ഒഡീസ്സസ്

(Odysseus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒഡീസ്സസ് ഹോമറുടെ ഇതിഹാസ കാവ്യമായ ഒഡീസിയിലെ കേന്ദ്രകഥാപാത്രമാണ്. ഇലിയഡിലും ഈ കഥാപാത്രത്തിന് വലിയ പ്രാധാന്യമുണ്ട്. ഒഡീസസ്സ്. ഒഡീസ്യസ്, ഒഡീസസ്സ്, (/ˈdɪsiəs, ˈdɪsjuːs/; ഗ്രീക്ക്: Ὀδυσσεύς [odysˈsews]), യൂളിസിസ്സ് Ulysses (ഘടകം:IPA/styles.css താളിൽ ഉള്ളടക്കം ഒന്നുമില്ല.US: /juːˈlɪsz/, ഘടകം:IPA/styles.css താളിൽ ഉള്ളടക്കം ഒന്നുമില്ല.UK: /ˈjuːlɪsz/; Ulyssēs, Ulixēs).എന്നിങ്ങനെ പേരിന് ഉച്ചാരണഭേദങ്ങളുണ്ട്.

ഒഡീസ്സസ്
ഒഡീസ്സസിന്റെ മാർബിൾ പ്രതിമയുടെ അവശിഷ്ടം
നിവാസംഗ്രീസ്
ജീവിത പങ്കാളിപെനിലോപ്
മാതാപിതാക്കൾലയേർടസ്
അന്റിക്ലിയ
മക്കൾടെലിമാച്ചസ്

ഹോമറുടെ ഒഡീസ്സസ്

തിരുത്തുക

ലർറ്റേസിന്റെയും ആന്റിക്ലിയയുടേയും മകനും ഇഥക്ക എന്ന നാട്ടുരാജ്യത്തിന്റെ രാജാവും പെനിലോപ്പിന്റെ ഭർത്താവും ടെലെമാച്ചസിന്റെ പിതാവുമായാണ് ഹോമർ കഥാപുരുഷനെ പരിചയപ്പെടുത്തുന്നത്[1]. ബുദ്ധിയും കൗശലവും കൊണ്ട് പ്രതിബന്ധങ്ങൾ മറികടക്കുന്നതിൽ സമർഥനായിട്ടാണ് കഥകളിൽ ഒഡീസ്സസ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്.[2],[3]. പത്തു വർഷം നീണ്ടു നിന്ന ട്രോജൻ യുദ്ധം അവസാനഘട്ടത്തിലെത്തി നില്ക്കുന്നിടത്തു നിന്ന് ആരംഭിക്കുന്ന ഇലിയഡ് ഹെക്റ്ററുടെ ശവദാഹത്തോടെ അവസാനിക്കുന്നു . ട്രോജൻ യുദ്ധത്തിൽ ഗ്രീക്കുപട വിജയിച്ചെങ്കിലും അഥീനയുടേയും പൊസൈഡോണിന്റേയും ശാപത്തിനു വിധേയനായി സ്വദേശത്തെത്താൻ ആകാതെ വീണ്ടും പത്തു വർഷക്കാലം കടലിലും കരയിലുമായി അലഞ്ഞു തിരിയേണ്ടി വന്ന ഒഡീസ്സസിന്റെ വീരകഥകളാണ് ഒഡീസ്സിയിലെ ഇതിവൃത്തം. ഒഡീസ്സി എന്ന പദത്തിന് പാശ്ചാത്യഭാഷകളിൽ സാഹസികയാത്ര എന്നാണ് വിവക്ഷ.[4].

പിന്നീടു വന്ന ഗ്രീക്ക്-ലാറ്റിൻ കവികളും നാടകകൃത്തുക്കളും ഇലിയഡിലേയും ഒഡീസ്സിയിലേയും ഇതിവൃത്തങ്ങളെ ആധാരമാക്കി ഒട്ടനേകം കൃതികൾ രചിച്ചു. രചയിതാവിന്റെ ഭാവനാവിലാസമനുസരിച്ച് പ്രമേയത്തിൽ വൈവിധ്യങ്ങളുണ്ടായി, ഒഡീസ്സസ് വീരസാഹസികനായും, ബുദ്ധികൂർമ്മതയുള്ളവനായും കൗശലക്കാരനായും നിർദ്ദയനായും, ചതിയനായും സ്ത്രീലോലുപനായുമൊക്കെ ചിത്രീകരിക്കപ്പെട്ടു.

യുദ്ധത്തിനു മുമ്പ്

തിരുത്തുക

ഹെലെന്റെ വിവാഹാർഥികളിൽ ഒരാളായിരുന്നു ഒഡീസ്സസ്.വിവാഹശേഷവും അതിസുന്ദരിയായ ഹെലനെ ബലം പ്രയോഗിച്ചു സ്വന്തമാക്കാൻ ആരെങ്കിലും ശ്രമിച്ചേക്കുമെന്ന് ഒഡീസ്സസ് അനുമാനിച്ചു. അതിനാൽ വരനായി ആരു തെരഞ്ഞെടുക്കപ്പെട്ടാലും പിന്നീടെപ്പോഴെങ്കിലും ഹെലനെച്ചൊല്ലി എന്തെങ്കിലും അപായമുണ്ടായാൽ മറ്റു വിവാഹാർഥികൾ അയാളെ മുഴുമനസ്സോടെ സഹായിക്കുമെന്ന ഉടമ്പടി തയ്യാറാക്കിയത് ഒഡീസ്സസായിരുന്നത്രെ[5]. മെനിലോസ് വരനായി അംഗീകരിക്കപ്പെട്ടു, ഉടമ്പടിയും പ്രാബല്യത്തിൽ വന്നു. ഒഡീസ്സസ് പെനിലോപ്പുമൊത്ത് സമാധാനജീവിതം നയിച്ചുകൊണ്ടിരിക്കേയാണ് ഹെലൻ അപഹരിക്കപ്പെടുകയോ അതോ അവൾ സ്വമേധയാ പാരിസിനൊപ്പം ട്രോയിയിലേക്കു പോവുകയോ ഉണ്ടായത്.[6]. ഉടമ്പടി പ്രകാരം, ഹെലനെ വീണ്ടെടുക്കാനായി വിവാഹാർഥികളായെത്തിയ എല്ലാ രാജാക്കന്മാരും മെനിലോസിന്റെ സഹായത്തിനെത്തേണ്ടിയിരുന്നു.

