മുണ്ഡകോപനിഷത്ത്
ഏറ്റവും പ്രധാനപ്പെട്ടവയായി കരുതപ്പെടുന്ന 10 ഉപനിഷത്തുകളിൽ ഒന്നാണ് മുണ്ഡകോപനിഷദ്. ഇത് അഥർവവേദത്തിന്റെ ശൗനകശാഖയിൽ ഉൾപ്പെട്ടതാണ്. എല്ലാ അറിവിലേയ്ക്കുമുള്ള വഴി തുറക്കുന്ന അറിവേതാണ് എന്ന ഒരു ശിഷ്യന്റെ ചോദ്യത്തിന് മറുപടി പറയാനുള്ള ഗുരുവിന്റെ ശ്രമമായാണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്.
സ്വതന്ത്രഭാരതത്തിന്റെ പ്രമാണമുദ്രയിൽ ചേർത്തിരിക്കുന്ന "സത്യമേവ ജയതേ' എന്ന മഹാവാക്യം, ഈ ഉപനിഷത്തിന്റെ മൂന്നാം അദ്ധ്യായത്തിലൊരിടത്ത്, "സത്യമേവ ജയതേ നാനൃതം" എന്നാരംഭിക്കുന്ന മന്ത്രത്തെ ആശ്രയിച്ചാണ്.[1]
പേര്
തിരുത്തുകമുണ്ഡകന്മാർക്കു വേണ്ടി രചിച്ചതിനാലാണ് ഇതിന് മുണ്ഡകോപനിഷത്ത് എന്ന പേരുണ്ടായതെന്ന് പറഞ്ഞു വരുന്നു. മുണ്ഡകന്മാർ എന്നതിന് എല്ലാ കാമങ്ങളും മുണ്ഡനം ചെയ്തുകളഞ്ഞ സംന്യാസികൾ എന്നാണർത്ഥം. ഈ ഉപനിഷത്ത് പഠിക്കുന്നതിനു മുൻപ്, ബുദ്ധഭിക്ഷുക്കൾക്കിടയിൽ പതിവുള്ളതുപോലെയുള്ള ശിരോമുണ്ഡനം നിർബ്ബന്ധമായിരുന്നതിൽ നിന്നാണ് ഈ പേരുവന്നത് എന്ന് മറ്റൊരഭിപ്രായവുമുണ്ട്. [2] വൃതനിർവഹണം നടത്തിയിട്ടില്ലാത്തവർ ഇത് വായിക്കാതിരിക്കട്ടെ എന്നൊരു വിലക്ക് ഉപനിഷത്തിന്റെ അവസാനഭാഗത്തെ ഒരു മന്ത്രത്തിൽ കാണാം.[3] [4]
ഉള്ളടക്കം
തിരുത്തുകമുണ്ഡകമെന്നത്, ഈ ഉപനിഷത്തിന്റെ എന്നതിനൊപ്പം അതിലെ അദ്ധ്യായങ്ങളുടെ കൂടി പേരാണ്. മുണ്ഡകോപനിഷത്തിൽ മൂന്നു "മുണ്ഡകങ്ങൾ" അടങ്ങിയിരിക്കുന്നു. ഓരോ മുണ്ഡകവും ഈരണ്ട് ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു.
ഒന്നാം മുണ്ഡകം
തിരുത്തുകദൈവങ്ങൾക്കും മുൻപ് ഉത്ഭവിച്ച ദൈവത്തിൽ നിന്ന് ഗുരുപരമ്പര വഴി ദൈവജ്ഞാനം അംഗിരസിലെത്തി എന്നു പറഞ്ഞാണ് ഒന്നാം മുണ്ഡകം തുടങ്ങുന്നത്. തുടർന്ന് ഈ ഉപനിഷത്തിലെ സത്യാന്വേഷണത്തിന് സന്ദർഭമൊരുക്കിയ ചോദ്യം കടന്നുവരുന്നു. ഗൃഹസ്ഥാശ്രമിയായ ശൗനകൻ അംഗിരസിനെ സമീപിച്ച് ചോദിച്ചത്, "എന്തറിഞ്ഞാൽ ഇക്കണ്ടതെല്ലാം അറിയാൻ കഴിയും" എന്നായിരുന്നു.
