അന്താരാഷ്ട്ര ഏകകവ്യവസ്ഥ

(SI എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അളവുതൂക്കങ്ങൾക്കായുള്ള അന്താരാഷ്ട്രയോഗം, 1960ൽ അംഗീകരിച്ച ദശാംശാടിസ്ഥാനത്തിലുള്ള ആധുനിക ഏകകസമ്പ്രദായമാണ്‌ അന്താരാഷ്ട്ര ഏകകവ്യവസ്ഥ (International System of Units). അന്താരാഷ്ട്ര മാത്രാസമ്പ്രദായം എന്നും ഇത് അറിയപ്പെടുന്നു. അളവുകൾക്കും തൂക്കങ്ങൾക്കും അംഗീകരിക്കപ്പെട്ടിട്ടുള്ള അന്താരാഷ്ട്ര ദശാംശ സമ്പ്രദായമായ മെട്രിക് സമ്പ്രദായത്തിന്റെ (Metric System) ഏകീകൃത രൂപമാണിത്. അന്താരാഷ്ട്ര മാത്രാ സമ്പ്രദായത്തെ ചുരുക്കത്തിൽ എസ്.ഐ. (SI-System international) എന്നാണ് എല്ലാ ഭാഷകളിലും സൂചിപ്പിക്കുന്നത്. ഇന്റർനാഷണൽ ബ്യൂറോ ഒഫ് വെയ്റ്റ്സ് ആൻഡ് മെഷേഴ്സ് എന്ന അന്താരാഷ്ട്ര സംഘടനയുടെ 1960-ലെ പൊതുസമ്മേളനമാണ് എസ്.ഐ. സമ്പ്രദായം ഔദ്യോഗികമായി അംഗീകരിച്ചത്. ശാസ്ത്ര, വ്യാവസായിക, വാണിജ്യ മേഖലകളിലെ എല്ലാവിധ അളവുകൾക്കും തൂക്കങ്ങൾക്കും യുക്തിസഹവും പരസ്പര ബന്ധിതവുമായ ഒരു ചട്ടക്കൂട് ഉണ്ടാക്കുവാൻ ഈ മാത്രാ സമ്പ്രദായത്തിനു കഴിഞ്ഞിട്ടുണ്ട്.

എസ്.ഐ. (SI) ‌എന്ന ചുരുക്കപ്പേരുള്ള ഈ വ്യവസ്ഥയിൽ ഏഴ് മൗലിക ഏകകങ്ങളൂണ്ട് (Basic Units). മറ്റെല്ലാ ഏകകങ്ങളൂം, മൗലിക ഏകകങ്ങളെ ആടിസ്ഥാനപ്പെടുത്തി നിർണ്ണയിക്കാവുന്നവയുമാണ്. അവയെ വ്യൂത്പന്ന ഏകകങ്ങൾ (Derived Units) എന്നു വിളിക്കുന്നു. ഏകകങ്ങളും അവയുടെ നിർവ്വചനങ്ങളും സ്ഥിരമായതല്ല; ശാസ്ത്ര-സാങ്കേതിക പുരോഗതിക്കനുസരിച്ച് മാറ്റങ്ങൾക്കു വിധേയമാണ്. നിരവധി രാജ്യങ്ങൾ ചേർന്നു രൂപവത്കരിച്ച അളവുതൂക്കങ്ങൾക്കായുള്ള അന്താരാഷ്ട്രയോഗമാണ് (General Conference on Weights and Measures - CGPM) ഏകകങ്ങൾ അംഗീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും. മൂന്നു രാജ്യങ്ങളൊഴിച്ച് മറ്റെല്ലാ രാജ്യങ്ങളും എസ്. ഐ. അംഗീകരിച്ചു കഴിഞ്ഞു.

