ഥാനഘടകമായി അറിയപ്പെടുന്നത്. ഇവ അസ്ഥിപേശികൾക്ക് കുറുകെ വരകൾ നൽകുന്നതായി മൈക്രോസ്കോപ്പിലൂടെയുള്ള നിരീക്ഷണത്തിൽ വ്യക്തമാകുന്നതിനാൽ ഈ പേശികളെ രേഖാങ്കിതപേശികൾ (Striated or Striped) എന്നറിയപ്പെടുന്നു. സംയോജകകലകൾ കൊണ്ട് പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന പേശീകോശങ്ങളുടെ അഥവാ പേശീതന്തുക്കളുടെ സമാഹാരമാണ് (Bundle) പേശികൾ. ഓരോ അസ്ഥികലയിലും അസ്ഥിപേശികൾ, രക്തക്കുഴലുകൾ, സംയോജകകലകൾ, രക്തം, നാഡികൾ, അസ്ഥികൾ എന്നിവ കാണാവുന്നതാണ്. അസ്ഥിവ്യവസ്ഥയിലെ ഒരു അവയവമായി ഓരോ പൂർണ്ണ അസ്ഥിപേശിയേയും പരിഗണിക്കുന്നു. [2]
അസ്ഥിപേശികളിൽ ഏറ്റവും ചെറുത് സ്റ്റപ്പീഡിയസ് എന്ന ചെവിയിലെ പേശിയാണ്. ഏറ്റവും വലുത് ഗ്ലൂട്ടിയസ് മാക്സിമസ് എന്ന പേശിയാണ്.

അസ്ഥിപേശിയുടെ ഘടന

തിരുത്തുക

അസ്ഥിപേശികൾ നിർമ്മിച്ചിരിക്കുന്നത് അസ്ഥികോശങ്ങൾ അഥവാ പേശീതന്തുക്കൾ അഥവാ മസിൽ ഫൈബറുകൾ കൊണ്ടാണ്. നിരവധി പേശീതന്തുക്കളെ സംയോജകകലകളായ്‍ പൊതിയപ്പെട്ട അവസ്ഥയിലാണ് പേശികൾ രൂപപ്പെടുത്തിയിരിക്കുന്നത്. ഓരോ പേശീകോശത്തേയും പൊതിഞ്ഞിരിക്കുന്ന സംയോജകകലയാൽ നിർമ്മിച്ചിട്ടുള്ള ബാഹ്യാവരണമാണ് എൻഡോമൈസിയം (Endomysium). ഇത്തരത്തിൽ എൻഡോമൈസിയത്താൽ പൊതിഞ്ഞിട്ടുള്ള കെട്ടുകളെ (bundle) വേർതിരിക്കുന്ന കൊളാജൻ കൊണ്ടുനിർമ്മിച്ചിട്ടുള്ള വിഭജനാവരണമാണ് പെരിമൈസിയം (Perimysium). പെരിമൈസിയം കൊണ്ട് പൊതിഞ്ഞിട്ടുള്ള ബണ്ടിലുകളാണ് ഫസിക്കിളുകൾ (Fasciculi). നിരവധി ഫസിക്കിളുകൾ ചേർന്ന് പൂർണ്ണപേശി രൂപപ്പെടുന്നു. ഓരോ പൂർണ്ണ പേശിയ്ക്കുപുറത്തുമുള്ള ഫൈബ്രസ് കണക്ടീവ് കല കൊണ്ടുനിർമ്മിച്ച ബാഹ്യാവരണമാണ് എപ്പിമൈസിയം (Epimysium).

പേശിയുടെ ഉത്പത്തിയും ഒടുക്കവും

തിരുത്തുക

ഓരോ പേശിയുടേയും ഒരഗ്രം ചലനാത്മകമല്ലാത്തതോ അല്പമാത്രചലനശേഷി പ്രകടിപ്പിക്കുന്നതോ ആയ അസ്ഥിയിലേയ്ക്ക് ബന്ധിപ്പിച്ചിരിക്കുന്നു. ഈ ഭാഗം ഒറിജിൻ (Origin) എന്നറിയപ്പെടുന്നു. പേശിയുടെ ഇതര അഗ്രം ചലനശേഷിയുള്ള അസ്ഥിയുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ ഭാഗമാണ് ഇൻസേർഷൻ (Insertion). പേശികളെ അസ്ഥികളുമായി ബന്ധിപ്പിക്കുന്ന കൊളാജൻ തന്തുവാണ് ടെൻഡനുകൾ.