മറുപടിയായി അംഗിരസ്, അറിവുകൾ രണ്ടു തരമുണ്ട് എന്നു പറയുന്നു. വേദാഗമങ്ങളും സർവശാസ്ത്രങ്ങളും അടങ്ങിയ അപരവിദ്യയാണ് അതിലൊന്ന്. അതിനേക്കാൾ ഉന്നതമാണ്, ശാശ്വതമായതിനെക്കുറിച്ചുള്ള അറിവിലേയ്ക്കു നയിക്കുന്ന പരവിദ്യ. പരവിദ്യയ്ക്ക് വിഷയമായ അക്ഷരബ്രഹ്മത്തെ വിശദീകരിക്കുന്ന മന്ത്രങ്ങളിൽ ഒന്ന് ഇപ്രകാരമാണ്.
“ | യഥോർണ്ണനാഭി: സൃജതേ ഗൃഹ്ണതേ ച യഥാ പൃഥ്വിവ്യാമോഷധയസ്സംഭവന്തി യഥാ സത: പുരുഷാത് കേശലോമാനി തഥാക്ഷരാത് സംഭതീഹ വിശ്വം.[5] |
” |
"ചിലന്തിയിൽ നിന്ന് നൂലും, ഭൂമിയിയിൽ നിന്ന് സസ്യലതാദികളും, മനുഷ്യശരീരങ്ങളിൽ കേശരോമങ്ങളും പുറപ്പെടുന്നതുപോലെ അക്ഷരചൈതന്യത്തിൽ നിന്ന് വിശ്വം ഉയിരെടുക്കുന്നു" എന്നാണ് ഇതിനർത്ഥം.
ശാസ്ത്രങ്ങളിൽ വിവരിക്കുന്ന യജ്ഞാദികർമ്മങ്ങളെക്കുറിച്ചാണ് അടുത്ത ഏതാനും മന്ത്രങ്ങൾ. അക്ഷരമായതിനെക്കുറിച്ചുള്ള ജ്ഞാനം പ്രാപിക്കാൻ അപര്യാപ്തമാണ് ഈവിധ കർമ്മങ്ങളൊക്കെ. യജ്ഞരൂപമായ ഈ നൗകകൾ ബലമില്ലാത്തവയാണ്.(പ്ലവാഹ്യേതേ അദൃഢാ യജ്ഞരൂപാ). അവയ്ക്ക് വലിയ മഹത്ത്വം കല്പിക്കുന്ന മൂഢന്മാർ ജരാമൃതികളുടെ ഈ ലോകത്തിൽ വീണ്ടും വീണ്ടും എത്തിപ്പെടുന്നു. സ്വന്തം അജ്ഞതക്കുള്ളിൽ അടച്ചുപൂട്ടി വലിയ ബുദ്ധിമാന്മാരെന്ന ഭാവത്തിൽ കഴിയുന്ന ഈ മൂഢന്മാർ അന്ധനെ പിന്തുടരുന്ന അന്ധനെപ്പോലെ ചുറ്റിത്തിരിയുന്നു.[6]
ഉരുവാക്കപ്പെടാത്തതിനെ ചെയ്തികൾ കൊണ്ട് പ്രാപിക്കാനാവില്ല. അതിനെ അറിയാൻ കയ്യിൽ അഗ്നിയും ഏന്തി, വേദജ്ഞാനിയും ബ്രഹ്മലീനനുമായ ഗുരുവിനെ സമീപിക്കുകയാണ് വഴി. നിശ്ചലമനസ്സും പ്രശാന്താത്മാവുമായി തന്നെ ശരണം പ്രാപിക്കുന്നവന് ജ്ഞാനിയായ ഗുരു, സത്യവും യഥാർത്ഥവുമായ ആത്മതത്ത്വത്തിലേയ്ക്ക് നയിക്കുന്ന ബ്രഹ്മജ്ഞാനം ഉപദേശിച്ചുകൊടുക്കുന്നു.[7]
രണ്ടാം മുണ്ടകം
