റാഷമോൺ

(Rashomon (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അകിര കുറൊസാവ സംവിധാനം ചെയ്ത്, 1950-ൽ പുറത്തിറങ്ങിയ ഒരു ജാപ്പനീസ് ചലച്ചിത്രമാണ് റാഷോമോൻ. തൊഷീരൊ മിഫൂൻ, മസായുകി മോറി, മചീകോ ക്യോ, തകാശി ഷിമൂറ എന്നിവരാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

റാഷമോൺ
Japanese Original Poster
സംവിധാനംഅകിര കുറൊസാവ
നിർമ്മാണംMinoru Jingo
രചനShort Stories:
അകുതാഗാവ ര്യൂനോസുകേ
Screenplay:
അകിര കുറൊസാവ,
Shinobu Hashimoto
അഭിനേതാക്കൾToshirō Mifune,
Masayuki Mori,
Machiko Kyō,
Takashi Shimura,
Minoru Chiaki
സംഗീതംFumio Hayasaka
ഛായാഗ്രഹണംKazuo Miyagawa
ചിത്രസംയോജനംഅകിര കുറൊസാവ
സ്റ്റുഡിയോDaiei
വിതരണംജപ്പാൻ:
Daiei
അമേരിക്ക:
RKO Radio Pictures
റിലീസിങ് തീയതിജപ്പാൻ:
ആഗസ്റ്റ് 25, 1950
അമേരിക്ക:
ഡിസംബർ 26, 1951
രാജ്യംജപ്പാൻ
ഭാഷജാപ്പനീസ്
ബജറ്റ്$250,000
സമയദൈർഘ്യം88 മിനുട്ടുകൾ

1951-ൽ വെനീസ് ചലച്ചിത്രോത്സവത്തിൽ റാഷോമോൺ ഗോൾഡൻ ലയൺ' പുരസ്കാരം നേടിയതോടെയാണു ഈ ജപ്പാനീസ് സിനിമ ലോകത്തിന്റെ മുഴുവൻ ശ്രദ്ധ പിടിച്ചു പറ്റിയത്. 24-ആം അക്കാദമി അവാർഡുകളിൽ ഈ ചിത്രത്തിന് അക്കാദമി ഓണററി പുരസ്കാരവും ലഭിക്കുകയുണ്ടായി.

കഥാസംഗ്രഹം തിരുത്തുക

'റാഷോമോൺ' ലളിതമായ ബാഹ്യഘടനയും ആന്തരിക ലോകവുമുള്ള സൃഷ്ടിയാണ്. അകുതഗാവ എന്ന ജപ്പാനീസ് കഥാകൃത്തിൻറെ രണ്ട് പ്രശസ്ത കഥകൾ കൂട്ടിച്ചേർത്താണ് കുറസോവ തൻെറ ചലച്ചിത്രം സൃഷ്ടിച്ചത്. `റാഷോമോൺ' സത്യത്തിൻെറ ആപേക്ഷികതയെ അവതരിപ്പിക്കുന്നു. ഒരേ വസ്തു നാലു പേരിലൂടെ പറയപ്പെടുമ്പോൾ നാലു പ്രകാരമായി മാറുന്നു. ഇവിടെ സംഭവിക്കുന്നത് ഒരു ബലാത്സംഗവും കൊലപാതകവുമാണ്. 'റാഷോമോൺ' ഗേറ്റിൽ മഴ തോരുന്നതും കാത്തിരിക്കുന്ന മൂന്ന് പേരുടെ സംഭാഷണത്തിലൂടെയാണ് ഈ സംഭവത്തെക്കുറിച്ച് നാമറിയുന്നത്. അവരും അക്കഥ പറയുകയല്ല; കോടതിയിൽ നടന്ന കേസു വിസ്താരത്തിനിടെ പറഞ്ഞു കേട്ടതെന്ന നിലക്കാണ് അവരത് അവതരിപ്പിക്കുന്നത്.

