ജോസഫ് ഫൊറിയർ
ഗണിതശാസ്ത്രത്തിലെയും ഭൗതികശാസ്ത്രത്തിലെയും വിവിധ വിഷയങ്ങളിൽ സുപ്രധാനമായ സംഭാവനകൾ നൽകിയ ഫ്രഞ്ച് ശാസ്ത്രജ്ഞനായിരുന്നു ജോസഫ് ഫൊറിയർ (മാർച്ച് 21, 1768 - മേയ് 16, 1830). ഫൊറിയർ ശ്രേണിയുടെ കണ്ടുപിടിത്തത്തിനും താപഗതികത്തിലെ പ്രശ്നങ്ങൾ നിർദ്ധാരണം ചെയ്യാനായി അത് ഉപയോഗിച്ചതിനുമാണ് പ്രധാന പ്രശസ്തി. ഫൊറിയർ പരിവർത്തനം, ഫൊറിയർ നിയമം എന്നിവയും അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ടവയാണ്. ഹരിതഗൃഹപ്രഭാവം കണ്ടെത്തിയ വ്യക്തിയായും അദ്ദേഹം കരുതപ്പെടുന്നു.
ജോസഫ് ഫൊറിയർ | |
---|---|
ജനനം | |
മരണം | മേയ് 16, 1830 | (പ്രായം 62)
ദേശീയത | ഫ്രെഞ്ച് |
കലാലയം | ഇകോളെ നോർമേൽ |
അറിയപ്പെടുന്നത് | ഫൗറിയർ ട്രാൻസ്ഫോം |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഗണിതജ്ഞൻ , ഭൗതികശാസ്ത്രജ്ഞൻ, ചരിത്രകാരൻ |
സ്ഥാപനങ്ങൾ | ഇകോലെ നോർമേൽ ഇകോളെ പോളിടെക്‌നിക്വ് |
ഡോക്ടർ ബിരുദ ഉപദേശകൻ | ജോസഫ് ലഗ്രാഞ്ച് |
ഡോക്ടറൽ വിദ്യാർത്ഥികൾ | ഗുസ്താവ് ഡൈറിച്ലെ ജിയോവാന്നി പ്ലേന ക്ലൗഡ്-ലൂയി നാവിയർ |
ജീവിതരേഖ
തിരുത്തുകഫ്രാൻസിലെ ഓക്സെർ എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചത്. ഇദ്ദേഹത്തിന്റെ പിതാവ് ഒരു തുന്നൽക്കാരനായിരുന്നു. ഒൻപതാം വയസ്സിൽ ഇദ്ദേഹം അനാഥനായി. ഓക്സെറിൽ ബിഷപ്പിന് ഇദ്ദേഹത്തെ പരിചയപ്പെടുത്തപ്പെട്ടതിനെത്തുടർന്ന് സെന്റ് മാർക്ക് കോൺവെന്റിൽ ഇദ്ദേഹത്തിന് വിദ്യാഭ്യാസം ലഭിച്ചു. സൈന്യത്തിലെ ശാസ്ത്രവിഭാഗത്തിൽ ജോലി ലഭിക്കണമെങ്കിൽ കുലീനജാതനായിരിക്കണം എന്ന വ്യവസ്ഥയുണ്ടായിരുന്നതിനാൽ ഇദ്ദേഹത്തിന് ഈ ജോലി ലഭിക്കുകയുണ്ടായില്ല. ഇതിനാൽ സൈന്യത്തിനുവേണ്ടി ഗണിതാദ്ധ്യാപകനായി ഇദ്ദേഹം ജോലി സ്വീകരിച്ചു. തന്റെ ജില്ലയിൽ ഫ്രഞ്ച് വിപ്ലവത്തിൽ ഇദ്ദേഹം വലിയ പങ്കാണ് വഹിച്ചത്. പ്രാദേശിക വിപ്ലവക്കമ്മിറ്റിയിൽ ഇദ്ദേഹം അംഗമായിരുന്നു. ഭീകരകാലം എന്നറിയപ്പെട്ടിരുന്ന സമയത്ത് ഇദ്ദേഹത്തെ ജയിലിലടച്ചുവെങ്കിലും 1795-ൽ ഇകോളെ നോർമേൽ സുപെരിയെറിൽ ജോലി ലഭിച്ചു. പിന്നീട് ജോസഫ്-ലൂയി ലാഗ്രാഞ്ചിനെത്തുടർന്ന് ഇകോളെ പോളിടെക്നിക്വ് എന്ന സ്ഥാപനത്തിലും ഇദ്ദേഹം ഉദ്യോഗമേറ്റെടുത്തു.
1798-ൽ നെപ്പോളിയനൊപ്പം ഇദ്ദേഹം ഈജിപ്ഷ്യൻ പര്യടനത്തിന് പുറപ്പെട്ടു. ലോവർ ഈജിപ്റ്റ് പ്രദേശത്തിന്റെ ഗവർണറായി ഇദ്ദേഹം നിയമിതനായി.[1] ഇൻസ്റ്റിറ്റ്യൂട്ട് ഡെ'ഈജിപ്റ്റ് എന്ന സ്ഥാപനത്തിന്റെ സെക്രട്ടറി എന്ന ചുമതലയും ഇദ്ദേഹം വഹിക്കുകയുണ്ടായി. ഇംഗ്ലീഷ് നാവികസേന ഈജിപ്റ്റും ഫ്രാൻസുമായുള്ള ബന്ധം വിച്ഛേദിച്ചതിനാൽ ഇദ്ദേഹം പടക്കോപ്പുകളുണ്ടാക്കാനുള്ള സംവിധാനങ്ങൾ ഈജിപ്റ്റിൽ തന്നെ നിർമ്മിക്കുകയുണ്ടായി. ഈജിപ്ഷ്യൻ ഇൻസ്റ്റിറ്റ്യൂട്ടിന് ഇദ്ദേഹം ധാരാളം ശാസ്ത്രീയ പ്രബന്ധങ്ങളും സമർപ്പിക്കുകയുണ്ടായി. നെപ്പോളിയൻ കെയ്റോയിൽ ആരംഭിച്ച ഈജിപ്ഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് കെയ്റോ ഇൻസ്റ്റിറ്റ്യൂട്ട് എന്നും അറിയപ്പെടുന്നു. പൗരസ്ത്യദേശങ്ങളിൽ ഇംഗ്ലീഷുകാർക്കുണ്ടായിരുന്ന സ്വാധീനം കുറയ്ക്കുകയായിരുന്നു ഉദ്ദേശം. ബ്രിട്ടീഷ് വിജയങ്ങൾക്കും ജനറൽ മെനൗവിന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ചുപടയുടെ 1801-ലെ പരാജയത്തിനും ശേഷം ഫൗറിയർ ഫ്രാൻസിലേയ്ക്ക് മടങ്ങി.
1801-ൽ[3] നെപോളിയൻ ഫൗറിയറെ ഗ്രെനോബിളിലെ ഇസറെ ഡിപ്പാർട്ട്മെന്റിന്റെ പ്രെഫെക്റ്റ് (ഗവർണർ) ആയി നിയമിച്ചു. റോഡ് നിർമ്മാണം, മറ്റു നിർമ്മാണപ്രവർത്തനങ്ങൾ എന്നിവയുടെ മേൽനോട്ടമായിരുന്നു ഇദ്ദേഹത്തിന്റെ ചുമതല. നെപ്പോളിയനോടുള്ള വിധേയത്വം മൂലം ഫൗറിയർ അദ്ധ്യാപനമുപേക്ഷിച്ച് ഈ ജോലി ഏറ്റെടുത്തു.[3] ചൂട് പടരുന്നതിനെപ്പറ്റി ഇവിടെയാണ് ഫൗറിയർ പഠനമാരംഭിച്ചത്. ഓൺ ദി പ്രൊപഗേഷൻ ഓഫ് ഹീറ്റ് ഇൻ സോളിഡ് ബോഡീസ് എന്ന പ്രബന്ധം ഇദ്ദേഹം 1807 ഡിസംബർ 21-ന് പാരീസ് ഇൻസ്റ്റിറ്റ്യൂട്ടിന് സമർപ്പിച്ചു. ഡെസ്ക്രിപ്ഷൻ ഡെ ല'ഈജിപ്റ്റെ എന്നഗ്രന്ഥരചനയിൽലും ഇദ്ദേഹം സംഭാവനകൾ ചെയ്തിട്ടുണ്ട്.[4]
1816-ൽ ഫൗറിയർ ഇംഗ്ലണ്ടിലെത്തിയെങ്കിലും ഫ്രാൻസിലേയ്ക്ക് തന്നെ മടങ്ങിപ്പോയി. 1822-ൽ ഷോൺ ബാപ്റ്റിസ്റ്റെ ജോസെഫ് ഡെലാംബ്രെയെത്തുടർന്ന് ഫ്രഞ്ച് അക്കാദമി ഓഫ് സയൻസസിലെ സ്ഥിരം സെക്രട്ടറിയായി. 1830-ൽ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസിലെ വിദേശാംഗമായും ഇദ്ദേഹം നിയമിതനായി.
1830-ൽ ഇദ്ദേഹത്തിന്റെ അനാരോഗ്യം കാരണമുള്ള ബുദ്ധിമുട്ടുകൾ രൂക്ഷമായി. ഹൃദയത്തിലെ അന്യൂറിസം, 1830 മേയ് 4-ൽ പടിയിറങ്ങുമ്പോൾ വീണത് എന്നിവയാണ് പ്രധാന പ്രശ്നങ്ങൾ എന്ന് ജീവചരിത്രകാരനായ ഫ്രാങ്കോയി ആർഗോ പ്രസ്താവിച്ചിട്ടുണ്ട്.[5]}} ഈ സംഭവത്തെത്തുടർന്ന് 1830 മേയ് 16-ന് ഇദ്ദേഹം മരണമടഞ്ഞു.
പാരീസിലെ പെറെ ലാചൈസ് സെമിത്തേരിയിലാണ് ഇദ്ദേഹത്തെ അടക്കം ചെയ്തത്. ശവകുടീരത്തിൽ ഈജിപ്ഷ്യൻ ബിംബങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഈഫൽ ടവറിൽ രേഖപ്പെടുത്തിയിട്ടുള്ള 72 പേരുകളിൽ ഇദ്ദേഹത്തിന്റെ പേരുമുൾപ്പെടുന്നു.
അവലംബം
തിരുത്തുക- ↑ "Joseph Fourier". Acd.ucar.edu. Archived from the original on 2013-01-06. Retrieved 2013-01-01.
- ↑ Boilly, Julien-Leopold. (1820). Album de 73 Portraits-Charge Aquarelle’s des Membres de I’Institute (watercolor portrait #29). Biliotheque de l’Institut de France.
- ↑ 3.0 3.1 "Jean-Baptiste Fourier". Retrieved 4 April 2012.
- ↑ Nowlan, Robert. A Chronicle of Mathematical People ([www.robertnowlan.com/pdfs/Fourier,%20Joseph.pdf])
- ↑ Arago, François (1857). Biographies of Distinguished Scientific Men.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Initial text from the public domain Rouse History of Mathematics
- Fourier, Joseph. (1822). Theorie Analytique de la Chaleur. Firmin Didot (reissued by Cambridge University Press, 2009; ISBN 978-1-108-00180-9)
- Fourier, Joseph. (1878). The Analytical Theory of Heat. Cambridge University Press (reissued by Cambridge University Press, 2009; ISBN 978-1-108-00178-6)
- Fourier, J.-B.-J. (1824). Mémoires de l'Académie Royale des Sciences de l'Institut de France VII. 570–604 Archived 2014-07-16 at the Wayback Machine. (Mémoire sur Les Temperatures du Globe Terrestre et Des Espaces Planetaires – greenhouse effect essay published in 1827)
- The Project Gutenberg EBook of Biographies of Distinguished Scientific Men by François Arago
- Fourier, J. Éloge historique de Sir William Herschel, prononcé dans la séance publique de l'Académie royale des sciences le 7 Juin, 1824. Historie de l'Académie Royale des Sciences de l'Institut de France, tome vi., année 1823, p. lxi.[Pg 227]
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- O'Connor, John J.; Robertson, Edmund F., "ജോസഫ് ഫൊറിയർ", MacTutor History of Mathematics archive, University of St Andrews.
- Fourier, J. B. J., 1824, Remarques Générales Sur Les Températures Du Globe Terrestre Et Des Espaces Planétaires., in Annales de Chimie et de Physique, Vol. 27, pp. 136–167 – translation by Burgess (1837).
- Fourier 1827: MEMOIRE sur les températures du globe terrestre et des espaces planétaires
- Université Joseph Fourier, Grenoble, France Archived 2006-06-22 at the Wayback Machine.
- Joseph Fourier and the Vuvuzela on MathsBank.co.uk Archived 2012-04-28 at the Wayback Machine.
- ജോസഫ് ഫൊറിയർ at the Mathematics Genealogy Project.
- Joseph Fourier – Œuvres complètes, tome 2 Gallica-Math
- Joseph Fourier, Théorie analytique de la chaleur Google books