ബഹ്റൈൻ ദേശീയ പതാക
ബഹ്റൈൻ ദേശീയ പതാകയ്ക്ക് (അറബി: علم البحرين) ഇടതുവശത്തായി ഒരു വെളുത്ത ഭാഗവും വലതുവശത്തായി ഒരു ചുവന്ന ഭാഗവുമാണുള്ളത്. ഇവ തമ്മിൽ വേർതിരിക്കുന്ന അതിർത്തി അറക്കവാളിന്റെ അറ്റം പോലെ തോന്നിക്കുന്ന ഒന്നാണ്. അഞ്ച് ത്രികോണങ്ങളാണ് ഈ രണ്ട് ഭാഗങ്ങളെ തമ്മിൽ വേർതിരിക്കുന്നത്. ഈ അഞ്ച് ത്രികോണങ്ങൾ ഇസ്ലാമിന്റെ അഞ്ച് അടിസ്ഥാന തത്ത്വങ്ങളെ സൂചിപ്പിക്കുന്നു. ചുവന്ന ഭാഗം ഇസ്ലാം മതത്തിലെ ഖവരിജ് വിഭാഗത്തെ സൂചിപ്പിക്കുന്നു.
ബഹ്റൈൻ ദേശീയ പതാക ചിലപ്പോൾ ഖത്തർ ദേശീയ പതാകയായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഖത്തറിന്റെ ദേശീയപതാകയുടെ നിറം മറൂണും വെളുപ്പുമാണ് (ചുവപ്പ് നിറമല്ല). ഒൻപത് പോയിന്റുകളാണ് ഖത്തറിന്റെ ദേശീയ പതാകയിലുള്ളത്. പൊതുവിൽ ഖത്തറിന്റെ ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം ബഹറൈൻ ദേശീയ പതാകയേക്കാൾ കൂടുതലാണ്.
രൂപകൽപ്പന
തിരുത്തുകബഹ്റൈൻ ദേശീയപതാകയുടെ 13⁄40 ഭാഗത്ത് (32.5 ശതമാനം) വെളുത്ത നിറമാണുള്ളത്. ചുവന്ന നിറം 27⁄40 ഭാഗത്താണുള്ളത് (67.5 ശതമാനം).
നിറം
തിരുത്തുകപതാകയുടെ നിറങ്ങൾ ഇപ്രകാരമാണ്. ചുവപ്പ്: പാന്റോൺ 186 c / CMYK (%) C 0 – M 90 – Y 80 – K 5[1]
ഉപയോഗം
തിരുത്തുകപതാക കരയിലും സമുദ്രത്തിലും ദേശീയ ചിഹ്നമായും, സിവിൽ ചിഹ്നമായും, യുദ്ധത്തിന്റെ ചിഹ്നമായും ഉപയോഗിക്കുന്നു. 2002-ൽ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ 2002ലെ നാലാം നമ്പർ നിയമമായി കൊടിയുടെ ഉപയോഗം സംബന്ധിച്ച ചട്ടങ്ങൾ ഉത്തരവായി ഇറക്കി:
- ആർട്ടിക്കിൾ ഒന്ന്: ബഹ്റൈൻ രാജ്യത്തിന്റെ പതാകയുടെ ആകൃതി ദീർഘ ചതുരമായിരിക്കും. ഇത് രണ്ട് ഭാഗങ്ങളായി തിരിക്കപ്പെട്ടിരിക്കുന്നു. ഒന്നാമത്തെ ഭാഗം ചുവപ്പ് നിറവും രണ്ടാമത്തെ ഭാഗം വെളുപ്പ് നിറവുമാണ്.
- ആർട്ടിക്കിൾ രണ്ട്: രാജാവിന് സ്വന്തമായ പതാക ഉണ്ടായിരിക്കുന്നതാണ്. ഈ പതാകയുടെ അളവുകളും ആകൃതിയും ഉപയോഗിക്കാവുന്ന സ്ഥലങ്ങളും സംബന്ധിച്ച് പ്രത്യേകം രാജ കൽപ്പന പുറപ്പെടുവിക്കപ്പെടുന്നതാണ്.
