ക്യാപ്റ്റൻ ലക്ഷ്മി
സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യൻ നാഷനൽ ആർമിയുടെ പ്രവർത്തകയുമായിരുന്നു[1] ക്യാപ്റ്റൻ ലക്ഷ്മി (1914 ഒക്ടോബർ 24 - 2012 ജൂലൈ 23[2]). ഇന്ത്യൻ നാഷണൽ ആർമിയിലെ ഝാൻസി റാണിയുടെ പേരിലുള്ള ഝാൻസി റാണി റെജിമെന്റിന്റെ കേണലായി സേവനമനുഷ്ഠിച്ചു. സുഭാഷ് ചന്ദ്ര ബോസിന്റെ 'ആസാദ് ഹിന്ദ്' ഗവർമെന്റിൽ വനിതാക്ഷേമ വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. യഥാർത്ഥ നാമം ഡോ. ലക്ഷ്മി സൈഗാൾ.[3]
ലക്ഷ്മി സൈഗാൾ | |
---|---|
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1914 ഒക്ടോബർ 24 പഴയ മദ്രാസ് |
മരണം | 2012 ജൂലൈ 23 കാൻപൂർ, ഉത്തർപ്രദേശ് |
രാഷ്ട്രീയ കക്ഷി | സി.പി.ഐ.(എം) |
പങ്കാളി | കേണൽ പ്രേം കുമാർ സൈഗാൾ |
കുട്ടികൾ | സുഭാഷിണി അലി |
വസതിs | കാൻപൂർ, ഉത്തർപ്രദേശ് |
ജീവിതരേഖ
തിരുത്തുകപ്രശസ്ത അഭിഭാഷകൻ ഡോ. സ്വാമിനാഥൻ, പൊതു പ്രവർത്തകയായ പാലക്കാട് ജില്ലയിലെ ആനക്കര പഞ്ചായത്തിലെ ആനക്കര വടക്കത്തു വീട്ടിൽ[4] എ.വി. അമ്മുക്കുട്ടി (അമ്മു സ്വാമിനാഥൻ) എന്നിവരുടെ മകളായി പഴയ മദ്രാസിൽ ജനിച്ചു. ചെറുപ്പത്തിൽ തന്നെ വിദേശോല്പന്നങ്ങളുടെ ബഹിഷ്കരണം, മദ്യവ്യാപാര കേന്ദ്രങ്ങളുടെ ഉപരോധം തുടങ്ങിയ പ്രവർത്തങ്ങളിലൂടെ സജീവമായ ക്യാപ്റ്റൻ ലക്ഷ്മി പാവപ്പെട്ടവരെ - പ്രത്യേകിച്ച് സ്ത്രീകളെ- സേവിക്കാനായി വൈദ്യശാസ്ത്രം പഠിക്കാൻ തീരുമാനിച്ചു. തുടർന്ന് l938ൽ മദ്രാസ് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് ബിരുദവും പിന്നീട് ഗൈനക്കോളജിയിലും പ്രസവചികിത്സയിലും ഡിപ്ലോമയും നേടി. 1941ൽ സിംഗപ്പൂരിലേക്ക് പോയ ക്യാപ്റ്റൻ ലക്ഷ്മി അവിടെയുള്ള ദരിദ്രർക്കായി ഒരു ക്ലിനിക്ക് തുടങ്ങി. ദരിദ്രരായ ഇന്ത്യൻ തൊഴിലാളികൾ ധാരാളമുണ്ടായിരുന്നു അവിടെ. ഒപ്പം തന്നെ ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി പൊരുതുന്ന ഇന്ത്യാ ഇൻഡിപെൻഡന്റ്സ് ലീഗിൽ പ്രവർത്തിക്കുകയും ചെയ്തു. 1942-ൽ ബ്രിട്ടീഷുകാർ സിംഗപ്പൂരിൽ ജപ്പാനു കീഴടങ്ങിയപ്പോൾ യുദ്ധത്തിൽ പരിക്കേറ്റവരെ ചികിത്സിക്കുന്നതിൽ അവർ പൂർണ്ണമായും മുഴുകി. അതോടൊപ്പം ഇന്ത്യൻ യുദ്ധത്തടവുകാരുമായി ബന്ധപ്പെടുകയും സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാർക്കെതിരെ ജപ്പാന്റെ പിന്തുണ നേടുന്നതിനെക്കുറിച്ചുള്ള ചർച്ചകളിൽ ഭാഗഭാക്കാവുകയും ചെയ്തിരുന്നു.
1943-ൽ സുഭാഷ് ചന്ദ്രബോസ് സിംഗപ്പൂർ സന്ദർശിച്ചതോടെയാണ് ഐ.എൻ.എയുമായി അവർ അടുക്കുന്നത്. സിംഗപ്പൂരിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന ഒരു വനിതാ സൈന്യഗണം രൂപവത്കരിക്കാൻ അദ്ദേഹം തീരുമാനിച്ചിരുന്നു. അത്തരമൊരു സേനയെ നയിക്കാൻ കഴിയുന്ന ആരെങ്കിലുമുണ്ടോ എന്ന് ശ്രീ യെല്ലപ്പയോട് അദ്ദേഹം അന്വേഷിച്ചു. ഒട്ടും മടിക്കാതെ ശ്രീ യെല്ലപ്പ ക്യാപ്റ്റൻ ലക്ഷ്മിയുടെ പേര് നിർദ്ദേശിച്ചു. അന്ന് രാത്രി തന്നെ ക്യാപ്റ്റൻ ലക്ഷ്മിയെ കണ്ട സുഭാഷ് ചന്ദ്രബോസിനോട് അവർ സമ്മതമറിയിക്കുകയും പിറ്റേന്ന് മുതൽ തന്റെ ക്ലിനിക്കിന്റെ പ്രവർത്തങ്ങൾ നിർത്തി വെച്ച് വനിതാസേനയുടെ രൂപവത്കരണത്തിൽ മുഴുകുകയും ചെയ്തു. ഏറെ വൈകാതെ പരിശീലനം സിദ്ധിച്ച വനിതകളുടെ സേനാവിഭാഗം സിംഗപ്പൂരിൽ പോരാട്ടത്തിന് തയ്യാറായി. കേണൽ പദവിയിലായിരുന്നു പ്രവർത്തനം എങ്കിലും 'ക്യാപ്റ്റൻ ലക്ഷ്മി' എന്ന പേരിൽ അവർ അറിയപ്പെട്ടു. ഒരേ സമയം യുദ്ധമുഖത്തും പരിക്കേറ്റവരുടെ ചികിത്സയിലും അവർ മുഴുകി.1947 മാർച്ച് 4-ന് ബ്രിട്ടീഷ് സൈന്യം പിടികൂടി ഇന്ത്യയിലേക്ക് കൊണ്ടുവന്ന അവർക്ക് വീരോചിതമായ വരവേൽപ്പാണ് ലഭിച്ചത്. ക്യാപ്റ്റൻ ലക്ഷ്മിയെ തടവിൽ സൂക്ഷിക്കുന്നത് കൂടുതൽ കുഴപ്പങ്ങൾക്കിടയാക്കും എന്നു കണ്ട ബ്രിട്ടീഷുകാർ അവരെ മോചിപ്പിച്ചു.
തടവിലാക്കപ്പെട്ട ഐ.എൻ.എ. പ്രവർത്തകരുടെ മോചനത്തിനും പുനരധിവാസത്തിനും വേണ്ടി മോചനത്തിന് ശേഷം അവർ രംഗത്തിറങ്ങി. ഇന്ത്യയിലുടനീളം സഞ്ചരിച്ച ക്യാപ്റ്റൻ ലക്ഷ്മി സാമ്രാജ്യത്വത്തിനെതിരെ ജനങ്ങളെ ഇളക്കി വിടുകയും ഐ.എൻ.എ.യുടെ പ്രവർത്തനത്തിനായി ധനശേഖരണം നടത്തുകയും ചെയ്തു. 1947 മാർച്ചിൽ മറ്റൊരു ഐ.എൻ.എ. പ്രവർത്തകനായ കേണൽ പ്രേം കുമാർ സൈഗാളിനെ അവർ വിവാഹം കഴിച്ച് കാൺപൂരിൽ സ്ഥിരതാമസമായി. അപ്പോഴേക്കും ഇന്ത്യാ-പാക് വിഭജനവുമായി അനുബന്ധിച്ചുള്ള അഭയാർത്ഥി പ്രവാഹവും ആരംഭിച്ചിരുന്നു. അഭയാർത്ഥികൾക്കുള്ള വൈദ്യസഹായത്തിൽ അവർ അക്ഷീണം വ്യാപൃതയായി. കാൺപൂരിൽ വാടകക്കെടുത്ത സൗകര്യങ്ങൾ ഉപയോഗിച്ച് ഒരു പ്രസവചികിത്സാ കേന്ദ്രം അവർ ആരംഭിച്ചു. ഈ കേന്ദ്രം ഇപ്പോഴും പ്രവർത്തനം തുടരുന്നുണ്ട്.
1971-ൽ കിഴക്കൻ പാകിസ്താനിൽ നിന്നും ബംഗാളിലേക്ക് അഭയാർത്ഥിപ്രവാഹമുണ്ടായപ്പോൾ ബൊംഗാവണിലെ ഒരു അഭയാർത്ഥി ക്യാമ്പിലും മാസങ്ങളോളം അവർ പ്രവർത്തിച്ചു.
വൈദ്യശാസ്ത്ര രംഗം കൈയൊഴിയാതെ തന്നെ ഇടതുപക്ഷ രാഷ്ട്രീയ രംഗത്തും തൊഴിലാളി- വനിതാ പ്രസ്ഥാന രംഗത്തും അവർ പിന്നീട് സജീവമായി. 1972 - ൽ സി.പി.ഐ.(എം) ആംഗമായി.[5] 1981-ൽ രാജ്യത്തെ ഏറ്റവും വലിയ വനിതാ സംഘടയായ ജനാധിപത്യ മഹിളാ അസോസിയേഷൻ രൂപീകൃതമായപ്പോൾ അതിന്റെ ഉപാധ്യക്ഷയായി അവർ സ്ഥാനമേറ്റു. തുടർന്നുള്ള പ്രക്ഷോഭ-പ്രചാരണ രംഗങ്ങളിൽ അവർ സജീവമായി ഇടപെട്ടു. 1984-ൽ ഇന്ദിരാ വധത്തിനു ശേഷം സിഖ് വിരുദ്ധ കലാപം കൊടുമ്പിരി കൊണ്ടപ്പോൾ ക്യാപ്റ്റൻ ലക്ഷ്മി സിഖുകാരുടെ സംരക്ഷണത്തിനായി തെരുവിലിറങ്ങുകയും അവരുടെ വീടുകൾക്കും കടകൾക്കും സംരക്ഷണം നൽകുകയും ചെയ്തു. 2002 -ൽ എ.പി.ജെ അബ്ദുൾകലാമിനെതിരെ ഇടതു പിന്തുണയോടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായിരുന്നു.
1998-ൽ ക്യാപ്റ്റൻ ലക്ഷ്മിയെ രാജ്യം പത്മവിഭൂഷൺ ബഹുമതി നൽകി ആദരിച്ചു.2012 ജൂലൈ 23 ന് ഹൃദയാഘാതം മൂലം ഉത്തർപ്രദേശിലെ കാൻപൂറിൽ വച്ച് അന്തരിച്ചു [6]. ട്രേഡ് യൂനിയൻ പ്രവർത്തകയും സി.പി.എമ്മിന്റെ മുതിർന്ന വനിതാ പ്രവർത്തകയുമായ സുഭാഷിണി അലി മകളാണ്. പ്രമുഖ നർത്തകി മൃണാളിനി സാരാഭായി സഹോദരിയുമാണ്.
ഇതും കാണുക
തിരുത്തുകചിത്രങ്ങൾ
തിരുത്തുക-
ക്യാപ്റ്റൻ ലക്ഷ്മിയുടെ ആനക്കരയിലെ തറവാട് വീടായ വടക്കത്ത് മന
-
വടക്കത്ത് മനയുടെ വശത്ത് നിന്നുള്ള കാഴ്ച
അവലംബം
തിരുത്തുക- ↑ "അഭിമുഖം". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 749. 2012 ജൂലൈ 02. Retrieved 2013 മെയ് 08.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "ക്യാപ്റ്റൻ ലക്ഷ്മി അന്തരിച്ചു". Archived from the original on 2012-07-25. Retrieved 2012-07-25.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-02-27. Retrieved 2009-09-01.
- ↑ "മലയാളം വാരിക, 2012 ആഗസ്റ്റ് 03" (PDF). Archived from the original (PDF) on 2016-03-06. Retrieved 2013-05-25.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2011-10-24.
- ↑ "Freedom fighter Captain Lakshmi Sahgal dies". Archived from the original on 2018-12-26. Retrieved 2012-07-23.
ബാഹ്യ ലിങ്കുകൾ
തിരുത്തുക- Lakshmi Sehgal: A life of struggle and sacrifice - by Sambhavika Sharma
- Rediff interview 2002
- The Pioneers: The Pioneers: Dr. Lakshmi Sehgal
- Indian Express Interview: Despite differences, India is one: Captain Laxmi Sehgal
- Freedom fighter Captain Lakshmi Sahgal dies Archived 2018-12-26 at the Wayback Machine., NDTV
- Captain Lakshmi, The Economist, 4 August 2012