പുരാതന ഐബീരിയ

(ഐബീരിയ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാക്കസസ് പർ‌‌വതനിരകൾക്ക് തെക്ക് കരിംകടലിനും കസ്പിയൻ കടലിനും ഇടയ്ക്കുള്ള ഭൂഭാഗത്ത് നിലവിലിരുന്ന ഒരു പുരാതന രാജ്യം. ബി. സി. 6-4 ശതകങ്ങൾക്കിടയ്ക്ക് ഇത് സ്ഥാപിതമായി. ബി. സി. 65 വരെ സ്വതന്ത്രാവസ്ഥയിൽ തുടർന്ന ഐബീരിയയെ റോമൻ സൈന്യാധിപൻ ആയിരുന്ന പോം‌‌പീ (ബി. സി. 106-48) റോമാസാമ്രാജ്യത്തിന്റെ ആധിപത്യത്തിൻ കീഴിലാക്കി. എ. ഡി. 5-6 ശതകങ്ങളിലെ ബൈസാന്തിയൻ-സസ്സാനിയൻ അധികാരവടം‌‌വലികളിൽ ഐബീരിയയും ഭാഗഭാക്കായിരുന്നു. പിൽക്കാലത്തു പേർഷ്യയിലെ രാജാവായിരുന്ന കോസ്റോസ് I ഐബീരിയയിലെ രാജസ്ഥാനത്തെ അധികാരഭ്രഷ്ടമാക്കിയതോടെ ഈരാജ്യം നാമാവശേഷമായി. 8-ം ശതകത്തിനു ശേഷം ഐബീരിയ പ്രദേശം ജൊർജിയയോടു കൂട്ടിച്ചേർത്തു; ഐബീരിയയുടെ പിൽക്കാല ചരിത്രം ജോർജിയൻ എസ്. എസ്. ആർ ചരിത്രത്തിന്റെ ഭാഗമാണ്.[1]

18-ം നൂറ്റാണ്ടിലെ ഐബീരിയൻ പെനിൻസുലയുടെ ഭൂപടം

ഇന്നത്തെ ഐബീരിയ

തിരുത്തുക

ഇന്ന് ഐബീരിയ എന്നു വിളിക്കപ്പെടുന്നത് തെക്കുപടിഞ്ഞാറെ യൂറോപ്പിലെ സ്പെയിനും പോർച്ചുഗലും ഉൾപ്പെടുന്ന ഉപദ്വീപിനെ (Spanish peninsula) യാണ്. സ്പെയിനിന്റെ ദക്ഷിണ പൂർ‌‌വമേഖലകളെ ചാരിത്രാതീതകാലത്ത് അധിവസിച്ചിരുന്ന പ്രാകൃതജനവർഗത്തിന് (Pre-Celtish Neolithicrace) നരവംശാസ്ത്രജ്ഞന്മാർ ഐബീരിയൻ എന്ന പേരാണ് നൽകിയിട്ടുള്ളത്. ഐബീരസ് (Iberus Ebros) നദിയിൽ നിന്നാണ് ഈ പേർ വന്നിട്ടുള്ളത്. ഇക്കാരണത്താൽ ഈ മേഖലയുൾക്കൊണ്ട ഭൂഭാഗം ഐബീരിയൻ ഉപദ്വീപ് എന്നു വിളിക്കപ്പെട്ടു.[2]

അതിരുകൾ

തിരുത്തുക

ഐബീരിയാ അതിർത്തിയിൽ 85 ശതമാനത്തോളം അറ്റ്‌ലാന്റിക് സമുദ്രവും മെഡിറ്ററേനിയൻ കടലും മാണ്; വടക്കേഅതിര് പിരണീസ് പർ‌‌വതനിരയും. ഉപദ്വീപിന്റെ 70 ശതമാനത്തോളം 610 മീറ്റരിലേറെ ഉയരമുള്ള ഉന്നത മേഖലയാണ്. മെസീത എന്നു വിളിക്കപ്പെടുന്ന ഈ പീഠഭൂമി പടിഞ്ഞാറോട്ടും തെക്കുപടിഞ്ഞാറോട്ടും ചാഞ്ഞിറങ്ങുന്ന മട്ടിലാണ് കിടക്കുന്നത്. ഇവിടെ ഉത്ഭവിച്ചൊഴുകുന്ന സാമാന്യം ദൈർഘ്യമുള്ള അഞ്ചു നദീവ്യൂഹങ്ങളുണ്ട്. ഉപദ്വീപിന്റെ പകുതിയിലേറെയും സസ്യാവൃതമാണ്. തുറസ്സായ കുറ്റിക്കാടുകളും പുൽമേടുകളും കുറവല്ല. കേവലം 10 ശതമാനം പ്രദേശമാണ് വനങ്ങളായി ഉള്ളത്. ഈ ഉപദ്വീപിന്റെ ഭാഗമായ കേപ്റോച്ച് ആണ് യൂറോപ്പ് വങ്കരയുടെ പശ്ചിമാഗ്രം.[3]

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പുരാതന_ഐബീരിയ&oldid=4122174" എന്ന താളിൽനിന്ന് ശേഖരിച്ചത്