കൊലയാളിയുടെ കഥ തിരുത്തുക

കൊലയാളിയായ തജോമാറു (അതുല്യ നടനും കുറസോവയുടെ അപരസ്വത്വമായി കണക്കാക്കപ്പെടുന്നയാളുമായ തൊഷിറോ മിഫ്യൂൺ ആണ് കൊലയാളിയെ അവതരിപ്പിക്കുന്നത്) പറയുന്നത് താൻ പുരുഷനെ മരത്തിൽ കെട്ടിയിടുകയും സ്ത്രീയെ കീഴ്‌പെടുത്തുകയും ചെയ്തു എന്നാണ്. തുടർന്ന്, അപമാനിതയായ അവൾ തന്നെയാണത്രെ ഭർത്താവിനെ കൊന്നു കളയാൻ തജോമാറുവിനോട് ആവശ്യപ്പെട്ടത്. എന്നിട്ടും ചതിച്ചു കൊല്ലുന്നതിനു പകരം ദ്വന്ദ്വയുദ്ധം നടത്തിയതിശേഷമാണ് താൻ അയാളെ കൊന്നതെന്നാണയാൾ പറയുന്നത്. സ്ത്രീ ഓടിപ്പോവുകയും ചെയ്തു.

ഭാര്യയുടെ കഥ തിരുത്തുക

സമുറായിയുടെ ഭാര്യ പറയുന്നതാവട്ടെ അപമാനിതയായ താൻ ഭർത്താവിൻെറ കാൽക്കൽ വീണ് താൻ തെറ്റുകാരിയല്ലെന്നും തന്നോട് ക്ഷമിക്കണമെന്ന് അപേക്ഷിക്കുകയായിരുന്നു എന്നാണ്. എന്നാലയാൾ തണുത്തുറഞ്ഞ മനോഭാവത്തോടെ അവളെ അവഗണിക്കുകയായിരുന്നു. അയാൾ തുടർന്നും മരവിച്ചതു പോലെ നിന്നപ്പോൾ കയ്യിൽ കത്തിയും പിടിച്ച് താൻ കുഴഞ്ഞ് വീഴുകയാണ് ചെയ്തത്. പിന്നീട് ബോധം തെളിഞ്ഞപ്പോഴാണ് വാൾ നെഞ്ച്ത്ത് തറച്ച് ഭർത്താവ് മരിച്ചു കിടക്കുന്നത് കണ്ടത്. ഒരു പക്ഷേ താൻ കുഴഞ്ഞു വീണപ്പോൾ തൻെറ കയ്യിലുള്ള വാൾ ഭർത്താവിൻെറ ദേഹത്ത് തറച്ചതായിരിക്കുമെന്നാണ് അവൾ കരുതുന്നത്.

സാമുറായിയുടെ കഥ തിരുത്തുക

കൊല്ലപ്പെട്ട സമുറായിയുടെ പ്രേതം വിശ്വസ്ത മാധ്യമത്തിലൂടെ പറയുന്നതാകട്ടെ വിഭിന്നമായ മറ്റൊരു ഭാഷ്യമാണ്. ബലാത്സംഗത്തിശേഷം തന്നെ കൊല്ലാൻ ഭാര്യ കൊള്ളക്കാരനോട് ആവശ്യപ്പെട്ടു. ഇതു കേട്ട് കുപിതനായ കൊള്ളക്കാരൻ അവളെ ബന്ധിക്കുകയും തന്നോട് അവളെ വേണമെങ്കിൽകൊന്നു കളയാനും പറഞ്ഞു. ഇതു കേട്ട താൻ അപ്പോൾ തന്നെ കൊള്ളക്കാരനോട് ക്ഷമിച്ചു എന്നാണ് അയാൾ പറയുന്നത്. സ്ത്രീ ഓടി രക്ഷപ്പെടുകയും കൊള്ളക്കാരൻ പുറകെ ഓടിപ്പോവുകയും അപ്പോൾ താൻ സ്വയം കുത്തി മരിക്കുകയും ആയിരുന്നു.


