അന്താരാഷ്ട്ര വ്യോമഗതാഗത സംഘടന

(IATA എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിവിധ രാജ്യങ്ങളിലെ വിമാനസർവീസുകളുടെ ലോകസംഘടനയെ അന്താരാഷ്ട്ര വ്യോമഗതാഗത സംഘടന (Intetnational Air Transport Association) എന്നു പറയുന്നു. ഇത് 1919-ൽ സ്ഥാപിതമായി. ഈ സംഘടന രൂപവത്കരിക്കുന്നതിനുള്ള ആദ്യ സമ്മേളനം 1919 ആഗസ്റ്റ് 25-ന് പ്രാഗിൽവച്ചു കൂടി. ആഗസ്റ്റു 28-ന് സമ്മേളനം അംഗീകരിച്ച ഒരു പ്രമേയത്തിലൂടെ അന്താരാഷ്ട്ര വ്യോമഗതാഗതസംഘടന നിലവിൽവന്നു.

അന്താരാഷ്ട്ര വ്യോമഗതാഗത സംഘടന
ചുരുക്കപ്പേര്IATA
രൂപീകരണംഏപ്രിൽ 19, 1945; 79 വർഷങ്ങൾക്ക് മുമ്പ് (1945-04-19), Havana, Cuba
തരംinternational trade association
ലക്ഷ്യംrepresent, lead, and serve airline industry
ആസ്ഥാനം800 Place Victoria (rue Gauvin), Montreal, Canada
അക്ഷരേഖാംശങ്ങൾ45°30′02″N 73°33′42″W / 45.5006°N 73.5617°W / 45.5006; -73.5617
അംഗത്വം
230 airlines
DG and CEO
Tony Tyler
വെബ്സൈറ്റ്iata.org

ചരിത്രം

തിരുത്തുക

താമസിയാതെ സംഘടനയുടെ പ്രവർത്തനം അഞ്ചു ഭൂഖണ്ഡങ്ങളിലേക്കും വ്യാപിക്കുകയുണ്ടായി. മുഖ്യമായും ഓരോ രാജ്യത്തിലെയും പതാകാവാഹകവിമാനസർവീസുകൾ ഈ സംഘടനയിൽ അംഗങ്ങളാണ്. ഈ സർവീസുകൾ ദേശീയവും അന്താരാഷ്ട്രീയവുമായ വ്യോമയാനത്തിന്റെ ഏറിയ പങ്കും നിർവഹിക്കുന്നു. ഇപ്പോൾ 250-ൽപ്പരം രാജ്യങ്ങളിലെ വിമാനസർവീസുകൾ ഈ ലോകസംഘടനയിലെ അംഗങ്ങളാണ്.

പ്രധാന ഉത്തരവാദിത്തം

തിരുത്തുക

വ്യോമഗതാഗതത്തിൽ ഈ സംഘടന ഒരു പ്രധാന പങ്ക് വഹിക്കുന്നു. വിമാനയാത്ര നടത്തുവാൻ പറ്റിയ സമയത്തെയും സാഹചര്യങ്ങളെയുംപറ്റി ഈ സംഘടന ശരിയായ വിവരം നൽകുന്നു. ഇത് ലോകത്തെങ്ങുമുള്ള വിമാനസർവീസുകൾക്ക് ഏറെ സഹായകമാണ്. കൂടാതെ ഏറ്റവും കുറഞ്ഞ നിരക്കിൽ വ്യോമഗതാഗതം സാധ്യമാക്കാനും ഈ സംഘടന ശ്രമിക്കുന്നു. വിവിധ രാജ്യങ്ങളിലെ വിമാനസർവീസുകളുടെ സംയുക്ത പ്രയത്നത്തെ ഈ സംഘടന ഏകോപിപ്പിക്കുകയും ചെയ്യുന്നു. ഓരോ രാജ്യത്തും നാണയവും ഭാഷയും നിയമങ്ങളും അളവുകൾപോലും വ്യത്യസ്തങ്ങളാണ്. ഇത് അന്തർദേശീയസഞ്ചാരികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഏതെങ്കിലും ഒരു രാജ്യത്തിനു മാത്രമായി അഥവാ ഏതാനും ചിലതിനു മാത്രമായി പരിഹരിക്കാൻ സാധ്യമല്ലാത്ത ഈവക പ്രശ്നങ്ങൾക്ക് യോജിച്ചുള്ള പ്രവർത്തനത്തിലൂടെ പരിഹാരം കണ്ടെത്തുവാൻ ഈ ലോകസംഘടനയ്ക്കു സാധിക്കുന്നു.

സംഘടനയുടെ അധികാരം, അതിന്റെ വാർഷിക പൊതുയോഗത്തിൽ നിക്ഷിപ്തമാണ്. ഇതിൽ അംഗരാഷ്ട്രങ്ങൾക്കെല്ലാം തുല്യമായ വോട്ടവകാശമുണ്ട്. വാർഷിക യോഗം തെരഞ്ഞെടുക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി ഓരോ വർഷത്തേക്കുമുള്ള നയപരിപാടികൾ രൂപവത്കരിക്കുന്നു. പ്രധാന വിമാനസർവീസുകളുടെ പ്രതിനിധികൾ, പലപ്പോഴും അവയുടെ അധ്യക്ഷന്മാർ, ചേർന്നതാണ് ഈ കമ്മിറ്റി. കൂടാതെ, ധനപരവും നിയമപരവും സാങ്കേതികവും വൈദ്യസഹായപരവും മറ്റുമായ വിഷയങ്ങളിൽ സംഘടനയുടെ പ്രവർത്തനങ്ങളെ സഹായിക്കാൻ ഓരോന്നിലും വിദഗ്ദ്ധൻമാരുൾപ്പെട്ട പ്രത്യേക ഉപദേശകസമിതികൾ രൂപവത്കരിക്കപ്പെടുന്നു.

സേവന വ്യവസ്ഥകൾ

തിരുത്തുക

യാത്രാസൌകര്യങ്ങളെപ്പറ്റി ആലോചിക്കാൻ കൂടുന്ന പ്രത്യേക സമ്മേളനങ്ങളാണ് കൂലിനിരക്കും മറ്റു ബന്ധപ്പെട്ട കാര്യങ്ങളും തീരുമാനിക്കുന്നത്. എന്നാൽ ഓരോ വിമാന സർവീസിന്റെയും കൂലിനിരക്ക്, സേവനവ്യവസ്ഥകൾ, വേതനക്രമം എന്നിവയെപ്പറ്റിയുള്ള അതതിന്റെ നയങ്ങളിൽ സംഘടന യാതൊരു നിയന്ത്രണവും ചെലുത്തുന്നില്ല. അത്തരം കാര്യങ്ങളെപ്പറ്റി വിവിധ സർവീസുകൾക്ക് ഒന്നിച്ചു കൂടി ആലോചിക്കുവാൻ ഒരു പൊതുവേദി ഒരുക്കുക മാത്രമേ സംഘടന ചെയ്യുന്നുള്ളു. അങ്ങനെ സ്വീകരിക്കപ്പെടുന്ന പൊതുതീരുമാനങ്ങൾപോലും അംഗസർവീസുകൾ അംഗീകരിച്ചുകൊള്ളണമെന്ന് നിർബന്ധമില്ല. ഏതൊരു തീരുമാനവും നിരാകരിക്കാനോ പരിഷ്കരിക്കാനോ അംഗരാഷ്ട്രങ്ങൾക്ക് അധികാരമുണ്ട്. ഈ അധികാരം പലപ്പോഴും പ്രയോഗിക്കപ്പെട്ടിട്ടുമുണ്ട്.

ഇന്ത്യയുടെ പങ്ക്

തിരുത്തുക

അന്താരാഷ്ട്ര വ്യോമഗതാഗതസംഘടനയുടെ വാർഷിക സമ്മേളനങ്ങളിൽ ഇന്ത്യ സജീവമായി പങ്കെടുക്കുന്നു. ഇന്ത്യൻ വിമാനസർവീസിന്റെ, മുൻ ചെയർമാൻ ജെ.ആർ.ഡി. ടാറ്റാ 17 വർഷം എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ അംഗമായിരുന്നു. യാത്രാസൌകര്യം വർധിപ്പിക്കാനും കൂലിനിരക്ക് കുറയ്ക്കാനും അങ്ങനെ ഇന്ത്യയിൽക്കൂടിയുള്ള അന്തർദേശീയ ഗതാഗതം അഭിവൃദ്ധിപ്പെടുത്താനും ഇന്ത്യൻ വിമാനസർവീസിനു സാധിച്ചിട്ടുണ്ട്. വിദേശ സഞ്ചാരികളെ ഇന്ത്യയിലേക്ക് കൂടുതൽ ആകർഷിക്കാൻ പറ്റിയ തരത്തിൽ വ്യോമഗതാഗതസൌകര്യങ്ങൾ വർധിപ്പിച്ചിട്ടുണ്ട്.

1950 മുതൽ എയർ-ഇന്ത്യ ഈ ലോകസംഘടനയിലെ അംഗമാണ്. അതിനുശേഷം ചെലവുകുറഞ്ഞ വ്യോമഗതാഗതത്തിന്റെ വിവിധ മേഖലകളിൽ ഇന്ത്യ പല പരിഷ്കാരങ്ങളും ഏർപ്പെടുത്തുവാൻ കേന്ദ്രസംഘടനയുമായി സഹകരിച്ചു പ്രവർത്തിച്ചുവരുന്നു.

അന്താരാഷ്ട്ര പൊതു വ്യോമയാത്രാ ദിനം

തിരുത്തുക

ഡിസംബർ 7 ന് അന്താരാഷ്ട്ര പൊതു വ്യോമയാത്രാ ദിനമായി ആചരിക്കുന്നു. രാജ്യങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ വികസനത്തിന് അന്താരാഷ്ട്ര പൊതു വ്യോമ ഗതാഗതം വഹിക്കുന്ന പ്രാധാന്യത്തെക്കുറിച്ചു് അവബോധം സൃഷ്ടിക്കുന്നതിനും പൊതു വ്യോമ ഗതാഗതത്തെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുകയും ചെയ്യുക എന്നതാണ് അന്താരാഷ്ട്ര പൊതു വ്യോമ ഗതാഗത ദിനത്തിന്റെ ഉദ്ദേശ്യം.   ഈ ദിനാചരണം വഴി ദ്രുതഗതിയിലുള്ള ആഗോള ഗതാഗത സേവന ശൃംഖലയോട് സഹകരിക്കുവാൻ രാജ്യങ്ങളെ സഹായിക്കുകയെന്നതും അന്താരാഷ്ട്ര പൊതു വ്യോമയാത്രാ സംഘടന (International Civil Aviation Organization) ഉദ്ദേശിക്കുന്നു.[1]

പുറംകണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്താരാഷ്ട്ര വ്യോമഗതാഗത സംഘടന എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
  1. "International Civil Aviation Day 7 December". {{cite web}}: line feed character in |title= at position 33 (help)