അമിതവണ്ണം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2010 നവംബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. (2010 നവംബർ) |
ശരീരഭാരം വർദ്ധിച്ച് രോഗാവസ്ഥയിലെത്തുന്ന സാഹചര്യമാണ് അമിതവണ്ണം. ശരീരത്തിന് മിതമായ തോതിൽ വേണ്ട കൊഴുപ്പ് അമിതമാകുമ്പോളാണ് അമിതവണ്ണം അഥവാ അമിതഭാരം ഉണ്ടാകുന്നത്. ഇംഗ്ലീഷിൽ ഒബെസിറ്റി (Obesity). അമിതവണ്ണമുള്ളവരിൽ കാൻസർ, പ്രമേഹം, സന്ധിവാതം, ഹൃദ്രോഗം, കരൾരോഗം (ഫാറ്റിലിവർ), പിസിഓഎസ്, മസ്തിഷ്കാഘാതം, ഉദ്ധാരണശേഷിക്കുറവ്, വന്ധ്യത തുടങ്ങിയ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ലോഗാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്ത് അമിതവണ്ണമുള്ളവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്നു. കൊഴുപ്പ് അടിയുന്നത് കാരണം കുടവയർ പോലെയുള്ള പ്രശ്നങ്ങളും ഇന്ന് സാധാരണമാണ്. പൊതുവേ പുരുഷന്മാരിൽ അരയുടെ ചുറ്റളവ് 94 സെന്റിമീറ്റർ അഥവാ 37 ഇഞ്ചിന് മുകളിൽ പോകുന്നത് അപകടകരമാണ്. ഇത് 102cm (40in) മുകളിൽ പോകുന്നത് വളരെ അപകടകരമാണ്. സ്ത്രീകളിൽ 80 സെന്റിമീറ്റർ അല്ലെങ്കിൽ 31 ഇഞ്ചിന് മുകളിൽ അരയുടെ ചുറ്റളവ് വരുന്നത് അപകടകരമാണ്. ഇത് 88cm (34.6in) മുതൽ വളരെ അപകടകരമാണ്.
അമിതവണ്ണം | |
---|---|
സ്പെഷ്യാലിറ്റി | അന്തഃസ്രവവിജ്ഞാനീയം |
അമിതവണ്ണമുള്ളവരിൽ ഹൃദയം കൂടുതലായി പ്രവർത്തിക്കേണ്ടി വരുന്നു. ഹ്രദയാദ്ധ്വാനം കൂടുമ്പോൾ ഹൃദയത്തിനു ക്ഷീണവും രോഗവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇതുമൂലം ഹൃദയാഘാതം, രക്തസമ്മർദം എന്നിവ ഉണ്ടാകുന്നു. രക്തത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുകവഴി ഹൃദയധമനികളിൽ തടസമുണ്ടാക്കുന്നു. ഇതും ഹൃദ്രോഗത്തിനു കാരണമാകുന്നു. പക്ഷാഘാതം അഥവാ സ്ട്രോക്ക് മറ്റൊരു പ്രശ്നമാണ്. അമിതവണ്ണമുള്ളവരിൽ കോശവിഭജനം അതിവേഗത്തിൽ നടക്കുകയും തൻമൂലം കാൻസർ ഉണ്ടാകാനുള്ള സാധ്യത വർധിക്കുകയും ചെയ്യുന്നു. ഭക്ഷണത്തിൽ ഊർജ്ജവും കൊഴുപ്പും വർദ്ധിക്കുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിക്കുകയും തന്മൂലം പ്രമേഹം പിടിപെടുകയും ചെയ്യും. ഇത്തരക്കാരിൽ ഉറക്കത്തിനിടെ കൂർക്കം വലിക്കുള്ള സാധ്യത കൂടുതലാണ് ഇതു മൂലം ശ്വാസതടസമുണ്ടാകുന്നു. ശരീരഭാരം കൂടുമ്പോൾ കാലുകൾക്ക് ഭാരം താങ്ങാൻ കഴിയാതെ വരികയും വീഴ്ചയുണ്ടായാൽ എല്ലുകൾക്ക് ഒടിവ് സംഭവിക്കുകയും ചെയ്യും. അമിതവണ്ണം മൂലം ശരീരഭാരം വർദ്ധിച്ച് എല്ലുകൾക്ക് തേയ്‌മാനം സംഭവിച്ച് ആർത്രൈറ്റിസ് അഥവാ സന്ധിവാതമുണ്ടാക്കുന്നു. അമിതവണ്ണമുള്ള പുരുഷന്മാരിൽ ലിംഗത്തിന്റെ ഉദ്ധാരണശേഷി കുറയുകയും വന്ധ്യതയ്ക്കു സാധ്യത ഉണ്ടാവുകയും ചെയ്യും. സ്ത്രീകളിൽ ഓവുലേഷൻ ക്രമം തെറ്റുകയും ആർത്തവം വരാതിരിക്കുകയും, ലൈംഗിക താല്പര്യക്കുറവ്, പിസിഓഎസ്, വന്ധ്യത എന്നിവ ഉണ്ടാവുകയും ചെയ്യും.
