ഫെർഡിനാൻഡ് ഡി സൊസ്യൂർ

(Ferdinand de Saussure എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഫെർഡിനാൻഡ് ഡെ സൊസ്യൂർ (pronounced [fɛʁdinɑ̃ də soˈsyːʁ]) (നവംബർ 26,1857ഫെബ്രുവരി 22,1913) ആധുനികഭാഷാശാസ്ത്രത്തിന്റെ രൂപവത്കരണത്തിൽ മുഖ്യപങ്കു വഹിച്ച സ്വിസ് ഭാഷാശാസ്ത്രജ്ഞനാണ്. 20-ആം നൂറ്റാണ്ടിൽ ഭാഷാശാസ്ത്രത്തിനുണ്ടായ ഒട്ടേറെ വികാസപരിണാമങ്ങൾക്ക് അടിസ്ഥാനമായത് ഇദ്ദേഹത്തിന്റെ ആശയങ്ങളാണ്. സൊസ്സൂർ ഭാഷാശാസ്ത്രരംഗത്ത് അവതരിപ്പിച്ച ചില പരികല്പനകളാണ് ഘടനാവാദത്തിന് വിത്തുപാകിയത്. ഈ ഭാഷാശാസ്ത്രപരികല്പനകൾ പിന്നീട് സാഹിത്യം, നരവംശശാസ്ത്രം, മനഃശാസ്ത്രം ,ഫാഷൻപഠനം മുതലായ മറ്റു സംസ്കാരപഠനമേഖലകളെയും ആഴത്തിൽ സ്വാധീനിക്കുകയുണ്ടായി. 1940 കളിൽ റോമൻ യാക്കോബ്സൺ എന്ന റഷ്യൻ-പ്രാഗ് ഭാഷാശാസ്ത്രജ്ഞന്റെ അമേരിക്കൻ സന്ദർശനമാണ് ഘടനാവാദത്തിന്റെ ആശയങ്ങൾ അമേരിക്കയിലും പിന്നീട് ക്ലോദ് ലെവിസ്ട്രോസ് വഴി ഫ്രാൻസിലും യൂറോപ്പിലൊട്ടാകെയും എത്തിച്ചത്.

Ferdinand de Saussure.
കാലഘട്ടം19-ആം നൂറ്റാണ്ടിലെ തത്ത്വചിന്ത
പ്രദേശംപാശ്ചാത്യ തത്ത്വചിന്ത
ചിന്താധാരഘടനാവാദം, അർത്ഥവിജ്ഞാനം
പ്രധാന താത്പര്യങ്ങൾഭാഷാശാസ്ത്രം
ശ്രദ്ധേയമായ ആശയങ്ങൾഘടനാവാദം, അർത്ഥവിജ്ഞാനം

ജീവിതരേഖ

തിരുത്തുക

1857-ൽ ജനീവയിൽ ജനിച്ച സൊസ്യൂർ ബാല്യം മുതൽക്കേ അസാധാരണമായ പ്രതിഭയും ബുദ്ധിശക്തിയും പ്രകടിപ്പിച്ചിരുന്നു. ജനീവ സർവ്വകലാശാലയിൽ 1 വർഷം ലത്തീൻ‍, ഗ്രീക്ക്, സംസ്കൃതം തുടങ്ങി വിവിധ വിഷയങ്ങൾ പഠിച്ച ശേഷം 1876-ൽ ലെയ്പ്സിഗ് സർവ്വകലാശാലയിൽ ബിരുദപഠനം ആരംഭിച്ചു. രണ്ടു വർഷങ്ങൾക്കു ശേഷം, 21-ആം വയസ്സിൽ ബർലിനിൽ പഠിക്കുന്ന കാലത്ത് (തന്റെ) ഏക സമ്പൂർണ്ണകൃതിയായ ഇൻഡോ-യൂറോപ്യൻ ഭാഷകളിലെ സ്വരവ്യവസ്ഥയെക്കുറിച്ചുള്ള വിശകലനം(Memoire on the Primitive Vowel System in Indo-European Languages) എന്ന പുസ്തകം രചിച്ചു. 1880-ൽ അദ്ദേഹം സംസ്കൃതത്തിലെ ഷഷ്ഠീവിഭക്തിയെക്കുറിച്ചുള്ള പ്രബന്ധത്തിന് (Genitive case in Sanskrit)ഗവേഷകബിരുദം നേടി. പാരീസിലേക്ക് താമസം മാറിയ അദ്ദേഹം 11 വർഷത്തെ അദ്ധ്യാപനത്തിനു ശേഷം 1891-ൽ ജനീവയിലേക്ക് മടങ്ങി. ശേഷിച്ച കാലം ജനീവ സർവ്വകലാശാലയിൽ സംസ്കൃതവും ഇൻഡോ-യൂറോപ്യൻ ഭാഷകളും പഠിപ്പിക്കുകയായിരുന്നു. 1906-നു ശേഷമാണ് സാമാന്യഭാഷാശാസ്ത്രത്തിൽ അദ്ദേഹം അദ്ധ്യാപനം നടത്തുന്നത്. 1913-ൽ മരിക്കുന്നതുവരെ അദ്ദേഹത്തിന്റെ സവിശേഷശ്രദ്ധ ഇതിലായിരുന്നു.

