റോമൻ യാക്കോബ്സൺ

(Roman Jakobson എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റോമൻ ഒസിപ്പോവിച്ച് യാക്കോബ്സൺ (1896-1982) ഭാഷാശാസ്ത്രജ്ഞൻ, സാഹിത്യചിന്തകൻ എന്നീ നിലകളിൽ ലോകപ്രശസ്തനായി. ഘടനാവാദത്തെ ഒരു ദർശനം എന്ന നിലയിലും പ്രയോഗം എന്ന നിലയിലും രീതിശാസ്ത്രം എന്ന നിലയിലും വികസിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഭാഷാശാസ്ത്രരംഗത്ത് സ്വനിമസിദ്ധാന്തം വികസിപ്പിച്ചെടുക്കുകയും റഷ്യൻ ഫോർമലിസത്തിന്റെ അടിത്തറ നിർമ്മിച്ചു കൊടുക്കുകയും ചെയ്തു.

റോമൻ യാക്കോബ്സൺ
റോമൻ യാക്കോബ്സൺ
ജനനം(1896-10-11)11 ഒക്ടോബർ 1896
മോസ്കോ, റഷ്യൻ സാമ്രാജ്യം
മരണം18 ജൂലൈ 1982(1982-07-18) (പ്രായം 85)
കേംബ്രിഡ്ജ്, മസാച്യുസെറ്റ്സ്
ചിന്താധാരമോസ്കോ ലിംഗ്വിസ്റ്റിക് സർക്കിൾ
പ്രാഗ് ലിംഗ്വിസ്റ്റിക് സർക്കിൾ
പ്രധാന താത്പര്യങ്ങൾഭാഷാശാസ്ത്രം
ശ്രദ്ധേയമായ ആശയങ്ങൾജേക്കബ്സൺസ് ഫങ്ങ്ഷൻ ഓഫ് ലാംഗ്വേജസ്

ജീവിതരേഖ

തിരുത്തുക

1896-ൽ റഷ്യയിൽ ജനിച്ചു. മോസ്കോ സർവകലാശാലയിൽ വിദ്യാഭ്യാസം. 1915-ൽ പത്തൊൻപതാം വയസ്സിൽ മോസ്കോ ലിങ്ഗ്വിസ്റ്റിക്സ് സർക്കിൾ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി. 1920-ൽ പഴയ ചെക്കോസ്ലോവാക്യയിലെ പ്രാഗിൽ പഠിക്കാനെത്തുകയും പിന്നീട് അവിടെ അദ്ധ്യാപകനായിത്തീരുകയും ചെയ്തു. 1928-ൽ പ്രാഗ് ലിങ്ഗ്വിസ്റ്റിക് സർക്കിൾ സ്ഥാപിച്ചു. ചെക്കോസ്ലോവാക്യയിൽ നാസികളുടെ അധിനിവേശമുണ്ടാകുന്നതിനു മുൻപുള്ള കാലം വരെ പ്രാഗ് ഭാഷാശാസ്ത്രപഠനത്തിന്റെ കേന്ദ്രമായിരുന്നു. 1939-41 കാലത്ത് യാക്കോബ്സൻ സ്കാൻഡിനേവിയയിലേക്ക് കുടിയേറി. പിന്നീട് യൂറോപ്പിൽ നിന്ന് തന്നെ ഒളിച്ചോടേണ്ടി വന്നു. നാസി അധിനിവേശകാലത്തും മറ്റുമായി അമേരിക്കയിലേക്ക് കുടിയേറിയ ബുദ്ധിജീവികൾ ചേർന്ന് സ്ഥാപിച്ച ഫ്രീ സ്കൂൾ ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ പ്രഭാഷകനായിരിക്കെ ക്ലോദ് ലെവിസ്ട്രോസുമായി പരിചയപ്പെട്ടു. ഈ കോളേജിൽ വെച്ച് യാക്കോബ്സൻ നടത്തിയ പ്രഭാഷണങ്ങളിൽ നിന്നാണ് ഘടനാവാദപരവും ചിഹ്നശാസ്ത്രപരവും ആയ ആശയ ങ്ങൾ ലെവിസ്ട്രോസ് വഴി പിന്നീട് ഫ്രാൻസിലും അതിനുശേഷം യൂറോപ്പിലൊട്ടാകെയും വ്യാപിച്ചത്. ബെദുവിൻ ദെ കോർത്നെ, എഫ്.എഫ്. ഫോട്ടുനേറ്റോവ് , എൽ.വി. സെർബാ, ഫെർഡിനാൻഡ് ഡി സൊസ്യൂർ എന്നിവരിൽ നിന്ന് അദ്ദേഹം പ്രചോദനമുൾക്കൊണ്ടു. റഷ്യൻ ഫോർമലിസത്തിന്റെ വക്താവ്, ഫങ്ഷണൽ ഭാഷാശാസ്ത്രജ്ഞൻ എന്നീ നിലകളിലും വിശേഷിപ്പിക്കപ്പെടുന്നു. 1949 മുതൽ 1967വരെയുള്ള കാലത്ത് അദ്ദേഹം ഹാർവാർഡ് യൂണിവേർസിറ്റിയിൽ അദ്ധ്യാപകനായിരുന്നു. അമേരിക്കൻ ചിഹ്നശാസ്തജ്ഞനായ ചാൾസ് സാൻഡേഴ്സ് പെയേഴ്സിന്റെ ചിഹ്നസിദ്ധാന്തങ്ങൾ വ്യക്തമാക്കി ആദ്ദേഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നതിൽ യാക്കോബ്സന് നിർണ്ണായകമായ പങ്കുണ്ടായിരുന്നു.[1][2]

