കഅ്ബ

മക്കയിൽ മസ്ജിദുൽ ഹറമിനകത്ത് സ്ഥിതിചെയ്യുന്ന ഖന ചതുരാകൃതിയിലുള്ള കെട്ടിടം
(Kaaba എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സൗദി അറേബ്യയിലെ മക്കയിൽ മസ്ജിദുൽ ഹറമിനകത്ത് സ്ഥിതിചെയ്യുന്ന ഖന ചതുരാകൃതിയിലുള്ള കെട്ടിടമാണ്‌ കഅ്ബ (അറബി: الكعبة അൽ കഅ്ബ). 40 അടി നീളവും 35 അടി വീതിയും 56 അടി ഉയരവുമുണ്ട് കഅ്ബക്ക്. ഇതിൻറെ തെക്ക് ഭാഗത്ത് കിഴക്കേ മൂലയിലാണ് ഹജറുൽ അസ്‌വദ് എന്ന കറുത്ത ശില സ്ഥിതിചെയ്യുന്നത്.

Kaaba (Ka'aba)
الكعبة
The Kaaba Sharif
അടിസ്ഥാന വിവരങ്ങൾ
സ്ഥലംMecca, al-Hejaz, Saudi Arabia
മതവിഭാഗംIslam
രാജ്യംസൗദി അറേബ്യ
ഉയരം (ആകെ)13.1 മീ (43 അടി)

ഇസ്ലാമികപരമായി ഏറ്റവും പവിത്രമായ സ്ഥലമാണ് കഅ്ബ. പ്രവാചകൻ ഇബ്രാഹീം നബിയും പുത്രൻ ഇസ്മായീലും അല്ലാഹുവിൻറെ നിർദ്ദേശപ്രകാരം നിർമ്മിച്ച ആദ്യത്തെ ആരാധാനാലയമാണിത്. മുസ്ലിംകൾ ദിവസേന നമസ്കാരം നടത്തുന്ന ദിശയായ ഖിബ്‌ല, ഭൂമിയിൽ അവർ നിൽക്കുന്ന സ്ഥലത്തുന്നിന്നും കഅ്ബയുടെ നേരെയുള്ളതാണ്. ഹജ്ജ്, ഉംറ എന്നീ കർമ്മങ്ങൾ നിർവഹിക്കുന്നവർ കഅ്ബയെ ഏഴ് തവണ പ്രദക്ഷിണം (വലത്തുനിന്ന് ഇടത്തോട്ടുള്ള ചുറ്റൽ ) ചെയ്യൽ നിർബന്ധമാണ്.

മക്കയിലെ സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള ഗ്രാനൈറ്റ് ഉപയോഗിച്ചാണ് കഅ്ബ നിർമ്മിച്ചിരിക്കുന്നത്.ഏകദേശം 13.1മീറ്റർ ഉയരവും 11.03മീറ്റർ വീതിയുമുള്ള കഅ്ബയുടെ തറ പുർണ്ണമായും മാർബിളാണ്. ഉൾവശത്തെ ഉയരം 13മീറ്ററും വീതി 9മീറ്ററുമാണ്. തറ നിരപ്പിൽ നിന്നും 2.2മീറ്റർ ഉയരത്തിലാണ് പ്രവേശന കവാടം നിലകൊള്ളുന്നത്.മേൽക്കുരയും സീലിങ്ങും നിർമ്മിച്ചിരിക്കുന്നത് സ്റ്റൈൻലെസ് സ്റ്റീലും തേക്കും ഉപയോഗിച്ചാണ്. കഅ്ബയുടെ ഉള്ളിൽ മൂന്ന് തൂണുകളുണ്ട്.

ചുമരിലെ ഖുർആൻ വചനങ്ങളൊഴിച്ചാൽ ഉൾവശം ശൂന്യമാണ്. ഹജറുൽ അസ് വദ് (കറുത്ത ശില). സ്വർണ്ണം കൊണ്ടുള്ള പ്രവേശന കവാടം, മഴവെള്ളം പോകാനുള്ള സ്വർണ്ണചാൽ, കിസ് വ, മഖാമു ഇബ്രാഹിം, ഹാത്തിം, എന്നിവ കഅ്ബയുടെ ഭാഗങ്ങളാണ്.

