മഷി
പ്രതലത്തിലെ ചിത്രത്തിനോ, രൂപത്തിനോ, അക്ഷരങ്ങൾക്കോ നിറം നൽകുവാൻ ഉപയോഗിക്കുന്ന ദ്രാവകാവസ്ഥയിലുള്ള വ്യത്യസ്തമായ ചായങ്ങളാണ് മഷി. എഴുതുന്നതിനും വരയ്ക്കുന്നതിനും മറ്റും ഉപയോഗിക്കുന്ന തൂലികകളിൽ ഉപയോഗിക്കുന്നതും മഷിയാണ്. ഉണങ്ങിക്കഴിയുമ്പോഴാണ് ഇവയുടെ യഥാർത്ഥ നിറം പ്രകടമാകുന്നത്. വേഗത്തിൽ ഉണങ്ങുന്ന മഷികളാണ് തൂലികകളിൽ ഉപയോഗിക്കുന്നത്.
ചരിത്രം
തിരുത്തുകഭാരതത്തിൽ 4 -ആം നൂറ്റാണ്ട്(ക്രി.മു) മുതലെങ്കിലും ഉപയോദിച്ചുവരുന്നതാണ് മഷി, പല വസ്തുക്കളുടെ ഒരു പ്രത്യേക മിശ്രിതമാണ് ഇത്.[1]
അച്ചടിമഷി
തിരുത്തുകഅച്ചടിമഷി ആദ്യമായി നിർമിച്ചത് ചൈനയിലാണ്. അഞ്ചാം ശ.-ത്തിൽ ചെടികളിൽ നിന്നുള്ള വസ്തുക്കളും പുകക്കരിയും മറ്റും ചേർത്താണ് ചൈനക്കാർ അച്ചടി മഷി നിർമിച്ചിരുന്നത്. ഗുട്ടൻബർഗിന്റെ കാലത്ത് വാർണീഷോ തിളപ്പിച്ച ലിൻസീഡ് എണ്ണയോ പുകക്കരിയോടുചേർത്ത് കുഴച്ചു മഷിയുണ്ടാക്കിയിരുന്നു. കടലാസ്, തുണി, ഗ്ലാസ്, തടി, കോർക്ക്, മൺപാത്രങ്ങൾ, റബർ തുടങ്ങിയ സാധനങ്ങളിൽ അച്ചടിക്കുന്നതിനാണ് അച്ചടിമഷി ഉപയോഗിക്കുന്നത്. എഴുത്തുമഷിപോലെ അത്ര ദ്രവരൂപത്തിലുള്ളതല്ല അച്ചടിമഷി; ഏതാണ്ട് പെയിന്റിനോടു സാദൃശ്യമുള്ളതാണ്. 1772-ൽ മഷി ഉത്പാദിപ്പിക്കുന്നതിനുള്ള ഒരു കമ്പനി ഇംഗ്ളണ്ടിൽ തുടങ്ങി. 19-ാം ശ.-ത്തിന്റെ ഉത്തരാർധത്തോടെ അച്ചടിമഷി നിർമ്മാണത്തിൽ പല പരിഷ്കാരങ്ങളും ഏർപ്പെടുത്തി. 20-ാം ശ.-ത്തിൽ അച്ചടിമഷി നിർമ്മാണം സങ്കീർണമായ ഒരു വ്യാവസായിക പ്രക്രിയയായിത്തീർന്നു. അച്ചടിമഷിയിൽ മൂന്നു ഘടകങ്ങളാണുള്ളത്: മാധ്യമങ്ങൾ (vehicles), വർണകങ്ങൾ (pigments), ശോഷകങ്ങൾ (driers). ഉണങ്ങുന്നതിനുവേണ്ടിവരുന്ന സമയം കുറയ്ക്കുന്നതിനാണ് ശോഷകങ്ങൾ ഉപയോഗിക്കുന്നത്. ചില പ്രത്യേക മഷികളിൽ 15 വരെ ഘടകപദാർഥങ്ങൾ ഉണ്ടാകും. ലിൻസീഡ് എണ്ണ, സംശ്ളിഷ്ട റെസിനുകൾ, ഖനിയെണ്ണകൾ, പെട്രോളിയം ഉത്പന്നങ്ങൾ, ആൽക്കഹോൾ, ഗ്ളൈക്കോൾ എന്നിവയുടെ യൌഗികങ്ങൾ, ഹൈഡ്രോകാർബണുകൾ, പരുത്തിക്കുരു എണ്ണ എന്നിവയാണ് സാധാരണ മാധ്യമങ്ങൾ. ഈ മാധ്യമങ്ങൾ ഒറ്റയ്ക്കോ പലതും കൂട്ടിക്കലർത്തിയോ ഉപയോഗിക്കാം. മാധ്യമങ്ങൾ കൂട്ടിക്കലർത്തുന്നതിന് പല മാർഗങ്ങളുണ്ട്. പ്രകൃതിയിൽനിന്നും ലഭിക്കുന്ന വർണകങ്ങൾ, ഖനിജങ്ങൾ, സസ്യജങ്ങൾ, ജന്തുജങ്ങൾ എന്നിങ്ങനെ മൂന്നുവിധത്തിലാണ്. നീലക്കല്ല് (വൈഡൂര്യം-lapiz