വിറകുവെട്ടുകാരന്റെ കഥ തിരുത്തുക

അപ്പോൾ വിറകുവെട്ടുകാരൻ കഥയിലിടപെട്ട് താൻ മുൻപ് പറഞ്ഞ കഥ മാറ്റി യഥാർത്ഥ സംഭവം ഇപ്രകാരമാണെന്ന് പറയുന്നു. ബലാത്സംഗത്തിശേഷം കൊള്ളക്കാരൻ സ്ത്രീയോട് തന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെടുന്നു. അതിനുത്തരം പറയുന്നതിനുപകരം അവൾ കരഞ്ഞ് കൊണ്ട് ഭർത്താവിനെ കെട്ടഴിച്ചുവിട്ട് സ്വതന്ത്രനാക്കി. ഇത്തരം ഒരു സ്ത്രീക്കു വേണ്ടി മരിക്കാൻ തയ്യാറല്ലെന്നും വേണമെങ്കിൽ തൻെറ കുതിരയ്ക്കു വേണ്ടി താൻ മരിക്കാമെന്നുമാണ് ഭർത്താവ് അപ്പോൾ പറഞ്ഞത്. ഇത് കേട്ട് കൊള്ളക്കാരന് അവളിലുള്ള താത്പര്യം കൂട്ടുന്നു. ഈ മനോഭാവങ്ങൾ അവർ മൂവരും തമ്മിലുള്ള വാക്തർക്കത്തിലേക്ക് നയിക്കുന്നു. അവളാവശ്യപ്പെട്ടതു പ്രകാരം ദ്വന്ദ്വയുദ്ധത്തിലേർപ്പെട്ട അവരിലൊരാൾ കൊല്ലപ്പെടുന്നു.

സത്യം തിരുത്തുക

സംഭവത്തെക്കുറിച്ച് പരുടെയും വിവരണങ്ങളിൽ ഏതിലാണു സത്യം എന്നതിനെ ചൊല്ലി ഏറെ വാദപ്രതിവാദങ്ങൾ നടന്നിട്ടുണ്ട്. വാസ്തവത്തിൽ ഇതിലേതാണു സത്യം എന്ന ചോദ്യത്തിനു യാതൊരു സാംഗത്യവുമില്ല. അഹം ബോധത്തിൻെറ സാന്നിദ്ധ്യം കൊണ്ട് ഒന്നിനും പൂർണ സത്യമാകാൻ വയ്യ എന്നതാണു വസ്തുത. അല്ലെങ്കിൽ പൂർണസത്യം എന്നത് ആവിഷ്കരിക്കാൻ അസാധ്യമായ ഒന്നാണ്. പന്ത്രണ്ടാം നൂററാണ്ടിൽ പട്ടിണിയും ആഭ്യന്തര കലാപങ്ങളും കഥ നടക്കുന്ന നഗരത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ചിത്രാരംഭത്തിൽ പറയുന്നുണ്ട്. അങ്ങനെ ഒരു കാലഘട്ടം സംഭാവന ചെയ്യുന്ന ആശയക്കുഴപ്പവും അവിശ്വാസ്യതയുമാണ് ഈ സംഭവപരമ്പരകളിൽ കാണുന്നത്. ഈ കൂരിരുട്ടിൽ വിശ്വാസത്തിൻെറ, മനുഷ്യത്വത്തിൻെറ ചെറുതിരി തേടുകയാണ് പുരോഹിതൻ. അതയാൾക്ക് ലഭിക്കുന്നു എന്നു കാട്ടിക്കൊണ്ട് കുറോസോവ ചിത്രമവസാനിക്കുമ്പോൾ മനുഷ്യനന്മയിൽ ‍തനിക്കുള്ള വിശ്വാസം അദ്ദേഹം ആവർത്തിച്ചുറപ്പിക്കുന്നു.

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=റാഷമോൺ&oldid=3656593" എന്ന താളിൽനിന്ന് ശേഖരിച്ചത്