ഹയഗ്രീവൻ

(Hayagriva എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹൈന്ദവപുരാണങ്ങളിൽ ഹയഗ്രീവൻ എന്നപേരിൽ മൂന്ന് അസുരന്മാരും ഒരു രാജാവും ഒരു രാജർഷിയും ഒരു മഹാവിഷ്ണു അവതാരവും ഉണ്ട്. വാല്മീകി രാമായണത്തിൽ ഹയഗ്രീവൻ വിഷ്ണുവിനാൽ കൊല്ലപ്പെട്ട അസുരനും കശ്യപന് ദാനുവിൽ ജനിച്ചവനുമാണ്‌. വേദം മോഷ്ടിച്ച മറ്റൊരു ഹയഗ്രീവനെ മത്സ്യാവതാരം പൂണ്ട് മഹാവിഷ്ണു വധിച്ചു[1]. മഹാഭാരതത്തിൽ നരകാസുരന്റെ രാജ്യം കാത്തുസൂക്ഷിച്ച അസുരന്റെ പേരും ഹയഗ്രീവൻ എന്നാണ് കാണുന്നത്. ഈ ഹയഗ്രീവനെ വധിച്ചത് ശ്രീകൃഷ്ണൻ. മഹാഭാരതത്തിൽ തന്നെ ഉദ്യോഗപർവ്വത്തിൽ ഹയഗ്രീവൻ എന്ന രാജാവിനെ കുറിച്ച് പറയുന്നു. അവസാനത്തെയും പ്രധാനപ്പെട്ടതുമായ ഹയഗ്രീവനാണ് മഹാവിഷ്ണു അവതാരമായ ഹയഗ്രീവൻ .