തിരുത്തുകഎല്ലാത്തിന്റേയും ശ്രോതസ്സെന്ന നിലയിൽ അക്ഷരബ്രഹ്മത്തിന്റെ മഹത്ത്വം വിവരിക്കുകയാണ് ഈ മുണ്ടകത്തിന്റെ ആദ്യഭാഗത്ത്. ഒരേ അഗ്നിയുടെ സ്ഫുലിംഗങ്ങളെന്ന പോലെ ബ്രഹ്മത്തിൽ നിന്ന് ജീവികളെല്ലാം ഉയിരെടുക്കുന്നു. ജീവശ്വാസവും, മനസ്സും, ഇന്ദ്രിയങ്ങളും, അന്തരീക്ഷവും, വായുവും, ജലവും എല്ലാറ്റിനേയും താങ്ങിനിർത്തുന്ന ഭൂമിയും അതിൽ നിന്ന് ജനിക്കുന്നതാണ്. അഗ്നി അതിന്റെ ശിരസും, സൂര്യ-ചന്ദ്രന്മാർ കണ്ണുകളും, ദിക്കുകൾ കർണ്ണങ്ങളും, വേദങ്ങൾ മൊഴികളും, വായു ശ്വാസവും, ഭൂമി പാദപീഠവും ആണ്. കീർത്തനങ്ങളും, മന്ത്രങ്ങളും, യജ്ഞങ്ങളും, ദൈവങ്ങളും, ആകാശഗോളങ്ങളും, ജനങ്ങളും, ധാന്യങ്ങളും, സപ്താഗ്നികളും, സാഗരങ്ങളും, പർവതങ്ങളും, നദികളും അതിൽ നിന്ന് പിറക്കുന്നു. രഹസ്യസ്ഥാനത്തിരിക്കുന്ന അതിനെ കണ്ടെത്തുന്നവൻ അജ്ഞതയുടെ ബന്ധനത്തിൽ നിന്ന് മുക്തനാകുന്നു.
തുടർന്ന് പ്രതീകാത്മകമായ ഭാഷയിൽ ആത്മതത്ത്വപ്രാപ്തിയുടെ വഴി നിർദ്ദേശിക്കുന്നു. "ഓംകാരമാകുന്ന വില്ലിൽ ആത്മാവാകുന്ന ശരം തൊടുത്ത്, ബ്രഹ്മമാകുന്ന ലക്ഷ്യത്തിന്റെ നേരേ എയ്യുക" എന്നാണ് നിർദ്ദേശം:
“ | പ്രണവോ ധനു: ശരോഹ്യാത്മാ ബ്രഹ്മ തല്ലക്ഷണമുച്യതേ അപ്രമത്തേന വേദ്ധവ്യം ശരവത് തന്മയോ ഭവേത്[8] |
” |
"ഓംകാരം വില്ലും ആത്മാവ് ശരവും ബ്രഹ്മം അതിന്റെ ലക്ഷ്യവുമാണ്. മനസ്സിടറാതെ ലക്ഷ്യം വച്ചാൽ ശരം (ലക്ഷ്യവുമായി) എന്നപോലെ, അതുമായി ഒന്നായിത്തീരാം" എന്നാണ് പ്രസിദ്ധമായ ഈ മന്ത്രത്തിന്റെ അർത്ഥം. അപ്പോൾ മനസ്സിൽ ഭേദബുദ്ധിയെ ഉറപ്പിച്ചു നിർത്തുന്ന കാമബന്ധങ്ങളെല്ലാം പൊട്ടിത്തകരുകയും സംശയങ്ങൾ മുറിഞ്ഞുവീണ് പാപങ്ങൾ ഒടുങ്ങുകയും ചെയ്യുന്നു. അനുഭൂതിയുടെ ആ ലോകത്തിൽ പ്രകാശം പരത്തുന്നത് സൂര്യചന്ദ്രന്മാരോ അഗ്നിയോ ഒന്നുമല്ല, അവയുടെ ഒക്കെ പ്രകാശത്തിന്റെ സ്രോതസ്സ് ഈ ആത്മതത്ത്വം തന്നെയാണ്. മുൻപിലും പിന്നിലും വലത്തും ഇടത്തും കീഴെയും മേലെയും എല്ലാം സന്നിഹിതമായ ചൈതന്യമാണത്.[2]
മൂന്നാം മുണ്ഡകം