ചിത്തഭ്രമം

തിരുത്തുക

ഒഡീസ്സിസിന് ട്രോജൻ യുദ്ധത്തിൽ പങ്കെടുക്കാൻ ഒട്ടും താത്പര്യമില്ലായിരുന്നു. അതിനാൽ ഭ്രാന്തനാണെന്നു അഭിനയിച്ചു ഫലിപ്പിക്കാൻ ശ്രമിച്ചു.[7],[6] സേനയിൽ അംഗമാകാനുള്ള ദൌത്യവുമായെത്തിയ ദൂതൻ കണ്ടെത്ത് കൃഷിയിടങ്ങളിൽ ഉപ്പു വിതച്ച് ഉഴുതുമറിക്കുന്ന ഒഡീസ്സസിനേയാണ്.പാലിമെഡേസ് എന്ന ദൂതനും കൌശലക്കാരനായിരുന്നു. കലപ്പക്കുമുന്നിൽ ഒഡീസ്സസിന്റെ കൈക്കുഞ്ഞിനെ കിടത്തി. തത്ക്ഷണം ഒഡീസസ്സ് കലപ്പ മാറ്റി[6]. അതല്ല, പാലിമെഡേസ് വാളൂരി കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയാണുണ്ടായതെന്നും പറയുന്നു.[7] എന്തായാലും ഒഡീസ്സസ് തനിക്കു ബുദ്ധിഭ്രമം ഇല്ലെന്നു തെളിയിച്ചു. തന്റെ കാപട്യം വെളിച്ചത്താക്കിയതിന് ഒഡീസ്സസിന് പാലിമെഡേസിനോടു വൈരമുണ്ടായി.

അക്കിലിസിനെ തേടി

തിരുത്തുക
പ്രധാന ലേഖനം: അക്കിലിസ്

ട്രോജൻ യുദ്ധത്തിൽ തന്റെ പുത്രൻ അക്കിലസിനു ദുരന്തമായിരിക്കും ഫലം എന്നു മുൻകൂട്ടിക്കണ്ട തെറ്റിസ് അവനെ സ്ത്രീവേഷത്തിൽ മറ്റൊരിടത്ത് ഒളിവിൽ പാർപ്പിച്ചു. വീരനായ അക്കിലസില്ലാതെ ഗ്രീക്കു പടക്ക് ജയം അസാധ്യമായിരുന്നു. അക്കിലസിനെ തെരഞ്ഞു കണ്ടു പിടിക്കാൻ ഒഡീസ്സസ് നിയുക്തനായി. ലൈക്കോമീഡസ് രാജാവിന്റെ അന്തഃപുരത്തിലാണ് അക്കിലസിന്റെ വാസം എന്നു മണത്തെടുത്ത ഒഡീസ്സസ്, ഒരു നാടോടി വാണിഭക്കാരന്റെ വേഷത്തിൽ പട്ടും ആഭരണങ്ങളുമായി അവിടെയെത്തി. ഒരു ഭാണ്ഡത്തിൽ അതിവിശിഷ്ടമായ ആയുധക്കോപ്പുകളും ഉണ്ടായിരുന്നു. സ്ത്രീവേഷധാരിയായിരുന്ന അക്കിലസിന്റെ കൗതുകം ആയുധങ്ങളിൽ മാത്രം ഒതുങ്ങിനിന്നു. ഒഡീസ്സസ് അനായാസേന അക്കിലസിനെ തിരിച്ചറിയുകയും കൂടെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു.[8].

യുദ്ധരംഗത്ത്

തിരുത്തുക

യുദ്ധരംഗത്ത് പലഘട്ടങ്ങളിലും ഒഡീസ്സസ് ഗ്രീക്കു പടക്ക് പ്രായോഗികമായ ഉപദേശങ്ങൾ നല്കിയതായി ഇലിയഡിൽ പലയിടത്തും പറയുന്നു. ട്രോജൻ സൈന്യത്തിന്റെ രഹസ്യങ്ങൾ ചോർത്തിയെടുക്കാൻ ശ്രമിച്ചതും[9], [10] യുദ്ധക്കളത്തിൽ അതിവേഗം മുന്നേറിക്കൊണ്ടിരുന്ന ഹെക്റ്ററെ ഒറ്റക്കും കൂട്ടായും ഒഡീസ്സസ് നേരിട്ടു[11]അഗമെംനണോടു പിണങ്ങി അക്കിലിസ് യുദ്ധത്തിൽ നിന്നു പിന്മാറിയപ്പോൾ അനുരഞ്ജനത്തിനു ശ്രമിച്ചവരിൽ ഒഡീസ്സസും ഉണ്ടായിരുന്നു[12].യുദ്ധം അവസാനിക്കാനുള്ള ലക്ഷണമില്ലെന്നു കണ്ട അഗമെമനൺ പിൻവാങ്ങാൻ തയ്യാറായപ്പോൾ തടുത്തു നിറുത്തിയത് ഒഡീസ്സസായിരുന്നു.

പാലിമെഡേസിനോടുള്ള പകപോക്കൽ

തിരുത്തുക

ഒഡീസ്സസ് പാലിമെഡിസിനുമേൽ വ്യാജാരോപണങ്ങൾ ചുമത്തിയെന്നും അഗമെംനണിന്റെ ഉത്തരവു പ്രകാരം , പാലിമെഡേസ് കല്ലെറിഞ്ഞു കൊല്ലപ്പെട്ടു. [13],[14] അതല്ല, നിധികുംഭം ഉണ്ടെന്നു തെറ്റിധരിപ്പിച്ച്, ഒഡീസ്സസ് പാലിമെഡേസിനെ ഒരു പൊട്ടക്കിണറ്റിൽ ഇറങ്ങാൻ നിർബന്ധിതനാക്കിയെന്നും എന്നിട്ട് പാറക്കല്ലെറിഞ്ഞു കൊന്നതാണെന്നും കഥയുണ്ട്. എന്നാൽ ഈ പരാമർശങ്ങൾ ഇലിയഡിൽ ഇല്ല.