അസ്ഥിപേശീതന്തുവിന്റെ ഘടന

തിരുത്തുക

ഓരോ അസ്ഥിപേശീതന്തുവിനും പുറമേ സാർക്കോലെമ്മ (Sarcolemma)എന്ന കോശസ്തരവും ഉള്ളിൽ സാർക്കോപ്ലാസം (Sarcoplasm) എന്ന കോശദ്രവ്യവുമുണ്ട്. ഓരോ കോശത്തിലും ഒന്നിലധികം മർമ്മങ്ങൾ കോശസ്തരത്തിനോട് ചേർന്നുകാണപ്പെടുന്നു. സിൻസിഷ്യം അഥവാ മൾട്ടിന്യൂക്ലിയേറ്റ് എന്നാണ് ഈ അവസ്ഥയ്ക്ക് പേരുനൽകിയിട്ടുള്ളത്. പേശീകോശങ്ങളുടെ തുടർച്ചയായ സങ്കോചവികാസങ്ങൾ ഉറപ്പുവരുത്തുന്നതിന് സാർക്കോസോം (Sarcosome) എന്ന മൈറ്റോകോൺഡ്രിയയുണ്ട്. കോശത്തിനുള്ളിൽ പദാർത്ഥവിനിമയത്തിന് സഹായിക്കുന്ന അന്തർദ്രവ്യജാലിക (Endoplasmic reticulum) ആണ് സാർക്കോപ്ലാസ്മിക് റെട്ടിക്കുലം.

സാർക്കോപ്ലാസ്മിക് റെട്ടിക്കുലം

തിരുത്തുക

കാൽസ്യം 2+ അയോണുകളുടെ ശേഖരമായി ഇവ പ്രവർത്തിക്കുന്നതിനാൽ മുഖ്യമായും പേശീസങ്കോചത്തിന് ഇവ സഹായിക്കുന്നു. ടെർമിനൽ സിസ്റ്റേർണേ (terminal cisternae), ലോൻജിറ്റ്യൂഡിനൽ ട്യൂബ്യൂൾ (longitudinal tubules) എന്നിവ കൊണ്ടാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ഇവയിൽ A, I ബാൻഡുകൾക്കിടയിൽ രണ്ട് T- ട്യൂബ്യൂളുകൾ കാണപ്പെടുന്നു.

സാർക്കോമിയർ

തിരുത്തുക

ഒരു പേശീകോശത്തിന്റെ ധർമ്മപരമായ അടിസ്ഥാന യൂണിറ്റാണ് സാർക്കോമിയർ. ഒന്നുകഴിഞ്ഞ് മറ്റൊന്നായി ആവർത്തിച്ചുവരുന്ന ലഘുരൂപങ്ങളാണിവ. മയോഫൈബ്രിൽ എന്ന മാംസ്യഭാഗങ്ങൾ പേശികൾക്ക് ഒന്നിടവിട്ട് പ്രകാശസാന്ദ്രതയുള്ളതും (Light) ഇല്ലാത്തതുമായ (Dark) ഭാഗങ്ങൾ നൽകുന്നു. ഇവ Light and Dark Bands ആയി അറിയപ്പെടുന്നു. മയോഫൈബ്രിലിൽ ലൈറ്റ് ബാൻഡ് ആയി കാണപ്പെടുന്നത് അവിടെ ആക്ടിൻ എന്നറിയപ്പെടുന്ന മാംസ്യതൻമാത്രയുടെ സാന്നിദ്ധ്യമാണ്. ഡാർക്ക് ബാൻഡ് ആയി അനുഭവപ്പെടുന്നത് മയോസിൻ മാംസ്യങ്ങളുടെ സാന്നിദ്ധ്യമാണ്. ഡാർക്ക് ബാൻഡ് A- Band (Anisotropic) എന്നും അറിയപ്പെടുന്നു. ലൈറ്റ് ബാൻഡ് I- Band (Isotropic) എന്നറിയപ്പെടുന്നു.
അടുത്തടുത്തുള്ള സാർക്കോമിയർ യൂണിറ്റുകളെ പരസ്പരം വേർതിരിക്കുന്നത് സിഗ്-സാഗ് രൂപത്തിലുള്ള Z- ലൈനുകളാണ്. സിഷൻഷീബ് ലൈൻ അഥവാ ക്രൗസ് സ്തരം (Zwischncheibe line or membrane of Krause) എന്നതിന്റെ ചുരുക്കപ്പേരാണിത്. ഒരു സാർക്കോമിയർ യൂണിറ്റിൽ മധ്യത്തിലായി ഒരു പൂർണ്ണ ഡാർക്ക് ബാൻഡും (Full A-Band) ഇരുവശങ്ങളിലായി രണ്ട് ഭാഗിക ലൈറ്റ് ബാൻഡുകളും (I- Bands) കാണപ്പെടുന്നു. ലൈറ്റ് ബാൻഡുകൾ സാർക്കോമിയറിന്റെ അഗ്രങ്ങളിലുള്ള Z- ലൈനുമായി ബന്ധപ്പെട്ടിരിക്കുന്നു. മധ്യത്തിലെ A-ബാൻഡിനുള്ളിൽ കാണപ്പെടുന്ന മങ്ങിയ ഭാഗമാണ് H-Zone അഥവാ ഹെൻസൺസ് ലൈൻ (Hensen's Line). ഈ H- Zone നുള്ളലിൽത്തന്നെ M- Zone ഉം കാണപ്പെടുന്നു.

