ഒഥല്ലോ കോട്ട

ഫാമഗുസ്തയിലെ കോട്ട
(Othello Castle എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വടക്കൻ സൈപ്രസിൽ ഫാമഗുസ്തയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു കോട്ടയാണ് ഒഥല്ലോ കോട്ട. ഒഥല്ലോ ടവറെന്ന പേരിലും ഈ കോട്ട പ്രശസ്തമാണ്. സൈപ്രസിലെ അമ്മോകോസ്റ്റോസ് ജില്ലയിൽ സ്ഥിതി ചെയ്യുന്നതിനാൽ ഇത് അമ്മോകോസ്റ്റോസ് കോട്ട എന്ന അപരനാമത്തിലും അറിയപ്പെടുന്നു. പ്രശസ്ത നാടകകൃത്തായിരുന്ന വില്യം ഷേക്സ്പിയറുടെ നാടകമായ ഒഥല്ലോയിൽ നിന്നാണ് കോട്ടയ്ക്കു ഈ പേരു ലഭിച്ചത്. ഷേക്സ്പിയർ നാടകത്തിൽ, ഒഥല്ലോ എന്ന മൂർ, സൈപ്രസിലേക്ക് തൻറെ യജമാനന്മാരാൽ അയക്കപ്പെട്ട ഒരു വെനീഷ്യൻ കമാണ്ടർ ആയിരുന്നു. നാടകത്തിന്റെ രണ്ടാം അദ്ധ്യായത്തിൽ സൈപ്രസിലെ ഒരു തുറമുഖത്തിലും കൊട്ടാരത്തിലെ ഒരു ഹാളിലുമായി നാടകത്തിന്റെ രംഗങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. എന്നാൽ വില്യം ഷേക്സ്പിയർ സൈപ്രസോ അവിടെയുള്ള പട്ടണങ്ങളോ ഒരിക്കലും സന്ദർശിച്ചിരുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം[2]. പക്ഷേ, 1500-കളുടെ തുടക്കത്തിൽ സൈപ്രസിലെ ഗവർണറായിരുന്ന സർ ക്രിസ്റ്റോഫോറോ മോറോയുടെ കഥ വില്യം ഷേക്സ്പിയർ കേട്ടിരുന്നു. മോറോയുടെ യുവതിയായ പത്‍നി സൈപ്രസിൽനിന്നു മടങ്ങിപ്പോകുന്നതിനിടെ കടൽയാത്രയിൽ മരണപ്പെട്ടിരുന്നു. സർ ക്രിസ്റ്റോഫോർ ഒരു മൂർ ആയിരുന്നില്ല, എന്നിരുന്നാലും അദ്ദേഹത്തിന്റെ കുടുംബനാമം വില്യം ഷേക്സ്പിയറെ തന്റെ നാടകത്തിലെ പ്രധാന കഥാപാത്രത്തിന് വേണ്ടി മാറ്റിയെഴുതുന്നതിലേയ്ക്കു നയിച്ചുവെന്നുവേണം കുരുതാൻ.

ഒഥല്ലോ കോട്ട
ഗ്രീക്ക്: Κάστρο της Oθέλλου
തുർക്കിഷ്: Othello Kulesi
Part of the Fortifications of Famagusta
Famagusta, Northern Cyprus [1]
ഒഥല്ലോ കോട്ട
Coordinates 35°7′39.7″N 33°56′35.7″E / 35.127694°N 33.943250°E / 35.127694; 33.943250
തരം കോട്ട
Site information
Condition Intact
Site history
Built പതിനാലാം നൂറ്റാണ്ട്
പതിനഞ്ചാം നൂറ്റാണ്ട് അവസാനം (modifications)
നിർമ്മിച്ചത് സൈപ്രെസ് സാമ്രാജം
റിപ്പബ്ലിക്ക് ഓഫ് വെനീസ് (modifications)
Materials സാൻഡ് സ്റ്റോൺ