അക്കിലിസിന്റെ പടച്ചട്ട

തിരുത്തുക

അക്കിലിസിന്റെ മരണശേഷം അയാളുടെ മികവുറ്റ പടച്ചട്ടയും ആയുധങ്ങളും ആർക്കെന്ന് തീരുമാനിക്കേണ്ടിയരുന്നു. ഒഡീസ്സസ്സും അജാക്സുമാണ് ഏറ്റവും യോഗ്യതയുള്ളവർ എന്ന് പൊതുവായി തീരുമാനം രഹസ്യവോട്ടിനിട്ടപ്പോൾ , വിജയിച്ചത് ഒഡീസ്സസായിരുന്നു. പിന്നീട് അക്കിലിസിന്റെ പുത്രൻ നിയോടോളമസ് യുദ്ധരംഗത്തെത്തിയപ്പോൾ, ഒഡീസ്സിയസ് അവ നിയോടോളമസിനു കൈമാറി. [15]

വിഗ്രഹമോഷണം

തിരുത്തുക

അഥീനയുടെ ദിവ്യവിഗ്രഹം ട്രോയ് നഗരാതിർത്തിക്കുള്ളിൽ ഉള്ളിടത്തോളം കാലം ട്രോജന്മാരെ തോല്പിക്കാനാവില്ലെന്നറിഞ്ഞ ഗ്രീക്കുസൈന്യം വിഗ്രഹമോഷണത്തിനുള്ള പദ്ധതിയിട്ടു. രാത്രിയുടെ മറവിൽ ഒഡീസ്സസും നഗരപ്രാകാരം ചാടിക്കടന്ന് വിഗ്രഹം മോഷ്ടിച്ചു കൊണ്ടു വന്നു. [16],[17]

യുദ്ധാവസാനം: ട്രോജൻ കുതിര

തിരുത്തുക
പ്രധാന ലേഖനം: ട്രോജൻ കുതിര

പത്തു വർഷം നീണ്ടു നിന്ന യുദ്ധം അവസാനിക്കുന്ന മട്ടില്ലെന്നു കണ്ടപ്പോൾ അതിനൊരു പരിഹാരം നിർദ്ദേശിച്ചതും ഒഡീസ്സസാണ്. ഭീമാകാരമായ മരക്കുതിര പണി ചെയ്യിപ്പിച്ച് അതിനകത്ത് താനടക്കം സകല ഗ്രീക്കു സൈനികരേയും ഒളിപ്പിച്ചിരുത്താനും, ട്രോജന്മാരെ വിശ്വാസയോഗ്യമായ കള്ളക്കഥ പറഞ്ഞു ധരിപ്പിച്ച് കുതിരയെ നഗരത്തിനുള്ളിൽത്തന്നെ പ്രതിഷ്ഠിക്കാനായി ഒറ്റയൊരു ഗ്രീക്കു ഭടനെ പുറത്തു നിറുത്താനുമുള്ള സൂക്ഷ്മവും സങ്കീർണവുമായ പദ്ധതി ഒഡീസ്സസ് ആസൂത്രണം ചെയ്തു[18] അതു സഫലമായി, ഗ്രീക്കുകാർ വിജയിക്കുകയും ചെയ്തു.[19],[20],[21]. യുദ്ധമുതലിനോടൊപ്പം രാജവനിതകളേയും വിജയികൾ പങ്കിട്ടെടുത്തു. രാജമാതാവ് ഹെകൂബ അങ്ങനെ ഒഡീസ്സസിന് ദാസിയായി ലഭിച്ചു[22],[23]

യുദ്ധാനന്തരം: ഒഡീസി

തിരുത്തുക

വിജയോന്മാദത്തിൽ ഗ്രീക്കുസൈന്യം അനേകം പാതകങ്ങൾ ചെയുകൂട്ടുകയും ദൈവങ്ങളെ തീർത്തും വിസ്മരിക്കുകയും ചെയ്തു. കുപിതരായ അഥീനയും പൊസൈഡോണും പകവീട്ടാൻ നിശ്ചയിച്ചു. അവരിരുവരും ചേർന്ന് ഗ്രീക്കു സൈന്യത്തിന്റെ സ്വദേശത്തേക്കുള്ള മടക്കയാത്ര ദുഷ്കരമാക്കി. മെനിലോസും ഹെലനും വലിയ ക്ഷതമൊന്നും കൂടാതെ മൈസിനേയിൽ തിരിച്ചത്തി. ഒട്ടനേകം വീരന്മാർ അകാലമൃത്യുവിനും അപമൃത്യുവിനും ഇരയായി. അഗമെമ്നൺ കസ്സാൻഡ്രയോടൊപ്പം ഗ്രീസിൽ തിരിച്ചത്തിയെങ്കിലും രാജകൊട്ടാരത്തിനകത്ത് മരണം അയാളെ കാത്തു നിന്നു. ഒഡീസ്സസിന് വീണ്ടും പത്തു വർഷത്തേക്ക് വീടണയാനായില്ല. ആ പത്തു വർഷക്കാലം ഒഡീസ്സസിന് അഭിമുഖീകരിക്കേണ്ടിവന്ന പ്രതിസന്ധികളുടേയും അവയൊക്കെ ബുദ്ധിയും കൗശലവുമുപയോഗിച്ച് എങ്ങനെ തരണം ചെയ്തു എന്നതിന്റേയും വിവരണമാണ് ഹോമർ ഒഡീസിയിൽ നല്കുന്നത്.[24].

 
ഒഡീസ്സസിന്റെ സാഹസികയാത്ര- അനേകം അനുമാനങ്ങളിലൊന്ന്

താമരദ്വീപിൽ

തിരുത്തുക

ഒഡീസ്സസും സംഘവും കയറിയ കപ്പൽ ട്രോയിൽ നിന്നു പുറപ്പെട്ട് ഒമ്പതു ദിവസം ദിക്കറിയാതെ പുറംകടലിൽ പെട്ടുഴറി. ഒടുവിൽ കപ്പൽ ഒരു ദ്വീപിൽ ചെന്നടിഞ്ഞു. മധു നിറഞ്ഞ പുക്കൾ മാത്രം ഭക്ഷിക്കുന്ന ഒരു പ്രത്യേകതരം ജനതയായിരുന്നു അവിടെ നിവസിച്ചിരുന്നത്. വിശപ്പും ക്ഷീണവും കൊണ്ട് വിവശരായ യാത്രികരിൽ ചിലർ തദ്ദേശികളുടെ ആതിഥ്യം സ്വികരിച്ച് പുഷ്പഭക്ഷണം ആഹരിച്ചു. അതോടെ അവർ മോഹവലയത്തിൽ അകപ്പെട്ടു. താമരദ്വീപിൽ നിന്ന് യാത്ര തുടരേണമെന്ന ചിന്തയേ ഇല്ലാതായി. വളരെ ബുദ്ധിമുട്ടിയാണ് ഒഡീസ്സസ് അവരേയും കപ്പലിലേറ്റി യാത്ര തുടർന്നത്.[25]

