സസ്യഹോർമോണുകൾ

(Plant hormone എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സസ്യവളർച്ചയേയും സസ്യകലകളിലെ ജൈവ-രാസപ്രവർത്തനങ്ങളേയും ഉദ്ദീപിപ്പിക്കുന്നതിനോ മന്ദീഭവിപ്പിക്കുന്നതിനോ സസ്യശരീരത്തിന്റെ വിവിധഭാഗങ്ങൾ പുറപ്പടുവിക്കുന്ന രാസവസ്തുക്കളാണ് സസ്യഹോർമോണുകൾ. പൊതുവേ വളർച്ചയെ നിയന്ത്രിക്കുന്നതിനാൽ ഇവയെ ഗ്രോത്ത് സബ്സ്റ്റൻസ് (വളർച്ചാ പദാർത്ഥങ്ങൾ) എന്നുവിളിക്കുന്നു. സസ്യവളർച്ചയെ ഉദ്ദീപിപ്പിക്കുന്ന ഇത്തരം രാസവസ്തുക്കൾക്ക് ഗ്രോത്ത് സ്റ്റിമുലേറ്റേഴ്സ് എന്നും മന്ദീഭവിപ്പിക്കുന്നവയ്ക്ക് ഗ്രോത്ത് ഇൻഹിബിറ്റേഴ്സ് എന്നും പേരുണ്ട്. ജന്തുക്കളിലെ ഹോർമോണുകളിൽ നിന്ന് വേർതിരിച്ചറിയുന്നതിന് ഇവയെ പൊതുവെ ഫൈറ്റോഹോർമോണുകൾ എന്നുവിളിക്കുന്നു. 1948 ൽ തിമാൻ (Thimann)ആണ് ഫൈറ്റോഹോർമോണുകൾ എന്നന പദം ആദ്യമായി രൂപപ്പെടുത്തിയത്. സസ്യങ്ങളിൽ ആദ്യമായി കണ്ടെത്തിയ ഹോർമോൺ ആണ് ഓക്സിൻ. സസ്യങ്ങളിലെ വിവിധഭാഗങ്ങളിൽ വളരെ നേർത്ത അളവിൽ മാത്രം ഉത്പാദിപ്പിക്കപ്പെടുന്ന സന്ദേശവാഹകരായ രാസവസ്തുക്കളാണിവ. വിത്തുകൾ മുളയ്ക്കുന്നതിനും കാണ്ഡങ്ങൾ, വേരുകൾ ഇവയുടെ ദീർഘീകരണത്തിനും പുഷ്പിക്കുന്നതിനും ഫലങ്ങൾ പാകമാകുന്നതിനും ഇലപൊഴിയുന്നതിനും ജീവകോശങ്ങളുടെ നാശത്തിനും ഫൈറ്റോഹോർമോണുകൾ ആവശ്യമാണ്. ജന്തുശരീരത്തിൽ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നതിന് പ്രത്യേക അന്തഃസ്രാവി ഗ്രന്ഥികൾ ഉണ്ടെങ്കിലും സസ്യശരീരത്തിൽ അന്തഃസ്രാവി ഗ്രന്ഥികൾ ഇല്ല. ഏതുസസ്യകോശത്തിനും ഇത്തരം രാസവസ്തുക്കളെ ഉത്പാദിപ്പിക്കാം. എന്നാൽ ഇവ പ്രത്യേക ലക്ഷ്യകലകളിൽ മാത്രമേ പ്രവർത്തിക്കൂ. കോശവളർച്ച, കോശവിഭജനം, കോശങ്ങളുടെ രൂപാന്തരണം എന്നീ പ്രവർത്തനങ്ങളിലാണ് ഇവ പ്രധാനമായും പങ്കെടുക്കുന്നത്.[1]

ഓക്സിൻ എന്ന സസ്യഹോർമോണിന്റെ അഭാവം സസ്യങ്ങളുടെ വളർച്ചയെ ക്രമരഹിതമാക്കുന്നു (right)