ആക്ടിൻ ഫിലമെന്റ്

തിരുത്തുക

1 മ്യൂ മീറ്റർ നീളവും 9 നാനോ മീറ്റർ വ്യാസവുമുള്ള നേരിയ നീളമുള്ള ഫിലമെന്റുകളാണിവ. ഇവ അസ്ഥിപേശീകോശങ്ങളിലെ സാർക്കോമിയർ യൂണിറ്റിൽ ലൈറ്റ് ബാൻഡ് ആയി പ്രകടമാകുന്നു. ആക്ടിനുകൾ പൊതുവേ രണ്ട് രൂപങ്ങളിൽ കാണപ്പെടുന്നു. മോണോമെറിക് യൂണിറ്റുകളുള്ള, പോളാർ സ്വഭാവം പ്രകടിപ്പിക്കുന്ന ഗ്ലോബുലാർ മാംസ്യമായ G- ആക്ടിനും ഫൈബ്രസ് രൂപമായ F-ആക്ടിനും. ഇരുതന്മാത്രകളും പരസ്പരം ചുറ്റിപ്പിണഞ്ഞ് കാണപ്പെടുന്നു. ഇവ കനം കുറഞ്ഞ തന്തുക്കളുമാണ്. ആക്ടിൻ ഫൈബറുകളുടെ ഗ്രൂവിൽ കാണപ്പെടുന്ന ട്രോപ്പോമയോസിൻ (Tropomyosin), അവയ്ക്കഗ്രഭാഗത്തുള്ള ട്രോപ്പോണിൻ (Troponin) എന്നിവയും ആക്ടിൻ തന്തുവിന്റെ ഭാഗമായി കാണപ്പെടുന്നു.

മയോസിൻ ഫിലമെന്റ്

തിരുത്തുക

കട്ടികൂടിയ, A-ബാൻഡ് എന്ന ഭാഗം പ്രകടമാക്കുന്ന തന്തുക്കളാണിവ. നൂറുകണക്കിന് മയോസിൻ തന്മാത്രകൾ ബൈപോളാർ രൂപത്തിൽ അടുക്കിയിരിക്കുന്ന ഘടനയാണ് ഇതിനുള്ളത്. ലൈറ്റ് മീറോമയോസിൻ (Light Meromyosin- LMM) കൊണ്ടുനിർമ്മിച്ച തലഭാഗവും (Head region) ഹെവി മീറോ മയോസിൻ (HMM) കൊണ്ടുനിർമ്മിച്ച വാൽഭാഗവും ഇതിനുണ്ട്. LMM ന് സങ്കോചധർമ്മവും ATPase പ്രവർത്തനവുമുണ്ട്. ആക്ടിൻ ഫിലമെന്റുകളുമായിച്ചേർന്ന് കുറുപാലങ്ങൾ (Cross Bridges) ഉണ്ടാക്കി പേശീഭാഗങ്ങളെ തുഴപോലെ അടുപ്പിക്കുകയും അകറ്റുകയും ചെയ്യുന്ന പ്രവർത്തനമാണ് മയോസിനുള്ളത്. ഇതിനാലാണ് പേശികൾ സങ്കോചിക്കുകയും വികസിക്കുകയും ചെയ്യുന്നത്.

വിവിധയിനം അസ്ഥിപേശീതന്തുക്കൾ

തിരുത്തുക

അസ്ഥിപേശികളെ ടൈപ്പ് 1 (Type I) എന്നും ടൈപ്പ് 2 (Type II) എന്നും തരംതിരിക്കാം. ടൈപ്പ് 1 ഫൈബറുകൾ (തന്തുക്കൾ) ചുവപ്പ് നിറമുള്ളവയായിരിക്കും.[3] മയോഗ്ലോബിൻ എന്ന ശ്വസനവർണ്ണകത്തിന്റെ സാന്നിദ്ധ്യമാണിതിന് കാരണം. ഊർജ്ജാവശ്യത്തിന് ഓക്സിഡേറ്റീവ് ഉപാപചയത്തെ (Oxidative metabolism) ആശ്രയിക്കുന്നതിനാൽ ഇവയക്ക് പേശീക്ലമം (പേശികൾ അധികസമയം പ്രവർത്തിക്കാതിരിക്കുന്ന അവസ്ഥ അഥവാ പേശീക്ഷീണം) വളരെക്കുറച്ചുമാത്രമേ സംഭവിക്കുകയുള്ളൂ. മയോഗ്ലോബിൻ എന്ന വർണ്ണവസ്തുവില്ലാത്തതും ഗ്ലൈക്കോളിസിസ് എന്ന അവായുശ്വസനത്തെ ഊർജ്ജാവശ്യത്തിന് ആശ്രയിക്കുന്നതിനാലും ടൈപ്പ് 2 തന്തുക്കൾക്ക് വെളുത്ത നിറമാണ്. പെട്ടെന്ന് പേശീക്ലമത്തിന് വിധേയമാകുന്ന പേശികളുമാണിവ. വളരെ വേഗത്തിലും ശക്തിയിലും ഇവയ്ക്ക് പ്രവർത്തിക്കാൻ കഴിയുന്നു.

ടൈപ്പ് I തന്തുക്കൾ (ചുവപ്പ്) ടൈപ്പ് II a തന്തുക്കൾ (ചുവപ്പ്) ടൈപ്പ് II x തന്തുക്കൾ ടൈപ്പ് II b തന്തുക്കൾ (വെള്ള)
സങ്കോചസമയം (Contraction time) പതുക്കെ (Slow) അല്പം വേഗത്തിൽ (Moderately Fast) വേഗത്തിൽ (Fast) വളരെ വേഗത്തിൽ (Very fast)
പ്രേരകന്യൂറോൺ വലിപ്പം (Size of motor neuron) ചെറുത് (Small) (മധ്യമം)Medium വലുത് (Large) ഏറ്റവും വലുത് (Very large)
പേശീക്ലമംപ്രതിരോധം (Resistance to fatigue) ഉയർന്നത് (High) അല്പം ഉയർന്നത് (Fairly high) മധ്യമം(Intermediate) താഴ്ന്നത് (Low)
ഏതു പ്രക്രിയയ്ക്ക് (Activity Used for) Aerobic Long-term anaerobic Short-term anaerobic Short-term anaerobic
ഉപയോഗസമയത്തിന്റെ പരിധി (Maximum duration of use) Hours <30 minutes <5 minutes <1 minute
ഉണ്ടാകുന്ന ശക്തി (Power produced) Low Medium High Very high
മൈറ്റോകോൺട്രിയയുടെ സാന്ദ്രത (Mitochondrial density) Very High High Medium Low
കേശികത്വസാന്ദ്രത (Capillary density) High Intermediate Low Low
ഓക്സീകരണ കഴിവ് (Oxidative capacity) High High Intermediate Low
ഗ്ലൈക്കോളിസിസ് സാധ്യത (Glycolytic capacity) Low High High High
മുഖ്യ ഇന്ധനശേഖരം (Major storage fuel) Triglycerides Creatine phosphate, glycogen ATP, Creatine phosphate, glycogen (little) ATP, Creatine phosphate
Note Consume lactic acid Produce lactic acid and Creatine phosphate Consume Creatine phosphate Consume Creatine phosphate
Myosin heavy chain,
human genes
MYH7 MYH2 MYH1 MYH4