തിരുത്തുകഉപനിഷൽസാഹിത്യത്തിലെ ഏറ്റവും പ്രസിദ്ധമായ ഒരു ഭാഗം ഈ മുണ്ഡകത്തിന്റെ തുടക്കത്തിലാണ്. മനോഹരമായ ഒരു പ്രതീകത്തിന്റെ സഹായത്തോടെ ജീവ-പരമാത്മാക്കളുടെ സ്ഥിതി കാട്ടിത്തരുന്ന ആ ഭാഗം തുടങ്ങുന്നത് ഇങ്ങനെയാണ്:-
“ | ദ്വാ സുപർണ്ണാ സയുജാ സഖായാ സമാനം വൃക്ഷം പരിക്ഷസ്വജാതേ തയോരന്യഹ: പിപ്പലം സ്വാദ്വത്തി- അനശ്നന്നന്യോ അഭിചാകശീതി[9] |
” |
"ഭംഗിയേറിയ രണ്ടു പക്ഷികൾ ഒരേവൃക്ഷത്തിൽ മുറുകെപ്പിടിച്ചിരിക്കുന്നു; അവയിലൊന്ന് ഫലം തിന്നുകയും മറ്റേപ്പക്ഷി നോക്കിയിരിക്കുകയുമാണ്" എന്നർത്ഥമുള്ള ഈ മന്ത്രത്തെ തുടർന്ന് അതിലെ പ്രതീകത്തിന്റെ നേരായ വിശദീകരണമാണ്. ഫലത്തിൽ മുഴുകി ദുഃഖിതനും നിസ്സഹായനുമായിരിക്കുന്ന പക്ഷി ജീവാത്മാവാണ്. സുഹൃത്തും അധീശനുമായി തൊട്ടടുത്തിരിക്കുന്നവനെ തിരിച്ചറിഞ്ഞ് സ്വന്തം മഹത്ത്വം ബോധ്യമാകുന്നതോടെ അവന്റെ ദുഃഖം അകലും. സത്യം, തപസ്സ്, ജ്ഞാനം എന്നിവയുടെ വഴിയാണ് ഈ അവസ്ഥ പ്രാപിക്കാൻ പിന്തുടരേണ്ടത്. സത്യം മാത്രം ജയിക്കുന്നു. അസത്യം ജയിക്കുന്നില്ല.[1] ദേവമാർഗ്ഗത്തിൽ സത്യം വിരിച്ചിരിക്കുന്നു. എല്ലാം നേടിക്കഴിഞ്ഞ ഋഷിമാർ എത്തിച്ചേരുന്ന സ്ഥാനം സത്യത്തിന്റെ ഇരിപ്പിടമാണ്. അത് വിശാലവും, ദിവ്യവും, ചിന്തയിലൊതുങ്ങാത്ത രൂപമുള്ളതുമാണ്. സൂക്ഷ്മത്തേക്കാൽ സൂക്ഷ്മതരമായി അത് വിളങ്ങുന്നു. ദൂരെ, അകലത്തേക്കാൾ അകലെ (ദൂരാത് സുദൂരേ) ആണ് അതെങ്കിലും, കാണാൻ കഴിയുന്നവർക്ക് അതിവിടെ തൊട്ടടുത്താണ്. രഹസ്യഹൃദയത്തിൽ അതിവിടെ മറഞ്ഞിരിക്കുന്നു.[10]
ആത്മതത്ത്വത്തെ പ്രവചനം കൊണ്ടോ ബുദ്ധികൊണ്ടോ വേദജ്ഞാനം കൊണ്ടോ പ്രാപിക്കാനാവില്ല. സ്വയം തെരഞ്ഞെടുക്കുന്നവർക്ക് അത് സ്വന്തം രൂപം വെളിപ്പെടുത്തുന്നു. ബലഹീനന്മാർക്ക് അതിനെ പ്രാപിക്കാനാവില്ല(നായമാത്മാ ബലഹീനേന ലഭ്യോ). നദികൾ സമുദ്രത്തിലെത്തി സ്വന്തം നാമഭാവങ്ങൾ ഉപേക്ഷിക്കുന്നതുപോലെ, ആത്മതത്ത്വത്തെ അറിയുന്നവർക്ക് സ്വന്തം നാമരൂപങ്ങളിൽ നിന്ന് മുക്തികിട്ടുന്നു.
