സീനാൻ
ഓട്ടമൻ ഭരണകാലത്ത് തുർക്കിയിലെ സുൽത്താന്മാരായിരുന്ന സുലൈമാൻ ഒന്നാമൻ, സെലിം രണ്ടാമൻ, മുറാദ് മൂന്നാമൻ എന്നിവരുടെ മുഖ്യ വാസ്തുശില്പി(architect) ആയിരുന്നു കോഖാ മിമാർ സീനാൻ ആഘാ(ജനനം: 1489 ഏപ്രിൽ 15 - മരണം: 1588 ജൂലൈ. [1] അൻപതുവർഷക്കാലം ഓട്ടൊമൻ സാമ്രാജ്യത്തിലെ എല്ലാ പ്രധാന നിർമ്മാണവേലകളുടേയും ചുമതലയും മേൽനോട്ടവും അദ്ദേഹത്തിനായിരുന്നു. മുന്നൂറിലേറെ നിർമ്മാണപദ്ധതികൾക്ക് സീനാൻ ചുമതലക്കാരനായിരുന്നു എന്ന് പറയപ്പെടുന്നു. ഖുർആൻ വിദ്യാലയങ്ങളും മറ്റും പോലെ അദ്ദേഹം നടപ്പാക്കിയ ചെറുകിട പദ്ധതികൾ ഇവക്കു പുറമേയാണ്.
സീനാന്റെ ഏറ്റവും പേരുകേട്ട നിർമ്മിതി ഇസ്താംബുളിലെ സുലൈമാൻ മോസ്ക്ക് ആണെങ്കിലും അദ്ദേഹത്തിന്റെ നായകശില്പമായി കരുതപ്പെടുന്നത് എദിർണയിലെ സെലിമിയ മോസ്ക്ക് ആണ്. വിപുലമായ ഒരു സർക്കാർ വകുപ്പ് സ്വന്തം നിയന്തണത്തിലുണ്ടായിരുന്ന സീനാൻ ഒട്ടേറെ ശിഷ്യന്മാർക്ക് പരിശീലനം നൽകി. അവരിൽ ഇസ്താംബുളിലെ സുൽത്താൻ അഹമ്മദ് മോസ്ക്ക് രൂപകല്പന ചെയ്ത സെദേഫ്ഹാർ മെഹ്‌മെത് ആഘായെപ്പോലുള്ളവർ പിന്നീട് പ്രശസ്തരായി. ഓട്ടമൻ നിർമ്മാണവിദ്യയുടെ ക്ലാസിക്കൽ യുഗത്തിലെ ഏറ്റവും മഹാനായ വാസ്തുകാരനായി കണക്കാക്കപ്പെടുന്ന സീനാനെ പലരും, പാശ്ചാത്യലോകത്ത് അദ്ദേഹത്തിന്റെ സമകാലീനനായിരുന്ന മൈക്കെലാഞ്ജലോയുമായി താരതമ്യപ്പെടുത്താറുണ്ട്.[2][3]
പശ്ചാത്തലം
തിരുത്തുകഅനാത്തോലിയയിലെ കേസൻ നഗരത്തിനടുത്ത് ഇപ്പോഴത്തെ മിമാർസീനാൻകോയിലുള്ള ചെറുപട്ടണമായ അഗിർനസിൽ, അർമീനിയൻ അപ്പസ്തോലിക മതവിഭാഗത്തിൽ പെട്ട ഒരു കുടുംബത്തിൽ 1489-ലാണ് സീനാൻ ജനിച്ചതെന്ന് സുൽത്താൻ സുലൈമാൻ രണ്ടാമന്റെ ഒരു ഉത്തരവിൽ കാണുന്നു. ജോസഫ് എന്നായിരുന്നു ആദ്യനാമം.[4]
കുടുംബപശ്ചാത്തലത്തെക്കുറിച്ച് പിന്നെയുള്ള അറിവ്, പിതാവ് ശില്പിയും മരപ്പണിക്കാരനും ആയിരുന്നെന്നും ഈ തൊഴിലുകളിലൊക്കെ അദ്ദേഹത്തെ സഹായിച്ചാണ് സീനാൻ വളർന്നുവന്നതെന്നും മാത്രമാണ്.[1] സീനാൻ സുഹൃത്ത് മുസ്തഫാ സായിക്ക് പറഞ്ഞുകൊടുത്തെഴുതിച്ച മൂന്നു ഹ്രസ്വരേഖകൾ ടോപ്കാപി കൊട്ടാരത്തിലെ ഗ്രന്ഥശാലയിലുണ്ട്. ഈ കൈയെഴുത്തുപ്രതികളിൽ സീനാൻ തന്റെ യൗവനത്തേയും പട്ടാളസേവനത്തേയും കുറിച്ച് ചില വിവരങ്ങൾ വെളിപ്പെടുത്തുന്നു. അതനുസരിച്ച്, മക്കളെല്ലാം ഇസ്ലാംമതത്തിലേക്ക് മാറിയ ഒരാളുടെ മകനായ അബ്ദുൽറഹിമാൻ എന്നയാളായിരുന്നു സീനാന്റെ പിതാവ്. എന്നാൽ പിതാവിന്റെ പേര് അറബിയിൽ എഴുതിയിരിക്കുന്നത് അബ്ദുള്ളാ എന്നും ഗ്രീക്ക് ഭാഷയിൽ എഴുതിയിരിക്കുന്നത് ക്രിസ്തു എന്ന് അർത്ഥമുള്ള ഹ്രിസ്റ്റോ എന്നുമാണ്.