എസ്. ഐ. അംഗീകരിക്കാത്ത രാജ്യങ്ങൾ, അമേരിക്കയും, മ്യാന്മാറും, ലൈബീരിയയുമാണ്

അടിസ്ഥാനമായി അംഗീകരിച്ചിട്ടുള്ള ഒരു തോതുമായി താരതമ്യം ചെയ്ത്, ആ തോതിന്റെ ഇത്രമടങ്ങാണ് ഇത് എന്നു പറയുന്നതാണ് അളക്കുക എന്നപദംകൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന്, ഒരു വടിയുടെ നീളം ഒന്നര മുഴമാണ് (Cubit) എന്നുപറഞ്ഞാൽ, അതിന്റെ അർത്ഥം, ആ വടിക്ക്, ഒരാളിന്റെ കൈത്തണ്ടിന്റെ (forearm, കൈവിരലറ്റം മുതൽ, കൈമുട്ടുവരെ) നീളത്തിന്റെ ഒന്നര മടങ്ങ് നീളമുണ്ട് എന്നാണ്. ഇപ്രകാരം അടിസ്ഥാനമായി സ്വികരിച്ച തോതിനെ (മുഴം) ഏകകം (Unit) എന്നു പറയുന്നു. അതുപോലെ, മറ്റ് ഭൗതികഅളവുകളെടുക്കുന്നതിനും (ഉദാ: ഭാരം, സമയം) വിനിമയം ചെയ്യുന്നതിനും പൊതുവായ ഏകകങ്ങൾ ആവശ്യമാണ്. അപ്രകാരം വിവിധതരം ഏകകങ്ങളുടെ ഒരു കൂട്ടമാണ് ഒരു ഏകകവ്യവസ്ഥ (System of Units).

പഴയ ചില ഏകകവ്യവസ്ഥകളിൽ, ഒരേ അളവിനായി നിരവധി ഏകകങ്ങൾ ഉണ്ടായിരുന്നു. ഉദാഹരണത്തിന്, നീളം, ദൂരം, ആഴം എന്നിവ ഒരേ ഭൗതിക അളവാണെങ്കിലും, ഇഞ്ച്, അടി, ഗജം, മൈൽ, ഫാതം, നോട്ടിക്കൽ മൈൽ എന്നിങ്ങനെ പല ഏകകങ്ങളും, അവയിൽ അളവുകൾ തമ്മിൽ മാറ്റാൻ ഭിന്നഗുണാങ്കങ്ങളും (Varied Multlipliers / Converstion Factors) ഉണ്ടായിരുന്നു. പന്ത്രണ്ടിഞ്ച് ഒരടി, മൂന്നടി ഒരു ഗജം, 220 ഗജം ഒരു ഫർലോങ്, 8 ഫർലോങ് ഒരു മൈൽ, എന്നിങ്ങനെ. എന്നാൽ, ആധുനിക സമ്പ്രദായങ്ങളിൽ, ഒരളവിന് ഒരു ഏകകവും, അതിന്റെ ചെറുതും വലുതുമായ അളവുകൾക്ക്, ദശഗുണാങ്കങ്ങളുമുപയോഗുക്കുന്നു. നീളത്തിന് മീറ്റർ എന്ന ഏകകവും, പത്തു മില്ലിമീറ്റർ ഒരു സെന്റിമീറ്റർ, നൂറുസെന്റി മീറ്റർ ഒരു മീറ്റർ, ആയിരം മീറ്റർ ഒരു കിലോമീറ്റർ എന്നിങ്ങനെ ദശഗുണിതസംജ്ഞകളും ഉപയോഗിക്കുന്നു. പഴയ രീതിയെ അപേക്ഷിച്ച്, ദശാംശാടിസ്ഥാനത്തിലുളള ഈ രീതി, വളരെ ലളിതമാണ്.

ചരിത്രം

തിരുത്തുക

ഫ്രഞ്ചുവിപ്ലവകാലത്ത് (1789–1799) ദശാംശരീതിയിയിലുള്ള ഒരു ഏകക പദ്ധതി സ്വീകരിക്കുകയും അതിനു ശേഷം മീറ്ററും കിലോഗ്രാമും പ്രതിനിധാനം ചെയ്യുന്ന രണ്ടു പ്ലാറ്റിനം തോതുകൾ ഫ്രഞ്ചു റിപ്പബ്ലിക്കിന്റെ സൂക്ഷിപ്പുശാലയിൽ (Archives de la République) 1799 ജൂൺ 22 ന് സ്ഥാപിക്കുകയും ചെയ്തത്, ഇന്നത്തെ അന്താരഷ്ട്ര ഏകക വ്യവസ്ഥയുടെ വികാസത്തിന്റെ ആദ്യ പടിയായിക്കരുതാം.

