ടീറോക്ലൈഡിഫോമിസ്

(Pteroclidiformes എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു പക്ഷിഗോത്രം. ഇതിൽ ടീറോക്ലൈഡിഡേ എന്നൊരു കുടുംബത്തെ മാത്രം ഉൾപ്പെടുത്തിയിരിക്കുന്നു. ഈ ഗോത്രത്തിൽ ടീറോക്കിൾസ് (Pterocles), സിർഹാപ്ടെസ് (Syrrhaptes) എന്നീ രണ്ടു ജീനസ്സുകളിലായി പതിനാറ് പക്ഷി സ്പീഷീസുണ്ട്. ആഫ്രിക്ക, ഐബീരിയ, ഫ്രാൻസ്, പശ്ചിമേഷ്യൻ രാജ്യങ്ങൾ, ഇന്ത്യ, ചൈന എന്നിവിടങ്ങളിലായി ഈ ഗോത്രത്തിലെ പക്ഷികൾ വ്യാപിച്ചിരിക്കുന്നു. മരുഭൂമി, അർധമരുഭൂമി, പുൽമേടുകൾ, വരണ്ട സാവന്ന എന്നീ പ്രദേശങ്ങളിലാണ് ഇവയെ കൂടുതലായി കണ്ടുവരുന്നത്. ഈ ഗോത്രത്തിൽ 25 മുതൽ 50 സെ.മീ. വരെ നീളമുള്ള പക്ഷികളുണ്ട്; തൂക്കം 150 മുതൽ 400 ഗ്രാം വരെയും. 2012 ൽ കൊല്ലം ജില്ലയിൽ ഈ പറവയിനത്തെ കണ്ടതായി പത്ര വാർത്തകളുണ്ടായിരുന്നു.[1]

സാൻഡ് ഗ്രൂസ്
Double-banded Sandgrouse
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Infraclass:
Order:
Pteroclidiformes
Family:
Pteroclididae

Bonaparte, 1831
Genera

Pterocles
Syrrhaptes

പക്ഷികളുടെ തൂവലുകൾക്ക് പൊതുവെ മങ്ങിയ നിറമാണ്. കറുപ്പ്, വെളുപ്പ്, തവിട്ട്, തവിട്ടുപച്ച തുടങ്ങിയ നിറങ്ങളാണ് കൂടുതലായി ഇവയ്ക്കു കണ്ടുവരുന്നത്. ആൺപക്ഷികളുടെ ശരീരത്തിൽ കുത്തുകളോ പട്ടകളോ കാണപ്പെടുന്നു. ചെറിയ വിത്തുകളാണിവയുടെ പ്രധാന ആഹാരം. ചെടികളുടെ ഭാഗങ്ങൾ, കീടങ്ങൾ, ചെറിയ കക്കയിനങ്ങൾ എന്നിവയും ആഹാരമാക്കാറുണ്ട്.

തുറസ്സായ സ്ഥലങ്ങളിലോ കുറ്റിച്ചെടികൾക്കിടയിലോ ഉണങ്ങിയ സസ്യഭാഗങ്ങൾ, ചെറുകല്ലുകൾ എന്നിവ കൂട്ടിവച്ച് ഇവ കൂടുകളുണ്ടാക്കുന്നു. ഒരു പ്രജനന ഘട്ടത്തിൽ രണ്ടോ മൂന്നോ മുട്ടകൾ മാത്രമാണ് ഇവയിടുന്നത്. അല്പം നീണ്ട മുട്ടയുടെ രണ്ടഗ്രങ്ങളും ഉരുണ്ടിരിക്കും. ഇളം മഞ്ഞ കലർന്ന വെള്ള, ചാരം, പച്ച, പാടലം എന്നീ നിറങ്ങളുള്ള മുട്ടകളുണ്ട്. മുട്ടകളിൽ തവിട്ടുകുത്തുകളും ഉണ്ടാവും. 21 മുതൽ 31 ദിവസം വരെയാണ് അടയിരിപ്പുകാലം. 4 ആഴ്ച കൊണ്ടു കുഞ്ഞുങ്ങൾ പറക്കമുറ്റുന്നു. മണൽ ക്കോഴി

ഈ പക്ഷിഗോത്രത്തിലെ പ്രധാനയിനം മണൽ ക്കോഴികൾ (Sandgrous) ആണ്. ഇവയുടെ വിവിധയിനങ്ങളുമുണ്ട്. ഉരുണ്ടു തടിച്ച ശരീരം, ചെറിയ തല, കുറുകിയ കാലുകൾ എന്നിവയുള്ള മണൽ ക്കോഴികൾക്ക് പ്രാവിനങ്ങളുമായി ആകാര സാദൃശ്യമുണ്ട്. പക്ഷേ മണൽ ക്കോഴികളുടെ ശരീരത്തിലുള്ള വ്യക്തമായ കുത്തുകളും പട്ടകളും ഇവയെ വേഗം തിരിച്ചറിയാൻ സഹായിക്കുന്നു. മണൽ ക്കോഴികൾക്ക് ഒരു ഭക്ഷ്യ ഇനമായോ സ്പോർട്ട് ഇനമായോ വലിയ പ്രാധാന്യമില്ല. കായിക വിനോദങ്ങൾക്ക് ഉപയോഗപ്പെടുത്താമെന്ന ലക്ഷ്യത്തോടെ ഇന്ത്യ, പാകിസ്താൻ എന്നിവിടങ്ങളിൽനിന്നും അമേരിക്കയിലെ വരണ്ട ഭൂപ്രദേശങ്ങളിലേക്ക് ഇവയെ ഇറക്കുമതി ചെയ്ത് വളർത്താൻ ശ്രമിച്ചിരുന്നുവെങ്കിലും വിജയിച്ചില്ല.

അവലംബം തിരുത്തുക

  1. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=12020495&tabId=21[പ്രവർത്തിക്കാത്ത കണ്ണി]

അധിക വായനക്ക് തിരുത്തുക

പുറം കണ്ണികൾ തിരുത്തുക

സാൻഡ് ഗ്രൂസ് പക്ഷി കേരളത്തിലും [1][പ്രവർത്തിക്കാത്ത കണ്ണി]

ml:മണൽക്കോഴി

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടീറോക്ലൈഡിഫോമിസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടീറോക്ലൈഡിഫോമിസ്&oldid=3976648" എന്ന താളിൽനിന്ന് ശേഖരിച്ചത്