നേപ്പാളിന്റെ ദേശീയപതാക

(Flag of Nepal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നേപ്പാളിന്റെ ദേശീയപതാക (Nepali: नेपालको झण्डा) ചതുഷ്കോണമല്ലാത്ത ലോകത്തിലേ ഒരേയൊരു ദേശീയപതാകയാണ്. രണ്ട് ത്രികോണരൂപങ്ങൾ (സ്തംഭത്തോടടുക്കുമ്പോൾ വീതി കൂടിവരുന്ന ത്രികോണ പതാക) ചേർന്ന രൂപമാണ് പതാകയ്ക്കുള്ളത്. റോഡോഡെൻഡ്രോൺ പുഷ്പത്തിന്റെ ക്രിംസൺ നിറമാണ് പതാകയ്ക്കുള്ളത്. നേപ്പാളിന്റെ ദേശീയപുഷ്പമാണിത്. നീലനിറമാണ് അരികുകൾക്കുള്ളത്. ഇത് സമാധാനത്തെ സൂചിപ്പിക്കുന്നു. 1962 വരെ പതാകയിലെ സൂര്യനും ചന്ദ്രക്കലയ്ക്കും മനുഷ്യമുഖമായിരുന്നു ഉണ്ടായിരുന്നത്. അവ പുതിയ പതാകയുടെ രൂപത്തിൽ നിന്ന് നീക്കം ചെയ്യപ്പെട്ടു. പതാകയുടെ കൃത്യമായ വിവരണം കിങ്ഡം ഓഫ് നേപ്പാളിന്റെ 1990 നവംബർ 9-നാണ് സ്വീകരിച്ച ഭരണഘടനയിലെ ആർട്ടിക്കിൾ 5, ഷെഡ്യൂൾ 1-ൽ കൊടുത്തിട്ടുണ്ട്.

നേപ്പാൾ
ഉപയോഗംNational flag
അനുപാതംതാഴെക്കാണുക
സ്വീകരിച്ചത്1962 ഡിസംബർ 16
മാതൃകചുവന്ന നിറമുള്ള രണ്ട് ത്രികോണങ്ങൾ. നീല ബോർഡർ. സൂര്യനും ചന്ദ്രക്കലയും
Variant flag of നേപ്പാൾ
ഉപയോഗം1962-ന് മുൻപുള്ള പതാക

1962 ഡിസംബർ 16-ന് പുതിയ ഭരണഘടനയനുസരിച്ചുള്ള ഭരണകൂടം നിലവിൽ വന്നപ്പോഴാണ് പതാക സ്വീകരിക്കപ്പെട്ടത്. പതാകയിലെ രണ്ട് ത്രികോണരൂപങ്ങളും പത്തൊൻപതാം നൂറ്റാണ്ടുമുതൽ ഒരു ഇരട്ട പതാകയുടെ രൂപത്തിൽ ഉപയോഗി‌ച്ചിരുന്നു. പഴയ പതാകയുടെ അടിസ്ഥാനരൂപം പുതിയ പതാകയിലുപയോഗിച്ചിട്ടുണ്ട്. പഴയ പതാക രണ്ടായിരത്തിലധികം വർഷമായി ഉപയോഗത്തിലുണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു.

നിർമ്മിക്കുവാൻ വളരെ ബുദ്ധിമുട്ടുള്ള ആകൃതിയായതിനാൽ നേപ്പാളിന്റെ പതാക പലപ്പോഴും തെറ്റായി ചിത്രീകരിക്കപ്പെടാറുണ്ട്. ഉദാഹരണത്തിന് 2016-ലെ ഒളിമ്പിക്സിൽ ഒരു ദീർഘ ചതുരത്തിനകത്ത് കൊടി വരച്ചിരിക്കുന്ന രീതിയിലുള്ള പതാകയായിരുന്നു ഉപയോഗിച്ചത്.