lazuli), കാവിമണ്ണ് (ochre) എന്നിവ ആദ്യത്തെ ഇനത്തിലും, ഇൻഡിഗോ, മരപ്പശകൾ മുതലായവ രണ്ടാമത്തെ ഇനത്തിലും, ചെഞ്ചായം (രക്തവർണമുള്ള കൊച്ചിനീൽ (Cochineal) എന്ന പ്രാണിയിൽനിന്നും എടുക്കുന്നത്) ഒട്ടകങ്ങളുടെയും പശുക്കളുടെയും മൂത്രം വറ്റിച്ചു കിട്ടുന്ന മഞ്ഞച്ചായം എന്നിവ മൂന്നാമത്തെ ഇനത്തിലും പെടുന്നു. കോബാൾട്ട്, മാൻഗനീസ്, ലെഡ് എന്നീ ലോഹങ്ങളുടെ ലവണങ്ങളാണ് ശോഷകങ്ങളായി ഉപയോഗിക്കുന്നത്. ശോഷകം മാധ്യമത്തിൽ കലർത്തുകയാണ് പതിവ്. അച്ചടിച്ച ഉടനെ മഷി ഉണങ്ങുന്ന വിധവും വേഗവും ശോഷകം ചേർന്നുളള മാധ്യമത്തെ ആശ്രയിച്ചിരിക്കും. ഓക്സീകരണം, അവശോഷണം, ബാഷ്പനം (evaporation), അവസ്കന്ദനം (coagulation), അവക്ഷേപണം (precipitation), പോളിമറീകരണം (polymerization) എന്നിങ്ങനെ ഏതെങ്കിലും ഒരു പ്രക്രിയയിലൂടെയാണ് മഷി ഉണങ്ങുക. അച്ചടിക്കേണ്ട പ്രതലം, അച്ചടിരീതി, മുദ്രണോപകരണങ്ങൾ എന്നിവ പരിഗണിച്ച് മഷി കലർത്തി എടുക്കാവുന്നതാണ്. മഞ്ഞ, ചുവപ്പ്, നീല എന്നീ വർണങ്ങളും കറുപ്പും സ്വതന്ത്രമായും പല അനുപാതത്തിൽ കൂട്ടിക്കലർത്തിയും ബഹുവർണങ്ങളിൽ അച്ചടി സാധ്യമാക്കുന്നു. ഇങ്ങനെ കൂട്ടിക്കലർത്തുന്നതുൾപ്പെടെ മൊത്തം 900000 ഇങ്ക് ഫോർമുലകൾ ഉണ്ടെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. ഒരു പൌണ്ട് കറുപ്പു മഷികൊണ്ട് 100 ച. ഇഞ്ച് സ്ഥലത്ത് 1,000 പതിപ്പുകൾ ഉണ്ടാക്കാം. മറ്റുള്ള നിറങ്ങൾ ഇത്രയും അളവു മഷികൊണ്ട് സാധ്യമല്ല, നീല, ചുവപ്പ്, മഞ്ഞ, വെള്ള എന്നീ നിറങ്ങളിൽ ഒരു പൌണ്ട് മഷികൊണ്ട് 1,000 പതിപ്പുകൾക്ക് യഥാക്രമം 90, 80, 70, 60 ച. ഇഞ്ച് മാത്രം അടിക്കാനേ കഴിയൂ. മിനുസമുളള പ്രതലങ്ങളിലും മിനുസമില്ലാത്ത പ്രതലങ്ങളിലും അച്ചടിക്കുന്നതിന് പ്രത്യേകം മഷികളുണ്ട്. കടലാസിന്റെ നിറഭേദമനുസരിച്ച് പല നിറത്തിലുള്ള മഷികൾ ആവശ്യമാണ്. വെള്ളക്കടലാസിൽ ചുവപ്പു നിറമടിക്കാൻ ഉപയോഗിക്കുന്ന മഷി പച്ചക്കടലാസിൽ അടിക്കുമ്പോൾ ബ്രൌൺനിറമായിമാറുന്നു. മിനുസം കുറഞ്ഞ പേപ്പറിൽ അടിക്കുന്നതിന് മിനുസം കൂടിയ പേപ്പറിൽ അച്ചടിക്കുന്നതിനാവശ്യമായ മഷിയുടെ അളവിന്റെ ഇരട്ടി വേണം. ചില പ്രത്യേകതരം മഷികളുണ്ട്. ഉദാ. ഹീറ്റ്സെറ്റ് ഇങ്ക് (heatset ink), കോൾഡ്സെറ്റ് ഇങ്ക് (coldset ink), സ്റ്റീംസെറ്റ് ഇങ്ക് (steamset ink), മെറ്റാലിക് ഇങ്ക് (metallic ink), ഫ്ളൂറസെന്റ് ഇങ്ക് (fluorescent