1512-ൽ അദ്ദേഹം, നിയമം അനുശാസിച്ച സൈനികസേവനത്തിന് ഓട്ടമൻ പട്ടാളത്തിൽ ചേർന്നു.[1] ക്രിസ്തുമതത്തിൽ നിന്ന് ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട യുവാക്കളെച്ചേർത്തുണ്ടാക്കിയ സൈനികവിഭാഗമായ ജാനിസറിയിൽ ചേരാനായി ഇസ്താംബുളിലെത്തിയ അദ്ദേഹം അവിടെ പരിവർത്തിതനായി. 21 വയസ്സ് കടന്നിരുന്നവർക്ക് ഇസ്താംബുളിലെ ടോപ്കായ് കൊട്ടാരത്തിലുള്ള രാജകീയ കലാലയത്തിൽ പ്രവേശിക്കാൻ സാധിക്കുമായിരുന്നില്ലാത്തതിനാൽ സീനാനെ ഒരു സഹവിദ്യാലയത്തിൽ ചേർത്തു. വിദ്യാലയത്തിൽ തുടക്കക്കാരനായിരിക്കേ സീനാൻ ഇബ്രാഹിം പാഷാ സുൽത്താന്റെ കീഴിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ടാകാമെന്ന് ചില രേഖകളിൽ കാണുന്നു. സീനാനെന്ന ഇസ്ലാമിക നാമം അദ്ദേഹത്തിന് കിട്ടിയത് അവിടെവച്ചായിരിക്കാം. ആശാരിപ്പണിയും ഗണിതവും പഠിച്ചുതുടങ്ങിയ അദ്ദേഹം, ബുദ്ധിയുടേയും പുരോഗമനകാംക്ഷയുടേയും ബലത്തിൽ ക്രമേണ ഉയർന്ന് മുന്തിയ വാസ്തുശില്പികളുടെ സഹായിയായി. ഒരു വാസ്തുശില്പിയായി അദ്ദേഹത്തിന് പരിശീലനവും ലഭിച്ചു.
മൂന്നു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹം മികച്ച വാസ്തുശില്പിയും എഞ്ചിനീയറുമായിത്തീർന്നു. ഇതോടൊപ്പം ജാനിസറി സേനയിൽ കേഡറ്റാകുവാനുള്ള ആറുവർഷത്തെ പരിശീലനവും സീനാന് ലഭിച്ചു. സുൽത്താൻ സെലിം ഒന്നാമനെ അദ്ദേഹത്തിന്റെ റോഡ്സിലേക്കുള്ള ഒടുവിലത്തെ സൈനികസംരംഭത്തിൽ സീനാൻ അനുഗമിച്ചിരിക്കാമെന്ന് കരുതപ്പെടുന്നു. എന്നാൽ സുൽത്താന്റെ മരണത്തോടെ ആ പദ്ധതി അവസാനിച്ചു. രണ്ടുവർഷം കഴിഞ്ഞ് അദ്ദേഹം ബെൽഗ്രേഡിന്റെ ആക്രമണത്തിന് സാക്ഷ്യം വഹിച്ചു. സുൽത്താൽ പ്രൗഢസുലൈമാൻ(Sulaiman the Magnificent) നയിച്ച മോഹക്കുകളുടെ യുദ്ധത്തിലും രാജാവിനോടു ചേർന്നുള്ള കുതിരപ്പടയുടെ ഭാഗമായി അദ്ദേഹം പങ്കെടുത്തു. രാജാവിന്റെ അംഗരക്ഷാസൈന്യത്തിന്റെ ക്യാപ്റ്റനായി സ്ഥാനക്കയറ്റം കിട്ടിയ സീനാൻ കാലാൾ കേഡറ്റുകളുടെ തലവനുമായി. പിന്നീട് അദ്ദേഹത്തെ ഓസ്ട്രിയയിലേക്ക് നിയോഗിച്ചു. അവിടെ അദ്ദേഹത്തിന് പീരങ്കിപ്പടയുടെ നേതൃത്വമായിരുന്നു. [5] ഉന്നം പിഴക്കാതെ തോക്കുപയോഗിക്കുവാൻ ശീലിച്ച സീനാൻ ഒരു വാസ്തുകാരാൻ എന്ന നിലയിൽ ഏതുതരം നിർമ്മിതികളാണ് വെടിയുണ്ടയുടെ മുൻപിൽ ദുർബ്ബലമായിരിക്കുന്നതെന്ന് നിരീക്ഷിക്കുവാനും ശ്രദ്ധിച്ചു. കാവല്പ്പടയുടെ തലവൻ എന്ന നിലയിൽ 1535-ലെ ബാഗ്ദാദ് യുദ്ധത്തിലും സീനാൻ പങ്കെടുത്തു. 1537-ൽ അദ്ദേഹം കോർഫു, അപ്പൂലിയ, മൊൾഡാവിയ എന്നിവിടങ്ങളിലേക്കുള്ള സൈനികനീക്കങ്ങളിലും ചേർന്നു.[6]
ഈ സംരംഭങ്ങളിലൊക്കെ പരിചയസമ്പന്നനായ എഞ്ചിനീയർ, കഴിവുറ്റ വാസ്തുശില്പി എന്നീ നിലകളിൽ സീനാൻ മികവ് തെളിയിച്ചു. ഓട്ടമൻ സൈന്യം കെയ്റോ കീഴടക്കിയപ്പോൾ നഗരത്തിന്റെ രൂപരേഖയുമായി ഒത്തുപോകാത്ത ഏതു കെട്ടിടത്തേയും തകർക്കുവാനുള്ള അധികാരത്തോടെ അദ്ദേഹം മുഖ്യവാസ്തുശില്പിയായി നിയമിക്കപ്പെട്ടു. കിഴക്കൻ ദിക്കിലേക്കുള്ള സൈനികനീക്കത്തിൽ പ്രതിരോധത്തിനുവേണ്ട നിർമ്മിതികളും, ഡാന്യൂബ് നദിക്കുകുറുകേ പണിതതുപോലെയുള്ള പാലങ്ങളുടെ നിർമ്മാണവും സീനാന്റെ ചുമതലയിലായി. ക്രിസ്തീയദേവാലയങ്ങളെ അദ്ദേഹം മോസ്ക്കുകളായി പരിവർത്തനം ചെയ്തു. 1535-ൽ പേർഷ്യയിലേക്കു നടത്തിയ സൈനികനീക്കത്തിൽ കാലാളുകൾക്കും പീരങ്കിപ്പടക്കും വാൻ തടാകം കടക്കാൻ വേണ്ട കപ്പലുകളും അദ്ദേഹം നിർമ്മിച്ചു. ഇതിന് അംഗീകാരമായി ജാനിസറികളുടെ തലവന്റെതിന് തുല്യമായ 'ഹസേക്കി' എന്ന പദവിയും അദ്ദേഹത്തിന് ലഭിച്ചു.