സൈാക്ലോപ്സിന്റെ ഗുഹയിൽ

തിരുത്തുക
പ്രധാന ലേഖനം: സൈക്ലോപ്‌സ്

ഒഡീസ്സസും സംഘവും അടുത്തതായി നങ്കുരമിട്ട ദ്വീപ് ഭീകരരൂപിയായ സൈക്ലോപ്സിന്റേതായിരുന്നു. പക്ഷെ അതേക്കുറിച്ച് അവർ അജ്ഞരായിരുന്നു. ജനവാസമുണ്ടെന്നു തോന്നിച്ച ഗുഹക്കകത്തേക്ക് ഒഡീസ്സസ് ഏതാനും അനുചരന്മാരോടൊപ്പം പ്രവേശിച്ചു. ഗുഹക്കകത്ത് ആരുമുണ്ടായിരുന്നില്ലെങ്കിലും ഭക്ഷ്യപേയങ്ങൾ സമൃദ്ധമായിരുന്നു. ഗൃഹനാഥനെ കാത്തിരിക്കാതെ നുഴഞ്ഞുകയറ്റക്കാർ ആവശ്യത്തിനെടുത്ത് വിശപ്പു മാറ്റി. ഇരുട്ടു വീഴാൻ തുടങ്ങിയപ്പോൾ ആട്ടിൻ പറ്റങ്ങളേയും തെളിച്ചുകൊണ്ട് ഗുഹക്കകത്തെത്തിയ സൈക്ലോപ്സ് വിരുന്നുകാരെക്കണ്ട് ക്രുദ്ധനായി.ഭീമാകാരമായ പാറക്കല്ലുകൊണ്ട് ഗുഹാമുഖം അടച്ചു. വിരുന്നുകാർ തടവുകാരായി.അവരിലൊരാളെ ഉടൻതന്നെ സൈക്ലോപ്സ് കൊന്നുതിന്നുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ ഓരോരുത്തരോയായി കൊന്നു തിന്നാനായിരുന്നു സൈക്ലോപ്സിന്റെ പ്ലാൻ. ഗുഹക്കകത്ത് നിന്ന് നിന്ന് രക്ഷപ്പെടാനായി ഒഡീസ്സസ് പദ്ധതിയിട്ടു. ദിനസങ്ങളോളം മെനക്കെട്ട് പായ്മരത്തോളം വലിപ്പമുള്ള ഒരു വലിയ മുളന്തടിയുടെ ഒരറ്റം സൂചിമുനയോളം കൂർപ്പിച്ചെടുത്തു. ഒരു രാത്രിയിൽ സൈക്ലോപ്സിനെ തന്ത്രപൂർവം അത്യന്തം വീര്യമുള്ള വീഞ്ഞു കുടിപ്പിച്ച് മത്തനാക്കിയശേഷം സൂചി കണ്ണിൽ കുത്തിക്കയറ്റി. വേദനകൊണ്ടു പുളഞ്ഞ സൈക്ലോപ്സ് ഗുഹാമുഖം തുറന്നെങ്കിലും ആട്ടിൻ പറ്റങ്ങളേയല്ലാതെ മനുഷ്യരെ ആരേയും പുറത്തു കടക്കാനനുവദിക്കാതെ ഗുഹാമുഖത്തു തന്നെ ഇരിപ്പായി. ഒഡീസ്സസും കൂട്ടരും മുട്ടനാടുകളുടെ വയറ്റു പൊത്തിപ്പിടിച്ചു തൂങ്ങിക്കിടന്ന് ഗുഹയിൽ നിന്നു രക്ഷപ്പെട്ടെന്നു കഥ.[26]

ഗുഹയിൽനിന്നു രക്ഷപ്പെടാനായെങ്കിലും, ദുർവിധിയിൽനിന്നു രക്ഷകിട്ടിയില്ല. സൈക്ലോപ്സിന്റെ പിതാവായിരുന്ന പൊസൈഡൺ പകരം വീട്ടി. കടൽ പ്രക്ഷുബ്ധമായി. ഒഡീസ്സസും സംഘവും വീണ്ടും ദുരിതത്തിലായി.[27]

എയോലോസിന്റെ ദ്വീപിൽ

തിരുത്തുക

കപ്പൽ പിന്നീടു ചെന്നടിഞ്ഞത് എയോലോസിന്റെ ദ്വീപിലായിരുന്നു. ഭൂലോകത്തിലാകമാനം വീശിയടിക്കുന്ന കാറ്റുകളുടെ ചുമതല എയോലോസിനേയാണ് സ്യൂസ് ഏല്പിച്ചിരുന്നത്. കാറ്റുകളെ ഇഷ്ടാനുസാരം ചലിപ്പിക്കാനുള്ള ശക്തി എയോലോസിനുണ്ടായിരുന്നു. എയോലോസ് ഒഡീസ്സസിനേയും അനുചരരേയും സന്തോഷപൂർവം സ്വീകരിച്ചു. വിടപറയാൻ നേരത്ത് ഭദ്രമായി കെട്ടിയുറപ്പിച്ച ഒരു തോൽകിഴി ഒഡീസ്സസിനു നല്കി- ഇതൊരിക്കലും അഴിക്കരുതെന്ന നിർദ്ദേശത്തോടെ. ഒഡീസ്സസിന്റെ തുടർന്നുള്ള സമുദ്രയാത്രക്ക് വിനാശകരമായേക്കാവുന്ന സകലമാന കൊടുങ്കാറ്റുകളേയും പുറത്തു കടക്കാനാവാത്ത വിധം അതിനകത്ത് തളച്ചിട്ടിരുന്നു. അതിനകത്ത് സ്വർണനാണയങ്ങളായിരിക്കുമെന്നു കരുതി, അനുചരിൽ ചിലർചേർന്ന് കെട്ടഴിച്ചു. തുടർന്നുണ്ടായ കൊടുങ്കാറ്റും ചുഴലിയും അവരെ മരണത്തോളമെത്തിച്ചു. ദിവസങ്ങളോളം നീണ്ടുനിന്ന കൊടുങ്കാറ്റ് ഒട്ടൊന്നു ശമിച്ചപ്പോൾ അവർ എത്തിപ്പെട്ടത് ലെസ്റ്റ്രിഗോണുകളുടെ നാട്ടിലായിരുന്നു.[28]

