വേദസാക്ഷി മാക്സിമസ്
ഏഴാം നൂറ്റാണ്ടിലെ ഒരു ക്രൈസ്തവതാപസനും, ദൈവശാസ്ത്രജ്ഞനും, പണ്ഡിതനുമായിരുന്നു വേദസാക്ഷി മാക്സിമസ് (ആംഗലം: മാക്സിമസ് ദ കൺഫെസ്സർ; 580 – 13 ആഗസ്റ്റ് 662). ദൈവശാസ്ത്രജ്ഞൻ മാക്സിമസ്, കോൺസ്റ്റാന്റിനോപ്പിളിലെ മാക്സിമസ് എന്നീ പേരുകളിലും അദ്ദേഹം പ്രസിദ്ധനാണ്. ആദ്യം സർക്കാർ ഉദ്യോഗസ്ഥനായിരുന്ന മാക്സിമസ്, ബൈസാന്തിയൻ ചക്രവർത്തി ഹെരാക്ലിയസിന്റെ മുഖ്യസചിവന്റെ ചുമതല വഹിച്ചു. എന്നാൽ രാജനീതിയിലെ ഈ പദവി ഉപേക്ഷിച്ച് ഒടുവിൽ അദ്ദേഹം സന്യാസം സ്വീകരിച്ചു.[1] തുടർന്ന് കാർത്തേജിലെത്തിയ മാക്സിമസ് നവപ്ലേറ്റോണിക ചിന്തകന്മാരുടെ രചനകൾ പഠിക്കുകയും എഴുത്തുകാരനെന്ന നിലയിൽ പേരെടുക്കുകയും ചെയ്തു.
വിശുദ്ധ മാക്സിമസ് | |
---|---|
വേദസാക്ഷിയും ദൈവശാസ്ത്രജ്ഞനും | |
ജനനം | 580-നടുത്ത് കോൺസ്റ്റാന്റിനോപ്പിൾ അഥവാ പലസ്തീന |
മരണം | ജോർജിയായിലെ സാഗെരിയിൽ പ്രവാസിയായിരിക്കെ | 13 ഓഗസ്റ്റ് 662
വണങ്ങുന്നത് | പൗരസ്ത്യ ഓർത്തഡോക്സ് സഭ ; റോമൻ കത്തോലിക്കാ സഭ; ആംഗ്ലിക്കൻ സഭ ; ലൂഥറൻ സഭ |
നാമകരണം | പ്രി-കോൺഗ്രഗേഷൻ |
ഓർമ്മത്തിരുന്നാൾ | 13 ആഗസ്റ്റ് (ഗ്രിഗോറിയൻ പഞ്ചാംഗം), 21 ജനുവരി അഥവാ 13 ആഗസ്റ്റ് (ജൂലിയൻ പഞ്ചാംഗം) |
ക്രിസ്തുവിലെ ദൈവ, മനുഷ്യസ്വഭാവങ്ങളെ സംബന്ധിച്ച കൽക്കദോനിയ സൂനഹദോസിന്റെ (Council of Calcedon) തീരുമാനം അംഗീകരിക്കാതിരുന്ന ഏകസ്വഭാവവാദികളുമായി ഒത്തുതീർപ്പുണ്ടാക്കി ബൈസാന്തിയൻ സാമ്രാജ്യത്തിൽ മതപരമായ ഐക്യം സ്ഥാപിക്കാൻ ആഗ്രഹിച്ച ഭരണാധികാരികൾ, ദൈവ, മനുഷ്യസ്വഭാവങ്ങൾ ഉണ്ടെങ്കിലും ക്രിസ്തുവിൽ ഏകമനസ്സു മാത്രമേയുള്ളു എന്ന മദ്ധ്യപക്ഷനിലപാടിനെ പിന്തുണച്ചത് മാക്സിമസിന് അനിഷ്ടകരമായി. 'ഏകമനോവാദം' (Monothelitism) എന്നറിയപ്പെട്ട ഈ നിലപാടിന്റെ തീവ്രശത്രുവായി രംഗത്തെത്തിയ മാക്സിമസ്, യേശുവിൽ ദൈവമനസ്സും മനുഷ്യമനസ്സും ഉണ്ടെന്ന കൽക്കദോനിയൻ നിലപാട് ഉയർത്തിപ്പിടിച്ചു.
'കൽക്കദോനിയൻ' ക്രിസ്തുശാസ്ത്രത്തിൽ അടിയുറച്ചു നിന്നതിന്റെ പേരിൽ വിചാരണ ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ നാവും വലം കയ്യും മുറിച്ചു മാറ്റി. തുടർന്നു കരിങ്കടൽ തീരത്തുള്ള കോൾക്കിസിലേക്കു നാടുകടത്തപ്പെട്ട അദ്ദേഹം അവിടെ പ്രവാസിയായിരിക്കെ, 82-ആമത്തെ വയസ്സിൽ മരിച്ചു.[2][3] ഇപ്പോഴത്തെ ത്സഗേരി നഗരത്തിനടുത്തുള്ള മുരിസ് സിഖെയിലെ ഷെമാരം കോട്ടയിലായിരുന്നിരിക്കാം അദ്ദേഹം ബന്ധനസ്ഥനായിരുന്നത്.[4]
രക്തസാക്ഷിയായി മരിക്കേണ്ടി വന്നില്ലെങ്കിലും കൽക്കദോനിയൻ ക്രിസ്തുശാസ്ത്ര പാരമ്പര്യത്തിനുവേണ്ടി അനുഭവിച്ച സഹനങ്ങൾ, 'വേദസാക്ഷി' എന്ന വിശേഷണം മാക്സിമസിനു നേടിക്കൊടുത്തു. ബൈസാന്തിയൻ പാരമ്പര്യത്തിലെ ദൈവാശാസ്ത്രജ്ഞന്മാരിൽ ഏറ്റവും പ്രധാനി എന്നു പോലും അദ്ദേഹം വിശേഷിപ്പിക്കപ്പെടാറുണ്ട്. എങ്കിലും മാക്സിമസിന്റെ പ്രാധാന്യത്തിനു പിന്നിൽ ചിന്തയുടെ മൗലികതയല്ല. ഒരിജനേയും, അലക്സാണ്ട്രിയായിലെ സിറിലിനേയും, അരയോപാഗസിലെ ദിയൊനുസ്യോസിനേയും പോലുള്ള പൂർവഗാമികളുടെ നിലപാടുകൾ പുനരവതരിപ്പിക്കുകയും സ്പഷ്ടീകരിക്കുകയും ചെയ്തുകൊണ്ടാണ്, ഓർത്തഡോക്സ് ആത്മീയതയുടെ പിൽക്കാലഗതിയെ അദ്ദേഹം മൗലികമായി സ്വാധീനിച്ചത്.[5]
മാക്സിമസിന്റെ മരണശേഷം അദ്ദേഹത്തിന്റെ ക്രിസ്തുശാസ്ത്രം, കോൺസ്റ്റാന്റിനോപ്പിളിൽ ചേർന്ന സൂനഹദോസ് അംഗീകരിച്ചതോടെ അദ്ദേഹത്തിന്റെ യശ്ശസ്സുയർന്നു. കൽക്കദോനിയപക്ഷക്കാരായ പൗരസ്ത്യ, പാശ്ചാത്യസഭകൾ അദ്ദേഹത്തെ വണങ്ങുന്നു. മാക്സിമസിന് ആണ്ടിൽ രണ്ട് തിരുനാളുകളുണ്ട് - ആഗസ്റ്റ് 13, ജനുവരി 21. കന്യകയുടെ ജീവിതം എന്ന അദ്ദേഹത്തിന്റെ കൃതി, വിശുദ്ധമാതാവിന്റെ ആദ്യത്തെ സമ്പൂർണ്ണജീവചരിത്രമായി കണക്കാക്കപ്പെടുന്നു.
അവലംബം
തിരുത്തുക- ↑ കോൺസ്റ്റാന്റിനോപ്പിളിലെ വിശുദ്ധ മാക്സിമസ്, കത്തോലിക്കാവിജ്ഞാനകോശത്തിലെ ലേഖനം
- ↑ വേദസാക്ഷി വിശുദ്ധ മാക്സിമസ്, ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ, 2008 ജൂൺ 25-നു പത്രോസിന്റെ ഭദ്രാസനപ്പള്ളിക്കു മുൻപിലെ പൊതുദർശനത്തിൽ നടത്തിയ പ്രഭാഷണം, Libreria Editrice Vaticana
- ↑ കെന്നത്ത് സ്കോട്ട് ലട്ടൂറെറ്റ്, "എ ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി" (പുറം 285)
- ↑ George C. Berthold (1985), Maximus Confessor: Selected Writings, p. 31. Paulist Press, ISBN 0-8091-2659-1
- ↑ ഡയർമെയ്ഡ് മക്കല്ലോക്ക്, "ക്രിസ്റ്റ്യാനിറ്റി: ദ ഫസ്റ്റ് ത്രീ തൗസന്റ് ഇയേഴ്സ്" (പുറങ്ങൾ 438-39)