ഹക്കീം അജ്മൽ ഖാൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
(Hakim Ajmal Khan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ ഒരു ദേശീയനേതാവും ഭിഷഗ്വരനുമായിരുന്നു ഹക്കീം അജ്‌മൽഖാൻ (ജീവിതകാലം: 11 ഫെബ്രുവരി 1868-1927). ഹക്കിം എന്ന അറബിവാക്കിന്റെ അർഥം വൈദ്യൻ എന്നാണ്. മധ്യേഷ്യയിൽനിന്നും ഇന്ത്യയിൽ കുടിയേറിപ്പാർത്ത ഒരു മുസ്ലീം സൈനികോദ്യോഗസ്ഥന്റെ മകനായി 1868 ഫെബ്രുവരി 11-ന് (ഹിജ്രാ വർഷം 1284 ഷവ്വാൽ 17)അജ്മൽ ജനിച്ചു. ബാല്യത്തിൽതന്നെ പേർഷ്യൻ ഭാഷ, അറബി വ്യാകരണം, ഖുർആൻ, തർക്കശാസ്ത്രം എന്നിവയിൽ അവഗാഹം നേടിയ ഇദ്ദേഹം പില്ക്കാലത്ത് ഉറുദുവിൽ പാണ്ഡിത്യം സമ്പാദിച്ചു. വൈദ്യശാസ്ത്രത്തിന്റെ ആദ്യപാഠങ്ങൾ പിതാവിൽനിന്നും ഉയർന്ന രീതിയിലുള്ള വൈദ്യ വിദ്യാഭ്യാസം ജ്യേഷ്ഠസഹോദരൻമാരിൽനിന്നും സമ്പാദിച്ചു. 1904-ൽ മൊസൊപ്പെട്ടേമിയയും തുർക്കി, അറേബ്യ എന്നീ രാജ്യങ്ങളും 1911-ൽ യൂറോപ്പും സന്ദർശിക്കുകയുണ്ടായി. ഡൽഹിയിൽ താൻ സ്ഥാപിക്കാനുദ്ദേശിച്ച കോളേജിന്റെ നടത്തിപ്പിനെപ്പറ്റി ആവശ്യമായ വിവരങ്ങൾ ഈ യാത്രയിൽ ഇദ്ദേഹം നേടി.

ഹക്കീം അജ്‌മൽഖാൻ
Hakim Ajmal Khan
ജനനം(1868-02-11)ഫെബ്രുവരി 11, 1868 [1][2]
മരണം29 December 1927
ദേശീയതIndia
തൊഴിൽphysician, politician

1912-ൽ ഇന്ത്യയുടെ വൈസ്രോയിയായിരുന്ന ഹാർഡിഞ്ച്പ്രഭു അജ്മലിനെ ബഹുമാനിച്ചിരുന്നു. തത്ഫലമായി ഡൽഹിയിൽ അജ്മൽഖാൻ സ്ഥാപിച്ച ആശുപത്രിക്ക് ലേഡി ഹാർഡിഞ്ച് എന്ന പേരാണ് നല്കിയത്. ഈ കാലഘട്ടത്തിനുള്ളിൽ വിദഗ്ദ്ധനായൊരു ഭിഷഗ്വരൻ എന്ന നിലയിൽ അജ്മൽ പ്രസിദ്ധനായിക്കഴിഞ്ഞിരുന്നു. നിരവധി യൂനാനിഗ്രന്ഥങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. മുസ്ളീങ്ങളുടെ വിദ്യാഭ്യാസോന്നമനത്തിനുവേണ്ടി അലിഗഡ് സർവകലാശാല പടുത്തുയർത്തുന്നതിൽ ഇദ്ദേഹം നിസ്തുലമായ പങ്ക് വഹിച്ചു. 1918 ഡിസമ്പറിൽ ഡൽഹിയിൽ മദൻമോഹൻ മാളവ്യയുടെ അധ്യക്ഷതയിൽ ചേർന്ന കോൺഗ്രസ് സമ്മളനത്തിൽ സി.ആർ. ദാസിന്റെ അസാന്നിധ്യത്തിൽ, അധ്യക്ഷപദവും വഹിച്ചു. വിവിധ സമുദായക്കാരെ ഒരേ നിലയിൽ സ്നേഹിക്കുകയും സേവിക്കുകയും ചെയ്ത ഒരാളെന്ന നിലയിലാണ് ചരിത്രകാരൻമാർ ഇദ്ദേഹത്തെ വീക്ഷിക്കുന്നത്. 1919-ലും 1924-ലും ഉണ്ടായ ഹിന്ദു-മുസ്ലീം ലഹളകൾ ശമിപ്പിക്കാനും അവ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനും ഇദ്ദേഹം അശ്രാന്തപരിശ്രമം ചെയ്തു. തികച്ചും ദേശീയവാദിയായിരുന്ന അജ്മൽ 1927 ഡിസമ്പറിൽ നിര്യാതനായി. ഡൽഹിയിൽ ഇദ്ദേഹം സ്ഥാപിച്ച യൂനാനി വൈദ്യവിദ്യാലയം പ്രസിദ്ധമാണ്.

  1. Hameed, A., Institute of History of Medicine, Medical Research (New Delhi, India). Dept. of History of Medicine, Science (1986). Exchanges Between India and Central Asia in the Field of Medicine. Department of History of Medicine and Science, Institute of History of Medicine and Medical Research. Retrieved 24 May, 2013. {{cite book}}: Check date values in: |accessdate= (help)CS1 maint: multiple names: authors list (link)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-09-12. Retrieved 2013-05-23.
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഹക്കീം അജ്മൽ ഖാൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ഹക്കീം_അജ്മൽ_ഖാൻ&oldid=3793190" എന്ന താളിൽനിന്ന് ശേഖരിച്ചത്