ആശയപരമായ സംഭാവനകൾ

തിരുത്തുക

സൊസ്യൂറിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഭാഷയിലെ സ്വനിമം എന്ന സങ്കല്പത്തെ സൈദ്ധാന്തികതലത്തിൽ വികസിപ്പിച്ച് ഫോണോളജി എന്ന ഭാഷാശാസ്ത്രശാഖയ്ക്ക് രൂപംകൊടുത്തു. ഭാഷയിലെ മറ്റു ഘടകങ്ങളുമായുള്ള അന്തരത്തിന്റെ അടിസ്ഥാനത്തിൽ അർത്ഥകാരകമായിത്തീരുന്ന ഏകകമായി സൊസ്യൂർ സ്വനിമത്തെ കണക്കാക്കി. അർത്ഥവ്യാവർത്തനത്തെ സബന്ധിച്ച ഈ ആശയത്തെ വികസിപ്പിക്കുകയാണ് യാക്കോബ്സൻ ചെയ്തത്. പ്രാഗ് സ്ട്രക്ചറലിസത്തിനും പ്രാഗ് ഫോണോളജിക്കും ഇത് അടിത്തറയായി. ഭാഷയുടേയും ഭാഷാഘടകങ്ങളുടേയും ധർമ്മത്തിന് ഊന്നൽ നൽകിക്കൊണ്ട് ഒരുതരം ഫങ്ഷണലിസ്റ്റ് ഭാഷാശാസ്ത്രസമീപനമാണ് പ്രാഗ് ഭാഷാശാസ്ത്രകാരന്മാർ പിന്തുടർന്നിരുന്നത്. ഇതാണ് സ്വനിമവിജ്ഞാനം എന്ന ശാഖയുടെ വളർച്ചയ്ക്ക് കാരണമായിത്തീർന്നത്. നാടൻ ഇതിഹാസവും സ്ലാവുകളുടെ സാംസ്കാരിക ചരിത്രവും യാക്കോബ്സനിൽ താല്പര്യമുണർത്തി. സ്വനവിജ്ഞാനത്തിനും രൂപവിജ്ഞാനത്തിനും പുറമേ സംസ്കാരാർജ്ജനം മുതലായ മറ്റു മേഖലകളിലും അദ്ദേഹം തല്പരനായിരുന്നു. റഷ്യൻ വിഭക്തിസമ്പ്രദായത്തിന്റെ അപഗ്രഥനം, റഷ്യൻ ക്രിയാസമ്പ്രദായത്തിന്റെ വിശകലനം എന്നിവയോടൊപ്പം സ്വനിമ വിജ്ഞാനവുമായി ബന്ധപ്പെട്ട നിരവധി കൃതികളും അദ്ദേഹം രചിച്ചു[3]. ആധുനിക സാഹിത്യസിദ്ധാന്തത്തിന് യാക്കോബ്സൻ രണ്ട് പ്രധാന സംഭാവനകളാണ് നൽകിയിട്ടുള്ളതെന്ന് ചില വിമർശകർ പറയുന്നു.

  1. ഒരു കലാസൃഷ്ടി പകർന്നു നൽകുന്ന വാചിക സന്ദേശത്തെ സാദ്ധ്യമാക്കുന്ന സംഗതികളെ ഭാഷാശാസ്ത്രസിദ്ധാന്തങ്ങളുപയോഗിച്ച് നിർവ്വചിക്കാൻ ശ്രമിച്ചത്.
  2. രൂപകം, ഉപാദാനം എന്നീ ഭാഷാസങ്കല്പനങ്ങൾ ഉപയോഗിച്ച് സാഹിത്യഭാഷയുടെ സവിശേഷതകളെ വ്യാഖ്യാനിച്ചത് [4].

അതോടൊപ്പം സാഹിത്യപഠനത്തിന്റെ മേഖലയിലേക്ക് ആശയവിനിമയത്തെ സംബന്ധിച്ച ഗണിതശാസ്ത്രസംബന്ധമായ ചില സിദ്ധാന്തങ്ങളും പെയേർസിന്റെ ചിഹ്നശാസ്ത്രസങ്കല്പങ്ങളും കൊണ്ടുവരികയുമുണ്ടായി.