1832ൽ ജർമ്മൻ ഊർജ്ജതന്ത്രജ്ഞനും ഗണിതശാസ്ത്രകാരനുമായിരുന്ന ഗാസ് (Johann Carl Friedrich Gauss) ഈ സമ്പ്രദായം പ്രചരിപ്പിക്കുകയും; പിന്നീട് മറ്റൊരു ജർമ്മനായ വെബറുമായിച്ചേർന്ന് (Wilhelm Eduard Weber) പരിഷ്കരിക്കുകയും ചെയ്തു.

1860കളിൽ, മാർക്സ് വെല്ലിന്റേയും (James Clerk Maxwell), തോംസണിന്റേയും (Sir Joseph John Thomson) നേതൃത്വത്തിൽ, ശാസ്ത്രപുരോ‍ഗതിയ്കായുള്ള ബ്രിട്ടീഷ് സംഘടന (British Association for the Advancement of Science) ഈ വ്യവസ്ഥ വീണ്ടും വിപുലീകരിച്ചു. മൗലികഏകകങ്ങളും, വ്യുത്പന്ന ഏകകങ്ങളുമുള്ള സ്വയം പൂർണമായ ഒരു ഏകകസമ്പ്രദായം രൂപവത്കരിക്കുകയും, 1874ൽ സെന്റിമീറ്റർ‍-ഗ്രാം-സെക്കന്റ് (CGS) എന്നൊരു സമ്പ്രദായം ആവിഷ്ക്കരിച്ചു.

1880ൽ, ബ്രിട്ടീഷ് സംഘടനയും യൂറോപ്പിയൻ സംഘടനയായ ഇന്റർനാഷണൽ ഇലക്ട്രിക്കൽ കോൺഗ്രസ്സും ചേർന്ന്, വോൾട്ട്, ആമ്പിയർ, ഓം എന്നീ ഏകകങ്ങൾ കൂട്ടിച്ചേർത്ത് ഒരു പ്രയുക്ത ഏകകസമ്പ്രദായം രൂപവത്കരിച്ചു.

1875 ലെ മീറ്റർ ഉടമ്പടി (Metre Convention) പ്രകാരം മാനക ഏകീകരണത്തിനായി അന്താരാഷ്ട്രതലത്തിൽ, മൂന്നു സംഘടനകൾ നിലവിൽ വന്നു:- അളവുതൂക്കങ്ങൾക്കായുള്ള അന്താരാഷ്ട്രയോഗം, (Conférence générale des poids et mesures - CGPM), അന്താരാഷ്ട്രഅളവുതൂക്കസംഘടന, (Bureau international des poids et mesures - BIPM), അന്താരാഷ്ട്ര അളവുതൂക്കസമിതി (Comité international des poids et mesures - CIPM) എന്നിങ്ങനെ.

1889നു ചേർന്ന ഒന്നാം അന്താരാഷ്ട്രയോഗം, മീറ്റർ, കിലോഗ്രാം, സെക്കൻഡ് എന്നീ മൂന്ന് ഏകകങ്ങളുടെ അസ്സലുകൾ (Prototype) അംഗീകരിച്ചു.

1901ൽ ഗിയോർഗി (Giovanni Giorgi), ഈ ത്രിമാനവ്യവ്യസ്ഥയിൽ വൈദ്യുത ഏകകങ്ങളായ ആമ്പിയറോ, ഓമോ ചേർത്ത് സ്വയം പൂർണമായതും യുക്തിഭദ്രവുമായ ഒരു ചതുർമാനവ്യവ്യസ്ഥയായി വിപുലീകരിക്കാമെന്നും തെളിയിച്ചു. ഗിയോർഗിയുടെ ഈ നിർദ്ദേശം, നിരവധി പുതിയ വികാസങ്ങൾക്കു വഴിതെളിച്ചു,