ലെസ്റ്റ്രിഗോണുകളുടെ ദ്വീപിൽ

തിരുത്തുക

ലെസ്റ്റ്രിഗോണുകൾ നരഭോജികളും അതികായന്മാരുമായിരുന്നു. തീരത്തണഞ്ഞ കപ്പലുകളൊന്നൊന്നായി തല്ലിത്തകർത്ത് യാത്രക്കാരെ ഭക്ഷിക്കാൻ തുടങ്ങിയ അവരിൽ നിന്നും ഒഡീസ്സസിന്റെ കപ്പലിനു മാത്രമേ രക്ഷപ്പെടാനായുള്ളു. കാറ്റും ഒഴുക്കും അവരെ ചെന്നെത്തിച്ചത് അയിയ(ഈയീ, എയീ എന്നും പറയാറുണ്ട്.)ദ്വീപിലേക്കായിരുന്നു. [29]

സെർസിയുടെ പിടിയിൽ

തിരുത്തുക
പ്രധാന ലേഖനം: സെർസി

അയിയ ദ്വീപിന്റെ ഉടമ അതി സുന്ദരിയും മഹേന്ദ്രജാലക്കാരിയുമായ സെർസി ആയിരുന്നു. ഇക്കാര്യം ഒഡീസ്സസിനും അനുചരർക്കും അറിയില്ലായിരുന്നു.ഒഡീസ്സസിനേയും കൂട്ടരേയും സിർസി വീട്ടിലേക്കു ക്ഷണിച്ചു. ക്ഷണം സ്വീകരിക്കുംമുമ്പ് വിവരങ്ങളൊക്കെ വിശദമായി അറിഞ്ഞു വരാനായി ഒഡീസ്സസ് സംഘത്തിലെ ചെലരെ അയച്ചു. തന്നെ സമീപിച്ച പുരുഷന്മാരേയെല്ലാം മൃഗങ്ങളാക്കി മാറ്റുക അവളുടെ ക്രൂരവിനോദമാണെന്നറിഞ്ഞ ഒഡീസ്സസ് രക്ഷപ്പെടാനുള്ള മാർഗങ്ങൾ ആരാഞ്ഞു.[30],[31] ഹെർമിസ് ദേവൻ ഒരു ഗ്രാമീണയുവാവിന്റെ വേഷത്തിൽ വന്ന് ഒഡീസ്സസിന് പച്ചിലമരുന്നുകളെപ്പറ്റിയുള്ള അറിവു നല്കി. ആ പച്ചിലക്കൂട്ടിന് സിർസിയുടെ മന്ത്രവാദത്തെ ചെറുത്തു നില്കാകനുള്ള ശക്തിയുണ്ടെന്ന് യുവാവ് പറഞ്ഞു.[32] മരുന്നു സേവിച്ചശേഷം സിർസിയുടെ വീട്ടിലെത്തിയ ഒഡീസ്സസിനെ രൂപാന്തരപ്പെടുത്താൻ സിർസിക്കു കഴിഞ്ഞില്ല. സിർസി ഒഡീസ്സസിന്റെ ആരാധകയായി, അയാൾക്കു വേണ്ടി എന്തും ചെയ്യാൻ സന്നദ്ധയായി. ഒഡീസ്സസും കൂട്ടരും ഏതാണ്ട് ഒരു വർഷത്തോളം അവിടെ അതിഥികളായി താമസിച്ചു. വിട പറയാൻ നേരമായപ്പോൾ വഴിമധ്യേ നേരിടേണ്ടി വന്നേക്കാവുന്ന അപകടങ്ങളെക്കുറിച്ചു സൂചിപ്പിച്ചു, അവ മറികടക്കാനുള്ള ഉപായങ്ങളും നിർദ്ദേശിച്ചു.[33] കൂടുതൽ അറിയാനായി ഒഡീസ്സസ് പാതാളലോകത്തു ചെന്ന് ടൈരെസിയ്സിന്റെ പ്രേതാത്മാവുമായി കൂടിക്കാഴ്ച നടത്തണമെന്നും ഉപദേശിച്ചു. പരേതനായ ടൈറെസിയസ് ഥീബസിലെ പുരോഹിതനായിരുന്നു. അയാൾക്ക് ഭാവി പ്രവചിക്കാനുള്ള സിദ്ധി ഉണ്ടായിരുന്നു.[34].

പ്രേതാത്മാവിനെത്തേടി

തിരുത്തുക

പ്രേതാത്മക്കളെ ക്ഷണിച്ചു വരുത്താൻ അവരുടെ രക്തദാഹം ശമിപ്പിക്കേണ്ടിയിരുന്നു. ഇതിനായി ആടുകളെ കൊന്ന് ഒഡീസ്സസ് ചോരക്കുളം തീർത്തു. കൊതിമൂത്ത് ഒടിയടുത്ത മറ്റു പരേതാത്മാക്കളെ തടുത്തു നിർത്തി, ആദ്യത്തെ ഊഴം ടൈറെസിയസിനു നല്കണമെന്നും സിർസി പറഞ്ഞിരുന്നു. ടൈറെസിയസിന്റെ പ്രേതം പ്രത്യക്ഷപ്പെട്ടു, രക്തപാനം ചെയ്തു. ഒഡീസ്സസിന്റെ ചോദ്യങ്ങൾക്കു മറുപടിയും നല്കി. ഇഥക്കയിലെത്താൻ ഒഡീസ്സസിന് സാധിക്കുമെന്നും പക്ഷെ അനുചരർക്ക് അതിനു വിഘ്നം കാണുന്നുണ്ടെന്നും ടൈറെസിയസ് പ്രവചിച്ചു. സൂര്യദ്വീപിലെ കാളക്കുട്ടന്മാരെ ഉപദ്രവിക്കാതിരുന്നാൽ എല്ലാം ശരിയായ പടി നടക്കും. ടൈറെസിയസിനു ശേഷം രക്തപാനത്തിനായെത്തിയ അനേകം ഗ്രീക്കു യോദ്ധാക്കളെ ഒഡീസ്സസ് കണ്ടു. ഇവരിൽ അക്കിലസിനും അജാക്സിനുമൊപ്പം അഗമെംനണും ഉണ്ടായിരുന്നു.[35]