ആശയവിനിമയ വ്യവസ്ഥയെപ്പറ്റിയുള്ള സങ്കല്പനം

തിരുത്തുക

ആശയവിനിമയശാസ്ത്രം , ചിഹ്നശാസ്ത്രം , ഭാഷാശാസ്ത്രം എന്നിവയെപ്പറ്റി യാക്കോബ്സൻ മികച്ച ധാരണകൾ സൃഷ്ടിച്ചു. ഭാഷാശാസ്ത്രം ചിഹ്നശാസ്ത്രത്തിന്റേയും ചിഹ്നശാസ്ത്രം ആശയവിനിമയ ശാസ്ത്രത്തിന്റേയും ഭാഗമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആശയവിനിമയത്തിന്റെ മേഖലയാകട്ടെ നരവംശശാസ്ത്രവും സാമ്പത്തികശാസ്ത്രവുമടങ്ങുന്ന മറ്റു മേഖലകളുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു വ്യവസ്ഥയാണെന്നും അദ്ദേഹം വിവരിച്ചു. അങ്ങനെ വരികയാൽ സാമൂഹികമായ എല്ലാ വിനിമയങ്ങളുടേയും(കൊള്ളക്കൊടുക്കലുകളുടേയും) ഭാഗം മാത്രമാണ് ആശയ വിനിമയം എന്ന് വരുന്നു.

സൊസ്യൂറുമായി വിയോജിക്കുന്ന ചിന്തകൾ

തിരുത്തുക

ഭാഷാശാസ്ത്രം വാചികമായ സന്ദേശ വിനിമയപ്രക്രിയയെക്കുറിച്ചുള്ള പഠനമാണ്. ആശയവിനിമയം നിർവ്വഹിക്കുവാൻ സഹായകരമായ ഒരു വാചിക ചിഹ്ന വ്യവസ്ഥയാണ് ഭാഷ. അതിന്റെ ധർമ്മപരവും വ്യവസ്ഥാപരവും ചരിത്രപരവും ആയ സവിശേഷതകളെ യാക്കോബ്സൻ പരിഗണിക്കാതിരിക്കുന്നില്ല. ഇക്കാര്യത്തിൽ അദ്ദേഹം ഏകകാലിക പഠനത്തിന്റേയും അതുവഴി ഭാഷാചരിത്ര നിഷേധത്തിന്റേയും ഭാഗമായ സൊസ്യൂറിയൻ ആശയങ്ങളോട് വിയോജിക്കുകയാണ് ചെയ്യുന്നത്. ഭാഷാപരിണാമത്തെ കേവലം യാദൃച്ഛികത മാത്രമായി കണക്കാക്കുകയും ഭാഷയെ കാലത്തിൽ നിന്നടർത്തിമാറ്റി പഠിക്കുക്കയും ചെയ്യുന്ന സമീപനത്തോട് യാക്കോബ്സൻ യോജിക്കുന്നതേയില്ല. ഭാഷ വ്യവസ്ഥയാണ്. വ്യവസ്ഥയിലെ ഘടകങ്ങൾ മാറുമ്പോൾ വ്യവസ്ഥയിലെ പരസ്പര ബന്ധങ്ങൾ കൂടിയാണ് മാറുന്നത്. ആയതിനാൽ ഭാഷയെ ഒരു പ്രത്യേക കാലത്തെ മാറ്റമില്ലാത്ത ഒരു വ്യവസ്ഥയായി കണക്കാക്കുന്നത് ശാസ്ത്രീയമല്ല.ഭാഷാപരിണാമത്തെ പൂർണ്ണമായി ഭാഷാവ്യവസ്ഥയുടെ തന്നെ പരിണാമമായിക്കാണുകയാണ് അദ്ദേഹം. ഭാഷകനെ സംബന്ധിച്ചിടത്തോളം സൂചക സൂചിത ബന്ധം സംപൃക്തമാകയാൽ സൊസ്യൂറിന്റെ സൂചക-സൂചിത ദ്വന്ദ്വസങ്കല്പനങ്ങളേയും യാക്കോബ്സൻ നിരാകരിക്കുന്നു. അതുപോലെ തന്നെ മറ്റു ചിഹ്നങ്ങളുമായി ബന്ധപ്പെട്ട് ചിഹ്നങ്ങൾക്ക് അർത്ഥവ്യാവർത്തന ശേഷിയുണ്ടെന്ന സൊസ്സ്യൂറിന്റെ നിരീക്ഷണത്തേയും യാക്കോബ്സൻ തള്ളിക്കളയുന്നു.