അവസാനമന്ത്രത്തിന്റെ ആശയം ഇതാണ്: "ഋഷി അങ്കിരസ് പുരാതനകാലത്ത് അറിയിച്ച സത്യം ഇതാണ്. ശിരോവൃതം സ്വീകരിച്ചിട്ടില്ലാത്തവർ ഇത് പഠിക്കുന്നില്ല. പരമഋഷികൾക്ക് നമസ്കാരം! പരമഋഷികൾക്ക് നമസ്കാരം!"[3]
വിലയിരുത്തൽ
തിരുത്തുക"സത്യമേവ ജയതേ" എന്ന പ്രഖ്യാത മഹാവാക്യവും, വായനക്കാരുടെ മനസ്സിൽ മായാതെ നിൽക്കാൻ മാത്രം അർത്ഥസമൃദ്ധിയും സൗന്ദര്യവും തികഞ്ഞ ഒട്ടേറെ പ്രതീകങ്ങളും മുണ്ഡകോപനിഷത്തിനെ ശ്രദ്ധേയമാക്കുന്നു. ഇതിലെ ബിംബങ്ങൾ പലതും ഭാരതീയപാരമ്പര്യത്തിലെ അമൂല്യരത്നങ്ങളാണ്. എല്ലാവരുടേയും ഉള്ളിൽ കൊടികൊള്ളുന്ന പരാപര തത്ത്വങ്ങളായ രണ്ടു സുവർണ്ണഖഗങ്ങൾ, പരമയാഥാർത്ഥ്യമാകുന്ന കടലിൽ നദികളായി ഒഴുകിയെത്തി സായൂജ്യമടയുന്ന വ്യക്തിസത്തകൾ, ദൈവഹൃദയത്തിലേയ്ക്ക് സ്വയം ശരമായി എയ്തയയ്ക്കുന്ന സത്യാന്വേഷി എന്നിവ ഇതിലെ മനോഹരബിംബങ്ങളിൽ ചിലതാണ്. ബൈബിളിനേയും ഷേക്സ്പിയറുടെ ഹാംലെറ്റിനേയും അനുസ്മരിപ്പിക്കുന്നതാണ് ഇതിലെ ബിംബസമൃദ്ധിയും കാവ്യസൗന്ദര്യവും എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. എക്കാലത്തും ജനസമ്മതിയിൽ മുന്നിട്ടുനിന്ന ഈ രചന, മുഖ്യ ഉപനിഷത്തുകളുടെ ഒരു പട്ടികയിലും ഇടം കണ്ടെത്താതിരുന്നില്ല. ആദ്ധ്യാത്മികയാഥാർത്ഥ്യത്തിന്റെ സന്തുലിതവും സരളവുമായ വിശകലനം ഇതിനെ എല്ലാവർക്കും സ്വീകാര്യമാക്കി. ഉപനിഷൽസാഹിത്യത്തിലെ മുഖ്യപ്രമേയങ്ങളെയെല്ലാം പരിഗണിക്കുന്നുവെന്നതും ഇതിന്റെ ജനപ്രീതിയ്ക്ക് കാരണമായി. [11]
അവലംബം
തിരുത്തുക- ↑ 1.0 1.1 മുണ്ഡകോപനിഷത്ത് 3:1:6
- ↑ 2.0 2.1 തത്ത്വമസി, സുകുമാർ അഴീക്കോട്, പ്രസാധനം: കറന്റ് ബുക്ക്സ്, തൃശൂർ
- ↑ 3.0 3.1 മുണ്ഡകോപനിഷത്ത് 3:2:11
- ↑ http://www.sacred-texts.com/hin/sbe15/#section_002%7CFrom
- ↑ മുണ്ഡകോപനിഷത്ത് 1:1:7
- ↑ മുണ്ഡകോപനിഷത്ത് 1:2:7
- ↑ മുണ്ഡകോപനിഷത്ത് 1:2:12-13
- ↑ മുണ്ഡകോപനിഷത്ത് 2:2:4
- ↑ മുണ്ഡകോപനിഷത്ത് 3:1:1
- ↑ മുണ്ഡകോപനിഷത്ത് 3:1:7
- ↑ ഉപനിഷത്തുകൾ, ഏകനാഥ് ഈശ്വരൻ(പ്രസാധനം, പെൻഗ്വിൻ) - പുറം 108