മഹാവിഷ്ണു ഹയഗ്രീവ രൂപത്തിൽ

മഹാ വിഷ്ണു അവതാരമായ ഹയഗ്രീവന്റെ ഉല്പത്തി ഇങ്ങനെയാണ്. അസുരനായ ഹയഗ്രീവൻ അതി കഠിനമായ തപസ്സിലൂടെ ദുർഗ്ഗ ദേവിയിൽ നിന്നും മറ്റൊരു ഹയഗ്രീവന് മാത്രമേ തന്നെ വധിക്കാൻ സാധിക്കൂ എന്ന ഒരു വരം നേടി. വര സാഫല്യത്തിൽ അഹങ്കാരിയായ ഹയഗ്രീവൻ ദേവന്മാരെയും, മുനിമാരെയും ക്രൂരമായി ഉപദ്രവിക്കാൻ തുടങ്ങി. അസുരന്റെ ഉപദ്രവങ്ങളിൽ പൊറുതി മുട്ടിയ അവർ ഭഗവാൻ വിഷ്ണുവിന്റെ ചരണങ്ങളിൽ അഭയം പ്രാപിച്ചു . ഹയഗ്രീവനുമായി ഘോര യുദ്ധത്തിൽ വിഷ്ണു ഏർപ്പെട്ടു, എങ്കിലും ബലവാനായ ആ അസുരനെ തോൽപ്പിക്കാൻ കഴിഞ്ഞില്ല. തളർന്നവശനായ ഭഗവാൻ വൈകുണ്ഡം പൂകി പദ്മാസനത്തിൽ യോഗനിദ്ര ആരംഭിച്ചു. തന്റെ വില്ലിന്റെ അറ്റത്ത്‌ സ്വന്തം തല ചായ്ച്ചു വെച്ച് കൊണ്ടായിരുന്നു ഭഗവാന്റെ ഉറക്കം.ഭയ വിഹ്വലരായ ദേവന്മാർ വിഷ്ണുവിന്റെ അടുത്ത് വീണ്ടും വന്നു. എന്നാൽ അവരുടെ മുറവിളികൾക്ക് ഭഗവാനെ നിദ്രയിൽ നിന്നും ഉണർത്താൻ ആയില്ല. ഒടുവിൽ ദേവന്മാർ ബ്രഹ്മാവിനെ സമീപിച്ചു. അങ്ങനെ ബ്രഹ്മാവ് ചിതലുകളെ സൃഷ്ടിച്ചു. അവയോട് ഭഗവാന്റെ വില്ലിന്റെ ഞാൺ കടിച്ചു മുറിച്ചു നിദ്രയ്ക്കു ഭംഗം വരുത്താൻ ബ്രഹ്മാവ്‌ നിർദ്ദേശിച്ചു. ചിതലരിച്ച്‌ ഒടുവിൽ ഞാൺ മുറിഞ്ഞു, ദിഗന്തങ്ങൾ പിളരുന്ന ശബ്ദത്തോടെ അതി ശക്തമായി പൊട്ടിയ ഞാണിന്റെ തലപ്പ്‌ ഭഗവാന്റെ ശിരസ്സും ഛേദിച്ചു. പരിഭ്രാന്തരായ ദേവന്മാർ പരാശക്തിയെ രക്ഷയ്ക്കായി അഭയം പ്രാപിച്ചു. അവരുടെ പ്രാർഥനയിൽ സന്തുഷ്ടയായ ദേവി ഇങ്ങനെ അരുളിച്ചെയ്തു "കാര്യ കാരണങ്ങൾ ഇല്ലാതെ ഈ പ്രപഞ്ചത്തിൽ ഒന്നും തന്നെ സംഭവിക്കില്ല. ഹയഗ്രീവന് ഞാൻ നൽകിയ വര പ്രകാരം മറ്റൊരു ഹയഗ്രീവന് മാത്രമേ അവനെ വധിക്കാൻ കഴിയൂ..ഇപ്പോൾ ആ മുഹൂർത്തം സമാഗമമായിരിക്കുന്നു.ഭഗവാന്റെ അറ്റ് പോയ ശിരസ്സിന്റെ സ്ഥാനത്ത് ഒരു ഹയത്തിന്റെ(കുതിരയുടെ) തല പിടിപ്പിക്കുക". ദേവന്മാർ അപ്രകാരം ഒരു വെള്ളക്കുതിരയുടെ തല (ഗ്രീവം) വിഷ്ണുവിന്റെ കഴുത്തിൽ പിടിപ്പിച്ചു, ബ്രഹ്മദേവൻ ജീവനും നൽകി. അങ്ങനെ സൃഷ്ടിക്കപ്പെട്ട 'ഭഗവാൻ ഹയഗ്രീവൻ' ഹയഗ്രീവൻ എന്ന അസുരനെ യുദ്ധത്തിൽ വധിച്ചു. മഹാവിഷ്ണു കണ്ട പരാശക്തിയെ അഗസ്ത്യമുനിയുടെ ആഗ്രഹപ്രകാരം ആയിരം നാമങ്ങളിലൂടെ പറഞ്ഞു കൊടുക്കുന്നതാണ് "ലളിതാ സഹസ്രനാമം". [2]

ഹയഗ്രീവഗോപാല മന്ത്രം

തിരുത്തുക
മഹാവിഷ്ണു അവതാരമായ ഹയഗ്രീവൻ വിദ്യയുടെ അധിദേവാനായി കരുതിപോന്നു. അതിനാൽ ഈ ഹയഗ്രീവഗോപാല മന്ത്രം ജപിക്കുന്നത്‌ വിദ്യാവിജയത്തിന് നല്ലതാണത്രെ!

ഉൽഗിരൽ പ്രണവോൽഗീഥ
സർവ്വ വാഗീശ്വരേശ്വരാ
സർവ്വ വേദമയാചിന്ത്യ
സർവ്വം ബോധയ ബോധയ

കുറിപ്പ്

തിരുത്തുക
  1. തൽപ്രളയാന്തകേ ഹയഗ്രീവനിഗ്രഹം ചെയ്തു ചിൽപുനാമ്നായങ്ങൾ വീണ്ടുകൊണ്ടബ്ജോത്ഭവൻ - മഹാഭാഗവതം, തുഞ്ചത്ത് എഴുത്തച്ഛൻ
  2. ഹയഗ്രീവമഹാത്മാവേ സർവ്വശാസ്ത്രവിശാരദ ലളിതാദേവി തന്റെ കഥയെല്ലാം കഥിച്ചു തരിക. ലളിതാ സഹസ്രനാമം പൂർവ്വഭാഗം

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഹയഗ്രീവൻ&oldid=3922915" എന്ന താളിൽനിന്ന് ശേഖരിച്ചത്