- ആർട്ടിക്കിൾ മൂന്ന്: ബഹ്റൈൻ രാജ്യത്തിന്റെ പതാക രാജ സഭയിലും, കൊട്ടാരങ്ങളിലും, ഗവണ്മെന്റിന്റെ കെട്ടിടങ്ങളിലും, പൊതു ജനങ്ങൾക്കായുള്ള സ്ഥാപനങ്ങളിലും, എംബസികളിലും, വിദേശരാജ്യങ്ങളിലുള്ള ബഹ്റൈൻ രാജ്യത്തിന്റെ ബ്യൂറോകളിലും, ബഹ്റൈൻ രാജ്യത്തിന്റെ കപ്പലുകളിലും ഉയർത്തേണ്ടതാണ്.
- ആർട്ടിക്കിൾ നാല്: ബഹ്റൈൻ രാജ്യത്തിന്റെ നാവികാതിർത്തിയിൽ പ്രവേശിക്കുന്ന വിദേശ രാജ്യങ്ങളിലെ കപ്പലുകൾ ബഹ്റൈൻ രാജ്യത്തിന്റെ പതാക ഉയർത്തേണ്ടതാണ്. രാജ്യത്തിന്റെ നാവികാതിർത്തി വിടുന്നതുവരെ ഈ പതാക ഉയർന്നിരിക്കേണ്ടതാണ്.
- ആർട്ടിക്കിൾ അഞ്ച്: കൊടി ഗവണ്മെന്റ് കെട്ടിടങ്ങളിലും പൊതു സ്ഥാപനങ്ങളിലും പൊതു അവധി ദിവസങ്ങളിലും പ്രത്യേക ദിവസങ്ങളിലും സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ ഉയർത്തേണ്ടതാണ്.
- ആർട്ടിക്കിൾ ആറ്: ഔദ്യോഗിക പ്രോട്ടോക്കോൾ വാഹനങ്ങളിലല്ലാതെ ബഹ്റൈൻ രാജ്യത്തിറ്റ്നെ പതാക ഉപയോഗിക്കാവുന്നതല്ല.
- ആർട്ടിക്കിൾ ഏഴ്: ദേശീയ ദുഃഖാചരണം നടക്കുന്ന ദിവസങ്ങളിൽ ബഹ്റൈൻ രാജ്യത്തിന്റെ പതാക പകുതി താഴ്ത്തി കെട്ടേണ്ടതാണ്.
- ആർട്ടിക്കിൾ എട്ട്: വാണിജ്യ ആവശ്യങ്ങൾക്ക് ബഹ്റൈൻ രാജ്യത്തിന്റെ പതാക ഉപയോഗിക്കാവുന്നതല്ല.
- ആർട്ടിക്കിൾ ഒൻപത്: നിയമപ്രകാരം അനുവദിച്ചിരിക്കുന്ന രീതിയിലല്ലാതെ പതാക ഉപയോഗിക്കുകയാണെങ്കിൽ പരമാവധി ഒരു മാസം വരെ തടവും 100 ബഹ്റൈനി ദിനാറിൽ കവിയാത്ത പിഴയും നൽകപ്പെടുന്നതാണ്.[1]
ബഹ്റൈൻ രാജ്യത്തിന്റെ മറ്റ് പതാകകൾ
തിരുത്തുക-
രാജാവിന്റെ പതാക
-
ബഹ്റൈൻ ഡിഫൻസ് ഫോഴ്സിന്റെ പതാക
-
ബഹ്റൈൻ നാവിക സേനയുടെ പതാക
-
ബഹ്റൈൻ വ്യോമസേനയുടെ പതാക
-
ബഹ്റൈൻ കരസേനയുടെ പതാക
ചരിത്രം