ഹോർമോണുകളുടെ സംവഹനം

തിരുത്തുക

10−6 to 10−5 mol/L ഓളം അളവിലാണ് പൊതുവേ സസ്യഹോർമോണുകൾ സസ്യശരീരത്തിൽ പ്രവർത്തനസജ്ജമാകുക. ഹോർമോണുകൾ സസ്യശരീരത്തിൽ സംവഹനം ചെയ്യപ്പെടുന്നത് കോശങ്ങളിലെ കോശദ്രവ്യത്തിനുണ്ടാകുന്ന ചാക്രികചലനം (Cytoplasmic streaming), ഫ്ലോയം, സൈലം എന്നീ കലകളിലൂടെയുള്ള സഞ്ചാരം എന്നിവ വഴിയാണ്. സസ്യങ്ങളുടെ വളർച്ചാ സ്ഥാനങ്ങളിൽ കാണപ്പെടുന്ന കോശങ്ങളായ മെരിസ്റ്റമിക കോശങ്ങളാണ് (meristem) പൊതുവേ ഇത്തരം ഹോർമോണുകളെ ഉത്പാദിപ്പിക്കുന്നത്. എന്നാൽ ഇലകളിലും വിത്തുകളിലും ഫലങ്ങളിലും ഇവ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോണുകളെ പിന്നീടുള്ള ആവശ്യങ്ങൾക്കായി സംഭരിക്കുകയോ രാസികമായി ശിഥിലീകരിക്കുകയോ ധാന്യകം, അമിനോ അമ്ലം, പെപ്റ്റൈഡുകൾ ഇവയോടുചേർത്ത് ഹോർമോൺ സവിശേഷതകൾ ഇല്ലാതാക്കുകയോ ചെയ്യാനുള്ള കഴിവുണ്ട്.

സസ്യഹോർമോണുകളുടെ വർഗ്ഗീകരണം

തിരുത്തുക

വിവിധസസ്യങ്ങളിൽ വിവിധ രാസഘടനയുള്ള ഹോർമോണുകളാണുള്ളത്. മനുഷ്യർ കൃത്രിമമായി രൂപപ്പെടുത്തിയവയും മറ്റ് ജീവജാലങ്ങൾ ഉത്പാദിപ്പിക്കുന്നവയുമായ ഹോർമോണുകളേയും പ്രകൃത്യാ തന്നെ സസ്യങ്ങളിൽ രൂപപ്പെടുന്ന ഹോർമോണുകളേയും പൊതുവേ ഒന്നിച്ച് വർഗ്ഗീകരിക്കാൻ കഴിയില്ലാത്തതിനാൽ ഹോർമോണുകളെ അഞ്ച് പ്രത്യേക ഹോർമോൺ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.

