അപരക്രിയ

(Funeral എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പരേതന്റെ ശരീരത്തെ വിധിപ്രകാരം സംസ്കരിക്കുന്ന ചടങ്ങിനെ അപരക്രിയ എന്നു പറയുന്നു. വിവിധ മതാനുയായികളുടെ ഇടയിൽ വിഭിന്ന രീതിയിലാണ് ശവസംസ്കാരക്രിയ നടക്കുന്നത്. ഓരോ മതത്തിലും അവാന്തരവിഭാഗങ്ങളനുസരിച്ച് ചടങ്ങുകളിൽ അല്പസ്വല്പം വ്യത്യാസം ഉണ്ടായിരിക്കും. ബ്രാഹ്മണർക്കിടയിലെ അപരക്രിയ ഇപ്രകാരമാണ്.

അപരക്രിയ

ബ്രാഹ്മണർക്കിടയിലെ ആചാരം

തിരുത്തുക

മരിച്ച ഉടനെ, ശരീരത്തെ തെക്കോട്ടു തലവച്ച് കിടത്തുന്നു. തള്ളവിരൽ ചേർത്തുകെട്ടി അത്തിമരപ്പലകയിൽ മാന്തോൽ വിരിച്ച് കിടത്തുകയാണ് പതിവ്. ശ്മാശാനത്തിലേക്കുള്ള യാത്രയിൽ അഗ്നിയെ മന്ത്രപൂർവകം സംഭരിച്ച് മൺപാത്രത്തിലാക്കി എടുത്തുകൊണ്ടു മുൻപേ നടക്കുന്നു. ശവം എടുത്തുകൊണ്ട് ആളുകൾ പിന്നാലെയും. ശ്മശാനസ്ഥലത്തു എത്തുന്നതിനു മുൻപ് വഴിയിൽ നാലു സ്ഥലങ്ങളിൽ താഴെവയ്ക്കുകയും ശവശരീരത്തിൻമേൽ ചില ക്രിയകൾ നടത്തുകയും ചെയ്യുന്നു. ഇതിനിടയിൽ നദീതീരത്തുള്ള ശ്മശാനത്തിൽ ചിതയിൽ പലാശം (പ്ലാവ്) മുതലായവയുടെ ചമത (വിറക്)കൾവച്ച് പ്രോക്ഷിച്ചു എള്ളും അരിയും കലർത്തി ഇട്ട് സംസ്കരിക്കുവാനുള്ള ഏർപ്പാടുകൾ ചെയ്തിട്ടുണ്ടായിരിക്കും. ശവത്തെ അതിൻമേൽവച്ച് പുത്രൻ തീ കൊളുത്തുന്നു. പിന്നീടു തിരിഞ്ഞുനോക്കാതെ നദിയിൽ വന്ന് ദക്ഷിണാഭിമുഖനായി കുളിച്ച് ഉദകദാനാദി ക്രിയകൾ ചെയ്ത് ആദ്യദിവസത്തെ ക്രിയ അവസാനിപ്പിക്കുന്നു. ഇങ്ങനെ പത്തുദിവസം ഉദകദാനാദിക്രിയകൾ ചെയ്യണം. ഓരോ ദിവസവും ഈക്രിയയുടെ എണ്ണം ക്രമേണ കൂടുന്നതായിരിക്കും. ദഹനം കഴിഞ്ഞ് 3, 5, 7 എന്നീ ഏതെങ്കിലും ഒരു ദിവസം അസ്ഥിസഞ്ചയനം നടത്തുന്നു. പിന്നീട് ചാരത്തെ പുരുഷാകൃതിയിലാക്കി എടുത്തു നദിയിൽ നിക്ഷേപിച്ചു സ്നാനം ചെയ്യുന്നു. പാഷാണസ്ഥാപനാനന്തരം വാസോദകതിലോദകാദിക്രിയകൾ പത്തുദിവസവും ചെയ്യുന്നു. പത്താംദിവസം ശാന്തിഹോമം നടത്തുന്നു. പിന്നീട് ഏകോദ്ദിഷ്ടം, സപിണ്ഡീകരണം എന്നിവ ചെയ്തു ഗൃഹയജ്ഞത്തോടുകൂടി ചടങ്ങുകൾ അവസാനിപ്പിക്കുന്നു.

അപരക്രിയ ചെയ്യുന്ന കാലങ്ങളിൽ അതു ചെയ്യന്ന ആളിന് വേദാധ്യയനം നിഷേധിക്കപ്പെട്ടിരിക്കുന്നു. ദക്ഷിണായനകൃഷ്ണപക്ഷാദികളിൽ മരിച്ചാലും, സർപ്പദംശം, വൈദ്യുതാഘാതം എന്നിവകൊണ്ടു മരിച്ചാലും യഥാവിധി പ്രായശ്ചിത്താദികർമങ്ങൾ അനുഷ്ഠിക്കണം. ബ്രഹ്മജ്ഞാനിയെ ബ്രഹ്മമേധസംസ്കാരവിധിപ്രകാരം സംസ്കരിക്കേണ്ടതാണ്. ആപസ്തംബന്റെ ധർമസൂത്രത്തിൽ അപരപ്രയോഗം എന്ന പ്രകരണത്തിൽ ഈ കാര്യങ്ങൾ വിശദമായി പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.

പുറംകണ്ണികൾ

തിരുത്തുക
 
Wiktionary
അപരക്രിയ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപരക്രിയ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അപരക്രിയ&oldid=3623188" എന്ന താളിൽനിന്ന് ശേഖരിച്ചത്