1539-ൽ പ്രധാനമന്ത്രിയായിത്തീർന്ന സെലെബി ലുറ്റ്ഫി പാഷ, തനിക്കുകീഴിൽ മുന്നേ ജോലിചെയ്തിട്ടുള്ള സീനാനെ ഇസ്താംബുളിലെ മുഖ്യ വാസ്തുകാരനാക്കി. സീനാന്റെ ജീവിതത്തിലെ ശ്രദ്ധേയമായ ഒരു ഘട്ടത്തിന്റെ തുടക്കമായിരുന്നു അത്. പുതിയ പദവി അദ്ദേഹത്തെ ഓട്ടമൻ സാമ്രാജ്യത്തിലെ നിർമ്മിതികളുടേയും നിർമ്മാണസാമിഗ്രികളുടേയും ചുമതലക്കാരനാക്കി. വീഥികൾ, ജലവിതരണസംവിധാങ്ങൾ, പാലങ്ങൾ മുതലായ സിവിൽ നിർമ്മിതികളുടെ രൂപകല്പനയും നിർമ്മാണവും കൂടി അദ്ദേഹത്തിന്റെ ചുമതലയിലായി. വർഷങ്ങൾക്കുള്ളിൽ സീനാൻ തന്റെ പദവിയെ സാമ്രാജ്യത്തിന്റെ വാസ്തുകാരൻ എന്നാക്കി പരിവർത്തനം ചെയ്തു. വിപുലമായ ഒരു സർക്കാർ വകുപ്പായിരുന്നു അത്. വകുപ്പിന്റെ മേൽനോട്ടക്കാരനായ മന്ത്രിയേക്കാൾ പദവി സീനാന് ഉണ്ടായിരുന്നു. കൊട്ടാരം വാസ്തുകാരന്മാരും, സഹായിമാരും, ഉപസഹായിമാരും, ശിഷ്യന്മാരും ചേർന്ന വലിയൊരു സംഘത്തിന്റെ നേതൃത്വം അദ്ദേഹത്തിനായി.
നിർമ്മിതികൾ
തിരുത്തുകപട്ടാളം വാസ്തുകാരനായുള്ള അനുഭവം വാസ്തുകലയെക്കുറിച്ചുള്ള താത്വികജ്ഞാനത്തെക്കാൾ പ്രായോഗികജ്ഞാനമാണ് സീനാന് നൽകിയത്. ഇത് പാശ്ചാത്യലോകത്തിലെ വാസ്തുകാരന്മാരായി നവോത്ഥാനകാലത്ത് പ്രശസ്തിനേടിയ ബ്രൂണെലെസി മൈക്കെലാഞ്ജലോ തുടങ്ങിയവരുടെ കാര്യത്തിലും ശരിയായിരുന്നു.
സീനാന്റെ രംഗപ്രവേശനത്തിന്റെ തുടക്കത്തിൽ ഓട്ടമൻ വാസ്തുവിദ്യ മുഖ്യമായും ശ്രദ്ധിച്ചത് പ്രായോഗികതയിലാണ്. കെട്ടിടങ്ങൾ പഴയ മാതൃകകളെ ആവർത്തിക്കുകയും ലളിതമായ രൂപകല്പന പിന്തുടരുകയും ചെയ്തു. അവ സമഗ്രമായ സങ്കല്പത്തെയെന്നതിനു പകരം ഘടകങ്ങളുടെ ഒത്തുചേരലിനെയാണ് ആശ്രയിച്ചത്. പുതിയ ആശയങ്ങൾ അവഗണിക്കപ്പെട്ടിരുന്നതു കൊണ്ട്, ഒരു വാസ്തുകാരൻ രൂപകല്പനചെയ്ത കെട്ടിടം അയാളുടെ രണ്ടാമനോ സഹായിക്കോ ബുദ്ധിമുട്ടില്ലാതെ പൂർത്തിയാക്കാമായിരുന്നു. സുരക്ഷ ഉറപ്പുവരുത്താൻ വസ്തുകാരന്മാർ വസ്തുക്കളുടേയും അദ്ധ്വാനത്തിന്റേയും അമിതവ്യയത്തെ ആശ്രയിച്ചു. സീനാൻ ക്രമേണ ഇതിനൊക്കെ മാറ്റം വരുത്തി. പാരമ്പര്യങ്ങളിൽ പരിവർത്തനവും പരിഷ്കരണവും വരുത്തിയ അദ്ദേഹം ചിരസ്ഥാപിതമായ വാസ്തുവിദ്യാസങ്കേതങ്ങളെ ഉടച്ചുവാർത്തുകൊണ്ടു പരിപൂർണ്ണതയിലേക്കുള്ള വഴിതേടി.