അബ്സിസിക്ക് അമ്ലം

തിരുത്തുക

എ.ബി.എ. (ABA) എന്നുകൂടി അറിയപ്പെടുന്ന അബ്സിസിക് അമ്ലം ഡോർമിൻ എന്നും അബ്സിസിൻ II എന്നുമറിയപ്പെട്ടിരുന്നു. പുതുതായി പൊഴിയുന്ന ഇലകളിൽ ഇവയുടെ കൂടിയ ഗാഢത കാരണമാണ് അബ്സിസിക്ക് അമ്ലം എന്ന പേര് ലഭിച്ചത്. ഇതിന്റെ രാസരൂപം [3-മീഥൈൽ 5-1'(1'-ഹൈഡ്രോക്സി, 4'-ഓക്സി-2', 6', 6'-ട്രൈമെത്തിൽ-2-സൈക്ലോഹെക്സേൻ-1-യിൽ)-സിസ്, ട്രാൻസ്-2,4-പെന്റാ-ഡൈയനോയിക് അമ്ളം] എന്നാണ്. [2] ജലത്തിന്റെ ദൗർലഭ്യം നേരിടുന്ന സന്ദർഭങ്ങളിൽ ഇലകളിലൂടെ ജലനഷ്ടമുണ്ടാകുന്നത് തടയുന്നതിനായി ആസ്യരന്ധ്രങ്ങൾ അടയുന്നത് അബ്സിസിക്ക് അമ്ലം മൂലമാണ്. ATP മീഡിയേറ്റഡ് H+/K+ അയോൺ എക്സ്ചേഞ്ച് പമ്പിനെ തടഞ്ഞാണ് ഇവ ആസ്യരന്ധ്രങ്ങളുടെ അടയ്ക്കലിന് കാരണമാകുന്നത്. ബിർച്ച് സസ്യങ്ങളിൽ (Betula pubescens) അഗ്രമുകുളത്തിന്റെ ഡോർമൻസിയ്ക്ക് ഇവ കാരണമാകുന്നു. എപ്പിക്കൽ മെരിസ്റ്റ(അഗ്രമെരിസ്റ്റം)ത്തിൽ പ്രവർത്തിച്ച് ബഡ് ഡോർമൻസിയ്ക്കും അവസാനജോഡ് ഇലകൾ മുകുളത്തിന് സംരക്ഷണം നൽകുന്നതിനായി രൂപപ്പെടുത്തുന്നതിനും ഇവയ്ക്ക് പങ്കുണ്ട്. വിത്തുകളിൽ വളരെ വലിയ അളവിൽ ABA നിലനിൽക്കുന്ന സന്ദർഭങ്ങളിലാണ് വിതതുമുളയ്ക്കൽ നടക്കുന്നത്. ബീജാങ്കുരണത്തിന് തൊട്ടുമുമ്പ് ABA അളവ് കുറയാൻ തുടങ്ങുന്നു. ക്രമേണ കാണ്ഡങ്ങൾ രൂപപ്പെടുകയും പൂർണ്ണധർമ്മങ്ങൾ നിർവ്വഹിക്കാൻ ശേഷിയുള്ള ഇലകൾ രൂപപ്പെടുകയും ചെയ്യുമ്പോൾ ABA അളവ് വർദ്ധിക്കുന്നു. സസ്യത്തിന്റെ വളർച്ച കൂടിയ ഭാഗങ്ങളിൽ ഇവ വളർച്ചയെ തടയുന്നു. ഹരിതകണങ്ങളിലാണ് ഇവ സംശ്ലേഷിപ്പിക്കപ്പെടുന്ന ആദ്യഘട്ടങ്ങൾ നടക്കുന്നതെങ്കിലും പ്രക്രിയ പൂർണ്ണമാകുന്നത് കോശദ്രവ്യത്തിൽ വച്ചാണ്.

മോർഫോജനുകളുടെ സ്വഭാവസവിശേഷതകളുള്ള സസ്യവളർച്ചോദ്ദീപക ഹോർമോണാണ് ഓക്സിൻ. സസ്യവളർച്ചയിൽ ഏറ്റവും പ്രാധാന്യമുള്ളതും കണ്ടെത്തിയ സസ്യഹോർമോണുകളിൽ ആദ്യത്തേതുമാണിത്. ഡച്ച് ശാസ്ത്രജ്ഞനായ ഫ്രിറ്റ്സ് വെന്റ് (Frits Went) ആണ് ഓക്സിനുകളെക്കുറിച്ച് ആദ്യമായി വിശദീകരിച്ചത്. കെന്നത്ത് വി. തിമാൻ(Kenneth V. Thimann) ആദ്യമായി ഈ രാസവസ്തുവിനെ വേർതിരിച്ചെടുക്കുകയും രാസഘടന ഇൻഡോൾ 3-അസറ്റിക് അമ്ലമെന്ന് (indole-3-acetic acid) കണ്ടെത്തുകയും ചെയ്തു. ആരോമാറ്റിക് വലയവും കാർബോക്സിലിക് അമ്ലവുമടങ്ങിയ രാസഘടനയാണ് ഓക്സിനുള്ളത്. കാണ്ഡത്തിന്റെയും വേരിന്റെയും അഗ്രഭാഗങ്ങളിലെ മെരിസ്റ്റമിക കോശങ്ങളിലാണ് ഓക്സിനുകൾ ഉത്പാദിപ്പിക്കപ്പെടുന്നത്. പ്രകാശട്രോപ്പികചലനം(phototropism), ഭൂഗുരുത്വട്രോപ്പികചലനം(geotropism), ജലട്രോപ്പികചലനം(hydrotropism)എന്നിവയിൽ ഓക്സിന് വ്യക്തമായ പങ്കുണ്ട്. ഫ്ലോയത്തിന്റേയും സൈലത്തിന്റേയും രൂപവൽക്കരണത്തിനും സംഘാടനത്തിനും ഓക്സിനുകൾക്ക് പങ്കുണ്ട്. സസ്യഭാഗങ്ങൾക്ക് മുറിവുണ്ടാകുമ്പോൾ സംവഹനകലകളുടെ കോശരൂപവൈവിധ്യവൽക്കരണത്തെയും പുനരുൽപ്പത്തിയെയും ഓക്സിൻ ഉദ്ദീപിപ്പിക്കുന്നു. വേരുമുളയ്ക്കലിനും ഇവ സഹായിക്കുന്നു. നിലനിൽക്കുന്ന വേരുകളുടെ വളർച്ച ഉറപ്പാക്കുന്നതിനൊപ്പം വേരുകളുടെ ശാഖാവൽക്കരണത്തിനും ഇത് സഹായിക്കുന്നു.അഗ്രമുകുളങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തി എപ്പിക്കൽ ഡോമിനൻസിന് ഇവ കാരണമാകുന്നു. പാർശ്വമുകുളങ്ങളുടെ പ്രവർത്തനത്തെ തടഞ്ഞാണ് ഇത് സാദ്ധ്യമാകുന്നത്.