തിരുത്തുകബഹ്റൈൻ രാജ്യത്തിന്റെ അറിയപ്പെടുന്ന ആദ്യ പതാകകൾ ചുവപ്പു നിറം മാത്രമുള്ളവയായിരുന്നു. 1820-ൽ ബഹ്റൈൻ രാജ്യം ബ്രിട്ടീഷ് സാമ്രാജ്യവുമായി ഒരു പൊതുവായ നാവിക ഉടമ്പടിയിൽ (ജനറൽ മാരിറ്റൈം ട്രീറ്റി) ഒപ്പുവയ്ക്കുകയുണ്ടായി. ഈ ഉടമ്പടിയുടെ ഭാഗമായി വെളുത്ത വര പതാകയുടെ രൂപകൽപ്പനയുടെ ഭാഗമായി മാറി. പേർഷ്യൻ കടലിടുക്ക് പ്രദേശത്തെ കടൽക്കൊള്ളക്കാർ അക്കാലത്ത് സാധാരണയായി ഉപയോഗിച്ചിരുന്ന പതാകകളിൽ നിന്ന് ബഹ്റൈൻ പതാക വേർതിരിച്ചറിയാൻ എളുപ്പമാക്കുക എന്ന ഉദ്ദേശവും ഈ മാറ്റത്തിന് പിന്നിലുണ്ടായിരുന്നു.[2] 1932-ൽ വെളുപ്പും ചുവപ്പും നിറങ്ങൾ തമ്മിലുള്ള അതിർത്തിയിൽ അറക്കവാളിന്റെ അറ്റം പോലെ തോന്നുന്നവിധത്തിലുള്ള അതിർത്തിയാക്കി മാറ്റി. അയൽ രാജ്യങ്ങളുടെ പതാകകളിൽ നിന്ന് ബഹ്റൈൻ രാജ്യത്തിന്റെ പതാക തിരിച്ചറിയുവാൻ വേണ്ടിയായിരുന്നു ഈ മാറ്റം വരുത്തപ്പെട്ടത്.[3]
പതാകയിൽ ആദ്യം ഇരുപത്തിയെട്ട് വെള്ള പോയിന്റുകളുണ്ടായിരുന്നു. ഇവ 1972-ൽ എട്ടാക്കി ചുരുക്കി.[3] 2002 ഫെബ്രുവരി പതിനാലിനാണ് അടുത്ത മാറ്റം കൊണ്ടുവന്നത്. ഇതോടെ വെള്ള പോയിന്റുകളുടെ എണ്ണം അഞ്ചായി ചുരുക്കി. ഓരോ പോയിന്റുകളും ഇസ്ലാം മതത്തിന്റെ ഓരോ അടിസ്ഥാന തത്ത്വമായി കണക്കാക്കാം എന്നതായിരുന്നു ഈ മാറ്റത്തിന്റെ പിന്നിലെ ഉദ്ദേശം. ഇതോടെ ബഹ്റൈൻ രാജ്യത്തിന്റെ ദേശീയ പതാകയ്ക്ക് ഇന്നത്തെ രൂപം കൈവന്നു.[4]
-
1820-ന് മുൻപ് നിലവിലുണ്ടായിരുന്ന ബഹ്റൈൻ ദേശീയ പതാക.
-
1820-നും 1932-നും ഇടയിൽ ഉപയോഗിച്ചിരുന്ന ബഹ്റൈൻ ദേശീയ പതാക.
-
1932-നും 1972-നും ഇടയിൽ ഉപയോഗിച്ചിരുന്ന ബഹ്റൈൻ ദേശീയ പതാക.
-
1972-നും 2002-നും ഇടയിൽ ഉപയോഗിച്ചിരുന്ന ബഹ്റൈൻ ദേശീയ പതാക.