പരീക്ഷണകാലം
തിരുത്തുകഇക്കാലത്ത് സീനാൻ മിക്കവാറും ഓട്ടമൻ വാസ്തുവിദ്യയുടെ പരമ്പരാഗതശൈലി പിന്തുടർന്നു; അതേസമയം, പട്ടാളസേവനത്തിനിടയിൽ യൂറോപ്പിലേയും മദ്ധ്യപൂർവദേശങ്ങളിലേയും വ്യത്യസ്തമായ വാസ്തുവിദ്യാമാതൃകകളുമായി അദ്ദേഹം പരിചയപ്പെട്ടിരുന്ന അദ്ദേഹം മറ്റു നിർമ്മാണസാധ്യതകളിൽ പരീക്ഷണങ്ങൾ നടത്താൻ തുടങ്ങി.
അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാനനിർമ്മിതി സിറിയയിൽ അലെപ്പോയിലെ ഹുസ്രെവ് പാഷാ പള്ളിയും അതിനോടനുബന്ധിച്ച ഇരട്ട മദ്രസകളുമായിരുന്നു. 1536-37ലെ ശീതകാലത്ത് അദ്ദേഹത്തിന്റെ മേലധികാരിയായിരുന്ന ആലെപ്പോയിലെ ഗവർണ്ണർക്കുവേണ്ടിയാണ് അത് പണിതത്. പണിയിൽ കാട്ടിയ തിടുക്കം ആ നിർമ്മിതിയുടെ പരുക്കൻ സ്വഭാവത്തിലും അതിലെ അലങ്കാരവേലകളുടെ അഭംഗിയിലും പ്രതിഫലിച്ചു.
രാജശില്പിയെന്ന നിലയിൽ അദ്ദേഹത്തിനു കിട്ടിയ ആദ്യത്തെ പ്രധാന നിയുക്തി സുൽത്താൻ പ്രൗഢസുലൈമാന്റെ പത്നി റോക്സാനക്കുവേണ്ടി നിർമ്മിച്ച ഹസേക്കി ഹുറം സമുച്ചയമായമായിരുന്നു. ഇതിൽ അദ്ദേഹത്തിന് തന്റെ മുൻഗാമികൾ നിശ്ചയിച്ചിരുന്ന രൂപരേഖ പിന്തുടരേണ്ടിവന്നു. അതിനാൽ പരീക്ഷണങ്ങൾക്കൊന്നും തുനിയാതെ, ലഭ്യമായ ഇടത്തെ പരമ്പരാഗതമായ രീതിയിൽ ഉപയോഗിക്കുകയാണ് ഇതിൽ അദ്ദേഹം ചെയ്തത്. എന്നിട്ടുപോലും അലെപ്പോ പള്ളിയേക്കാൾ നന്നായി പണിത അത് പ്രത്യേകമായ ചാരുത കാട്ടി. എന്നാൽ പിൽക്കാലത്തെ പുനരുദ്ധാരണങ്ങൾ അതിന്റെ ഭംഗി കെടുത്തിയിട്ടുണ്ട്.
1541-ൽ അദ്ദേഹം മഹാനാവികൻ ഹയ്റെദ്ദിൻ ബാർബറോസയുടെ കബറിടം പണിയാൻ തുടങ്ങി. ഇസ്താംബുളിന്റെ യൂറോപ്യൻ വശത്ത് ഹയ്റെദ്ദിന്റെ സേന ഒത്തുകൂടാറുണ്ടായിരുന്ന സ്ഥലത്താണ് അത് നിൽക്കുന്നത്. എന്നാൽ ഹയ്റെദ്ദിനെ സംസ്കരിച്ചത് ഈ കബറിടത്തിലെന്നതിനു പകരം ഇസ്കെലെ പള്ളിയോടുചേർന്നുള്ള കബറിലാണ്. അതിനാൽ ഈ നിർമ്മിതി പിൽക്കാലത്ത് തീരെ അവഗണിക്കപ്പെട്ടു.
സുലൈമാന്റെ ഏകപുത്രിയും പ്രധാനമന്ത്രി റസ്തം പാഷയുടെ പത്നിയുമായിരുന്ന മിഹ്രിമാ സുൽത്താന ഉസ്ക്കുദറിൽ ഒരു മദ്രസയും ഭക്ഷണശാലയും ഖുർആൻ വിദ്യാലയവും ചേർന്ന ഒരു പള്ളി പണിയാൻ ഏല്പിച്ചു. ഭക്ഷണശാല ഇപ്പോൾ നിലവിലില്ല. ഇസ്കെലെ പള്ളി എന്നറിയപ്പെടുന്ന ഈ നിർമ്മിതിയിൽ തന്നെ സീനാന്റെ നിർമ്മാണശൈലിയുടെ പല പ്രത്യേകതകളും പ്രകടമാണ്: വിശാലമായ അങ്കണം, നേർത്ത ഗോപുരങ്ങൾ , ഒരു മുഖ്യതാഴികക്കുടത്തെ ചുറ്റി മൂന്നു ചെറിയ താഴികക്കുടങ്ങൾ ചേർന്ന മുകൾഭാഗം, ഇരട്ടമുഖപ്പ്(double portico) എന്നിവ അതിന്റെ പ്രത്യേകതകളിൽ ചിലതാണ്. ഇരട്ടമുഖപ്പ് ഓട്ടമൻ വാസ്തുവിദ്യയിൽ ആദ്യമായിരുന്നില്ല. എന്നാൽ ഇസ്കെലെ പള്ളിയിൽ അത് ഉപയോഗിച്ചതോടെ പിൽക്കാലത്തെ പള്ളികളിൽ അതിന്റെ ഉപയോഗം പതിവായി. റസ്തം പാഷക്കും മിഹ്രിമാക്കും വേണ്ടി ഇസ്താംബുളിൽ നിർമ്മിച്ച മൂന്നു പള്ളികളിലും തെകിർദാഗിലെ റസ്തം പാഷാ പള്ളിയിലും അതുണ്ടായിരുന്നു.
സുൽത്താൻ പ്രൗഢസുലൈമാൻ ബാൾക്കൻ നാടുകളിൽ ഒരു സൈനികസംരംഭത്തിൽ ഏർപ്പെട്ടിരിക്കെ കിരീടാവകാശിയായിരുന്ന സെഹ്സാദെ മെഹ്മെത് 22ആം വയസ്സിൽ മരിച്ചു. 1543 നവംബറിൽ , സീനാൻ ഇസ്കെലെ പള്ളിയുടെ നിർമ്മാണം തുടങ്ങി അധികം താമസിയാതെ തന്റെ ഇഷ്ടപുത്രന്റെ സ്മരണക്കായി ഒരു വലിയ പള്ളിയും അനുബന്ധമായുള്ള സമുച്ചയവും പണിയാൻ സുൽത്താൻ ഉത്തരവിട്ടു. സെഹ്സാദെ മോസ്ക് എന്നറിയപ്പെട്ട ഈ പള്ളി, മുൻ നിർമ്മിതികളേക്കാൾ വലുതും മെച്ചപ്പെട്ടതുമായിരുന്നു. വാസ്തുചരിത്രകാരന്മാർ ഈ നിർമ്മിതിയെ സീനാന്റെ ആദ്യത്തെ നായകശില്പമായി പരിഗണിക്കുന്നു. നടുക്ക് വലിയൊരു താഴികക്കുടം എന്ന ആശയത്തിൽ ഏറെ ആകൃഷ്ടനായ സീനാൻ ദിയാർബാക്കിറിലെ ഫത്തി പാഷാ പള്ളിയും ഹസ്കോയിയിലെ പിറി പാഷാ മോസ്ക്കും പോലെയുള്ള മാതൃകകൾ പഠിച്ചു. പേർഷ്യയിലേക്ക് സൈനികസേവനത്തിനായി നടത്തിയ യാത്രക്കിടെ അദ്ദേഹം ഈ രണ്ടു പള്ളികളും സന്ദർശിച്ചിരിക്കാം. സീനാൻ ഒടുവിൽ നിർമ്മിച്ച പള്ളിക്ക് മദ്ധ്യത്തിൽ ഒരു താഴികക്കുടവും തുല്യമായ നാൽ പകുതി താഴികക്കുടങ്ങളും ഉണ്ടായിരുന്നു.
മദ്ധ്യകാലം
തിരുത്തുക1550-കളായപ്പോൾ , സുൽത്താൻ പ്രൗഢസുലൈമാൻ അതിശക്തനായിത്തീർന്നിരുന്നു. മകന്റെ പേരിലുള്ള പള്ളി പൂർത്തിയായിക്കഴിഞ്ഞപ്പോൾ തന്റെ തന്നെ പ്രൗഢിക്കുചേരുന്നതും മറ്റുള്ളവയേക്കാൾ മികച്ചതുമായ ഒരു മോസ്ക്ക് സ്വന്തം പേരിൽ വേണമെന്ന് അദ്ദേഹം തീരുമാനിച്ചു. ഇസ്താംബുളിൾ ബോസ്പോറസിലെ സ്വർണ്ണക്കൊമ്പ് (Golden Horn) ഉൾക്കടലിനെ അഭിമുഖീകരിച്ചുനിൽക്കുന്ന കുന്നിൻ ചെരുവാണ് അതിന്റെ സ്ഥാനമായി അദ്ദേഹം തെരഞ്ഞെടുത്തത്. യൂറോപ്പിലേക്കും മദ്ധ്യപൗരസ്ത്യദേശത്തേക്കും നടത്തിയ സൈനികമുന്നേറ്റങ്ങളിൽ കണക്കില്ലാത്ത ധനം കൈവശം വന്നുചേർന്നിരുന്ന സുലൈമാന് പണം പ്രശ്നമായിരുന്നില്ല. സുലൈമാനിയ എന്ന പേരിൽ ഒരു പള്ളിയും അതിനെ ചുറ്റി നാലു കലാശാലകൾ , ഭോജനശാല, ആശുപത്രി, അഗതിമന്ദിരം, സ്നാനഗൃഹം, വഴിയമ്പലം, എന്നിവയുടെ സമുച്ചയവും നിർമ്മിക്കാൻ അദ്ദേഹം സീനാന് നിർദ്ദേശം നൽകി. അനേകം സഹായികളുള്ള വലിയൊരു സർക്കാർ വകുപ്പ് കീഴിലുണ്ടായിരുന്ന സീനാൻ ഈ മഹാസംരംഭം ഏഴു വർഷം കൊണ്ട് പൂർത്തിയാക്കി. സുലൈമാനിയക്കു മുൻപ് അർദ്ധചതുരമോന്തായത്തോടുകൂടിയ മോസ്കുകളുണ്ടായിരുന്നില്ല. ഇസ്താംബുളിലെ ഹാജിയ സോഫിയ പള്ളിയാണ് സീനാന് ഈ ആശയം നൽകിയത്. സുലൈമാനിയ പള്ളി പൂർത്തിയായതോടെ സീനാന്റെ പ്രശസ്തി പരന്നു. നവോത്ഥാനകാലത്തെ യൂറോപ്പിൽ തന്റെ സമകാലീനരായിരുന്ന ലിയോൺ ബറ്റിസ്റ്റാ ആൽബർട്ടിന്റേയും മറ്റും ആശയങ്ങൾ സീനാനെ സ്വാധീനിച്ചിരിക്കാം. എന്നാൽ മോടിയേക്കാൾ ലാളിത്യത്തിൽ ശ്രദ്ധ ചെലുത്തിയെന്നത് സീനാനെ അവരിൽ നിന്ന് വ്യത്യസ്തനാക്കുന്നു. മദ്ധ്യത്തിലെ ഒറ്റ താഴികക്കുടത്തിനു കീഴെ സാധിക്കുന്നത്ര സ്ഥലം ഉൾക്കൊള്ളുന്ന നിർമ്മിതിയാണ് അദ്ദേഹം ലക്ഷ്യം വച്ചത്. ഏറ്റവും സമ്പൂർണ്ണതയുള്ള ജ്യാമിതീയ രൂപമായ വൃത്തത്തെ അടിസ്ഥാനമാക്കുന്ന താഴികക്കുടം, ഒരുവിധത്തിൽ , സമ്പൂർണ്ണനായ ദൈവത്തെ സൂചിപ്പിച്ചു.