1921ൽ ചേർന്ന ആറാം അളവുതൂക്കങ്ങൾക്കായുള്ള അന്താരാഷ്ട്രയോഗം, മീറ്റർ ഉടമ്പടി പുതുക്കുകയും, 1927ൽ വൈദ്യുതമാപനവിഷയത്തിൽ ഒരു ഉപദേശക സമിതിയെ (Consultative Committee for Electricity) നിയമിക്കുകയും ചെയ്തു. ഉപദേശക സമിതിയും ഇതരഅന്താരാഷ്ട്രസംഘടനകളും, ഗിയോർഗീസമ്പ്രദായം ചർച്ചചെയ്യുകയും, 1937ൽ ഉപദേശകസമിതി, മീറ്റർ-കിലോഗ്രാം-സെക്കൻഡ്-ആമ്പിയർ എന്നിങ്ങനെ നാല് മാനങ്ങളുള്ള വ്യവസ്ഥ ശുപാർശചെയ്തു. 1946ൽ അന്താരാഷ്ട്ര അളവുതൂക്കസമിതി (CIPM) മീറ്റർ-കിലോഗ്രാം-സെക്കൻഡ്-ആമ്പിയർ വ്യവസ്ഥ (MKSA Syastem) എന്നറിയാപ്പെട്ട ഈ നിർദ്ദേശം അംഗീകരിച്ചു.

1954ൽ ചേർന്ന പത്താമത് അന്താരാഷ്ട്രയോഗം (CGPM), ആമ്പിയർ, കെൽവിൻ‍, കാൻഡല എന്നീ ഏകകങ്ങൾ കൂടി മൗലിക ഏകകങ്ങളായി അംഗീകരിച്ചു.

1960ലെ പതിനൊന്നാം അന്താരാഷ്ട്രയോഗം, ഈ വ്യവസ്ഥയ്ക്ക്, അന്താരാഷ്ട്ര ഏകകവ്യവസ്ഥ എന്ന് പേരു നൽകുകയും എസ്.ഐ. (SI) എന്ന ചുരുക്കപ്പേർ സ്വീകരിക്കുകയും ചെയ്തു.

1971ലെ പതിനാലാം അന്താരാഷ്ട്രയോഗമാണ് ദീർഘമായ ചർചകൾക്കു ശേഷം മോൾ (Mole) എന്ന ഏഴാം മൗലിക ഏകകം അംഗീകരിച്ചത്.

 
Countries by date of metrication

പ്രചാരം

തിരുത്തുക

അമേരിക്കയും, മ്യാന്മാറും, ലൈബീരിയയുമൊഴിച്ച് മറ്റെല്ലാരാജ്യങ്ങളൂം ഈ വ്യവസ്ഥ അംഗീകരിച്ചിട്ടുണ്ട്.

ഇന്ത്യയിൽ , 1962 ഏപ്രിൽ 1 -ൽ അന്താരാഷ്ട്രഏകകവ്യവസ്ഥ പൂർണ്ണമായും നടപ്പിലാക്കി. മറ്റെല്ലാ വ്യവസ്ഥകളുടെയും പ്രയോഗം നിയമം മൂലം (Standards of Weights and Measures Act, 1976) നിരോധിച്ചിരിക്കുകയാണ്.

മൗലിക ഏകകങ്ങൾ

തിരുത്തുക

അന്താരാഷ്ട്ര ഏകകവ്യവസ്ഥയിൽ, പരസ്പരം ബദ്ധമല്ലാത്ത, ഏഴ് ഏകകങ്ങൾ മൗലിക ഏകകങ്ങളായി നിർവചിച്ചിരിക്കുന്നു; മറ്റെല്ലാ ഏകകങ്ങളും ഈ ഏഴ് മൗലിക ഏകകങ്ങളുടെ ഗുണഫലമായിട്ടാണ് നിർവചിച്ചിരിക്കുന്നത്‍.