ബിംബങ്ങൾ

തിരുത്തുക

പൃഥ്വി നാരായൺ ഷാ നേപ്പാളിലെ എല്ലാ പ്രാദേശിക ഭരണവിഭാഗ‌ങ്ങളെയും ഒരു ഭരണത്തിൻ കീഴിൽ കൊണ്ടുവന്നശേഷമാണ് ഈ പതാക സ്വീകരിക്കപ്പെട്ടത്. വർത്തമാനകാലത്ത് പതാകയുടെ വിവിധ സവിശേഷതകളുടെ അർ‌ത്ഥം പരിഷ്കരിക്കപ്പെട്ടിട്ടുണ്ട്. നീല അതിരുകൾ സമാധാനത്തെയും സഹവർത്തിത്ത്വ‌ത്തെയും സൂചിപ്പിക്കുന്നു. ക്രിംസൺ ചുവപ്പാണ് നേപ്പാളിന്റെ ദേശീയ വർണ്ണം. നേപ്പാളിലെ ജനതയുടെ ധൈര്യത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. രണ്ട് ത്രികോണങ്ങൾ ഹിമാലയൻ പർവ്വതങ്ങളെ സൂചിപ്പിക്കുന്നു. സൂര്യചന്ദ്രന്മാർ സ്ഥിരതയെ സൂചിപ്പിക്കുന്നു. സൂര്യനും ചന്ദ്രനും ഉള്ളയിടത്തോളം കാലം നേപ്പാളും ഉണ്ടാകും എന്ന പ്രതീക്ഷയാണ് ഇത് സൂചിപ്പിക്കുന്നത്.

ചന്ദ്രൻ നേപ്പാളി ജനതയുടെ ശാന്തസ്വഭാവത്തെ സൂചിപ്പിക്കുന്നു. സൂര്യൻ അവരുടെ നിശ്ചയദാർഠ്യത്തെയാണ് സൂചിപ്പിക്കുന്നത്. ചന്ദ്രൻ ഹിമാലയത്തിലെ തണുത്ത കാലാവസ്ഥയെയും ബിംബവത്കരിക്കുന്നുണ്ട്. സൂര്യൻ തരായ് മേഖലയിലെ ചൂടിന്റെ ബിംബമാണ്.

കൊടിയുടെ രൂപം

തിരുത്തുക

പതാകയുടെ കൃത്യമായ വിവരണം കിങ്ഡം ഓഫ് നേപ്പാളിന്റെ ഭരണഘടനയിലെ ആർട്ടിക്കിൾ 5, ഷെഡ്യൂൾ 1-ൽ കൊടുത്തിട്ടുണ്ട്. ഈ ഭരണഘടന 1990 നവംബർ 9-നാണ് സ്വീകരിച്ചത്.[1]

ദേശീയപതാക

തിരുത്തുക

(A) ബോർഡറിനുള്ളിൽ ആകൃതി വരയ്ക്കുന്ന രീതി

(1) താഴത്തെ ബോർഡറിൽ AB എന്ന രേഖ വരയ്ക്കുക (ഇടത്തുനിന്ന് വലത്തോട്ട്).
(2) A യിൽ നിന്ന് AC എന്ന വര മുകളിലേയ്ക്ക് വരയ്ക്കുക. AC യുടെ നീളം AB യുടെ നീളത്തേക്കാൾ മൂന്നിലൊന്ന് കൂടുതലായിരിക്കണം. AC യിൽ D മാർക്ക് ചെയ്യുക. AD യും AB യും തുല്യമായിരിക്കണം. BD തമ്മിൽ ബന്ധിപ്പിക്കുക.
(3) BD യിൽ E രേഖപ്പെടുത്തുക. BE യും AB യും തുല്യമായിരിക്കണം.
(4) E യെ സ്പർശിച്ചുകൊണ്ട് FG എന്ന വര വരയ്ക്കുക. AC എന്ന വരയിൽ F എന്ന പോയിന്റിൽ നിന്നായിരിക്കണം ഇതാരംഭിക്കുന്നത്. ഇത് AB യ്ക്ക് സമാന്ത്രമായി വലത്തേയ്ക്കായിരിക്കണം. FG AB യ്ക്ക് തുല്യമായിരിക്കണം.
(5) CG തമ്മിൽ യോജിപ്പിക്കുക.