1551-ൽ സീനാൻ പ്രധാനമന്ത്രി ഇബ്രാഹിം പാഷക്കായി ഇസ്താംബുളിലെ സിലിവ്രികപിയിൽ ഒരു പള്ളിയും സംസ്കാരസ്ഥാനവും പണിതു. തുടർന്നു പ്രധാനമന്ത്രിയായ റസ്തം പാഷ സീനാനെ പല ജോലികളും ഏല്പിച്ചു.
1553-55 കാലത്ത് സീനാൻ ബെസിക്താസിൽ മഹാനാവികൻ സീനാൻ പാഷക്കുവേണ്ടി, സീനാൻ പാഷാ പള്ളി പണിതു. പഴയ നിർമ്മിതികളുടെ മരാമ്മത്തുപണികളുടെ കൂടി ഉത്തരവാദിയായിരുന്ന സീനാൻ തന്റെ മുൻഗാമികളുടെ സൃഷ്ടികളെ ശ്രദ്ധാപൂർവം പഠിച്ചുവെന്ന് അദ്ദേഹത്തിന്റെ ഈ നിർമ്മിതികളെല്ലാം വ്യക്തമാക്കി. പഴയ രൂപകല്പനകൾ പകർത്തിയ അദ്ദേഹം അവയുടെ ദൗർബ്ബല്യങ്ങളെ പ്രത്യേകം ശ്രദ്ധിച്ച് അവയ്ക്കു സ്വന്തമായ പരിഹാരം കണ്ടെത്താൻ ശ്രമിച്ചു. 1554-ൽ അടുത്ത പ്രധാനമന്ത്രി കാര അഹമ്മദ് പാഷക്കുവേണ്ടിയുള്ള ഇസ്താംബുളിലെ പള്ളിയുടെ നിർമ്മിതിയിക്ക് പഴയ സീനാൻ പാഷാ പള്ളിയെയാണ് അദ്ദേഹം മാതൃകയാക്കിയത്. അദ്ദേഹം ഷഡ്കോണാകൃതിയിൽ പണിത ആദ്യത്തെ പള്ളിയായിരുന്നു ഇത്.
1556-ൽ ഹാജിയ സോഫിയ പള്ളിക്കടുത്ത് അപ്പോഴുമുണ്ടായിരുന്ന സൂക്സിപ്പസിന്റെ പഴയ സ്നാനഘട്ടത്തിന്റെ സ്ഥാനത്ത് അദ്ദേഹം ഹസേകി ഹറം സ്നാനഘട്ടം നിർമ്മിച്ചു. സീനാൻ നിർമ്മിച്ച സ്നാനഘട്ടങ്ങളിൽ ഏറ്റവും സുന്ദരമായത് ഇതായിരുന്നു.
1561-ൽ റസ്തം പാഷാ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ സ്മാരകമായി, വിധവ മിഹ്രിമാ സുൽത്താനയുടെ മേൽനോട്ടത്തിൽ സീനാൻ, റസ്തം പാഷാ പള്ളി പണിതു. സുലൈമാനിയക്ക് തൊട്ടടുത്താണത്. അതേവർഷം തന്നെ സെഹ്സാദെ പള്ളിയോടുചേർന്നുള്ള ഉദ്യാനത്തിൽ സീനാൻ റസ്തം പാഷക്ക് ഒരു കബറിടവും പണിതു. ഭർത്താവിന്റെ മരണത്തിനു ശേഷം ഏറെ ധനികയായിത്തീർന്ന മിഹ്രിമാ സുൽത്താനക്ക് അപ്പോൾ സ്വന്തമായി ഒരു പള്ളി വേണമെന്നു തോന്നി. ഇസ്താംബുളിലെ ഏഴുകുന്നുകളിൽ ഏറ്റവും വലുതിന്റെ മുകളിലുള്ള എദിർണ്ണ കവാടത്തിലാണ് മിഹ്രിമാ പള്ളി പണിതത്. സീനാന്റെ ഏറ്റവും ഭാവനാപൂർണ്ണമായ രൂപകല്പനകളിൽ ഒന്ന് ഈ പള്ളിയുടേതാണ്. ഓട്ടമൻ നിർമ്മിതിയുടെ ചട്ടക്കുടിനുള്ളിൽ നിൽക്കുമ്പോഴും യൂറോപ്പിലെ ഗോത്തിക് ശില്പവിദ്യയോട് ഏറെ അടുപ്പം കാട്ടിയ ഈ നിർമ്മിതി വിപ്ലവകരമായിരുന്നു.
