സിമോൺ ദ ബൊവ

(Simone de Beauvoir എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഫ്രഞ്ച് എഴുത്തുകാരിയും അസ്തിത്വവാദചിന്തകയും സ്ത്രീവാദിയും സാമൂഹികസൈദ്ധാന്തികയും ആയിരുന്നു സിമോൺ ദ ബൊവ (ഫ്രഞ്ച് ഉച്ചാരണം: simɔn də boˈvwaʀ) (ജനുവരി 9, 1908 – ഏപ്രിൽ 14, 1986). നോവലുകളും തത്ത്വചിന്ത, രാഷ്ട്രീയം, സാമൂഹികപ്രശ്നങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പഠനങ്ങളും (monograph) ഉപന്യാസങ്ങളും ജീവചരിത്രങ്ങളും നിരവധി വാല്യങ്ങൾ അടങ്ങുന്ന ആത്മകഥയും അവർ രചിച്ചിട്ടുണ്ട്. ഷീ കേം റ്റു സ്റ്റേ, മാൻഡരിൻസ് തുടങ്ങിയ അതിഭൗതികനോവലുകളും 1949-ൽ എഴുതിയ ദ സെക്കൻഡ് സെക്സ് എന്ന പഠനവുമാണ്‌ സിമോൺ ദ ബോവയെ ശ്രദ്ധേയയാക്കിയത്. ഷാൺ-പോൾ സാർത്രുമായി ആജീവനാന്തം ബഹുഭർതൃബന്ധത്തിൽ ഏർപ്പെട്ടു എന്നതിനാലും അവർ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സ്ത്രീയുടെ അടിച്ചമർത്തപ്പെടലിനെയും സമകാലീന സ്ത്രീവാദത്തിന്റെ അടിത്തറയെയും വിശദമായി അപഗ്രഥിക്കുന്ന കൃതിയാണ്‌ ദ സെക്കൻഡ് സെക്സ്.

Simone de Beauvoir
സിമോൺ ദ ബൊവ
[[File:
Simone de Beauvoir2
|frameless|alt=]]
സിമോൺ ദ ബൊവ
ജനനം(1908-01-09)9 ജനുവരി 1908
Paris, France
മരണം14 ഏപ്രിൽ 1986(1986-04-14) (പ്രായം 78)
Paris, France
കാലഘട്ടം20th-century philosophy
പ്രദേശംWestern Philosophy
ചിന്താധാരഅസ്തിത്വവാദം
Feminism
Western Marxism
പ്രധാന താത്പര്യങ്ങൾPolitics, Feminism, Ethics, Phenomenology
ശ്രദ്ധേയമായ ആശയങ്ങൾEthics of ambiguity, feminist ethics, existential feminism
സ്വാധീനിച്ചവർ
സ്വാധീനിക്കപ്പെട്ടവർ

ആദ്യ കാലഘട്ടം

തിരുത്തുക

വക്കീലും അമെച്വർ നാടകനടനുമായിരുന്ന ജോർജ് ദ് ബൊവയുടെയും വെർഡണിലെ ഫ്രാൻസോസ് ബ്രാസ്സോയുടെയും മകളായാണ്‌ സിമോൻ ദ് ബൊവ ജനിച്ചത്. സിമോൻ ലൂസി ഏണസ്റ്റെയ്ൻ മേരി ദ് ബൊവ എന്നാണ്‌ മുഴുവൻ പേര്. പാരീസിൽ ജനിച്ച അവർ കത്തോലിക്കാ പെൺപള്ളിക്കൂടത്തിലാണ്‌ പഠിച്ചത്. അന്നത്തെ ബുദ്ധിജീവികൾ പെൺപള്ളിക്കൂടത്തെ അവഗണനയോടെയാണ്‌ കണ്ടിരുന്നത്. കാത്തലിക്കാ പെൺപള്ളിക്കൂടങ്ങൾ വിദ്യാഭ്യാസകേന്ദ്രമെന്നതിനെക്കാൾ ചെറുപ്പക്കാരെ എങ്ങനെ അമ്മയും ഭാര്യയുമാകണം എന്ന് പഠിപ്പിക്കുന്ന സ്ഥലമായിരുന്നു എന്ന് വിമർശിക്കപ്പെട്ടിരുന്നു. ഒന്നാം ലോകയുദ്ധത്തിനു ശേഷം സിമോന്റെ മാതൃപിതാവ് ഗുസ്താവ് ബ്രാസ്സോ പ്രസിഡന്റായിരുന്ന മ്യൂസ് ബാങ്ക് സാമ്പത്തിക തകർച്ചയിൽപ്പെടുകയും കുടുംബം ദാരിദ്ര്യത്തിലേക്കും അപമാനത്തിലേക്കും വഴുതിവീഴുകയും ചെയ്തു. ജോർജ് ദ് ബൊവ ജോലിക്കു പോയിത്തുടങ്ങുകയും കുടുംബം ഒരു ചെറിയ കെട്ടിടത്തിലേക്ക് താമസം മാറുകയും ചെയ്തു. ഇക്കാലത്ത് ജോർജ്ജും ഭാര്യയും തമ്മിലുള്ള ബന്ധം വഷളായിത്തീർന്നു.