ജനറൽ മാരിറ്റൈം ട്രീറ്റി ഓഫ് 1820
തിരുത്തുകബ്രിട്ടീഷ് സാമ്രാജ്യം മുൻകൈ എടുത്ത് കൊണ്ടുവന്ന ഒരു ഉടമ്പടിയാണ് ജനറൽ മാരിറ്റൈം ട്രീറ്റി ഓഫ് 1820. ബ്രിട്ടന്റെ പ്രതിനിധിയെ കൂടാതെ ആദ്യമേ ഈ ഉടമ്പടിയിൽ ഒപ്പുവച്ചത് അബു ദാബി, ഷാർജ, അജ്‌മാൻ, ഉം അൽ-ക്വൈൻ എന്നീ രാജ്യങ്ങളുടെ തലവന്മാരായിരുന്നു. 1820 ജനുവരിയിലായിരുന്നു ഉടമ്പടി ഒപ്പുവയ്ക്കപ്പെട്ടത്. ഈ മേഖലയുടെ സമീപത്തുള്ള ദ്വീപ് രാഷ്ടമായിരുന്ന ബഹ്റൈൻ അടുത്ത ഫെബ്രുവരിയോടുകൂടി ഈ ഉടമ്പടിയുടെ ഭാഗമായി മാറി. റാസ് അൽ ഖൈമയിൽ വച്ച് യുനൈറ്റഡ് കിംഗ്ഡത്തിന്റെ പ്രതിനിധിയായിരുന്ന സർ വില്യം കൈർ എന്നയാളുടെ സാന്നിദ്ധ്യത്തിലാണ് ഉടമ്പടി ഒപ്പുവയ്ക്കപ്പെട്ടത്. പേർഷ്യൻ കടലിടുക്ക് മേഖലയിലെ ഈ രാഷ്ട്രങ്ങൾ തമ്മിലുള്ള ഉടമ്പടി ഇവിടെ കടൽക്കൊള്ള നിരോധിച്ചു. അടിമ വ്യാപാരവും ഈ ഉടമ്പടിയോടുകൂടി നിരോധിക്കപ്പെട്ടു. ഒപ്പുവച്ച രാജ്യങ്ങളുടെ ഉപയോഗയോഗ്യമായ എല്ലാ കപ്പലുകളും ബ്രിട്ടീഷ് സൈന്യത്തിന്റെ ഇതിനായുള്ള സംവിധാനത്തിൽ രജിസ്റ്റർ ചെയ്യണം എന്നും ഉടമ്പടിയിൽ നിഷ്കർഷിക്കപ്പെട്ടിട്ടുണ്ടായിരുന്നു.[5]
ബ്രിട്ടീഷ് രാജും യുനൈറ്റഡ് കിംഗ്ഡവും തമ്മിൽ തുറന്ന ആശയവിനിമയത്തിനുള്ള വഴി എപ്പോഴും തുറന്നിടണം എന്ന ബ്രിട്ടന്റെ തന്ത്രപരമായ ആവശ്യം കാരണമാണ് ഈ ഉടമ്പടി രൂപീകരിക്കുവാൻ അവർ മുൻകൈ എടുത്തത്. റഷ്യൻ സാമ്രാജ്യം, ഫ്രാൻസ് എന്നിവയെപ്പോലെയുള്ള യൂറോപ്യൻ ശക്തികൾക്ക് മേഖലയിൽ ചുവടുറപ്പിക്കുവാനുള്ള അവസരം നൽകാതിരിക്കുകയും ഈ ഉടമ്പടിയുടെ ലക്ഷ്യമായിരുന്നു. ക്വാജർ ഇറാൻ, ഓട്ടോമാൻ സാമ്രാജ്യം, രണ്ടാം സൗദി രാജ്യം എന്നീ രാജ്യങ്ങളുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിലൂടെ മേഖലയിൽ സമാധാനം കൊണ്ടുവരുക എന്നതും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഒരു ലക്ഷ്യമായിരുന്നു.[5]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 "National Flag of Bahrain". BBC News. BBC. Archived from the original on 2014-12-16. Retrieved 16 June 2012.
- ↑ Complete Flags of the World (Dk). DK Publishing. 2014. p. 186. ISBN 978-1409353713.
- ↑ 3.0 3.1 Historical flags of Bahrain at Flags of the World
- ↑ Bahrain at Flags of the World
- ↑ 5.0 5.1 Commins, David (2012). The Gulf States: A Modern History. I.B.Tauris. pp. 74, 78. ISBN 9781848852785.