സൈറ്റോക്വിനിൻ

തിരുത്തുക

കോശവിഭജനം നടത്താൻ സഹായിക്കുന്നു.

ഈ ഹോർമോൺ സസ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമ്മിക്കുന്നു. ഇലകൾ, ഫലങ്ങൾ എന്നിവ പാകമാവുന്നതിനു സഹായിക്കുന്നു.

ഗിബ്ബറിലിൻ

തിരുത്തുക

ഭ്രൂണം,കാണ്ഡം,മൂലാഗ്രം,മുളയ്ക്കുന്ന വിത്തുകൾ,മുകുളങ്ങൾ എന്നിവയാണതിന്റെ ഉറവിടം. സംഭൃതാഹാരത്തെ വിഘടിപ്പിക്കുന്നതിനും,ഇലകൾ വിരിയുന്നതിനും, കോശവിഭജനം വളർച്ച എന്നിവയിൽ പങ്കുവഹിക്കുന്നു.

അറിയപ്പെടുന്ന മറ്റ് ഹോർമോണുകൾ

തിരുത്തുക
  • ബ്രാസ്സിനോസ്റ്റീറോയിഡുകൾ- പോളിഹൈഡ്രോക്സി സ്റ്റീറോയിഡുകളിൽ വരുന്ന ഇവയെ ആറാമത് വിഭാഗമായി പരിഗണിക്കുന്നു. സസ്യവിഭജനത്തെയും കോശദീർഘീകരണത്തേയും ഉദ്ദീപിപ്പിക്കുകയാണിവയുടെ ധർമ്മം. സൈലം കലകളുടെ രൂപമാറ്റത്തിനും സഹായിക്കുന്നു. വേരുകളുടെ വളർച്ചയേയും ഇലപൊഴിക്കലിനേയും ഇവ തടയുന്നു.ബ്രാസ്സിനോലൈഡ് ആണ് ആദ്യമായി കണ്ടെത്തപ്പെട്ട ബ്രാസ്സിനോസ്റ്റീറോയയിഡ്. 1970 ൽ ബ്രാസ്സികാ നാപ്പസ് (Brassica napus) ൽ പരാഗരേണുവിൽ നിന്നാണ് ഇവയെ ആദ്യമായി വേർതിരിച്ചെടുത്തത്.
  • സാലിസിലിക് ആസിഡ്- രോഗകാരികളായ സൂക്ഷ്മജീവികളുടെ പ്രവേശനത്തെ തടയുന്ന രാസവസ്തുക്കളുടെ ജീനുകളുടെ പ്രവർത്തനത്തെ ഉദ്ദീപിപ്പിക്കുന്നവയാണ് ഇത്തരം ഹോർമോണുകൾ.
  • ജാസ്മോണേറ്റ്സ് —ഫാറ്റി അമ്ലങ്ങളിൽ നിന്നുത്പാദിപ്പിക്കപ്പെടുന്നവയാണിവ. രോഗകാരികളുടെ പ്രവേശനം തടയുന്ന മാംസ്യങ്ങളുടെ ഉത്പാദനത്തെ ഉദ്ദീപിപ്പിക്കുന്നു. വിത്തുമുളയ്ക്കൽ(ബീജാങ്കുരണം), വിത്തുകളിൽ മാംസ്യങ്ങളുടെ സംഭരണം, വേരുകളുടെ വളർച്ച എന്നിവയിൽ ഇവയ്ക്ക് പ്രധാന പങ്കുണ്ട്.
  • പെപ്റ്റൈഡ് ഹോർമോണുകൾ- കോശങ്ങളിൽ നിന്ന് കോശങ്ങളിലേയ്ക്ക് സന്ദേശവിനിമയം ചെയ്യുന്ന ചെറിയ മാംസ്യങ്ങളുടെ (പെപ്റ്റൈഡുകൾ) പൊതുവിഭാഗമാണിവ. സസ്യവളർച്ചയിലും വികാസത്തിലും, പ്രതിരോധ സംവിധാനത്തിലും കോശവിഭജനത്തിന്റെ നിയന്ത്രണത്തിലും ഇവയ്ക്ക പങ്കുണ്ട്..[3]
