ഗ്ലൂക്കോസ് പരിശോധന

(Glucose test എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നിരവധി തരം ഗ്ലൂക്കോസ് പരിശോധനകൾ നിലവിലുണ്ട്, അവ ഒരു നിശ്ചിത സമയത്തെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കണക്കാക്കുന്നതിനോ അല്ലെങ്കിൽ ദീർഘകാലത്തെ രക്തത്തിലെ പഞ്ചസാരയുടെ ശരാശരി അളവ് അളക്കുന്നതിനോ അല്ലെങ്കിൽ മാറിയ ഗ്ലൂക്കോസിന്റെ അളവ് എത്ര വേഗത്തിൽ സാധാരണ നിലയിലാക്കാൻ ശരീരത്തിന് കഴിയുമെന്ന് അറിയാനോ ആയി നടത്തപ്പെടുന്നു. ഉദാഹരണത്തിന് ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ആരോഗ്യമുള്ള ആളുകളിൽ, സെല്ലുലാർ ഗ്ലൂക്കോസിന്റെ വർദ്ധനവ് വഴി ഈ അളവ് വേഗത്തിൽ സാധാരണ നിലയിലേക്ക് മടങ്ങുന്നു, ഇത് പ്രാഥമികമായി രക്തത്തിലെ ഇൻസുലിൻ അളവ് വർദ്ധിക്കുന്നതിലൂടെയാണ് നടക്കുന്നത്.

ഗ്ലൂക്കോസ് പരിശോധന
Medical diagnostics
Purposeestimate blood sugar levels

ഗ്ലൂക്കോസ് പരിശോധനകൾ താൽക്കാലികമോ ദീർഘകാലമായി ഉള്ളതോ ആയ ഹൈപ്പർ ഗ്ലൈസീമിയ അല്ലെങ്കിൽ ഹൈപ്പോഗ്ലൈസീമിയ വെളിപ്പെടുത്തും. ഈ അവസ്ഥകൾക്ക് ചില പോൾ വ്യക്തമായ ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല, എന്നിരുന്നാലും അവ ദീർഘകാലാടിസ്ഥാനത്തിൽ അവയവങ്ങൾക്ക് കേടുപാടുകൾ വരുത്താം. അസാധാരണമായി ഉയർന്ന/താഴ്ന്ന നിലകൾ, ഈ അവസ്ഥകളിൽ നിന്ന് സാധാരണ നിലയിലേക്ക് സാവധാനം മടങ്ങുക കൂടാതെ/അല്ലെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാക്കാനുള്ള കഴിവില്ലായ്മ എന്നതിനർത്ഥം, ഇൻസുലിനോടുള്ള സെല്ലുലാർ സെൻസിറ്റിവിറ്റി മൂലമുണ്ടാകുന്ന ടൈപ്പ് 2 പ്രമേഹം പോലെയുള്ള ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ അവസ്ഥ ആ വ്യക്തിക്ക് ഉണ്ടെന്നാണ്. ഇത്തരം അവസ്ഥകൾ കണ്ടുപിടിക്കാനാണ് ഗ്ലൂക്കോസ് പരിശോധനകൾ സാധാരണയായി ഉപയോഗിക്കാറുള്ളത്.

ടെസ്റ്റിംഗ് രീതികൾ

തിരുത്തുക

ഇതിനകം വൈദ്യശാസ്ത്രപരമായി രോഗനിർണയം നടത്തിയ രോഗികൾക്ക് ആവശ്യമെങ്കിൽ രക്തത്തിലെ ഗ്ലൂക്കോസ് നില വീട്ടിൽ തന്നെ പരിശോധിക്കാവുന്നതാണ്. വീട്ടിൽ തന്നെ നടത്തുന്ന ഹോം ടെസ്റ്റിംഗ് രീതികളിൽ ഇവ ഉൾപ്പെടുന്നു:

  • ഗ്ലൂക്കോസ് മീറ്ററിന്റെ ഫിംഗർപ്രിക് തരം - സ്വയം വിരലിൽ കുത്തേണ്ടതുണ്ട്.ഇവ ഒരു ദിവസം 8-12 തവണ വരെ ചെയ്യാവുന്നതാണ്.
  • കണ്ടിന്യുവസ് ഗ്ലൂക്കോസ് മോണിറ്റർ - ഇത് ഓരോ 5 മിനിറ്റിലും രക്തത്തിലെ ഗ്ലൂക്കോസ് അളവ് നിരീക്ഷിക്കുന്നു.