അച്ഛൻ രണ്ട് പെണ്മക്കളെക്കാളും (ഇളയ സഹോദരി ഹെലൻ ദ് ബൊവ, ഒരു ചിത്രകാരിയായിരുന്നു) ഒരു മകനെയാണ്‌ കാംക്ഷിച്ചിരുന്നത് എന്നതിനെപ്പറ്റി സിമോൻ എപ്പോഴും ബോധവതിയായിരുന്നു. എങ്കിലും അവൾക്ക് പുരുഷന്റെ ബുദ്ധിയാണ്‌ എന്ന് അദ്ദേഹം പറഞ്ഞിരുന്നു. യുവത്വത്തിൽ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തയായിരുന്നു സിമോൻ. ജോർജ്ജ് നാടകത്തിലും സാഹിത്യത്തിലുമുള്ള തന്റെ കമ്പം മകൾക്ക് പകർന്നുനൽകി. പാണ്ഡിത്യത്തിലൂടെ മാത്രമേ മക്കളെ ദാരിദ്ര്യത്തിൽനിന്ന് കരകയറ്റാനാവൂ എന്ന് അദ്ദേഹം കരുതിയിരുന്നു.

15 വയസ്സാകുമ്പോൾത്തന്നെ സിമോൻ ദ് ബൊവ ഒരു എഴുത്തുകാരിയാകാൻ തീരുമാനിച്ചിരുന്നു. വിവിധ വിഷയങ്ങളിൽ അവഗാഹം നേടിയെങ്കിലും തത്ത്വചിന്തയിലുള്ള താല്പര്യം പാരീസ് സർവകലാശാലയിൽ ചേർന്ന് പഠിക്കാൻ പ്രേരിപ്പിച്ചു. ഷാൺ-പോൾ സാർത്ര് അടക്കമുള്ള നിരവധി യുവബുദ്ധിജീവികളെ പരിചയപ്പെടുന്നത് അവിടെവെച്ചാണ്‌.

സിമോൻ ദ് ബൊവ ജീവിതകാലം മുഴുവൻ സാർത്രുമായി അടുത്ത ബന്ധം പുലർത്തിയിരുന്നെങ്കിലും അദ്ദേഹത്തെ വിവാഹംചെയ്യാനും കുടുംബജീവിതം നയിക്കാനും തയ്യാറായില്ല. ഈ സ്വകാര്യജീവിതം അവരുടെ സാഹിത്യജീവിതത്തെപ്പോലെതന്നെ ആദരിക്കപ്പെട്ടിരുന്നു. സന്താനോല്പാദനത്തെ ഒഴിവാക്കിയത് അക്കാദമികപദവികൾ നേടുന്നതിനും രാഷ്ട്രീയത്തിൽ ഇടപെടുന്നതിനും എഴുത്ത്, വായന, അധ്യാപനം തുടങ്ങിയവ തുടരുന്നതിനും പ്രണയിക്കുന്നതിനും അവർക്ക് കൂടുതൽ സമയം നൽകി.

മധ്യ കാലഘട്ടം

തിരുത്തുക

ഗണിതത്തിലും തത്ത്വചിന്തയിലും ബിരുദപ്രവേശനപരീക്ഷ ജയിച്ച ശേഷം കാത്തലിക്കാ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ഗണിതവും സെയ്ന്റ് മേരി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് സാഹിത്യാദിവിഷയങ്ങളും സോർബണിൽനിന്ന് (പാരീസ് സർവകലാശാല) തത്ത്വചിന്തയും പഠിച്ചു. 1929-ൽ സോർബണിൽ പഠിക്കെ ലെയ്ബ്നിസ്സിനെക്കുറിച്ച് ഒരു പ്രബന്ധാവതരണം നടത്തുകയുണ്ടായി. ആയിടെതന്നെ ഷാൺ-പോൾ സാർത്രുമായുള്ള ബന്ധം ആരംഭിച്ചു. രണ്ടുപേരും ഇക്കോൾ നോർമലിൽ( École Normale) ഒരുമിച്ചാണ്‌ പഠിച്ചത്.