സസുർ അവതരിപ്പിച്ച ചില ദ്വന്ദങ്ങൾ, ഉദാഹരണമായി ലാങ്ഗ്-പരോൾ (Langue and Parole), സൂചകം-സൂചിതം (Signifier and signified ), രേഖീയം-ലംബമാനം തുടങ്ങിയ സങ്കൽപ്പനങ്ങൾ ഭാഷാശാസ്ത്രത്തിലും ഘടനാവാദത്തിലും അടിസ്ഥാന സങ്കേതങ്ങളായി.

കോഴ്സ് ഇൻ ജെനറൽ ലിങ്ഗ്വിസ്റ്റിക്സ്

തിരുത്തുക

ഘടനാവാദം

സൊസ്യൂറിന്റെ മരണശേഷം 1916-ൽ ശിഷ്യരായ ചാൾസ് ബേലി(Charles Bally)യും ആൽബർട്ട് സെഷിഹെ(Albert Sechehaye)യും ജനീവ സർവ്വകലാശാലയിൽ അദ്ദേഹം നൽകിയ ലക്‌ചർ നോട്ടുകൾ സമാഹരിച്ചതാണ് പ്രശസ്തമായിത്തീർന്ന കോഴ്സ് ഇൻ ജെനറൽ ലിങ്ഗ്വിസ്റ്റിക്സ് (Cours de linguistique générale) എന്ന പുസ്തകം. 20-ആം നൂറ്റാണ്ടിലെ ഭാഷാശാസ്ത്രചിന്തകൾക്ക് വിത്തിട്ട സുപ്രധാന കൃതികളിൽ ഒന്നായ ഇത്, സൊസ്യൂർ ഭാഷാപ്രതിഭാസത്തെ ചർച്ച ചെയ്യാൻ ഉപയോഗിച്ച പുത്തൻ സമീപനരീതി കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. ഭാഷ എങ്ങനെ വ്യതിരിക്ത ഘടകങ്ങളുടെ ഒരു സ്വീകൃതചിഹ്നവ്യവസ്ഥയാകുന്നു എന്ന് വിശകലനം ചെയ്യുകയാണ് സൊസ്യൂർ ഈ കൃതിയിലൂടെ. സൂചകങ്ങളും സൂചിതങ്ങളും ചേർന്നതാണ് ഭാഷ എന്ന ചിഹ്നവ്യവസ്ഥ.

1996-ൽ ജനീവയിലെ വീട്ടിൽ നിന്നു കണ്ടെടുത്തു പ്രസിദ്ധീകരിച്ച സാമാന്യഭാഷാശാസ്ത്രത്തെ സംബന്ധിച്ച പ്രബന്ധങ്ങ‍( Writings in General Linguistics)ളി‍‍ൽ സൊസ്യൂറിന്റെ ആശയങ്ങൾ കൂടുതൽ വിശദമാകുന്നു.


സൊസ്യൂറിന്റെ സ്വാധീനം

തിരുത്തുക

സൊസ്യൂറിന്റെ സിദ്ധാന്തങ്ങളാണ് പിൽക്കാലത്ത് ബെഞ്ചമിൻ ലീവോർഫ്, ലൂയി ജെംസ്ലേവ് , തുടങ്ങിയവരുടെ പഠനങ്ങൾക്ക് അടിത്തറയായത്. നിക്കോളാസ് എസ് . ട്രൂബറ്റ് സ്കോയ്, റോമൻ യാക്കോബ്സൺ എന്നീ ഭാഷാശാസ്ത്ര ചിന്തകന്മാരും സൊസ്സൂറിൽ നിന്ന് പ്രചോദനം നേടിയവരാണ്. ഭാഷാശാസ്ത്രത്തിൽ മാത്രമല്ല ക്ലോദ് ലെവിസ്ട്രോസിലൂടെ നരവംശശാസ്ത്രത്തിലും റൊളാങ്ങ് ബാർത്തിലൂടെ സാഹിത്യം മറ്റു ഭാഷാ സാംസ്കാരിക മേഖലകൾ എന്നിവയിലും സൊസ്സൂറിന്റെ സ്വാധീനം പ്രകടമായി.

"https://ml.wikipedia.org/w/index.php?title=ഫെർഡിനാൻഡ്_ഡി_സൊസ്യൂർ&oldid=3709226" എന്ന താളിൽനിന്ന് ശേഖരിച്ചത്