(B) ചന്ദ്രനെ വരയ്ക്കുന്ന രീതി

(6) AB യിൽ H രേഖപ്പെടുത്തുക. AH ന്റെ നീളം AB യുടെ നാലിലൊന്നായിരിക്കണം. H -ൽ നിന്നു തുടങ്ങി HI എന്ന വര AC യ്ക്ക് സമാന്തരമായി I എന്ന പോയിന്റിൽ വച്ച് CG-യെ സ്പർശിക്കുന്ന രീതിയിൽ വരയ്ക്കുക.
(7) CF-നെ J-യിൽ വച്ച് രണ്ടായി മുറിക്കുക. JK എന്ന വര AB യ്ക്ക് സമാന്ത്രമായി വരയ്ക്കുക. ഇത് CG എന്ന രേഖയെ K യിൽ സ്പർശിക്കണം.
(8) JK, HI എന്നീ രേഖകൾ തമ്മിൽ കുറുകേ കടക്കുന്ന ബിന്ദു L ആണെന്നിരിക്കട്ടെ.
(9) JG വരയ്ക്കുക.
(10) JG, HI എന്നിവ കുറുകേ കടക്കുന്ന ബിന്ദു M ആണെന്നിരിക്കട്ടെ.
(11) M കേന്ദ്രമായി M-ൽ നിന്ന് BD യിലേയ്ക്ക് ഏറ്റവും കുറഞ്ഞ ദൂരമുള്ള സ്ഥലത്ത് HI എന്ന രേഖയുടെ താഴെ ഭാഗത്തായി N രേഖപ്പെടുത്തുക.
(12) M നെ സ്പർശിക്കുന്ന രീതിയിൽ AC യിലുള്ള പോയിന്റായ O യിൽ നിന്ന് തുടങ്ങുന്ന രീതിയിൽ ഇടത്തുനിന്ന് വലത്തോട്ട് AB-യ്ക്ക് സമാന്തരമായി ഒരു വര വരയ്ക്കുക.
(13) L കേന്ദ്രമാക്കിയും LN വ്യാസാർത്ഥമാക്കിയും താഴെ ഭാഗത്ത് ഒരു സെമി സർക്കിൾ വരയ്ക്കുക. P, Q എന്നിവ ഇത് OM എന്ന രേഖയെ സ്പർശിക്കുന്ന ബിന്ദുക്കളാണ്.
(14) M കേന്ദ്രമാക്കിയും MQ വ്യാസാർത്ഥമാക്കിയും താഴെ ഭാഗത്തായി P, Q എന്നിവയ്ക്കിടയിൽ ഒരു ഭാഗികവൃത്തം വരയ്ക്കുക.
(15) N കേന്ദ്രമാക്കിയും NM വ്യാസാർത്ഥമാക്കിയും PNQ എന്നിവയും R, S എന്നിവയും സ്പർശിക്കുന്ന ഒരു ആർക് വരയ്ക്കുക. RS എന്നിവ തമ്മിൽ യോജിപ്പിക്കുക. RS, HI എന്നിവ കുറുകേ കടക്കുന്ന ബിന്ദു T ആണെന്നിരിക്കട്ടെ.
(16) T കേന്ദ്രമാക്കിയും TS വ്യാസാർ‌ത്ഥമാക്കിയും PNQ-ന്റെ മുകൾ ഭാഗത്ത് ഇതിനെ രണ്ട് സ്ഥലത്ത് സ്പർശിക്കുന്ന രീതിയിൽ ഒരു അർത്ഥവൃത്തം വരയ്ക്കുക.
(17) T കേന്ദ്രമാക്കിയും TM വ്യാസാർത്ഥമാക്കിയും PNQ-ന്റെ മുകൾ ഭാഗത്തായി ഇതിനെ രണ്ട് സ്ഥലത്ത് സ്പർശിക്കുന്ന രീതിയിൽ ഒരു ആർക്ക് വരയ്ക്കുക.
(18) തുല്യമായ എട്ട് ചെറിയ ത്രികോണങ്ങൾ (16)-ലെ അർത്ഥവൃത്തത്തിനുള്ളിലും (17)-ലെ ആർക്കിന് വെളിയിലായും വരയ്ക്കുക.

(C) സൂര്യനെ വരയ്ക്കുന്ന രീതി

(19) AF എന്ന രേഖയെ U എന്നയിടത്ത് രണ്ടായി മുറിക്കുക. UV എന്ന രേഖ ABയ്ക്ക് സമാന്തരമായി വരയ്ക്കുക BE എന്ന രേഖയെ V എന്ന ബിന്ദുവിൽ സ്പർശിക്കുന്ന രീതിയിലായിരിക്കണം ഇത്.
(20) W കേന്ദ്രമായി (HI, UV എന്നിവ പരസ്പരം കുറുകേ കടക്കുന്ന ബിന്ദു) MN വ്യാസാർത്ഥമായി ഒരു വൃത്തം വരയ്ക്കുക.
(21) W കേന്ദ്രമായി LN വ്യാസാർത്ഥമായി വരുന്ന രീതിയിൽ ഒരു വൃത്തം വരയ്ക്കുക
(22) പന്ത്രണ്ട് തുല്യവും സമാനവുമായ ത്രികോണങ്ങൾ (20), (21) എന്നിവിടങ്ങളിൽ പ്രസ്താവിച്ചിരിക്കുന്ന വൃത്തങ്ങൾക്ക് ഉള്ളിൽ വരുന്ന രീതിയിൽ വരയ്ക്കുക. HI എന്ന രേഖയിൽ രണ്ട് ത്രികോണങ്ങളുടെ മൂലകൾ സ്പർശിക്കണം.