അളവ് ഏകകം സംജ്ഞ നിർവചനം
നീളം (Length) മീറ്റർ (Metre) m ശൂന്യസ്ഥലത്തുകൂടി, പ്രകാശം 1/299729438 സെക്കന്റിൽ സഞ്ചരിക്കുന്ന ദൂരം.
ഭാരം (Weight) കിലോഗ്രാം (Kilogram) kg പാരീസിലെ അന്താരാഷ്ട്ര അളവുതൂക്ക ബ്യൂറോയിൽ സൂക്ഷിച്ചിട്ടുള്ള പ്ലാറ്റിനം-ഇരിഡിയം സങ്കരലോഹസ്തംഭത്തിന്റെ ഭാരം
സമയം (Time) സെക്കന്റ് (Second) s ഒരു സീഷിയം-133 അണു, സ്ഥിരാവസ്ഥയിലിരിക്കുമ്പോൾ (Ground State) അതിന്റെ രണ്ട് അതിസൂക്ഷ്മസ്തരങ്ങൾ (Hyper Levels) തമ്മിലുള്ള മാറ്റത്തിനനുസരിച്ചുള്ള വികിരണത്തിന്റെ സമയദൈർഘ്യത്തിന്റെ 9 192 631 770 മടങ്ങ്.
വൈദ്യുത പ്രവാഹം (Electric Current) ആമ്പിയർ (Ampere) A നിസ്സാരമായ വണ്ണമുള്ളതും, നീളം അനന്തമായതും ഒരു മീറ്റർ അകലത്തിൽ പരസ്പരം സമാന്തരമായി ശൂന്യസ്ഥലത്തു സ്ഥാപിച്ചിരിക്കുന്നതുമായ രണ്ട് വൈദ്യുതചാലകങ്ങളിൽ, ഒരു മീറ്ററിന് 2×10–7 ന്യൂട്ടൺ ആകർഷണബലം ഉണ്ടാക്കാൻ, പ്രസ്തുത വാഹികളിൽക്കൂടി ഒഴുക്കേണ്ട സ്ഥിരവൈദ്യുതപ്രവാഹം.
ദ്രവ്യമാനം (Amount of Substance) മോൾ (Mole) mol സ്ഥിരാവസ്ഥയിലുള്ളതും (Ground State)‍, പരസ്പരം ബദ്ധമല്ലാത്തതും (unbound), സ്വസ്ഥവുമായ (at rest), 0.012 കിലോഗ്രാം കാർബൺ-12 മൂലകത്തിലുള്ളത്ര അടിസ്ഥാനകണങ്ങൾ അടങ്ങിയിട്ടുള്ള ദ്രവ്യം.
ഊഷ്മാവ് (Temperature) കെൽവിൻ (Kelvin) K ജലം, അതിന്റെ ത്രൈമുഖബിന്ദുവിലിരിക്കുമ്പോൾ (Triple Point) അതിന്റെ താപഗതികോഷ്മാവിന്റെ 1/273.16ൽ ഒരംശം.
പ്രകാശതീവ്രത (Luminous Intensity) കാൻഡല (Candela) cd ഒരു ദിശയിൽ, ഒരു സ്റ്റെറിഡിയൻ കോണളവിൽ, 1/683 വാട്ട് വികിരണതീവ്രതയുള്ളതും, 540 x 1012 hertz ആവൃത്തിയുള്ള ഏകവർണ്ണ് വികിരണം ഉത്സർജ്ജിക്കുന്നതുമായ ഒരു പ്രകാശസ്രോതസ്സിന്റെ പ്രകാശതീവ്രത.

വ്യൂത്പന്ന ഏകകങ്ങൾ

തിരുത്തുക

മേൽ സൂചിപ്പിച്ച ഏഴ് മൗലിക ഏകകങ്ങളുടെ ഗുണഫലമായി സൂചിപ്പിക്കാവുന്ന മറ്റെല്ലാ ഏകകങ്ങളേയും വ്യൂത്പന്ന ഏകകങ്ങൾ എന്നു വിളിക്കുന്നു. അവയ്ൽ ചിലതിന് സവിശേഷനാമങ്ങളും നൽകിയിട്ടുണ്ട്. ചില ഉദാഹരണങ്ങൾ:

അളവ് മൗലിക ഏകകങ്ങളുടെ ഗുണോത്തരമായി സംജ്ഞ സവിശേഷനാമം
വിസ്താരം (Area) മീറ്റർ x മീറ്റർ m2 -
കാന്തക്ഷേത്രബലം (Magnetic Field Strength) ആമ്പിയർ / മീറ്റർ (A/m) -
വൈദ്യുത ചാർജ് (Electric Charge) സെക്കന്റ് x ആമ്പിയർ (s.A) കൂളുംബ് (C)
ബലം (Force) കിലോഗ്രാം x മീറ്റർ / (സെക്കന്റ് x സെക്കന്റ്) (kg.m··s-2) ന്യൂട്ടൺ (N)
ഊർജ്ജം (Energy) കിലോഗ്രാം x മീറ്റർ x മീറ്റർ / (സെക്കന്റ് x സെക്കന്റ്) (kg.m2··s-2) ജൂൾ (J)
വിദ്യുച്ചാലകത (Electric Conductance) ആമ്പിയർ / വോൾട്ട് (A/V) (A2.m-2·kg-1·s3·) സീമൻസ് (S)