ചരിത്രം

തിരുത്തുക
 
ഒഥല്ലോ കോട്ട

ശത്രുക്കളിൽ നിന്ന് സംരക്ഷണം നേടുന്നതിന് വേണ്ടി സൈപ്രസിലെ ഭരണാധികാരിയായിരുന്ന ലുസിഗ്നൻസാണ് പതിനാലാം നൂറ്റാണ്ടിൽ ഒഥല്ലോ കോട്ട നിർമ്മിച്ചത്. ഫമഗുസ്റ്റയുടെ പ്രധാനകവാടമായും ഈ കോട്ട അക്കാലത്ത് ഉപയോഗിച്ചിരുന്നു. കോട്ടയ്ക്കു ചുറ്റും ആഴമേറിയ കിടങ്ങുകൾ നിർമ്മിച്ചിരുന്നതിനാൽ ഫമഗുസ്റ്റ തുറമുഖത്തിന് ശത്രുക്കളുടെ ആക്രമണങ്ങളിൽനിന്നും പൂർണ്ണസംരക്ഷണം ലഭിച്ചിരുന്നു. ഒഥല്ലോ കോട്ട സൈപ്രസ് വെനീസിനു കൈമാറിയതിനുശേഷം ക്യാപ്റ്റൻ നിക്കോളാസ് ഫോസ്കാരിയുടെ നേതൃത്വത്തിൽ ഇത് പുനഃരുദ്ധാരണം ചെയ്യപ്പെട്ടു. ചില കണക്കുകൾ പ്രകാരം, 1481-ൽ ഫമഗുസ്റ്റയിലെ കോട്ട സന്ദർശിച്ച ലിയനാർഡോ ഡാ വിഞ്ചി കോട്ടയുടെ പുനരുദ്ധാരണത്തിൽ ഏർപ്പെട്ടിരുന്നതായി പറയപ്പെടുന്നു. വെനീസിന്റെ കയ്യിൽ നിന്നും 1570-ൽ തുർക്കികൾ കോട്ട കൈക്കലാക്കിയതിനുശേഷം കോട്ടയുടെ കോണിൽ കൊത്തളങ്ങളും ഭിത്തികളും നിർമ്മിക്കപ്പെട്ടു. 1571 വരെ ഏകദേശം ഒരു വർഷത്തോളം ഈ കോട്ട തുർക്കികളുടെ കൈവശത്തിലായിരുന്നു. കോട്ടയ്ക്ക് 'ടോക്സോട്ടി ബാസ്റ്റിയൻ', 'മാർട്ടിനെഗോ ബാസ്റ്റിയൻ', മറൈൻഗേറ്റിലെ ബാസ്റ്റിയൻ എന്നീ മൂന്ന് കൊത്തളങ്ങളുണ്ട്. കോട്ടയുടെ രണ്ട് വാതിലുകളിലൊന്ന് കരയിലേയ്ക്കും മറ്റൊന്ന് കടലിലേയ്ക്കും തുറക്കുന്ന രീതിയിലുള്ളതാണ്.

1900-ൽ പ്രദേശത്ത് പടർന്നുപിടച്ച മലേറിയയിൽ നിന്ന് രക്ഷ നേടുന്നതിന് വേണ്ടി ബ്രിട്ടീഷുകാർ കോട്ടയുടെ കിടങ്ങിലെ ജലം മുഴുവൻ വറ്റിക്കുകയുണ്ടായി. 2014-ൽ ഈ കോട്ട പുനർനിർമ്മാണം നടത്തിയതിനുശേഷം 2015 ജൂലായ് 3 ന് പ്രവേശനത്തിനായി പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു[3].

രൂപകല്പന

തിരുത്തുക
 
ഒഥല്ലോ കോട്ടയുടെ ഗ്രൗണ്ട് പ്ലാൻ (1918)

വെനീസുകാരുടെ വരവോടെ കോട്ടയും നഗരമതിലുകളും പുനർനിർമ്മിക്കപ്പെട്ടു. കോട്ടയുടെ പ്രധാന പ്രവേശന കവാടത്തിനു മുകളിൽ വെനീസിന്റെ പ്രതീകമായ ലയൺ ഓഫ് സെയിന്റ് മാർക്ക് മാർബിൾക്കല്ലിൽ കൊത്തിവച്ചിട്ടുണ്ട്[4] അതോടൊപ്പം കോട്ട പുനർനിർമ്മിച്ച വ്യക്തിയായ ക്യാപ്റ്റൻ നിക്കോളാസ് ഫോസ്കാരിയുടെ പേരും വർഷവും (വർഷം 1492) രേഖപ്പെടുത്തിയിട്ടുണ്ട്. റിപ്പബ്ലിക്ക് ഓഫ് വെനീസ് കോട്ടയുടെ മുൻകാലത്തെ ചതുരാകൃതിയുലുണ്ടായിരുന്ന ടവറുകളെ വ്യത്താകൃതിയിലേയ്ക്കു മാറ്റി. കോട്ടയുടെ മതിലുകൾക്ക് ഏകദേശം 3.5 കിലോമീറ്റർ നീളവും നാലു മീറ്റർ വീതിയും 10 മീറ്റർ പൊക്കവുമുണ്ട്[5]. കോട്ട മൈതാനത്ത് ഏകദേശം നാന്നൂറു വർഷത്തോളം പഴക്കമുള്ള ധാരാളം പീരങ്കികൾ സ്ഥിതിചെയ്യുന്നു. അവയിൽ ചിലത് ചെമ്പുകൊണ്ടും മറ്റു ചിലത് ഇരുമ്പുകൊണ്ടും നിർമ്മിച്ചവയാണ്. കമാനങ്ങളുള്ള മേൽക്കൂരയുടെ ബൃഹത്തായ നിർമ്മാണം ഗോത്തിക് മാതൃകയിലായിരുന്നു.

ലൂസിഗ്നൻസിന്റെ കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട ഒരു വലിയ അടുക്കളയും ഒരു ലഘു ഭോജനശാലയും അനേകം കിടക്കകളുള്ള ഒരു ശയനമുറിയും ഈ കോട്ടയിലുണ്ട്. ഇന്ന് ഒഥല്ലോ കോട്ട ഒരു മ്യൂസിയമായാണ് പ്രവ്രത്തിക്കുന്നത്.[6].

ചിത്രശാല

തിരുത്തുക
  1. Claimed by Cyprus
  2. https://www.spottinghistory.com/view/3390/othello-castle/
  3. http://www.cyprus44.com/famagusta/othello-tower.asp
  4. http://www.cypnet.co.uk/ncyprus/city/famagusta/othello.htm
  5. https://www.cyprusisland.net/cyprus-castles/othello-castle
  6. https://www.kiprinform.com/en/sights_of_cyprus/othello-castle/
"https://ml.wikipedia.org/w/index.php?title=ഒഥല്ലോ_കോട്ട&oldid=4024574" എന്ന താളിൽനിന്ന് ശേഖരിച്ചത്