ink) എന്നിവ. വേഗം കൂടുതലുള്ള യന്ത്രങ്ങളിൽ ഹീറ്റ്സെറ്റ് ഇങ്ക് ഉപയോഗിക്കുന്നു. പാക്കേജിങ് അച്ചടി, ലോഹത്തകിടിൻമേലുള്ള അച്ചടി എന്നിവയ്ക്ക് മെറ്റാലിക് അച്ചടിമഷി ഉപയോഗിക്കുന്നു. അലുമിനിയം പൊടി കലർത്തിയാണ് സിൽവർ ഇങ്ക് ഉണ്ടാക്കുന്നത്. വർണോജ്വലത (colour brilliance) കൂടുതൽ ആവശ്യമായി വരുമ്പോൾ ഫ്ളൂറസെന്റ് ഇങ്ക് ഉപയോഗിക്കും. ഇവയെ ഓപ്റ്റിക്കൽ ബ്രൈറ്റനേഴ്സ് (optical brighteners) എന്നു പറയുന്നു. സാധാരണ വർണകങ്ങളേക്കാൾ 4-5 ഇരട്ടി പ്രകാശം ജനിപ്പിക്കുന്നതാണ് പ്രതിദീപ്തി (fluorescent) വർണകങ്ങൾ. ചെക്ക്, ബിസിനസ്ഫാറങ്ങൾ എന്നിവ അച്ചടിക്കുന്നതിന് മാഗ്നറ്റിക് മഷികളുണ്ട്. വർണകങ്ങളും മാധ്യമവും കൂട്ടിക്കലർത്തി കുഴമ്പു പാകത്തിൽ ഒരു മില്ലിലൂടെയോ രണ്ടു റോളറുകൾക്കിടയിലൂടെയോ 3 മുതൽ 10 വരെ തവണ കടത്തിവിടും. ഇങ്ങനെ കടത്തിവിടുന്നതിനിടയിലാണ് ശോഷകങ്ങൾ കലർത്തുന്നതും മഷിയിലുള്ള ജലാംശം നീക്കുന്നതും. പ്രകൃതിയിൽനിന്നു ലഭിക്കുന്ന വർണകങ്ങൾക്കുപകരം സിന്തറ്റിക് (Synthetic) വർണകങ്ങൾ ഉപയോഗിക്കുന്നുണ്ട്. സിന്തറ്റിക് വർണകങ്ങളാണ് ഉപയോഗിക്കുന്നതെങ്കിൽ ഇത്രയും കൂടുതൽ സമയം കുഴയ്ക്കേണ്ടിവരില്ല. ഓരോ അച്ചുകൂടത്തിന്റെയും വലിപ്പമനുസരിച്ച് അച്ചടിമഷിയുടെ ആവശ്യത്തിന് വ്യത്യാസമുണ്ടാകും. ഒരു ലറ്റർ ഹെഡ് അടിക്കുന്നതിന് ഒരു ഔൺസിന്റെ ചെറിയ ഒരു ഭാഗം മഷി മതി. എന്നാൽ ഒരു വൻകിട പത്രത്തിന്റെ ഞായറാഴ്ചപ്പതിപ്പ് അടിക്കുന്നതിന് ഉദ്ദേശം 200,000 പൌണ്ട് മഷി വേണ്ടിവരും. അമേരിക്കയിലെ ദിനപത്രങ്ങളെല്ലാം ഒരു സാധാരണ ദിവസം അടിക്കുന്നതിന് 600,000-700,000 പൌണ്ട് മഷിവേണ്ടിവരുമെന്ന് കണക്കാക്കിയിരിക്കുന്നു. മിക്ക മഷിനിർമ്മാണ സ്ഥാപനങ്ങളും മഷിയെപ്പറ്റി ഗവേഷണം നടത്തുന്നുണ്ട്. അമേരിക്കയിലെ മഷി ഉത്പാദകരുടെ സംഘടനയായ ദി നാഷണൽ അസോസിയേഷൻ ഒഫ് പ്രിന്റിങ് ഇങ്ക് മേക്കേഴ്സ് (The National Association of Printing Ink Makers) പ്രിന്റിങ് ഇങ്ക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (Printing Ink Research Institute) എന്ന സ്ഥാപനം നടത്തിവരുന്നു.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ ബാനർജി, താൾ 673
- ബാനർജി, ശുരെസ് ചന്ദ്ര (1989). A Companion to Sanskrit Literature. Motilal Banarsidass. ISBN 81-208-0063-X.