സ്വനിമസങ്കല്പനം

തിരുത്തുക

1942-ൽ ആണ് |യാക്കോബ്സൺ തന്റെ സ്വനിമ സിദ്ധാന്തം അവതരിപ്പിച്ചത്. സ്വനിമം അവിഭാജ്യമാണെന്ന ട്രൂബെറ്റ് സ്കോയിയുടെ നിഗമനത്തെ യാക്കോബ്സൺ തിരുത്തുന്നുണ്ട്. സ്വനിമം സൃഷ്ടിക്കപ്പെടുന്നതു തന്നെ ഏതാനും ചില വ്യാവർത്തക സവിശേഷതകളിൽ നിന്നാണ്. ഈ വ്യാവർത്തകഘടകങ്ങളാണ് (distinctive features) ഏറ്റവും ചെറിയ ഭാഷാ ഘടകങ്ങൾ. സ്വനിമങ്ങളെ അദ്ദേഹം 'വ്യാവർത്തക സവിശേഷതകളുടെ വാഹനങ്ങൾ' എന്നാണ് വിളിക്കുന്നത്.[5]. സ്വനിമങ്ങളെ രൂപപ്പെടുത്തുന്ന മിനിമം സ്വനപരമൂലകത്തെയാണ് വ്യതിരിക്തസവിശേഷത എന്നു പറയുന്നത്. ഈ സവിശേഷതകളെ വേർതിരിച്ചെടുക്കുന്ന പഠനപദ്ധതിയാണ് ഫീച്ചർ ജ്യോമെട്രി. ട്രൂബെറ്റ് സ്ക്കോയിയോടൊപ്പം ഈ ആശയങ്ങൾ വികസിപ്പിക്കുന്നതിൽ യാക്കോബ്സൺ നിർണ്ണായക പങ്കുവഹിച്ചു. ഈ വ്യാവർത്തക സവിശേഷതകളെ നാദം/നാദരഹിതം എന്ന് ഭവത്തിന്റെയും അഭാവത്തിന്റേയും അടിസ്ഥാനത്തിലും ഉച്ചശ്രുതി/നീചശ്രുതി എന്നിങ്ങനെ ആപേക്ഷിക സ്ഥായിയുടെ അടിസ്ഥാനത്തിലും രണ്ട് തലത്തിലായിട്ടാണ് യാക്കോബ്സൺ പരിഗണിച്ചിട്ടുള്ളത്. സ്വനിമങ്ങൾ തമ്മിൽ ഒരു വ്യാവർത്തക സവിശേഷതയുടെയെങ്കിലും അടിസ്ഥാനത്തിൽ ഭേദമുണ്ടായിരിക്കണം. സ്വനിമത്തെ ശാബ്ദികാവയവങ്ങളോടും ശബ്ദത്തിന്റെ ഭൗതിക സവിശേഷതകളോടും ബന്ധിപ്പിച്ച് മൂർത്തമായി അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഭാഷാഘടനയുടെ ഏറ്റവും അടിസ്ഥാനപരമായ ഘടകം ഈ വ്യാവർത്തക സവിശേഷതകളാണെന്ന് യാക്കോബ്സൺ നിരീക്ഷിക്കുന്നു. സ്വനിമങ്ങളെ അപേക്ഷിച്ച് വ്യാവർത്തന സവിശേഷതകൾ ഭാഷയിൽ താരതമ്യേന കുറവാണ്. ഈ അടിസ്ഥാനപരമായ സവിശേഷതകളെ ഏതാനും ദ്വന്ദ്വപ്രതിയോഗങ്ങൾ വഴി യാക്കോബ്സൺ വിശദീകരിക്കുന്നു. കണ്ഠ്യം, ഓഷ്ഠ്യം, വർത്സ്യം, ദന്ത്യം എന്നിങ്ങനെയുള്ള നാലു വ്യഞ്ജന വർഗ്ഗങ്ങളെ മൊത്തം മുൻ/പിൻ എന്നും സാന്ദ്രം/ തീവ്രം എന്നും ഈരണ്ട് ദ്വന്ദ്വപ്രതിയോഗങ്ങളായി വിശദീകരിക്കുന്നു. (ഇത് അദ്ദേഹത്തിന് ദ്വന്ദ്വപ്രതിയോഗങ്ങളുടെ സൈദ്ധാന്തികൻ എന്ന പദവി നേടിക്കൊടുത്തു. പിന്നീട് ഘടനാവാദ ചിന്തയുടെ ഒരു വർഗ്ഗീകരണശീലമായി ഈ ദ്വന്ദ്വ പരികല്പനാരീതി മാറുകയുണ്ടായി.) ശിശുഭാഷയെപ്പറ്റിയുള്ള പഠനത്തിലൂടെ അദ്ദേഹം തന്റെ സിദ്ധാന്തം സ്പെക്ട്രോഗ്രാഫിക് വിശകലനങ്ങളിലൂടെ തെളിയിച്ചു. ശിശുക്കൾ ആദ്യമായി ഉച്ചരിക്കുന്നത്/pa/ എന്ന ശബ്ദമാണെന്ന് അദ്ദേഹം കണ്ടെത്തി. അതിൽ രണ്ട് അടിസ്ഥാന സ്വനങ്ങളാണുള്ളത്; ഒരു സ്വരവും ഒരു വ്യഞ്ജനവും. ഏറ്റവും ഊർജ്ജം ചെലവഴിച്ച് ഉച്ചരിക്കേണ്ട സ്വനമാണ് /a/. അതു പോലെ ഏറ്റവും കുറച്ച് മാത്രം ഊർജ്ജം ചെലവഴിച്ച് ഉച്ചരിക്കാവുന്ന സ്വനമാണ് /p/. ഇങ്ങനെ സ്വരവ്യഞ്ജനസംയുക്തങ്ങളായി ഉച്ചരിക്കാനാവശ്യമായ ഊർജ്ജത്തിന്റെ കാര്യത്തിലും തികച്ചും വിരുദ്ധമായ സവിശേഷതകളായിട്ടാണ് ശിശുക്കളിൽ ആദ്യത്തെ ഭാഷാശബ്ദം ഉണ്ടാകുന്നത്. ഈ പ്രഥമ ശബ്ദത്തിനു ശേഷം സൃഷ്ടിക്കപ്പെടുന്നത് നാസികം/നാസരഹിതം എന്നിവയും ഓഷ്ഠ്യം/ദന്ത്യം ( /p/,/t/ )എന്നിവയുമാണ് . ഇതിൽ /p/ താഴ്ന്ന ആവൃത്തിയിലും /t/ ഉയർന്ന ആവൃത്തിയിലും ഊർജ്ജം ആവശ്യപ്പെടുന്ന സ്വനങ്ങളാണ്. അതിനാൽ ശിശുക്കളിലെ ഭാഷാർജ്ജനത്തിന്റെ ആദ്യഘട്ടത്തിൽ /p/, /t/ ,/a/ എന്നീ മൂന്നു പ്രാഥമിക സ്വനങ്ങൾ ചേർന്ന ഒരു ത്രികോണത്തെയും യാക്കോബ്സൺ സങ്കല്പിക്കുന്നു. പ്രാഥമിക സ്വര-വ്യഞ്ജന ത്രികോണം എന്ന് ഇതിനെ കണക്കാക്കുന്നു. വിപരീതദ്വന്ദ്വങ്ങളിൽ വർത്തിക്കുന്ന ഈ ത്രികോണത്തിലാണ് പിന്നീട് എല്ലാ ഭാഷാശബ്ദങ്ങളും അടിസ്ഥാനപരമായി ഉള്ളടക്കം ചെയ്യപ്പെടുന്നത്. അതിനാൽ ലളിതമായ ഈ ഘടനയിൽ നിന്ന് സങ്കീർണ്ണങ്ങളായ സ്വരങ്ങളുടേതും വ്യഞ്ജനങ്ങളുടേതുമായ പല രൂപങ്ങൾ പിന്നീട് പ്രത്യക്ഷപ്പെടുന്നു. സങ്കീർണ്ണമായ സ്വനിമ ഘടന ലളിതമായ ചില പ്രാഥമിക ഘടനകളിൽ നിന്ന് രൂപപ്പെടുന്നതാണെന്ന് ശിശുഭാഷയുടെ വികാസത്തെ സ്പെക്ട്രോഗ്രാഫിക്ക് വിശകലനത്തിലൂടെ സ്ഥാപിച്ച് തെളിയിക്കുവാൻ യാക്കോബ്സന് കഴിഞ്ഞു. അതിനായി അദ്ദേഹം രൂപപ്പെടുത്തിയ ത്രികോണസങ്കല്പവും അങ്കിത തത്ത്വവും പിന്നീട് ലെവിസ്ട്രോസ് നരവംശശാസ്ത്രപഠനത്തിന്റെ ആധാരശിലയാക്കി മാറ്റുകയുണ്ടായി.