സിറേനുകളുടെ ദ്വീപിൽ

തിരുത്തുക
പ്രധാന ലേഖനം: സിറെൻ

വശ്യമധുരമായ ഗാനമുതിർത്ത് കടൽയാത്രികരെ അപകടപ്പെടുത്തിക്കൊല്ലുന്ന സിറേനുകളെപ്പറ്റി സിർസി ഒഡീസ്സസിന് മുന്നറിയിപ്പു നല്കിയരുന്നു. അനുചരരുടെ ചെവിയി മെഴുക് ഉരുക്കിയൊഴിച്ചും, സ്വയം ബന്ധനസ്ഥനായ നിലയിലും ഒഡീസ്സസ് ഈ അപകടം തരണം ചെയ്തു.[36]

സ്കില്ല-ചാരിബ്ഡിസ് കടലിടുക്കിലൂടെ

തിരുത്തുക

മെസ്സീന കടലിടുക്കിന്റെ ഇരുവശത്തുമായി പാർപ്പുറപ്പിച്ചിരുന്ന ഭീകരരാക്ഷസികളായ സ്കില്ലയും ചാരിബ്ഡിസും കടൽയാത്രികരുടെ പേടിസ്വപ്നമായിരുന്നു. ഒഡീസ്സസിന്റെ കപ്പൽ ഈ അപകടവും തരണം ചെയ്തെങ്കിലും ആൾനാശം സംഭവിച്ചു[37].[31], [38]


സൂര്യദ്വീപിൽ

തിരുത്തുക

ത്രിനാഷ്യ എന്ന സൂര്യദ്വീപിലെത്തിയപ്പോൾ അവിടത്തെ കാളക്കുട്ടന്മാരെ യാതൊരു കാരണവശാലും ഉപദ്രവിക്കരുതെന്ന് ഒഡീസ്സസ് അനുചരർക്ക് പ്രത്യേകം നിർദ്ദേശം നല്കി. ഈ കാളക്കുട്ടന്മാർ സൂര്യദേവന് ഏറ്റവും പ്രിയപ്പെട്ടവയായിരുന്നു. എന്നാൽ വിശപ്പു മൂത്ത അനുചരർ ഒഡീസ്സസിന്റെ കണ്ണു വെട്ടിച്ച് ഏതാനും കാളക്കുട്ടികളെ കശാപ്പു ചെയ്തു ഭക്ഷിച്ചു. അനുചരരേയും കൊണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ക്രുദ്ധനായ സൂര്യദേവൻ വജ്രായുധം കൊണ്ട് കപ്പൽ തകർത്തു. ഒഡീസ്സസൊഴികെ ആരും രക്ഷപ്പെട്ടില്ല. കപ്പലിന്റെ അടിമരം പൊങ്ങു തടിയാക്കി ദിവസങ്ങളോളം ഒഡീസ്സസ് പുറങ്കടലിൽ കഴിച്ചു കൂട്ടി. ഒടുവിൽ അബോധാവസ്ഥയിൽ ഒജൈജിയാ ദ്വീപിൽ ചെന്നടിഞ്ഞു.[39]

കാലിപ്സോയുടെ തടവുകാരൻ

തിരുത്തുക
പ്രധാന ലേഖനം: കാലിപ്സോ

ഒജൈജിയ ദ്വീപ് ജലദേവതയായിരുന്ന കാലിപ്സോയുടേതായിരുന്നു. കാലിപ്സോ ഒഡീസ്സസിനെ പരിചരിച്ച് ആരോഗ്യവാനാക്കി. ഒഡീസ്സസിനോടുള്ള അഭിനിവേശം എല്ലാവിധ സുഖസൗകര്യങ്ങളും ചെയ്തുകൊടുത്തെങ്കിലും ദ്വീപിൽ നിന്ന് പുറത്തുപോകാൻ അനുവദിച്ചില്ല. വർഷങ്ങളോളം ഒഡീസ്സസ് ഈ അവസ്ഥയിൽ കഴിച്ചു കൂട്ടി. പത്തുവർഷക്കാലത്തെ അലച്ചിൽ ഒഡീസ്സസിനു മതിയായ ശിക്ഷയായെന്നും ഇനി എത്രയും വേഗം അയാളെ ഇഥക്കയിലേക്കെത്തിക്കണമെന്നും അഥീന ദേവന്മാരെ അറിയിച്ചു. സ്യൂസ് സ്വയം ഹെർമിസ് ദേവൻ വഴി കാലിപ്സോയുടെ മനസ്സു മാറ്റിയെടുക്കുകയും ചെയ്തു.[40] ഇഥക്കയിലേക്കു യാത്രതിരിക്കാനായി പുതിയൊരു കപ്പൽ നിർമ്മിക്കാനുള്ള സകലവിധ സഹായങ്ങളും കാലിപ്സോ ചെയ്തു കൊടുത്തു. പതിനേഴു ദിവസത്തെ യാത്രക്കു ശേഷം ഒഡീസ്സസ് അങ്ങു ദൂരെ കരകണ്ടു. അത് ഇഥക്കയാവുമെന്ന് ഒഡീസ്സസിന് ഉറപ്പുണ്ടായിരുന്നു. എന്നാൽ ഒഡീസ്സസിന്റെ കപ്പൽ പൊടുന്നനെ സമുദ്രദേവന്റെ ദൃഷ്ടിയിൽ പെട്ടു. തന്റെ മകനായ സൈക്ലോപസിനോട് ഒഡീസ്സസ് ചെയ്ത ദ്രോഹം പൊസൈഡോൺ മറന്നിരുന്നില്ല. സമദ്രം വീണ്ടും ക്ഷോഭിച്ചു. കപ്പൽ തകർന്നു. ഒഡീസ്സസ് അശരണനായി ഫേഷ്യൻ ദ്വീപിലടിഞ്ഞു. [41]