രോഗനിർണ്ണയത്തിനായി അല്ലെങ്കിൽ കൂടുതൽ കൃത്യതയുള്ള ബ്ലഡ് ഗ്ലൂക്കോസ് അളവുകൾക്കായി ലബോറട്ടറി പരിശോധനകൾ ഉപയോഗിക്കാറുണ്ട്, അത്തരം രീതികളിൽ താഴെപ്പറയുന്നവ ഉൾപ്പെടുന്നു:

  • ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ (FBS), ഫാസ്റ്റിംഗ് പ്ലാസ്മ ഗ്ലൂക്കോസ് (FPG): ഭക്ഷണം കഴിച്ച് 10-16 മണിക്കൂർ കഴിഞ്ഞ് അളക്കുന്ന അളവാണ് ഇവ. [1]
  • ഗ്ലൂക്കോസ് ടോളറൻസ് ടെസ്റ്റ്: [2] തുടർച്ചയായ പരിശോധന
  • ഭക്ഷണത്തിനു ശേഷമുള്ള ഗ്ലൂക്കോസ് പരിശോധന (PC): ഭക്ഷണം കഴിച്ച് 2 മണിക്കൂർ കഴിഞ്ഞ് [1]
  • റാൻഡം ഗ്ലൂക്കോസ് ടെസ്റ്റ് - ദിവസത്തിൽ എപ്പോഴെങ്കിലും ആയി നടത്തുന്ന ഗ്ലൂക്കോസ് പരിശോധന

ചില ലബോറട്ടറി പരിശോധനകൾ ശരീര സ്രവങ്ങളിൽ നിന്നോ ടിഷ്യൂകളിൽ നിന്നോ നേരിട്ട് ഗ്ലൂക്കോസിന്റെ അളവ് അളക്കുന്നില്ല, പക്ഷേ അവ ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് സൂചിപ്പിക്കുന്നു. അത്തരം പരിശോധനകൾ രക്തത്തിൽ നിന്നുള്ള ഗ്ലൈക്കേറ്റഡ് ഹീമോഗ്ലോബിൻ, മറ്റ് ഗ്ലൈക്കേറ്റഡ് പ്രോട്ടീനുകൾ, 1,5-അൻഹൈഡ്രോഗ്ലൂസിറ്റോൾ മുതലായവയുടെ അളവ് അളക്കുന്നു. [1]

മെഡിക്കൽ രോഗനിർണയത്തിലെ ഉപയോഗങ്ങൾ

തിരുത്തുക

ചില രോഗാവസ്ഥകൾ കണ്ടുപിടിക്കുന്നതിനോ സൂചിപ്പിക്കുന്നതിനോ ഗ്ലൂക്കോസ് പരിശോധന ഉപയോഗിക്കാം.

ഉയർന്ന രക്തത്തിലെ പഞ്ചസാര താഴെപ്പറയുന്നവ സൂചിപ്പിക്കാം

  • ഗർഭകാല പ്രമേഹം. ഗർഭാവസ്ഥയിൽ ആരംഭിക്കുന്ന പ്രമേഹത്തിന്റെ താൽക്കാലിക രൂപം. ഗ്ലൂക്കോസ് നിയന്ത്രിക്കുന്ന മരുന്നുകളോ ഇൻസുലിനൊ ഉപയോഗിച്ച് ചികിത്സിക്കുന്നു.[3]
  • ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹം അല്ലെങ്കിൽ പ്രീ ഡയബറ്റിസ്. പ്രമേഹം കണ്ടെത്തിയാൽ, പതിവ് ഗ്ലൂക്കോസ് പരിശോധനകൾ അവസ്ഥ നിയന്ത്രിക്കാനോ നിലനിർത്താനോ സഹായിക്കും. ടൈപ്പ് 1 പ്രമേഹം, ശരീരത്തിൽ ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാത്ത കുട്ടികളിലോ കൗമാരക്കാരിലോ സാധാരണയായി കണ്ടുവരുന്നു. ടൈപ്പ് 2 പ്രമേഹം, സാധാരണയായി അമിതഭാരമുള്ള മുതിർന്നവരിൽ കാണപ്പെടുന്നു. അവരുടെ ശരീരത്തിലെ ഇൻസുലിൻ സാധാരണഗതിയിൽ പ്രവർത്തിക്കുന്നില്ല, അല്ലെങ്കിൽ ആവശ്യത്തിന് ഉൽപ്പാദിപ്പിക്കപ്പെടുന്നില്ല.