അങ്കിത തത്ത്വം

തിരുത്തുക

അടിസ്ഥാനപരമായ ദ്വന്ദ്വപ്രതിയോഗങ്ങളിൽ യാക്കോബ്സൻ ആരോപിച്ച ഒരു സവിശേഷസ്വഭാവമാണ് അങ്കിതവും അനങ്കിതവും(marked/unmarked). ദ്വിമുഖമായ പ്രതിയോഗികങ്ങളിലൊന്നിനെ സമൂഹം അങ്കിതം എന്നും മറ്റേതിനെ അനങ്കിതം എന്നും മൂല്യകല്പന ചെയ്യുന്നു. അനങ്കിതമായ ധ്രുവത്തിന് മുൻഗണന നൽകുന്ന ഒരു ശ്രേണീകരണം സമൂഹത്തിൽ നടക്കുന്നുണ്ട്. അനങ്കിതമായതിനെ സ്വാഭാവികവും സാധാരണവും ശരിയുമായി കണക്കാക്കുന്ന മൂല്യകല്പനയാണിത്. അങ്കിതമായതിനെ വ്യത്യസ്തമായും അസാധാരണമായും കണക്കാക്കുന്നു. ആൺ/പെൺ ദ്വന്ദ്വങ്ങൾക്ക് സമൂഹം കല്പിക്കുന്ന സ്ഥാനവും പദവിയും ഈ അങ്കിതതത്വത്തിന്റെ അടിസ്ഥാനത്തിൽ വിശകലനം ചെയ്താൽ ആണിനു ലഭിക്കുന്ന മൂല്യം ഉയർന്നതാണെന്നു കാണാം . യാക്കോബ്സന്റെ ഈ അങ്കിത തത്ത്വത്തെ ലെവിസ്ട്രോസും ബാർത്തും സ്ത്രീവാദികളും പിന്നീട് തങ്ങളുടെ വിശകലനങ്ങൾക്കായി ഉപയോഗപ്പെടുത്തുകയുണ്ടായി.

സ്വനിമത്തെ അടിസ്ഥാനമാക്കി ചിഹ്നസങ്കല്പത്തെ വിമർശിക്കുന്നു

തിരുത്തുക

ഭാഷയിൽ അർത്ഥവ്യത്യാസം സൃഷ്ടിക്കുന്നത് സ്വനിമങ്ങളാണെന്ന് സ്വനിമ സിദ്ധാന്തം വ്യക്തമാക്കുന്നു. അർത്ഥ വ്യാവർത്തനത്തിന് ശേഷിയുണ്ടെങ്കിലും സ്വനിമത്തിന് സ്വന്തമായി സൂചകത്വമില്ല. സൂചകമുണ്ട് എന്നാൽ സൂചിതമില്ല. അതാണ് സ്വനിമത്തിന്റെ സവിശേഷത. ഈ സവിശേഷത സ്വനിമത്തിന് ഭാഷാവ്യവസ്ഥയിൽ നിർണ്ണായകമായ പദവി നേടിക്കൊടുക്കുന്നു. സ്വനിമസിദ്ധാന്തത്തിന്റെ വെളിച്ചത്തിൽ 'വ്യത്യാസങ്ങളല്ലാതെ ഭാഷയിൽ സ്വയം നിർണ്ണയിക്കാവുന്ന ഘടകങ്ങളില്ല' എന്ന സൊസ്യൂറിന്റെ പ്രഖ്യാപനത്തെ അദ്ദേഹം വിമർശന വിധേയമാക്കുന്നു. സ്വനിമം സ്വയം സൂചകമല്ലാത്ത സ്വയം നിർണ്ണയത്വമുള്ള ഘടകമാണ്. വ്യതിരിക്തത എന്നത് സ്വനിമത്തിന്റെ സവിശേഷതയാണ്. അതിനെ ചിഹ്നത്തിലേക്ക് ആരോപിക്കുന്നത് തെറ്റാണെന്നാണ് യാക്കോബ്സന്റെ വാദം. സ്വനിമ തലത്തിലെ വ്യതിരിക്തതകളാണ് അർത്ഥവ്യത്യാസത്തിനു കാരണമാകുന്നതെങ്കിൽ സൂചകങ്ങൾ തമ്മിലുള്ള അന്തരമാണ് അർത്ഥവ്യത്യാസത്തിനു കാരണമാകുന്നതെന്ന സൊസ്യൂറിന്റെ സിദ്ധാന്തത്തിന് അടിത്തറയറ്റു പോകും. സ്വയമേ ഒരു ചിഹ്നമല്ലാത്ത സ്വനിമത്തിനു മാത്രം സംഗതമായ അർത്ഥവ്യാവർത്തക ധർമ്മത്തെ ചിഹ്നങ്ങളിലേക്കു കൂടി വ്യാപിപ്പിച്ചതാണ് സൊസ്യൂറിന്റെ തെറ്റ്. അതുകൊണ്ട് യാക്കോബ്സന്റെ വീക്ഷണത്തിൽ പദങ്ങൾക്ക് ഒറ്റയ്ക്കൊറ്റയ്ക്ക് അർത്ഥമില്ലെന്ന സൊസ്യൂറിന്റെ വാദം അത്ര പ്രസക്തമായ ഒന്നല്ല. പദ(ചിഹ്ന)ങ്ങൾക്ക് സ്വന്തം അർത്ഥമുണ്ട് . അതിനെ വ്യാവർത്തിപ്പിക്കുന്നത് മറ്റു ചിഹ്നങ്ങളല്ല മറിച്ച് സ്വനിമങ്ങളാണ്.[6].