1560-നും 1566-നും ഇടക്ക് സാൽ മെംഹ്മുത് പാഷാക്കു വേണ്ടി സീനാൻ ഇസ്താംബുളിൽ അയ്‌വൻസരിക്കപ്പുറമുള്ള ഒരു കുന്നിൽ ഒരു പള്ളി പണിതു. തന്റെ നായകശില്പമായ എദിർണ്ണയിലെ സെലിമിയെ പള്ളിയുടെ നിർമ്മാണത്തിൽ മുഴുകിയിരുന്ന സീനാൻ ഈ പള്ളിയുടെ രൂപരേഖയും മേൽനൊട്ടവും നിർവഹിച്ചെങ്കിലും അതിന്റെ പണി അത്ര സമർദ്ധരല്ലാത്ത സഹായികൾക്ക് വിട്ടുകൊടുത്തതുമുലം വന്ന കുറവുകൾ ഈ നിർമ്മിതിയിൽ കാണാം.
നായകശില്പം
തിരുത്തുകജീവിതത്തിന്റെ ഈ അവസാനഘട്ടത്തിൽ സീനാൻ രമണീയമായ ഉള്ളകങ്ങളുടെ ഉദാത്തമായ ഐക്യം സൃഷ്ടികാനാണ് സീനാൻ ശ്രമിച്ചത്. ഈ ലക്ഷ്യം നേടാനായി, മദ്ധ്യത്തിലെ താഴികക്കുടത്തെ താങ്ങുന്ന തൂണുകളോടനുബന്ധിച്ചുള്ള അനാവശ്യമായ ഇടങ്ങൾ അദ്ദേഹം ഒഴിവാക്കി. ഇസ്താംബുളിലെ മെഹ്മുത് പാഷാ പള്ളിയിലും എദിർണ്ണയിലെ സെലിമിയ പള്ളിയിലും അദ്ദേഹം ഈ രീതി പിന്തുടർന്നു. അവസാനഘട്ടത്തിലെ മറ്റു നിർമ്മിതികളിൽ സീനാൻ സ്ഥലോപയോഗത്തിലും അലങ്കാരങ്ങളിലും, ഓട്ടമൻ വാസ്തുവിദ്യയിൽ നേരത്തേ പ്രയോഗിച്ചിട്ടില്ലാത്ത രീതികൾ പരീക്ഷിച്ചു.
തെസ്കിരെത്തുൾ ബുന്യാ എന്ന ജീവചരിത്രത്തിൽ, തന്റെ ഏറ്റവും ഉദാത്തമായ സൃഷ്ടിയായി സീനാൻ പറഞ്ഞത് എദിർണ്ണയിലെ സെലിമിയെ പള്ളി ആണ്. പരമ്പരാഗതമായ ഓട്ടമൻ വാസ്തുവിദ്യയുടെ വിലക്കുകളെ അവഗണിക്കുന്ന ഈ നിർമ്മിതി, സീനാന്റേയും ക്ലാസ്സിക്കൽ ഓട്ടമൻ വാസ്തുവിദ്യയുടെ തന്നേയും നേട്ടങ്ങളുടെ പരകോടിയാണെന്നു പറയാം. ഇസ്താംബുളിൽ ഒരു സഹസ്രാബ്ദം മുൻപ് ജസ്റ്റിനിയൻ ചക്രവർത്തി നിർമ്മിച്ച ക്രിസ്തീയദേവാലയമായ ഹാജിയ സോഫിയയുടേതിനേക്കാൾ വലിയ താഴികക്കുടം നിർമ്മിക്കുക അസാധ്യമാണ് എന്ന വാദം തെറ്റാണെന്നു തെളിയുക്കുകയായിരുന്നു ഇതിന്റെ നിർമ്മാണത്തിന്റെ സീനാന്റെ ലക്ഷ്യങ്ങളിലൊന്ന് എന്നു പറയപ്പെറ്റുന്നു. സെലിമിയെ പൂർത്തിയായപ്പോൾ , സോഫിയാപ്പള്ളിയെ രണ്ടാം സ്ഥാനത്താക്കിയിട്ട്, ലോകത്തിലേക്കും വച്ച് വലിയ താഴികക്കുടം അതിന്റേതാണെന്ന് സീനാൻ അവകാശപ്പെട്ടു. യഥാർത്ഥത്തിൽ തറയിൽ നിന്ന് അളന്നാൽ താഴികക്കുടത്തിന്റെ ഉയരം സോഫിയായുടേതിനേക്കാൾ കുറവും ചുറ്റളവ് രണ്ടടി മാത്രം അധികവും ആയിരുന്നു. എന്നാൽ താഴികക്കുടത്തിന്റെ തന്നെ ചുവട്ടിൽ നിന്നളക്കുമ്പോൾ സെലിമിയയുടെ താഴികക്കുടത്തിനാണ് കൂടുതൽ ഉയരം. സെലിമിയെ പൂർത്തിയായപ്പോൾ സീനാന് 80 വയസ്സ് കടന്നിരുന്നു. ഈ പള്ളിയിൽ താഴികക്കുടത്തിനു താഴെ പൂർണ്ണതയും ചേർച്ചയുമുള്ള ഉള്ളകം സൃഷ്ടിക്കുകയെന്ന തന്റെ സ്വപ്നം സീനാൻ സാക്ഷാത്കരിച്ചു. സ്ഥലോപയോഗത്തിന്റെ വൻവിജയമാണ് ഈ പള്ളിയുടെ ഉള്ളകം. പ്രാർത്ഥനാലയത്തിന്റെ മൂലകളിൽ 83 മീറ്റർ ഉയർന്നുനിൽക്കുന്ന നാലുഗോപുരങ്ങൾ , അല്ല്ലാതെ തന്നെ മുഴുവൻ നഗരത്തേയും ഭരിച്ചുനിൽക്കുന്ന ഈ നിർമ്മിതിയുടെ പ്രൗഢി പിന്നെയും വർദ്ധിപ്പിക്കുന്നു.