ഫേഷ്യൻ ദ്വീപിൽ

തിരുത്തുക

തണുപ്പിൽ നിന്നു രക്ഷനേടാനായി കരിയിലകൾ വാരിപ്പുതച്ച് ഒരു രാത്രി മുഴുവൻ കഴിച്ചു കൂട്ടിയ ഒഡീസ്സസ് പിറ്റേന്ന് അവിചാരിതമായി രാജകുമാരി നോസിക്കയെ കണ്ടുമുട്ടി. അവളുടെ സഹായത്തോടെ രാജധാനിയിലെത്തി. പത്തു വർഷമായുള്ള തന്റെ സാഹസികയാത്രയെപ്പറ്റി സവിസ്തരം പ്രതിപാദിച്ചു. ഒഡീസ്സസിന് ഇഥക്കയിലെത്താനുള്ള എല്ലാവിധ സഹായങ്ങളും ഫേഷ്യൻ രാജാവ് വാഗ്ദാനം ചെയ്തു. യാത്രക്കുള്ള നൗക തയ്യാറാക്കപ്പെട്ടു.ഒഡീസ്സസ് യാത്രയായി.[42],[43]

ഇഥക്കയിൽ

തിരുത്തുക
പ്രധാന ലേഖനം: ഇഥക്കാ

സ്വന്തം വീട്ടിലേക്ക് സ്വാതന്ത്ര്യപൂർവം കടന്നു ചെല്ലാനാവാത്തവിധം സങ്കീർണമാണ് സ്ഥിതിഗതികൾ എന്ന് അഥീന ഒഡീസ്സസിനെ ബോധിപ്പിച്ചു. ഇരുപതു വർഷങ്ങളായി ഒഡീസ്സസിനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതുമൂലം അയാൾ മരിച്ചെന്ന് നാട്ടുകാർ വിശ്വസിക്കുന്നു. മാത്രമല്ല,ഒഡീസ്സസിന്റെ സുന്ദരിയായ ഭാര്യ പെനിലോപ്പിനെ സ്വന്തമാക്കാനായി നാട്ടിലെ പ്രഭുക്കൾ വിവാഹാഭ്യർഥനയുമായി വീട്ടിൽ തമ്പടിച്ചിരിക്കയാണ്. പെനിലോപ്പും പുത്രൻ ടെലിമാച്ചസും വൃദ്ധപിതാവും നിസ്സഹായരാണ്. ഈ സന്ദർഭത്തിൽ പൊടുന്നനെ വീട്ടിലെത്തിയാൽ വിവാഹാർഥികൾ സംഘം ചേർന്ന് ഒഡീസ്സസിനെ വധിക്കാനും മതി. അഥീന ടെലിമാച്ചസിനെ കടൽത്തീരത്തേക്കു വരുത്തി, ഒഡീസ്സസുമായുള്ള അഭിമുഖത്തിന് വഴിയൊരുക്കി.[44] അച്ഛനും മകനും അഥീനയുടെ പൂർണസഹായത്തോടെ പദ്ധതി തയ്യാറാക്കി. നിസ്സഹായനും നിരാലംബനുമായ വൃദ്ധന്റെ വേഷത്തിൽ ഒഡീസ്സസ് വീട്ടിലെത്തണം. ഇതിനകം ടെലിമാച്ചസ് വിവാഹാർഥികളുടേതടക്കം ആയുധശേഖരം മുഴുവനും തന്ത്രപൂർവം മറ്റൊരിടത്തേക്കു മാറ്റിയിരിക്കണം. [45], [46]

വിവാഹാർഥികളെ അകറ്റിനിർത്താനായി പെനിലോപ്പും പലേ തന്ത്രങ്ങളും പ്രയോഗിച്ചു. അതിലൊന്നായിരുന്നു, ഭർതൃപിതാവിനായി ഒരു പുതപ്പ് നെയ്യേണ്ടതുണ്ടെന്നത്. അതു പൂത്തിയായതും താൻ വിവാഹത്തിനു തയ്യാറാവുെന്ന് പെനിലോപ് പ്രസ്താവിച്ചു. എന്നാൽ പുതപ്പ്നെയ്തു തീരുന്ന ലക്ഷണമേ കണ്ടില്ല. സംശയാലുക്കളായ വിവാഹാർഥികൾ ചാരപ്പണി നടത്തി. പകൽനേരത്തു നെയ്തു തീർക്കുന്നതു മുഴുവനും പെനിലോപ്പ് രാത്രിയിൽ അഴിക്കുകയാണെന്ന് അവർ കണ്ടെത്തി.

പ്രച്ഛന്നവേഷത്തിൽ സ്വന്തം വീട്ടിലെത്തിയ ഒഡീസ്സസിനെ അയാളുടെ പഴയ നായ അർഗോസും, ആയയും തിരിച്ചറിഞ്ഞു[47].വിവാഹാർഥികൾ പ്രച്ഛന്നവേഷധാരിയെ പുച്ഛിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. എന്നാൽ പെനിലോപ് വൃദ്ധയാചകനെ കരുണാപൂർവം സ്വീകരിച്ചിരുത്തി. അന്നു രാത്രി തന്റെ വീട്ടിൽ അഭയം നല്കി. രാത്രിയിൽ പിതാവും പുത്രനുമൊത്ത് അയുധശേഖരം ഒളിപ്പിച്ചു. [48]അന്ന് പെനിലോപ്പ് മറ്റൊരു തന്ത്രം പ്രയോഗിച്ചു. ഒഡീസ്സസിന്റെ ഭീമമായ അമ്പും വില്ലും വിവാഹാർഥികളുടെ മുന്നിൽ വെച്ച്, അതിൽ ഞാൺ കെട്ടി അമ്പു തൊടുത്ത് പന്ത്രണ്ടു വളയങ്ങളിലൂടെ പായിക്കുന്ന വില്ലാളിവീരനെ താൻ സ്വീകരിക്കുന്നതാണെന്ന് പ്രഖ്യാപിച്ച്, രംഗമൊഴിഞ്ഞു. ഒഡീസ്സസ് ഒഴികെ മറ്റാർക്കും ഇതു സാധ്യമല്ലെന്ന് പെനിലോപ്പിന് അറിയാമായിരുന്നു. വിവാഹാർഥികൾ ഓരോന്നായി പരാജയപ്പെട്ടപ്പോൾ പ്രച്ഛന്ന വേഷധാരി മുന്നോട്ടു വന്നു. നിഷ്പ്രയാസം മത്സരം ജയിച്ച് , സ്വയം പരിചയപ്പെടുത്തി. വിവാഹാർഥികൾ പ്രകോപിതരായി ചെറുത്തു നില്ക്കാൻ ശ്രമിച്ചെങ്കിലും ഒഡീസ്സസും ടെലിമാച്ചസും അവരെയൊക്കെ വകവരുത്തി.[49].ഒഡീസ്സസ് സ്വയം വെളിപ്പെടുത്തി. ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തപ്പെട്ട പെനിലോപ്പും സന്തുഷ്ടയായി.[50].