അസ്ഥിപേശികളുടെ നാമകരണം

തിരുത്തുക

അസ്ഥിപേശികളുടെ നാമകരണത്തിന് വിവിധമാർഗ്ഗങ്ങളുണ്ട്. നാമങ്ങളോരോന്നും പേശികളുടെ ഏതെങ്കിലും തരത്തിലുള്ള സവിശേഷതകളെ കുറിക്കുന്നു.[4]

  • വലിപ്പം: വാസ്റ്റസ് (vastus)- ഭീമമായത്; മാക്സിമസ് (maximus)-വലിപ്പമേറിയത്; ലോംഗസ് (longus)-നീളമുള്ളത്; മിനിമസ് (minimus)- ചെറുത്; ബ്രെവിസ് (brevis)- തീരെച്ചറുത്.
  • ആകാരം: ഡെൽറ്റോയിഡ് (deltoid)- ത്രികോണാകൃതി; റോംബോയിഡ് (rhomboid)-സമഭുജരൂപം; ലാറ്റിസിമസ് (latissimus)- വിസ്താരമുള്ളത്; ടിയേർസ് (teres)- വൃത്താകൃതിയുള്ളത് ; ട്രപ്പീസിയസ് (trapezius)- നാലുവശങ്ങളിൽ ഏതെങ്കിലും രണ്ടെണ്ണം സമാന്തരമായത്.
  • തന്തുക്കളുടെ ദിശ/ സ്ഥാനം: റെക്റ്റസ് (rectus)- നിവർന്നത്; ട്രാൻസ്വേഴ്സ് (transverse)-കുറുകെയുള്ളത്; ഒബ്ളീക് (oblique) - ചരിഞ്ഞത്; ഓർബിക്കുലാരിസ് (orbicularis)- വൃത്താകൃതിയുള്ളത്.
  • സ്ഥാനം: പെക്ടൊറാലിസ് (pectoralis)- നെഞ്ചിലുള്ളത്; ഗ്ലൂട്ടിയസ് (പൃഷ്ഠഭാഗത്തുള്ളത്); ബ്രാക്കി (brachii) -കൈകളിലുള്ളത്; സുപ്രാ (supra)- മുളഇലുള്ളത് ; ഇൻഫ്രാ ()- താഴെയുള്ളത്; സബ്ബ്- (sub)അടിയിലുള്ളത്; ലാറ്റിറാലിസ് (lateralis)- വശങ്ങളിലുള്ളത്.
  • ഉത്പത്തിഭാഗങ്ങൾ : ബൈസെപ്സ് (biceps)രണ്ട് തലപ്പുകളുള്ളത്; ട്രൈസെപ്സ് (triceps)-മൂന്ന് തലപ്പുകളുള്ളത്; ; ക്വാഡ്രിസെപ്സ് (quadriceps)-നാല് തലപ്പുകളുള്ളത്;
  • ഉത്പത്തിയും പ്രവേശിക്കലും: സ്റ്റെർണോക്ലീഡോമാസ്റ്റോയിഡിയസ് (sternocleidomastoideus)-മാറെല്ലിലും മുതുകെല്ലായ ക്ലാവിക്കിളിലും തുടങ്ങി മാസ്റ്റോയിഡ് പ്രോസസ്സിൽ അവാനിക്കുന്നത്. ; ബ്രാക്കിയോറേഡിയാലിസ് (brachioradialis)- കൈകളിൽ തുടങ്ങി റേഡിയസ് അസ്ഥിയിൽ അവസാനിക്കുന്നത്.
  • പ്രവർത്തനം: അബ്ഡക്ടർ (abductor)-ശരീരത്തിൽ നിന്നും അകറ്റുന്നത്; അഡക്ടർ(adductor)-ശരീരത്തിലേയ്ക്കടുപ്പിക്കുന്നത്; ഫ്ലെക്സർ (flexor)-മടക്കുന്നത്; എക്സ്റ്റൻസർ (extensor)നിവർത്തുന്നത്; ലിവേറ്റർ (levator)- ഉയർത്തുന്നത്; മാസ്സറ്റർ (masseter- ചവയ്ക്കുന്നത്.
"https://ml.wikipedia.org/w/index.php?title=അസ്ഥിപേശി&oldid=2280467" എന്ന താളിൽനിന്ന് ശേഖരിച്ചത്