ദമാസ്ക്കസിലെ ഏറ്റവും ശ്രദ്ധേയമായ നിർമ്മിതികളിലൊന്നായി ഇന്നും കണക്കക്കപ്പെടുന്ന തക്കിയാ സുലൈമാനിയ സത്രം, അതിനോടു ചേർന്നുള്ള പള്ളി, ബൾഗേറിയയുടെ തലസ്ഥാനമായ സോഫിയയിൽ ഇന്ന് പ്രവർത്തനക്ഷമമായുള്ള ഏക മുസ്ലിം പള്ളീയായ ബന്യാ ബാഷി പള്ളി എന്നിവയും സീനാൻ രൂപകല്പന ചെയ്തവയാണ്.
ബോസ്നിയ ഹെർസെഗോവീനയിലെ വിസെഗാർദിൽ , ദ്രിണാ നദിക്കു കുറുകേ സീനാൻ നിർമ്മിച്ച മെഹ്മെത് പാഷാ സോക്കൊലോവിക് പാലം ഇന്ന് യുനെസ്ക്കോയുടെ ലോകപൈതൃകസ്ഥാനങ്ങളിൽ ഒന്നാണ്.
വിലയിരുത്തൽ
തിരുത്തുകതന്റെ നിർമ്മാണവേലകളുടെ തുടക്കത്തിൽ സീനാന് മാതൃകയായുണ്ടായിരുന്നത് താഴികക്കുടത്തോടുകൂടിയ പരമ്പരാഗത നിർമ്മാണവിദ്യയാണ്. ഒന്നും അധികവും താഴികക്കുടങ്ങളുള്ള നിർമ്മിതികളിൽ അദ്ദേഹം പരീക്ഷണങ്ങൾ നടത്തി. ഒരു പുതിയ ജ്യാമിതീയശുദ്ധിയും, യുക്തിഭദ്രതയും, സീമാപരമായ ആർജ്ജവവുമാണ് അദ്ദേഹം ലക്ഷ്യം വച്ചത്. ഇവയിലെല്ലാം അദ്ദേഹം തന്റെ സർഗ്ഗശക്തിയും, വ്യക്തതയും ഐക്യവുമുള്ള ഉള്ളകങ്ങൾ സൃഷ്ടിക്കാനുള്ള ആഗ്രഹവും പ്രകടമാക്കി. അദ്ദേഹത്തിന്റെ താഴികക്കുടങ്ങളും കമാനങ്ങളും വർത്തുളമാണെങ്കിലും, അവക്കുതാഴെ വളവുകളെ ആശ്രയിക്കാതെ മുകളിലെ വൃത്തത്തെ കീഴെ ചതുര-ഷഡ്-അഷ്ടകോണങ്ങളായി പരിണമിപ്പിക്കുകയാണ് ചെയ്തത്. സ്ഥലസീമയുടെ ക്രമീകരനത്തിലും രൂപകല്പനയിൽ ഉളവായ സമ്മർദ്ദങ്ങളുടെ പരിഹാരത്തിലുമാണ് അദ്ദേഹം തന്റെ ധിഷണ പ്രകടിപ്പിച്ചത്. പള്ളികളോട് ചേർന്ന് സീനാൻ, വിശ്വാസികളുടെ ബുദ്ധിപരവും സാമൂഹികവുമായ ആവശ്യങ്ങൾ നിറവേറ്റുന്ന സ്ഥാപനസമുച്ചയങ്ങളും നിർമ്മിച്ചു.
സീനാന്റെ മരണസമയത്ത് ക്ലാസിക്കൽ ഓട്ടമൻ വാസ്തുവിദ്യ അതിന്റെ പരകോടിയിലെത്തിയിരുന്നു. സെലിമിയെ പള്ളിയിൽ അദ്ദേഹം കൈവരിച്ച നേട്ടത്തെ പിന്തുടർന്ന് വികസിപ്പിക്കാൻ മാത്രം പ്രതിഭയുള്ള പിൻഗാമികളൊന്നും അദ്ദേഹത്തിനുണ്ടായില്ല. അദ്ദേഹത്തിന്റെ ശിഷ്യന്മാർ സെഹ്സാദെ പള്ളിപൊലുള്ള പഴയ മാതൃകകളിലേക്ക് മടങ്ങിപ്പോയി. സർഗ്ഗവാസന ഇല്ലാതായത് അധഃപതനത്തിന് കാരണമായി.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 Encyclopædia Britannica: Sinan (Ottoman architect)
- ↑ De Osa, Veronica, Sinan, the Turkish Michelangelo. ISBN 0-533-04655-6 / 9780533046553. New York (1982)
- ↑ Sinan: A Great Ottoman Architect and Urban Designer
- ↑ "UCLA Resources: Sinan (Ottoman architect)". Archived from the original on 2008-05-24. Retrieved 2009-08-20.
- ↑ ഗോഡ്വിൻ ഗോഡ്ഫ്രി, "ഓട്ടമൻ വാസ്തുകലയുടെ ചരിത്രം"; Thames & Hudson Ltd., London, reprinted 2003; ISBN 0-500-27429-0
- ↑ "Sinan (in Dictionary of Islamic Architecture)". Archived from the original on 2011-06-04. Retrieved 2009-08-20.