വിവാഹാർഥികളെ കൂട്ടക്കൊല ചെയ്തതിന്റെ പേരിൽ ഇഥക്കയിലെ ജനനേതാക്കൾ ഒഡീസ്സസിനെതിരെ പടയെടുത്തു. അഥീനയുടെ ഇടപെടൽ മൂലം യുദ്ധം ഒഡീസ്സസിന്റെ വിജയത്തിൽ കലാശിച്ചു.[51]. കൂട്ടക്കൊലചെയ്തതിനു പ്രായശ്ചിത്തമായി ഒഡീസ്സസ് പാതാളദേവന്മാരെ പ്രീതിപ്പെടുത്താനായി യാത്രപോയെന്നും മടക്കയാത്രയിൽ തെസ്പ്രൊട്ടീൻ ദേശത്തെ റാണിയെ വിവാഹം ചെയ്ത് ഏറെ കാലം അവിടെ താമസിച്ചെന്നും ആ ബന്ധത്തിൽ ഒരു പുത്രൻ പിറന്നെന്നും മറ്റൊരു കഥയുമുണ്ട്. [52] എന്നാൽ കൂട്ടക്കൊലക്കുള്ള ശിക്ഷയായി ഒഡീസ്സസ് നാടുകടത്തപ്പെട്ടെന്നും ഇറ്റോളിയയിലെത്തി, അവിടത്തെ രാജാവ് തോസിന്റെ പുത്രിയെ വിവാഹം കഴിച്ച് ശേഷിച്ച കാലം അവിടെ കഴിച്ചു കൂട്ടിയെന്നും വേറൊരു കഥയുമുണ്ട്.[53]

അന്ത്യം

തിരുത്തുക

വാർധക്യസഹജമായ കാരണങ്ങളാൽ ഇറ്റോളിയയിൽ വെച്ച് മരണമടഞ്ഞെന്ന് ഒരു കഥ. മറ്റൊരു കഥയനുസരിച്ച് ടെലിഗോണസ് ആണ് അബദ്ധത്തിൽ ഒഡീസ്സസിനെ വധിക്കുന്നത്. ഒഡീസ്സസിന് സിർസിയിൽ പിറന്ന പുത്രനായിരുന്നനുവത്രെ ടെലിഗോണസ്. പിതാവിനെ തേടി ഇഥക്കയിലെത്തിയ പുത്രനുമായുണ്ടായ ഏറ്റുമുട്ടലിൽ ഒഡീസ്സസ് കൊല്ലപ്പെട്ടുവെന്നാണ് കഥ. [53]

  1. Iliad, പുറം. 35.
  2. Iliad, പുറം. II.55,III.75.
  3. Stanford, William Bedell (1968). The Ulysses theme. p. 8.
  4. Merriam-Webster Dictionary
  5. Hamilton, പുറം. 179-81.
  6. 6.0 6.1 6.2 Hamilton, പുറം. 181.
  7. 7.0 7.1 Apollodorus, പുറം. E3.7.
  8. Hamilton, പുറം. 182.
  9. Iliad, പുറം. 250-270.
  10. Apollodorus, പുറം. E.4.4.
  11. Iliad, പുറം. 80,182.
  12. Iliad, പുറം. 230-250.
  13. Apollodorus, പുറം. E6.8,9.
  14. Virgil, പുറം. 2.80-90.
  15. Apollodorus, പുറം. E.5.5.
  16. Hamilton, പുറം. 195.
  17. Apollodorus, പുറം. E5.10,13.
  18. Apollodorus, പുറം. E5.14.
  19. Odyssey, പുറം. 55,119.
  20. Hamilton, പുറം. 195-99.
  21. Virgil, പുറം. 25-47.
  22. Euripides, പുറം. 1.
  23. Apollodorus, പുറം. E5.23.
  24. Hamilton, പുറം. 202-204.
  25. Odyssey, പുറം. 124.
  26. Odyssey, പുറം. 124-134.
  27. Odyssey, പുറം. 135.
  28. Odyssey, പുറം. 136-7.
  29. Odyssey, പുറം. 137-141.
  30. Odyssey, പുറം. 141.
  31. 31.0 31.1 Ovid, പുറം. 375-77.
  32. Odyssey, പുറം. 144.
  33. Hamilton, പുറം. 212.
  34. Odyssey, പുറം. 145-151.
  35. Odyssey, പുറം. 152- 171.
  36. Odyssey, പുറം. 172-7.
  37. Odyssey, പുറം. 178-9.
  38. Hamilton.
  39. Odyssey, പുറം. 181.
  40. Hamilton, പുറം. 208.
  41. Odyssey, പുറം. 182-5.
  42. Odyssey, പുറം. 187-90.
  43. Hamilton, പുറം. 209,215-216.
  44. Odyssey, പുറം. 252-237.
  45. Odyssey, പുറം. 192-6, 237-253.
  46. Hamilton, പുറം. 216-219.
  47. Odyssey & p-265.
  48. Odyssey, പുറം. 264-279.
  49. Odyssey, പുറം. 292-303.
  50. Odussey, പുറം. 304-317.
  51. Odyssey, പുറം. 324-337.
  52. Apollodorus, പുറം. E7.34-35.
  53. 53.0 53.1 Apollodorus, പുറം. E7.36-40.

സ്രോതസ്സുകൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഒഡീസ്സസ്&oldid=3903191" എന്ന താളിൽനിന്ന് ശേഖരിച്ചത്