  • പോളിഅമൈനുകൾ- അതിശക്തമായ ക്ഷാരഗുണമുള്ളതും വളരെ ചെറിയ തന്മാത്രാഭാരമുള്ളവയുമായ ഇവ ഊനഭംഗം, ക്രമഭംഗം എന്നിവയിൽ പ്രധാന പങ്കുവഹിക്കുന്നു.
  • നൈട്രിക് ഓക്സൈഡ്(NO)- ആസ്യരന്ധ്രങ്ങളുടെ അടയ്ക്കൽ, വേരിന്റെ വികാസം, ബീജാങ്കുരണം, നൈട്രജൻ സ്ഥിരീകരണം, കോശ മരണം, സ്ട്രെസ് പ്രതികരണം തുടങ്ങിയ പ്രവർത്തനങ്ങളിൽ സന്ദേശവാഹകരായി പ്രവർത്തിക്കുന്നു. [4] [5]
  • സ്ട്രിഗോലാക്ടോണുകൾ- സസ്യകാണ്ഡത്തിന്റെ ശാകകൾ ഉണ്ടാകുന്ന പ്രവർത്തനത്തെ തടയുന്നു.[6]
  • കാരിക്കിനുകൾ- സസ്യഭാഗങ്ങൾ ജ്വലിക്കുമ്പോൾ പുറപ്പെടുവിക്കപ്പെടുന്ന പുകയിൽ ഇവ കാണപ്പെടുന്നു. ഇവ ബീജാങ്കുരണത്തിന് സഹായിക്കുന്നു.
  1. http://www.buzzle.com/articles/plant-hormones-and-their-functions.html
  2. Fundamentals of Plant Physiology, DR.V.K.Jain, S. Chand & Company limited, 2009, page- 419
  3. Lindsey, Keith; Casson, Stuart; Chilley, Paul. (2002). "Peptides:new signalling molecules in plants". Trends in Plant Science. 7 (2): 78–83. doi:10.1016/S0960-9822(01)00435-3. PMID 11832279.{{cite journal}}: CS1 maint: multiple names: authors list (link)
  4. Shapiro AD (2005) Nitric oxide signaling in plants. Vitam Horm. 2005;72:339-98.
  5. Roszer T (2012) Nitric Oxide Synthesis in the Chloroplast. in: Roszer T. The Biology of Subcellular Nitric Oxide. Springer New York, London, Heidelberg. ISBN 978-94-007-2818-9
  6. Gomez-Roldan V, Fermas S, Brewer PB; et al. (2008). "Strigolactone inhibition of shoot branching". Nature. 455 (7210): 189–94. Bibcode:2008Natur.455..189G. doi:10.1038/nature07271. PMID 18690209. {{cite journal}}: Explicit use of et al. in: |author= (help); Unknown parameter |month= ignored (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=സസ്യഹോർമോണുകൾ&oldid=3760706" എന്ന താളിൽനിന്ന് ശേഖരിച്ചത്