ഭാഷാ അക്ഷങ്ങൾ

തിരുത്തുക

പോളിഷ് ഭാഷാശാസ്ത്രജ്ഞനായ ക്രൂസേവ്സ്കിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് യാക്കോബ്സൻ അവതരിപ്പിച്ച ഒരു സങ്കല്പനമാണ് ഭാഷാഅക്ഷം അഥവാ ഭഷാധ്രുവം. സൊസ്യൂറിന്റേതിനു സമാനമായി ഭാഷയ്ക്ക് സവിശേഷമായ രണ്ട് അക്ഷങ്ങളുണ്ട് എന്നതാണ് ഈ സങ്കല്പനം. ലംബമായതിനെ രൂപകപരം എന്നും തിരശ്ചീനമായതിനെ ഉപാദാനപരം എന്നും അദ്ദേഹം കണക്കാക്കുന്നു. അഫാസിയയുമായി ബന്ധപ്പെട്ട ഒരു പഠനത്തിലാണ് അദ്ദേഹം ഭാഷയുടെ ഈ സവിശേഷതയെപ്പറ്റി നിരീക്ഷിച്ചിട്ടുള്ളത്. ഭാഷകസമൂഹം ഭാഷയ്ക്കുള്ളിൽ നിരന്തരം ചെയ്തുകൊണ്ടിരിക്കുന്ന ചില ഇടപെടലുകളാണ് രൂപകം/ഉപാദാനം(metaphor/ metonymy) എന്നീ പേരുകളിൽ നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്. ഭാഷാപരമായ സ്മൃതിനഷ്ടം(അഫാസിയാ) എന്ന സവിശേഷ പ്രശ്നം നേരിടുന്നവർ ഭാഷാപരമായ ചില വൈകല്യങ്ങൾ പ്രദർശിപ്പിക്കുന്നു. ഈ ഭാഷണ വൈകല്യത്തിൽ സാദൃശ്യപരമായ തകരാറ് (similarity disorder) തുടർച്ചാപരമായതകരാറ് (contiguity disorder) എന്നിങ്ങനെ രണ്ടുതരം ക്രമക്കേടുകളാണ് സംഭവിക്കുന്നത്. സാദൃശ്യപരമായ തകരാറിൽ, വേണ്ട പദം വേണ്ട സ്ഥാനത്ത് പ്രയോഗിക്കാൻ കിട്ടാതെ വരുന്നു. കത്തിക്കു പകരം ഫോർക്ക് എന്നും തീക്ക് പകരം പുക എന്നും അഫാസിയ ബാധിച്ചവർ പ്രയോഗിക്കുന്നു. പദങ്ങൾ മാറിപ്പോകുന്ന അവസ്ഥയാണിത്. ഭാഷയിലെ തുടർച്ചാപരമായ തകരാറ് അഥവാ കണ്ടിഗ്വിറ്റി ഡിസോർഡർ എന്നത്, ഒരു വാക്കിനു ശേഷം പ്രയോഗിക്കേണ്ട വാക്കുകൾ കിട്ടാതെ വരുന്ന അവസ്ഥയാണ്. തന്മൂലം വാക്യരചന സാദ്ധ്യമല്ലാതെ വരുന്നു. നിരർത്ഥകമായ കുറേ പദങ്ങളുടെ കൂട്ടം മാത്രമായി ഇവിടെ വാക്യം മാറുന്നു.ഈ പ്രതിഭാസത്തെപ്പറ്റിയുള്ള പഠനമാണ് കാവ്യഭാഷയെ മൊത്തത്തിൽ തന്നെ ഭരിക്കുന്നതും ഭാഷയിലെ സർവസാധാരണമായ പ്രയോഗരീതിയായി കാണപ്പെടുന്നതുമായ രൂപകം/ഉപാദാനം എന്നീ ഭാഷാസവിശേഷതകൾ കണ്ടെത്തുന്നതിലേക്ക് നയിച്ചതും. 'സാദൃശ്യപരമായ ഭാഷാതകരാറിന് മെറ്റഫറുംം, ഉപാദാനപരമായ തകരാറിന് മെറ്റോണിമിയും തീർത്തും അന്യമായിരിക്കും' എന്ന് യാക്കോബ്സൺ നിരീക്ഷിക്കുന്നു[7]. ഇതിനെ അടിസ്ഥാനപ്പെടുത്തി പിൽക്കാല പഠനങ്ങളിലൂടെ യാക്കോബ്സൻ സൊസ്യൂറിന്റെ സാദൃശ്യപരമായതലം/ വിന്യസനപരമായ തലം എന്നീ ദ്വന്ദ്വസങ്കല്പനത്തിന് സമാനമായി രൂപകം/ഉപാദാനം എന്നീ ദ്വന്ദ്വസങ്കല്പനത്തെ വികസിപ്പിച്ച് ആവിഷ്കരിച്ചു. ഭാഷയിൽ തെരഞ്ഞെടുപ്പിലൂടെയും കൂട്ടിച്ചേർക്കലിലൂടെയുമാണ് ഭാഷാവ്യവഹാരങ്ങൾ നടക്കുന്നത് (selection and combination) എന്നാണ് ഈ സങ്കല്പനങ്ങൾക്കു പിന്നിലുള്ള തത്ത്വം. രൂപകത്തിൽ ഒരു പദത്തിനു പകരം മറ്റൊരു പദം പ്രയോഗിക്കുകയാണ് ചെയ്യുന്നത്. ജീവിതത്തിന് പകരം സാഗരം എന്ന പദം പ്രയോഗിക്കുന്നത് ജീവിതത്തിന്റെ മിക്ക സവിശേഷതകളും പ്രകാശിപ്പിക്കാൻ കഴിയുന്ന ഒരു പദം അഥവാ ആശയം എന്ന നിലയിലാണ്. അത് രൂപകമാണ്. എന്നാൽ മെറ്റോണിമിയിൽ അഥവാ ഉപാദാനത്തിൽ പൂർണ്ണമായ ഒന്നിനെ അതിന്റെ ഒരു ഭാഗം കൊണ്ടു പ്രതിനിധീകരിക്കുന്ന രീതിയാണുള്ളത്. അതായത് കുന്തം സൈനികനെ പ്രതിനിധീകരിക്കുന്നു. ഭാഗികമായവയുടെ പ്രതിനിധീകരണത്തിലൂടെ പൂർണ്ണമായതിനെ ചിത്രീകരിക്കുന്ന കാവ്യഭാഷയെ മനസ്സിലാക്കാൻ യാക്കോബ്സന്റെ ഈ ഭാഷാധ്രുവ സങ്കല്പനം സഹായകരമായിട്ടുണ്ട്.1958-ൽ ഒരു കോൺഫറൻസിൽ അവസാനത്തേതായി അവതരിപ്പിച്ച ഒരു പ്രബന്ധത്തിൽ അദ്ദേഹം പ്രഖ്യാപിച്ചു: "സാദൃശ്യങ്ങളിൽ നിന്നുള്ള തെരഞ്ഞെടുപ്പിന്റെ ഒരു തലത്തിൽ നിന്ന് കൂട്ടിച്ചേർക്കലുകളുടേതായ ഒരു തലത്തിലേക്കുള്ള ഭാഷയുടെ മാറ്റമാണ് കാവ്യധർമ്മം" , അതായത് കാവ്യഭാഷ മെറ്റഫറിന്റേയും ഗദ്യഭാഷ മെറ്റോണിമിയുടേയും സൃഷ്ടിയാണെന്നാണ് അദ്ദേഹത്തിന്റെ വാദം[8] .ഭാഷയെ കുറുക്കിയെടുക്കുന്ന മെറ്റോണിമിയെന്ന സങ്കല്പനത്തിന് ഫ്രോയ് ഡിന്റെ സ്വപ്നവ്യാഖ്യാനത്തിലെ കണ്ടൻസേഷൻ എന്ന സങ്കേതവുമായും രൂപകത്തിന് ഡിസ്പ്ലേസ്മെന്റ് എന്ന സങ്കേതവുമായും ബന്ധമുണ്ടെന്നും അതിനാൽ അബോധം ഭാഷയുടെ ഘടനയിലാണ് നിർമ്മിതമായിരിക്കുന്നതെന്നുമുള്ള ഴാക്ക് ലക്കാന്റെ നിരീക്ഷണത്തിന്റെ അടിസ്ഥാനാശയം വികസിച്ചു വന്നത് യാക്കോബ്സന്റെ രൂപകം/ഉപാദാനം എന്നീ സങ്കല്പനങ്ങളിൽ നിന്നാണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

  1. രാധിക സി.നായർ , സമകാലിക സാഹിത്യസിദ്ധാന്തം : ഒരു പാഠപുസ്തകം, 2007 പുറം 20 കറന്റ് ബുക്സ് കോട്ടയം
  2. സി. ജെ ജോർജ്ജ് , ചിഹ്നശാസ്തവും ഘടനാവാദവും 2001 പുറം50-51, ഡി.സി ബുക്സ് കോട്ടയം
  3. മലയാളം ബ്രിട്ടാണിക്ക എൻസൈക്ലോപ്പീഡിയ (2003), വാല്യം 3 പുറം. 1850, ഡി.സി. ബുക്സ് കോട്ടയം
  4. Susana Onega, Structuralism and narrative poetics(essay) , from Literary theory and criticism(2006) p263 , An Oxford Guide , Edited by Patricia Waugh, Oxford University Press
  5. സി. ജെ ജോർജ്ജ് , ചിഹ്നശാസ്തവും ഘടനാവാദവും 2001 പുറം56, ഡി.സി ബുക്സ് കോട്ടയം
  6. സി. ജെ ജോർജ്ജ് , ചിഹ്നശാസ്തവും ഘടനാവാദവും 2001 പുറം50-52 , ഡി.സി ബുക്സ് കോട്ടയം
  7. John Anthony Cuddon, Claire Preston, Dictionary of Literary Terms and Theory (Russian formalism) P.352 (1992) Penguin books
  8. Susana Onega, Structuralism and narrative poetics(essay) , from Literary theory and criticism(2006) p2634, An Oxford Guide , Edited by Patricia Waugh, Oxford University Press



"https://ml.wikipedia.org/w/index.php?title=റോമൻ_യാക്കോബ്സൺ&oldid=3711135" എന്ന താളിൽനിന്ന് ശേഖരിച്ചത്