ചരിത്രം

തിരുത്തുക
 
ഹജ്ജിനിടയിൽ തീർത്ഥാടകർ കഅ്ബയെ അപ്രദക്ഷിണം ചെയ്യുന്നു
 
കഅ്ബയുടെ രേഖാ ചിത്രം
1. ഹജറുൽ അസ്‌വദ്
2. കഅ്ബയുടെ പ്രവേശന കവാടം
3. മഴവെള്ളം പോകുവാനുള്ള ചാൽ
4. അടിത്തറ
5. ഹജറുൽ ഇംസ്മായീൽ (അൽ ഹതീം)
6. അൽ മുൽതസം
7.മഖാമു ഇബ്രാഹീം
8. ഹജറുൽ അസ്‌വദിന്റെ കോൺ
9. യമനിന്റെ കോൺ
10. സിറിയയുടെ കോൺ
11. ഇറാഖിന്റെ കോൺ
12. കഅ്ബയെ മൂടിയിട്ടുള്ള തുണി (കിസ്‌വ)
13. ത്വവാഫ് ആരംഭിക്കുന്നതിനുള്ള അടയാളം

ഇബ്രാഹിം(അബ്രഹാം)നബിയും മകൻ ഇസ്മാഇൽ നബിയും ചേർന്നാണ് കഅ്ബ നിർമ്മിച്ചതാണെന്നാണ് ഇസ്ലാമിക വിശ്വാസം. കഅ്ബ ആദ്യമായി പുനർനിർമ്മിച്ചത് ബി.സി പതിനേഴാം നൂറ്റാണ്ടിൽ ജുർഹൂം ഗോത്രക്കാരാണ്. ഇവരിൽ നിന്നും കഅ്ബയുടെ സരക്ഷണം ഖുറൈശികളിലേക്ക് നീങ്ങിയതോടെ അവരിൽപ്പെട്ട ഖുസയ്യ് ഇബ്നു കിലാബ് കഅ്ബ പുനർ നിർമ്മിച്ചു. മുഹമ്മദ് നബിയുടെ കാലത്ത് അദ്ദേഹം പ്രവാചകനാകുന്നതിനു മുമ്പ് ഖുറൈശികൾ എ.ഡി. 605ൽ കഅ്ബ പുതുക്കിപ്പണിതു.

പിന്നീട് മുഹമ്മദ് നബിക്ക് ശേഷം പലതവണ യുദ്ധത്തിലും പ്രകൃതി ക്ഷോഭങ്ങളിലുമായി കഅ്ബക്ക് കേട്പാടുകൾ സംഭവിക്കുകയും പുതുക്കി പണിയുകയും ചെയ്തു.എ.ഡി 683 ഒക്ടോബർ 31ന് കഅ്ബക്ക് തീപിടിക്കുകുയും അബ്ദുല്ല ഇബ്നു സുബൈർ ഹാത്തിം ഉൾപ്പെടുത്തി പുനഃർനിർമ്മിക്കുകയും ചെയ്തു.എ.ഡി.692ലുണ്ടായ യുദ്ധത്തിൽ കഅ്ബക്ക് കേടുപാടുകൾ സംഭവിക്കുകയും 693ൽ മാലിക് ഇബ്നു മർവാൻ വീണ്ടും പഴയ രീതിയിൽ പുനഃർനിർമ്മിക്കുകയും ചെയ്തു.

930ലെ ഹജ്ജ് കാലത്ത് ശിയാക്കളിലെ ഇസ്മായിലീ വിഭാഗം കഅ്ബ ആക്രമിക്കുകയും തീർത്ഥാടകരുടെ മൃതദേഹങ്ങളിട്ട് സംസം കിണർ അശുദ്ധമാക്കുകയും ഹജറുൽ അസ്‌ വദ്(കറുത്ത ശില)അൽ-ഹസയിലേക്ക് കടത്തുകയും ചെയ്തു. 952ൽ അബ്ബാസികളാണ് ഹജറുൽ അസ് വദ് തിരികെ കഅ്ബയിലെത്തിച്ചത്. 1629ല കനത്ത വെള്ളപൊക്കത്തിൽ കഅ്ബയുടെ ചുമരുകൾ തകരുകയും പള്ളിക്ക് കേട്പാടുകൾ സംഭവിക്കുകയും ചെയ്തു. അതേവർഷം തന്നെ ഓട്ടോമൻ ചക്രവർത്തിയായിരുന്ന മുറാദ് നാലാമൻ മക്കയിലെ തന്നെ ഗ്രാനൈറ്റ് കല്ലുകളുപയോഗിച്ച് കഅ്ബ പുതുക്കി പണിതു. പിന്നീട് പല രാജാക്കൻമാരും മസ്ജിദുൽ ഹറം പുതുക്കി പണിതെങ്കിലും 1629ൽ പുതുക്കിയ കഅ്ബക്ക് കാര്യമായ മാറ്റങ്ങൾ വരുത്തിയില്ല. സംസം കിണറിന്ന് പള്ളിക്കടിയിലാണ്. ഒപ്പം സഫാ-മർവാ കുന്നുകളും പള്ളിക്കുള്ളിലായി.

ആക്രമണ ശ്രമം

തിരുത്തുക

എ.ഡി. ആറാം നൂറ്റാണ്ടിൽ കഅ്ബ ആക്രമിക്കുവാൻ അബിസീനിയൻ ചക്രവർത്തിയുടെ യമൻ ഗവർണ്ണർ എത്യോപ്യൻ വംശജനായ അബ്റഹത്ത് ഒരു സൈന്യവുമായി വരികയും കഅ്ബയുടെ നേർക്ക് ആക്രമണം ആരംഭിക്കുകയും ചെയ്തു. ആനപ്പടയായിരുന്നു അബ്റഹത്തിന്റേത്. എന്നാൽ ദൈവം പക്ഷികളെ അയച്ച് ഇവരെ പരാജയപ്പെടുത്തിയെന്ന് മുസ്‌ലിംകൾ വിശ്വസിക്കുന്നു. മുഹമ്മദ് നബിയുടെ ജനനത്തിനു തൊട്ടു മുമ്പ് അറബികൾ ഇസ്ലാമിനെക്കുറിച്ച് അറിയുന്നതിനും മുമ്പായിരുന്നു ഈ സംഭവം. ഈ വർഷത്തെ അറബികൾ ആമുൽഫീൽ (ഗജവർഷം) എന്നാണ് വിളിക്കുന്നത്. ഇതിനെക്കുറിച്ച് ഖുർആനിലെ സൂറത്തുൽ ഫീൽ എന്ന അധ്യായത്തിൽ സംക്ഷിപ്തമായി വിവരിക്കുന്നുണ്ട്.[1]

കഅ്ബ കഴുകൽ

തിരുത്തുക

മക്ക വിജയ ദിവസം പ്രവാചകൻ വിശ്വാസികളുമൊത്ത് കഅ്ബ കഴുകി വൃത്തിയാക്കിയിരുന്നു. ഇതിന്റെ സ്മരണാർത്ഥം പിന്നീടുള്ള വർഷങ്ങളിൽ വിശ്വാസികൾ ഈ ചടങ്ങ് നിർവഹിച്ചു പോരുന്നു. ഇപ്പോൾ ഓരോ വർഷവും ശഅബാൻ, മുഹറം മാസങ്ങളിലായി രണ്ടുതവണ സംസവും റോസ് വാട്ടറും കലർത്തിയ മിശ്രിതം ഉപയോഗിച്ചാണ് കഅ്ബയുടെ ഉൾഭാഗവും ചുമരും കഴുകുക. ഹറം കാര്യാലയ മേധാവികൾ, മന്ത്രിമാർ, പണ്ഡിതൻമാർ, വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ, നേതാക്കൾ നയതന്ത്രജ്ഞർ തുടങ്ങിയവർ പങ്കെടുക്കും.

കഅ്ബയുടെ പുറത്ത് പുതപ്പിക്കുന്ന കറുത്ത വസ്ത്രമാണ് കിസ്‌വ എന്നറിയപ്പെടുന്നത്. ഓരോ വർഷവും അറഫദിനത്തിലാണ് കഅ്ബയുടെ കിസ്‌വ അഴിച്ചുമാറ്റി പുതിയത് സ്ഥാപിക്കുന്നത്. പ്രകൃതിദത്തമായ പട്ടിൽ നിർമിക്കുന്ന കിസ്‌വക്ക് രണ്ട് കോടിയിലേറെ റിയാലാണ് ചെലവ്. കിസ്‌വയുടെ ഉയരം 14 മീറ്ററാണ്. മുകളിൽനിന്നുള്ള മൂന്നിലൊന്ന് ഭാഗത്ത് 95 സെന്റീമീറ്റർ വീതിയുള്ള ബെൽറ്റുണ്ട്. ചതുരാകൃതിയിലുള്ള 16 ഇസ്‌ലാമിക് കാലിഗ്രാഫി കഷ്ണങ്ങൾ അടങ്ങിയ ബെൽറ്റിന്റെ ആകെ നീളം 47 മീറ്ററാണ്. കിസ്‌വയുടെ ഉൾവശത്ത് വെളുത്ത കട്ടി കൂടിയ കോട്ടൻ തുണിയുണ്ടാകും.

ആകെ അഞ്ചു കഷ്ണങ്ങൾ അടങ്ങിയതാണ് കിസ്‌വ. കഅ്ബാലയത്തിന്റെ ഓരോ ഭാഗത്തുമായി ഓരോ കഷ്ണങ്ങൾ തൂക്കും. അഞ്ചാമത്തെ കഷ്ണം വാതിലിനു മുന്നിൽ തൂക്കുന്ന കർട്ടണാണ്. ഇവ പിന്നീട് പരസ്പരം തുന്നിച്ചേർക്കുകയാണ് ചെയ്യുക. 700 കിലോ പട്ടും 120 കിലോ വെള്ളി, സ്വർണ നൂലുകളും ഉപയോഗിച്ച് ഉമ്മുൽ ജൂദിലെ കിസ്‌വ ഫാക്ടറിയിലാണ് കിസ്‌വ നെയ്‌തെടുക്കുന്നത്. ഒരു കിസ്‌വ നിർമിക്കാൻ എട്ടു മുതൽ ഒമ്പതു മാസം വരെ എടുക്കും. കിസ്‌വ ഫാക്ടറിയിലെ വിവിധ വിഭാഗങ്ങളിലായി 200 ലേറെ സൗദികൾ ജോലി ചെയ്യുന്നുണ്ട്. [2]

സൗദി ഭരണാധികാരിയോ അദ്ദേഹത്തിന്റെ പ്രതിനിധിയോ ദുൽഹജ്ജ് മാസം ഒന്നിന് കഅ്ബയുടെ പരിപാലകനായ വ്യക്തിക്ക് കിസ്‌വ കൈമാറും. തുടർന്ന് ഹജ്ജ് തീർഥാടകർ അറഫയിൽ സംഗമിക്കുന്ന ദുൽഹജ്ജ് മാസം ഒമ്പതാം തീയതി കഅ്ബയെ പുതപ്പിക്കും.

ഇതും കൂടി കാണുക

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. ഇസ്‌ലാമിക വിജ്ഞാനകോശം വാള്യം:7,പേജ്:313-314 , പ്ര: ഐ.പി.എച്., കോഴിക്കോട്,
  2. "പുതിയ കിസ്‌വ ഇന്ന് കൈമാറും". 2020-07-21. Retrieved 2020-07-22.

സ്രോതസ്സുകൾ

തിരുത്തുക
  • Peterson, Andrew (1996). Dictionary of Islamic Architecture London: Routledge.
  • Hawting, G.R; Ka`ba. Encyclopaedia of the Qur'an
  • Elliott, Jeri (1992). Your Door to Arabia. ISBN 0-473-01546-3.
  • Mohamed, Mamdouh N. (1996). Hajj to Umrah: From A to Z. Amana Publications. ISBN 0-915957-54-X.
  • Wensinck, A. J; Ka`ba. Encyclopaedia of Islam IV
  • Karen Armstrong (2000,2002). Islam: A Short History. ISBN 0-8129-6618-X.
  • Crone, Patricia (2004). Meccan Trade and the Rise of Islam. Piscataway, New Jersey: Gorgias.
  • [1915] The Book of History, a History of All Nations From the Earliest Times to the Present, Viscount Bryce (Introduction), The Grolier Society.
  • Guillaume, A. (1955). The Life of Muhammad. Oxford: Oxford University Press.
  • Grunebaum, G. E. von (1970). Classical Islam: A History 600 A.D. - 1258 A.D. Aldine Publishing Company. ISBN 202-15016-X. {{cite book}}: Check |isbn= value: length (help)
"https://ml.wikipedia.org/w/index.php?title=കഅ്ബ&oldid=3780013" എന്ന താളിൽനിന്ന് ശേഖരിച്ചത്