കുറഞ്ഞ രക്തത്തിലെ പഞ്ചസാര താഴെപ്പറയുന്നവ സൂചിപ്പിക്കാം

  • ഇൻസുലിൻ അമിത ഉപയോഗം
  • പട്ടിണി
  • പ്രവർത്തനരഹിതമായ തൈറോയ്ഡ്
  • അഡിസൺസ് രോഗം
  • ഇൻസുലിനോമ
  • വൃക്കരോഗം

പരിശോധനയ്ക്കുള്ള തയ്യാറെടുപ്പുകൾ

തിരുത്തുക

ചില ഗ്ലൂക്കോസ് പരിശോധനയ്ക്ക് മുമ്പായി ഉപവാസം ആവശ്യമായി വന്നേക്കാം. ഉദാഹരണത്തിന്, ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ ടെസ്റ്റ് പരിശോധനയ്ക്ക് മുമ്പ് 10-16 മണിക്കൂർ ഭക്ഷണം കഴിക്കാതിരിക്കേണ്ടത് ആവശ്യമാണ്. [1]

ചില മരുന്നുകൾ കഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാം, ചില ഗ്ലൂക്കോസ് പരിശോധനകൾക്ക് മുമ്പ് ഈ മരുന്നുകൾ താൽക്കാലികമായി ഉപേക്ഷിക്കുകയോ അവയുടെ അളവ് കുറയ്ക്കുകയോ ചെയ്യണം. അത്തരം മരുന്നുകളിൽ സാലിസിലേറ്റുകൾ (ആസ്പിരിൻ), ഗർഭനിരോധന ഗുളികകൾ, കോർട്ടികോസ്റ്റീറോയിഡുകൾ, ട്രൈസൈക്ലിക് ആന്റീഡിപ്രസന്റുകൾ, ലിഥിയം, ഡൈയൂററ്റിക്സ്, ഫെനിറ്റോയിൻ എന്നിവ ഉൾപ്പെടുന്നു.

ചില ഭക്ഷണങ്ങളിൽ കഫീൻ ( കാപ്പി, ചായ, കോള, എനർജി ഡ്രിങ്കുകൾ മുതലായവ) അടങ്ങിയിട്ടുണ്ട്. ആരോഗ്യമുള്ള ആളുകളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയായി കഫീൻ കാര്യമായി മാറ്റില്ല, എന്നാൽ പ്രമേഹരോഗികളിൽ അഡ്രിനെർജിക് നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള കഴിവ് വഴി കഫീൻ ഈ അളവ് വർദ്ധിപ്പിക്കും.[4]

റഫറൻസ് ശ്രേണികൾ

തിരുത്തുക

ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ

തിരുത്തുക

ഭക്ഷണം കഴിക്കാതെ 10-16 മണിക്കൂർ കഴിഞ്ഞുള്ള പരിശോധനയിൽ 5.6 mmol/L (100 mg/dL) ൽ താഴെയുള്ള അളവ് സാധാരണമാണ്. 5.6–6 mmol/L (100–109 mg/dL) പ്രീ ഡയബറ്റിസിനെ സൂചിപ്പിക്കാം, ഉയർന്ന അപകടസാധ്യതയുള്ള വ്യക്തികൾക്ക് (പ്രായമായ ആളുകൾ, ഉയർന്ന രക്തസമ്മർദ്ദമുള്ളവർ മുതലായവ) ഓറൽ ഗ്ലൂക്കോസ് ടോളറൻസ് ടെസ്റ്റ് (OGTT) നടത്തണം. 6.1–6.9 mmol/L (110–125 mg/dL) ഉള്ളവർക്ക് പ്രമേഹത്തിന്റെ മറ്റ് സൂചകങ്ങൾ ഇല്ലെങ്കിൽ പോലും ഓറൽ ഗ്ലൂക്കോസ് ടോളറൻസ് ടെസ്റ്റ് ചെയ്യണം. 7 mmol/L (126 mg/dL) ഉം അതിൽ കൂടുതലും പ്രമേഹത്തെ സൂചിപ്പിക്കുന്നു. [5]