തെറ്റായ ജീവിതശൈലിയാണ് അമിതവണ്ണത്തിനു പ്രധാന കാരണം. വ്യായാമം തീരെ ഇല്ലാത്തതും ദീർഘനേരം ഇരുന്നു ജോലി ചെയ്യേണ്ടി വരുന്നതും അമിതഭാരം ഉണ്ടാകാൻ കാരണമാണ്. പ്രധാനമായും അന്നജം കൂടുതൽ അടങ്ങിയ ചോറ്, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളുടെ അമിതമായ ഉപയോഗം, എണ്ണ, നെയ്യ് എന്നിവ അടങ്ങിയവ, വറുത്തതും പൊരിച്ചതുമായ ആഹാരം, ചുവന്ന മാംസത്തിന്റെ അമിത ഉപയോഗം, പ്രഭാത ഭക്ഷണം ഒഴിവാക്കുന്ന ശീലം, പഴങ്ങളുടെയും പച്ചക്കറികളുടെയും കുറഞ്ഞ ഉപയോഗം, ശാരീരിക അധ്വാനക്കുറവ്, പാരമ്പര്യം എന്നിവ അമിതവണ്ണം ഉണ്ടാക്കാനിടയാക്കുന്ന പ്രധാന ഘടകങ്ങളാണ്.
ആരോഗ്യകരമായ ഭക്ഷണരീതി ശീലമാക്കുകയും, കൃത്യമായി വ്യായാമം ചെയ്യുകയും ചെയ്തു പോരുന്നവരിൽ അമിതവണ്ണവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത തീരെ കുറവാണ്. ചോറ്, ഗോതമ്പ്, എണ്ണ, നെയ്യ്, വറുത്തതും പൊരിച്ചതുമായ ഭക്ഷണത്തിന്റെ ഉപയോഗം നന്നായി കുറയ്ക്കുക, നിത്യേന അഞ്ചു കപ്പ് അല്ലെങ്കിൽ പ്ലേറ്റിന്റെ പകുതി പഴങ്ങളും പച്ചക്കറികളും കഴിക്കുക, കൂടാതെ പരിപ്പുവർഗങ്ങളും മത്സ്യവും മുട്ടയും കൊഴുപ്പ് കുറഞ്ഞ മാംസവും പയറുവര്ഗങ്ങളും മറ്റുമടങ്ങിയ ആഹാരം ശീലമാക്കുക എന്നിവ നല്ലതാണ്. കാലറി കുറച്ചു പോഷക സമൃദ്ധമായ പ്രഭാത ഭക്ഷണം ശീലിക്കുക. ഏറ്റവും പ്രധാനം കൃത്യമായി വ്യായാമം ചെയ്യുക എന്നതാണ്. ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും കുറഞ്ഞത് 30 മിനുട്ട് വീതം വ്യായാമം ചെയ്യുന്നത് അമിതഭാരം ഉൾപ്പടെയുള്ള ജീവിതശൈലി രോഗങ്ങളെ അകറ്റാൻ അത്യാവശ്യമാണ്. വേഗത്തിലുള്ള നടത്തം, പടി കയറൽ, സൈക്കിൾ ചവിട്ടൽ, നൃത്തം, അയോധന കലകൾ, നീന്തൽ, സ്കിപ്പിംഗ്, ജിംനേഷ്യ സന്ദർശനം എന്നിവ ഏതെങ്കിലും ശീലമാക്കുന്നതും നല്ലത് തന്നെ. തുടർച്ചയായി മണിക്കൂറുകളോളം ഇരിക്കേണ്ടി വരുന്നവർ ഇടയ്ക്ക് എഴുനേറ്റ് നടക്കുന്നത് അത്യാവശ്യമാണ്. പരമ്പരാഗതമായി അമിതഭാരം ഉണ്ടാകാൻ സാധ്യത ഉള്ളവർ ചെറുപ്പത്തിലേ ആരോഗ്യകരമായ ശീലങ്ങൾ അനുവർത്തിക്കേണ്ടതാണ്. ആധുനിക വൈദ്യശാസ്ത്രത്തിൽ കൊഴുപ്പ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയകളും ഇന്ന് ലഭ്യമാണ്.