ഉപസർഗ്ഗങ്ങൾ

തിരുത്തുക

നിർവ്വചിക്കപ്പെട്ട മൗലിക / വ്യൂത്പന്ന ഏകകങ്ങളേക്കാൾ ചെറുതോ വലുതോ ആയ അളവുകൾ ദ്യോതിപ്പിക്കുന്നതിന്, മറ്റൊരു പേരു നൽകുന്നതിനു പകരം, (അടിയേക്കാൾ ചെറിയ അളവിന് ഇഞ്ച് എന്ന മറ്റൊരേകകമാണ് പഴയ വ്യവസ്തയിൽ) ഏകകങ്ങളുടെ മുൻപിൽ ഉപസർഗ്ഗങ്ങൾ (Prefixes) നൽകുകയാണ് അന്താരാഷ്ട്ര ഏകകവ്യവസ്ഥയിലെ രീതി.

ഉപസർഗം സംജ്ഞ മൂല്യം ഉപസർഗം സംജ്ഞ മൂല്യം
ഡക്കാ da 10 ഡസ്സി d 1/10
ഹെക്റ്റൊ h 100 സെന്റി c 1/100
കിലോ k 1000 മില്ലി m 1/1000
മെഗാ M 1000 000 മൈക്രോ µ 1/1000 000
ഗിഗാ G 1000 000 000 നാനോ n 1/1000 000 000
ടെറാ T 1000 000 000 000 പൈകോ p 1/1000 000 000 000
പീറ്റാ P 1000 000 000 000 000 ഫെംറ്റോ f 1/1000 000 000 000 000
എക്സാ E 1000 000 000 000 000 000 ആറ്റോ a 1/1000 000 000 000 000 000
സീറ്റാ Z 1000 000 000 000 000 000 000 സെപ്റ്റോ z 1/1000 000 000 000 000 000 000
യോട്ടാ Y 1000 000 000 000 000 000 000 000 യോക്റ്റോ y 1/1000 000 000 000 000 000 000 000

അന്താരാഷ്ട്ര പ്രമാണവത്കരണ സംഘടന

തിരുത്തുക

മാത്രകളുടെ ഗുണിതങ്ങളും ഹരണഫലവും ദശാംശ സമ്പ്രദായത്തിൽ രേഖപ്പെടുത്തുന്ന ചില ഉപസർഗങ്ങളും എസ്.ഐ.യിൽ സ്വീകരിച്ചിട്ടുണ്ട് (പട്ടിക 3). അന്താരാഷ്ട്ര വ്യാവസായിക വാണിജ്യ വികാസത്തിനുവേണ്ടി സ്ഥാപിതമായിട്ടുള്ള അന്താരാഷ്ട്ര പ്രമാണവത്കരണ സംഘടന (International Organisation for standardisation ) 10-ന്റെ സ്വയം പെരുക്കങ്ങളല്ലാത്ത ഉപസർഗങ്ങളൊന്നും തന്നെ അംഗീകരിച്ചിട്ടില്ല. ടെറാ = 1012 മുതൽ അറ്റോ = 10-18 വരെയുള്ള 14 ഉപസർഗങ്ങളാണ് അന്താരാഷ്ട്ര ബ്യൂറോ അംഗീകരിച്ചിട്ടുള്ളത്.

1.യൂണിവേഴ്‍സിറ്റി ഫിസിക്സ്; സീയേർസ്, സെമാൻസ്കി ആന്റ് യൂംഗ്, 1985.

2. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാൻഡാർഡ്സ് ആന്റ് ടെക്നോളജിയുടെ (അമേരിക്കൻ സർക്കാർ) വെബ് സൈറ്റ് , ‍ (http://physics.nist.gov/cuu/Units/current.html)

3. അന്താരാഷ്ട്രഅളവുതൂക്കസംഘടനയുടെ വെബ്സൈറ്റ് (http://www.bipm.org/en/si/history-si)

4. ഉപഭോക്തൃകാര്യമന്ത്രാലയത്തിന്റെ വെബ്സൈറ്റ് (http://fcamin.nic.in/Events/EventDetails.asp?EventId=1690&Section=Weight%20and%20Measures&ParentID=0&Parent=1&check=0)

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്താരാഷ്ട്ര മാത്രാസമ്പ്രദായം: എസ്.ഐ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.