(D) ബോർഡർ വരയ്ക്കുന്ന രീതി

(23) ബോർഡറിന്റെ വീതി TN ന്റെ വീതിയ്ക്ക് തുല്യമായിരിക്കും. ഇത് കടും നീലനിറമുള്ളതായിരിക്കും. കൊടിയുടെ എല്ലാ അതിരുകളിലും ഇതുണ്ടായിരിക്കും. കൊടിയുടെ അഞ്ച് കോണുകളിൽ ബാഹ്യ കോണും ആന്തര കോണും തുല്യമായിരിക്കും.
(24) (23)-ൽ വിശദീകരിച്ചിരിക്കുന്ന ബോർഡർ കൊടി ഒരു കയറുപയോഗിച്ച് ഉയർത്തുകയാണെങ്കിലാണ് ആവശ്യം. ഒരു സ്തംഭത്തിലാണുയർത്തുന്നതെങ്കിൽ ആവശ്യത്തിനനുസരിച്ച് AC എന്ന വശത്തുള്ള ദ്വാരം ആവശ്യത്തിനനുസരിച്ച് വികസിപ്പിക്കാവുന്നതാണ്.

വിശദീകരണം: HI, RS, FE, ED, JG, OQ, JK, UV എന്നീ രേഖകൾ സാങ്കൽപ്പികമാണ്. സൂര്യന്റെ ബാഹ്യവും ആന്തരികവുമായ വൃത്തങ്ങളും ചന്ദ്രക്കലയുടെ അതിർത്തികൾ ഒഴിച്ചുള്ള മറ്റ് ആർക്കുകളും സാങ്കൽപ്പികമാണ്. ഇവ പതാകയിൽ കാണാൻ സാധിക്കില്ല.

അനുപാതം

തിരുത്തുക

പതാകയുടെ ചുറ്റുമുള്ള ചതുഷ്കോണിന് യുക്തിഭദ്രമല്ലാത്ത അനുപാതമാണുള്ളത്:

 

≈ 1:1.21901033… ( A230582).[2]

യഥാർത്ഥത്തിൽ ഈ പതാകയുടെ വീതി:ഉയരം അനുപാതത്തിന്റെ ഗണിതരൂപം ഇതാണ്:

 

വീതിയേക്കാൾ ഉയരമുള്ള ഒരേയൊരു ദേശീയപതാക നേപ്പാളിന്റേതാണ്.

മറ്റ് പതാകകൾ

തിരുത്തുക

തെറ്റായ രൂപങ്ങൾ

തിരുത്തുക
 
2016 ഒളിമ്പിക്സിന് ഉപയോഗിച്ച പതാക.

പതാകയുടെ ആകൃതി പകർത്താൻ ബുദ്ധിമുട്ടായതുകൊണ്ട് പല സാഹചര്യങ്ങ‌ളിലും തെറ്റായ രൂപം ഉപയോഗിക്കപ്പെടാറുണ്ട്. ഒരു വെള്ള നിറമുള്ള ഭാഗം കൂടി ഉൾപ്പെടുത്തി 3:2 അനുപാതത്തിലുള്ള തുണിയിൽ കൊടി തയ്യാറാക്കാറുണ്ട്. 2016 ഒളിമ്പിക്സിൽ ഉപയോഗിച്ച പതാക ഉദാഹരണം.[3]

ഇതും കാണുക

തിരുത്തുക
  1. "Nepal - Constitution - Schedules: Schedule 1 (Relating to Article 5)". International Constitutional Law, University of Bern. 1990-11-09.
  2. "Calculation of the aspect ratio of the national flag of Nepal (Berechnung des Seitenverhältnisses der Nationalfahne von Nepal)". 2012-06-08. Retrieved 2016-08-11.
  3. http://www.bbc.co.uk/iplayer/episode/b07pqvzn/olympic-ceremonies-2016-closing-ceremony

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക