എമിൽ ഡുബോയിസ്-റെയ് മോണ്ട്
ജർമൻ തത്ത്വചിന്തകനും ശരീരശാസ്ത്രജ്ഞനുമായിരുന്നു എമിൽ ഡുബോയിസ്-റെയ് മോണ്ട്. 1818-ൽ ബെർലിനിൽ ജനിച്ചു. 1846-ൽ ബെർലിൻ സർവകലാശാലയിൽ ശരീരശാസ്ത്രത്തിൽ താൽക്കാലിക ലക്ചറർ ആയി നിയമിക്കപ്പെട്ടു. 1885-ൽ സർവകലാശാലയിലെ അസ്സോസിയേറ്റ് പ്രൊഫസറും, മൂന്നു വർഷങ്ങൾക്കുശേഷം പ്രൊഫസറും ആയി. ശരീരശാസ്ത്രശാഖയ്ക്ക് ഇദ്ദേഹം നിരവധി വിലപ്പെട്ട സംഭാവനകൾ നൽകി. നാഡികളുടേയും മാംസപേശികളുടേയും പ്രവർത്തനങ്ങളെക്കുറിച്ചും ജൈവദ്രവ്യത്തിന്റെ രാസഭൗതികമാറ്റങ്ങളുടെ പരിണാമപ്രക്രിയയെക്കുറിച്ചും പഠനങ്ങൾ നടത്തി. തുടർന്ന് തത്ത്വചിന്തയിലേക്ക് തിരിഞ്ഞു. ഇദ്ദേഹത്തിന്റെ കൃതികളായ ഉയ്ബർ ദി ഗ്രെൻസർ ദെസ് നാച്ചുറർ കെന്നൽസ് (Urbes die Sieben nature kennes), ദി സീബൻ വെൽറ്റ്റേറ്റ്സെൻ (Die Sieben Welttraitsel)[1] എന്നിവ പ്രധാനമായും തത്ത്വചിന്താപരമാണ്.
എമിൽ ഡുബോയിസ്-റെയ് മോണ്ട് | |
---|---|
ജനനം | 7 November 1818 |
മരണം | 26 December 1896 |
ദേശീയത | German |
അറിയപ്പെടുന്നത് | Nerve action potential |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Physiology Electrophysiology |
തത്ത്വചിന്ത
തിരുത്തുകസാമാന്യ ശാസ്ത്രത്തിൽ അധിഷ്ഠിതമായ ആപേക്ഷിക പരമജ്ഞാനസിദ്ധാന്തമായിരുന്നു ഇദ്ദേഹം ആവിഷ്കരിച്ചത്. അതീന്ദ്രിയജ്ഞാനം അസാധ്യമാണെന്നും ആത്മീയ പ്രശ്നങ്ങൾ പരിഹാരമില്ലാത്തവയാണെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. ഇഗ്നൊറാമസ് എറ്റ് ഇഗ്നൊറാബിമസ് (നാം അറിയുന്നില്ല ഇനി അറിയുകയുമില്ല) എന്ന ഇദ്ദേഹത്തിന്റെ വാക്കുകൾ പ്രസിദ്ധമാണ്. പ്രപഞ്ചത്തിൽ ഏഴു സമസ്യകളുള്ളതായി ഡുബോയിസ് പ്രസ്താവിച്ചു. ഇവയിൽ മൂന്നെണ്ണം അതീന്ദ്രിയ സ്വഭാവമുള്ളവയാണെന്നും അതിനാൽ പരിഹാരമില്ലാത്തവയാണെന്നും ഇദ്ദേഹം വ്യക്തമാക്കി. ദ്രവ്യത്തിന്റെ ശക്തിയുടെ സ്വഭാവം, ചലനത്തിന്റെ ആവിർഭാവം, ഇന്ദ്രിയസംവേദനത്തിന്റേയും ബോധത്തിന്റേയും ഉറവിടം എന്നിവയെക്കുറിച്ചുള്ള സമസ്യകളാണ് ഇവ. വേറെ മൂന്ന് സമസ്യകൾ ക്ലേശകരമാണെങ്കിലും പരിഹാരമുള്ളവയാണ്. ജീവന്റെ ഉറവിടം, ജീവജാലങ്ങളുടെ അനുവർത്തക സ്വഭാവം(adajitiveness), ഭാഷയുടേയും യുക്തിയുടേയും വികാസം എന്നിവയാണ് ആ മൂന്ന് സമസ്യകൾ. പ്രപഞ്ചത്തിലെ ഏഴാമത്തേതും അവസാനത്തേതുമായ സമസ്യയെക്കുറിച്ച് ഇദ്ദേഹത്തിനു വ്യക്തമായ അഭിപ്രായം പ്രകാശിപ്പിക്കാൻ സാധിച്ചിട്ടില്ല. സ്വതന്ത്രമായ ഇച്ഛാശക്തിയെക്കുറിച്ചുള്ളതാണ് ഏഴാമത്തെ സമസ്യ.
ഏർനെറ്റ് ഹേക്കലിന്റെ വീക്ഷണം
തിരുത്തുകഏർണസ്റ്റ് ഹേക്കൽ (Ernest Haeckel) തന്റെ വെൽറ്റ് റേറ്റ്സെൽ (wellraitsel) എന്ന കൃതിയിൽ ഡുബോയിസിന്റെ വീക്ഷണങ്ങളെ ശക്തിയായി ഖണ്ഡിച്ചിട്ടുണ്ട്. പ്രപഞ്ചത്തിൽ ഒരു സമസ്യ മാത്രമേയുള്ളൂ. അത് ദ്രവ്യത്തിന്റെ സമസ്യ (problem of substance) ആണെന്നായിരുന്നു ഹേക്കന്റെ മതം. ഡുബോയിസിന്റെ ആദ്യത്തെ മൂന്ന് സമസ്യകളെ ദ്രവ്യത്തിന്റെ സമസ്യ എന്ന ഏക ആശയത്തിൽ ഹേക്കൽ ഉൾക്കൊള്ളിച്ചു. ഹേക്കലിന്റെ വീക്ഷണത്തിൽ പരിണാമസിദ്ധാന്തം ഡുബോയിസിന്റെ മൂന്ന് ക്ലേശകരമായ സമസ്യകൾക്ക് ഉത്തരം കണ്ടെത്തിക്കഴിഞ്ഞു. സ്വതന്ത്രമായ ഇച്ഛാശക്തി എന്നത് വെറും മിഥ്യമാത്രമാണെന്ന് ഹേക്കൽ വാദിച്ചു. അതിനാൽ സ്വതന്ത്രമായ ഇച്ഛാശക്തിയെക്കുറിച്ച് സമസ്യ ഉദ്ഭവിക്കുന്നില്ല.
പ്രപഞ്ചത്തിന് യാന്ത്രിക സ്വഭാവമാണ് ഉള്ളതെന്നും, ആ രീതിയിൽ മാത്രമേ സംഭവങ്ങളെ വ്യാഖ്യാനിക്കുവാൻ സാധിക്കുകയുള്ളൂ എന്നും ഇദ്ദേഹം സ്വമതം പ്രകടമാക്കി. ഈ രീതിക്ക് പരിമിതികളുന്നുണ്ടെന്നും ഇദ്ദേഹം സമ്മതിച്ചിരുന്നു. മാനസിക പ്രവർത്തനങ്ങളെ മനസ്സിലാക്കാൻ ഈ രീതി ഉപകരിക്കുകയില്ല എന്ന് ഡുബോയിസ് ഊന്നിപ്പറഞ്ഞിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ http://www.amazon.com/%C3%9Cber-die-Grenzen-Naturerkennens-Weltr%C3%A4tsel/dp/1103842218 Die Sieben Welträtsel (German Edition) [Hardcover]
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://neuroportraits.eu/portrait/emil-du-bois-reymond
- http://www.answers.com/topic/emil-du-bois-reymond
- http://www.informationphilosopher.com/solutions/philosophers/bois-reymond/
- http://www.britannica.com/EBchecked/topic/172492/Emil-Heinrich-Du-Bois-Reymond
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡുബോയിസ്-റെയ് മോണ്ട്, എമിൽ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |