അന്താരാഷ്ട്ര ഭൂവിജ്ഞാനീയ സമിതി

(International Union of Geological Sciences എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭൂവിജ്ഞാനീയപരമായ പഠനം പുരോഗമിപ്പിക്കുന്നതിനും, അതിന് അന്താരാഷ്ട്ര സഹകാരിത്വം ഉറപ്പുവരുത്തുന്നതിനുമായി പ്രവർത്തിക്കുന്ന സമിതിയാണ് അന്താരാഷ്ട്ര ഭൂവിജ്ഞാനീയ സമിതി. 1875-ൽ യു.എസ്., കാനഡ, സ്വീഡൻ‍, ഗ്രേറ്റ്ബ്രിട്ടൻ‍, നെതർലൻഡ്സ് എന്നീ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളുടെ കൂടിയാലോചനയുടെ ഫലമായാണ് സമിതി രൂപംകൊണ്ടത്. പ്രവർത്തകസമിതിയുടെ ആദ്യത്തെ അധ്യക്ഷൻ ജെയിംസ് ഹാൾ (യു.എസ്.) ആയിരുന്നു.

ആദ്യസമ്മേളനം തിരുത്തുക

സമിതിയുടെ ആദ്യസമ്മേളനം 1878-ൽ പാരിസിൽ നടന്നു. അതിനുശേഷം മൂന്നും നാലും കൊല്ലങ്ങളിലൊരിക്കലെന്ന ക്രമത്തിൽ 32 സമ്മേളനങ്ങൾ നടക്കുകയുണ്ടായി. 2004-ൽ ഇറ്റലിയിലെ ഫ്ലോറൻസിലാണ് 32-ആം സമ്മേളനം നടന്നത്. 33-ആം സമ്മേളനം 2008-ൽ നോർവേയിലെ ഓസ്ലോയിൽ നടത്താൻ തീരുമാനിക്കപ്പെട്ടിരിക്കുന്നു. സമ്മേളനകാലം സാധാരണഗതിയിൽ ഒരു വാരമായി ക്ലിപ്തപ്പെടുത്തിയിട്ടുണ്ട്.

അംഗത്വം തിരുത്തുക

ഭൂവിജ്ഞാനീയത്തിൽ അടിസ്ഥാനപരമായ താത്പര്യമുള്ള ഏതു വ്യക്തിക്കും, അയാൾ ഏതു തുറയിൽ പ്രവർത്തിക്കുന്നു എന്ന പരിഗണനകൂടാതെതന്നെ, ഈ സമിതിയിൽ അംഗത്വം നേടാവുന്നതാണ്. ഭൂവിജ്ഞാനീയം, ഭൂമിശാസ്ത്രം, മൈനിങ് എൻജിനീയറിങ് എന്നീ പഠനശാഖകൾക്കു പ്രാമുഖ്യം നൽകിയിട്ടുണ്ട്. ഔദ്യോഗിക സമ്മേളനങ്ങളെ നയിക്കുവാനുള്ള കൌൺസിലുകളെ നാമനിർദ്ദേശം ചെയ്യുവാനുള്ള അധികാരം അതതിടങ്ങളിലെ നിർവാഹകസമിതിക്കു വിട്ടുകൊടുത്തിരിക്കും. എന്നാൽ ഓരോ ഔദ്യോഗികസമ്മേളനവും അടുത്തു സമ്മേളിക്കേണ്ട സ്ഥലം, കാലം, നിർവാഹകസമിതി എന്നിവയെ സംബന്ധിച്ച തീരുമാനമെടുത്തിട്ടാണ് പിരിയുക.

സ്ഥലീയ പഠനത്തിനു പ്രാമുഖ്യം തിരുത്തുക

സ്ഥലീയ പഠനത്തിനു (field -study) പ്രാമുഖ്യം നല്കിക്കൊണ്ടുള്ള ഒരു പരിപാടിയാണ് ഔദ്യോഗിക സമ്മേളനങ്ങൾക്കുണ്ടായിരിക്കുക. വിവിധ രാജ്യങ്ങളിലെ ഭൂവിജ്ഞാനീയ സംഘടനകൾ, ഭൂവിജ്ഞാനീയ-ഖനനവകുപ്പുകൾ, അക്കാദമികൾ, സർവകലാശാലകൾ എന്നിവയുടെ പ്രതിനിധികൾ സമ്മേളനത്തിലേക്കു ക്ഷണിക്കപ്പെടുന്നു. സമ്മേളനം നടക്കുന്ന രാജ്യത്തെ ധാതുനിക്ഷേപങ്ങളെയും ശിലാസംരചനയെയും സംബന്ധിച്ച് വിശദമായ പഠനം നടത്താൻ എല്ലാ പ്രതിനിധികൾക്കും അവസരമുണ്ടായിരിക്കും.

ഇരുപത്തിരണ്ടാം സമ്മേളനത്തിൽ തിരുത്തുക

അന്താരാഷ്ട്ര ഭൂവിജ്ഞാനീയ സമിതിയുടെ 22-ആം സമ്മേളനം 1964 ഡിസംബർ മൂന്നാംവാരത്തിൽ ഡൽഹിയിൽ നടന്നു. ഏതെങ്കിലും ഏഷ്യൻ രാജ്യത്തിൽ കൂടുന്ന ആദ്യത്തെ സമ്മേളനമായിരുന്നു അത്. 85 രാഷ്ട്രങ്ങളിൽനിന്നായി 1,800 പ്രതിനിധികൾ ഈ സമ്മേളനത്തിൽ പങ്കെടുത്തു; അംഗത്വമുള്ള 650 സംഘടനകളുടെ പ്രതിനിധികൾ ഹാജരുണ്ടായിരുന്നില്ല. മൊത്തം 415 പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെട്ടു. ഇന്ത്യയിലെ വിവിധ സങ്കേതങ്ങളിലേക്ക് അമ്പതിൽപരം പഠനപര്യടനങ്ങൾ നടത്തി: ഇക്കൂട്ടത്തിൽ കേരളത്തിലെ ധാതുവിഭവങ്ങളും പഠനവിധേയമായി. ഇന്ത്യൻ സമുദ്ര പര്യവേഷണ (Indian Ocean Expedition) റിപ്പോർട്ടിൻമേലുള്ള വിശദമായ ചർച്ച ഈ സമ്മേളനത്തിന്റെ പരിപാടികളിലെ ഒരു പ്രധാന ഭാഗമായിരുന്നു.

അന്താരാഷ്ട്ര ഭൂവിജ്ഞാനീയ സമിതിയുടെ ഈ സമ്മേളനത്തോടനുബന്ധിച്ച് ഇന്ത്യൻ കമ്പിത്തപാൽ വകുപ്പ് ഒരു സ്മാരക സ്റ്റാമ്പ് പുറപ്പെടുവിക്കുകയുണ്ടായി.

പുറമണ്ണികൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്താരാഷ്ട്ര ഭൂവിജ്ഞാനീയ സമിതി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.