1929-ൽ, തന്റെ 21-ആം വയസ്സിൽ തത്ത്വചിന്തയിൽ അഗ്രിഗേഷൻ ബിരുദംനേടി ബൊവ. ഈ ബിരുദം നേടിയവരിൽ ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയും ഒൻപതാമത്തെ വ്യക്തിയും ആണ്‌ അവർ. പരീക്ഷയിൽ സിമോൻ രണ്ടാം സ്ഥാനം നേടി. ഒന്നാം സ്ഥാനം സാർത്രിനായിരുന്നു.

സോർബണിലായിരുന്നപ്പോഴാണ്‌ ബൊവ തന്റെ അപരനാമമായി കാസ്റ്റർ എന്ന പേര്‌ സ്വീകരിച്ചത്. 'ബീവറിന്‌ ഫ്രഞ്ചിലുള്ള പേരാണ്‌ കാസ്റ്റർ. ഈ ജീവിയുടെ പരിശ്രമശീലത്തെ മുൻനിർത്തിയും തന്റെ ഉപനാമത്തോട് ബീവർ എന്ന പദത്തോട് സാമ്യമുള്ളതിനാലും ആണ്‌ അവർ ഈ പേര്‌ സ്വീകരിച്ചത്.

അന്ത്യ കാലഘട്ടം

തിരുത്തുക

മരണം, ബഹുമതികൾ

തിരുത്തുക

ന്യൂമോണിയ ബാധിച്ച് ‌78-ആം വയസ്സിൽ പാരീസിൽവെച്ചാണ്‌ ബൊവ മരിക്കുന്നത്. ദു മൊന്ത്പാർനസ് സെമിത്തേരിയിൽ സാർത്രിന്റെ ശവകുടീരത്തോട് ചേർന്നാണ്‌ അവരെ സംസ്കരിച്ചത്. മരണശേഷം ബൊവയോടുള്ള ആദരം വർദ്ധിച്ചു. വിശേഷിച്ചും അക്കദമികലോകം അവരെ 1968-നു ശേഷമുള്ള സ്ത്രീവാദത്തിന്റെ ജനയിത്രിയായി കരുതുന്നു. ഫ്രഞ്ച് ചിന്തക എന്ന നിലയിലും അസ്തിത്വവാദതത്വചിന്തകയെന്ന നിലയിലും അവർ കൂടുതൽ അറിയപ്പെട്ടുവന്നു.

സമകാലികസം‌വാദങ്ങൾ ബൊവയുടെയും സാർത്രിന്റെയും പരസ്പരസ്വാധീനത്തെ അപഗ്രഥിക്കുന്നു. സാർത്രിന്റെ ഉത്തമസൃഷ്ടിയായ ഉണ്മയും ഇല്ലായ്മയും അവരെ സ്വാധീനിച്ചിട്ടുള്ളതായി കാണാം. സാർത്രിന്റെ അസ്തിത്വവാദത്തിൽനിന്ന് സ്വതന്ത്രമായിത്തന്നെ തത്ത്വചിന്തയെക്കുറിച്ച് ധാരാളം അവർ എഴുതിയിട്ടുമുണ്ട്. അവരുടെ തത്ത്വചിന്താപരമായ പൂർവകാലോപന്യാസങ്ങളും പ്രബന്ധങ്ങളും സാർത്രിന്റെ പിൽക്കാലചിന്തകളിൽ ചെലുത്തിയ സ്വാധീനവും ചില പണ്ഡിതർ നിരീക്ഷിച്ചിട്ടുണ്ട്. മാർഗരറ്റ് എ. സിമോൺസിനെയും സാലി ഷോൾസിനെയും പോലുള്ള അക്കാദമികർ തത്ത്വചിന്തയ്ക്ക് അകത്തും പുറത്തും നിർത്തി ബൊവയെ പഠിച്ചിട്ടുണ്ട്. നിരവധി ജീവചരിത്രങ്ങളുടെ രചനയ്ക്കു അവരുടെ ജീവിതം പ്രചോദനമായി.

2006-ൽ പാരീസ് നഗരത്തിലെ നിയുക്ത രൂപകല്പകനായ ഡിയെറ്റ്മർ ഫീഷിങ്ഗർ സെയ്ൻ നദിക്കു കുറുകെ പ്രശസ്തമായിത്തീർന്ന നടപ്പാത നിർമ്മിച്ചു. അതിന്‌ സിമോൻ ദ് ബുവ പാലം എന്ന് അവരുടെ ബഹുമാനാർഥം പേരിടുകയും ചെയ്തു. പാരീസിന്റെ ദേശീയഗ്രന്ഥാലയത്തിലേക്കാണ്‌ (Bibliothèque nationale de France) ഈ പാത നയിക്കുന്നത്.



"https://ml.wikipedia.org/w/index.php?title=സിമോൺ_ദ_ബൊവ&oldid=2823484" എന്ന താളിൽനിന്ന് ശേഖരിച്ചത്