ഗ്ലൂക്കോസ് ടോളറൻസ് ടെസ്റ്റ്

തിരുത്തുക

75 ഗ്രാം കഴിച്ച ശേഷം 2 മണിക്കൂർ കഴിഞ്ഞുള്ള ഗ്ലൂക്കോസ് ടോളറൻസ് ടെസ്റ്റിൽ 7.8 mmol/L (140 mg/dL) ന് താഴെയുള്ള ഗ്ലൂക്കോസ് നില സാധാരണമാണ്, എന്നാൽ ഉയർന്ന അളവ് ഹൈപ്പർ ഗ്ലൈസീമിയയെ സൂചിപ്പിക്കുന്നു. 7.8 mmol/L (140 mg/dL) നും 11.1 mmol/L (200 mg/dL) നും ഇടയിലുള്ള ബ്ലഡ് പ്ലാസ്മ ഗ്ലൂക്കോസ് "ഗ്ലൂക്കോസ് ടോളറൻസ് തകരാറിലായത്" സൂചിപ്പിക്കുന്നു, കൂടാതെ 2 മണിക്കൂറിൽ 11.1 mmol/L അല്ലെങ്കിൽ അതിന് മുകളിലുള്ള അളവ് പ്രമേഹ രോഗനിർണയം സ്ഥിരീകരിക്കുന്നു.[6]

ഭക്ഷണത്തിനു ശേഷമുള്ള ഗ്ലൂക്കോസ് പരിശോധന

തിരുത്തുക

50 വയസ്സിന് താഴെയുള്ള ഏതൊരു മുതിർന്നവർക്കും ഭക്ഷണത്തിന് ശേഷമുള്ള ഉയർന്ന ഗ്ലൂക്കോസ് ലെവൽ 140 mg/dl എന്ന് ശുപാർശ ചെയ്തിട്ടുണ്ട്; 50 നും 60 നും ഇടയിൽ പ്രായമുള്ള രോഗികൾക്കും അറുപത് വയസ്സിനു മുകളിലുള്ള രോഗികൾക്കും ഇത് യഥാക്രമം 150 mg/dl, 160 mg/dl എന്നിങ്ങനെ ഉയർത്തുന്നു.[7][8]

റാൻഡം ഗ്ലൂക്കോസ് പരിശോധന

തിരുത്തുക

മുതിർന്നവരിൽ, റാൻഡം ഗ്ലൂക്കോസ് പരിശോധനയിൽ "സാധാരണ" റഫറൻസ് മൂല്യങ്ങൾ 80–140mg/dl (4.4–7.8 mmol/l) ആണ്, 140 നും 200mg/dl നും ഇടയിൽ (7.8–11.1 mmol/l) പ്രീഡയബറ്റിക് എന്നു കണക്കാക്കുന്നു, 200 mg/dl അല്ലെങ്കിൽ അതിൽ കൂടുതൽ എഡിഎ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് പ്രമേഹമായി കണക്കാക്കപ്പെടുന്നു. [9]

ഇതും കാണുക

തിരുത്തുക
  1. 1.0 1.1 1.2 1.3 Khatib, Oussama MN (2006). Guidelines for the prevention, management and care of diabetes mellitus. World Health Organization, Regional Office for the Eastern Mediterranean. pp. 30, 37. ISBN 9789290214045. OCLC 76821700.
  2. MedlinePlus Encyclopedia Glucose tolerance test
  3. "Is the glucose test during pregnancy optional? - Today's Parent". Today's Parent (in അമേരിക്കൻ ഇംഗ്ലീഷ്). 2017-08-30. Retrieved 2018-05-05.
  4. "How Does Coffee Affect Your Blood Sugar?". WebMD (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-08-30.
  5. "Diabetes – tests and diagnosis". Archived from the original on 2013-11-14. Retrieved 2013-12-21.
  6. American Diabetes Association (20 December 2019). "2. Classification and Diagnosis of Diabetes: Standards of Medical Care in Diabetes—2020". Diabetes Care. 43 (Supplement 1): S14 – S31. doi:10.2337/dc20-S002. PMID 31862745. Retrieved 26 February 2020.
  7. Pagana, Kathleen Deska; Pagana, Timothy J.; Pagana, Theresa N. (2016-09-03). Mosby's Diagnostic and Laboratory Test Reference. Elsevier Health Sciences. p. 453. ISBN 9780323399203.
  8. "Glucose: Reference Range, Interpretation, Collection and Panels". 2019-07-25. {{cite journal}}: Cite journal requires |journal= (help)
  9. "Prediabetes | ADA". www.diabetes.org.
"https://ml.wikipedia.org/w/index.php?title=ഗ്ലൂക്കോസ്_പരിശോധന&oldid=4010835" എന്ന താളിൽനിന്ന് ശേഖരിച്ചത്