എക്സിമ
ഒരു ചർമ രോഗം. തിളച്ചു മറിയുന്ന എന്നർഥമുള്ള ഒരു ഗ്രീക്കു പദ (എക്)ത്തിൽ നിന്നാണ് എക്സിമ ഉണ്ടായിട്ടുള്ളത്. ശോധസംബന്ധമായ ഈ രോഗം പകരുന്നതല്ല. എന്നാൽ ഇത് ഒരു രോഗമല്ലെന്നും ബന്ധപ്പെട്ട അനേകം രോഗങ്ങളുടെ ഒരു സമാഹാരമാണെന്നും ചില ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. വിസർപ്പം എന്നു നാട്ടുവൈദ്യന്മാർ ഇതിനെ വിളിക്കുന്നു. അജ്ഞാത മൂലകങ്ങളായ പല ചർമ രോഗങ്ങളെയും ചിലപ്പോൾ എക്സിമയിൽ ഉൾപ്പെടുത്തിക്കാണുന്നുണ്ട്.[1][2]
എക്സിമ | |
---|---|
സ്പെഷ്യാലിറ്റി | Q11916943 |
രോഗലക്ഷണങ്ങൾ
തിരുത്തുകമുഖം, കഴുത്ത്, കൈമുട്ടുകൾ, കാൽമുട്ടുകൾ എന്നിവയുടെ അടിഭാഗങ്ങൾ മുതലായ സ്ഥലങ്ങളിലാണ് ഇതാരംഭിക്കുന്നത്. ഇരുപത്തഞ്ചു വയസ്സുവരെ കൂടുതൽ സാധാരണമായി ഇതു കണ്ടുവരുന്നു. ചൊറിച്ചിൽ, ചുകപ്പ്, ചുട്ടുനീറൽ എന്നിവ സാമാന്യ ലക്ഷണങ്ങളാണ്. എന്നാൽ ചുകപ്പുള്ള സ്ഥാനങ്ങളിൽ ചിലപ്പോൾ ചെറിയ കുമിളകൾ ഉണ്ടാകും, അവയിൽ പലതും പൊട്ടിയൊലിക്കും; ഒലിച്ചുവരുന്നത് ചിലപ്പോൾ തെളിഞ്ഞ ദ്രാവകമാണെങ്കിൽ മറ്റുചിലപ്പോൾ ചലമായിരിക്കും. അപ്പോൾ അതിനെ കരയുന്ന എക്സിമ (weeping eczema) എന്നു പറയാറുണ്ട്. കുമിളകൾ പിന്നീടുണങ്ങി പൊറ്റൻ കെട്ടികിടക്കും. ഈ അവസ്ഥ കറച്ചുകാലത്തേയ്ക്കു നീണ്ടുനിൽക്കാം. രോഗം ബാധിച്ച ഭാഗങ്ങൾക്കു കരിവാളിപ്പുമുണ്ടാകും.[3]
രോഗകാരണങ്ങൾ
തിരുത്തുകചില ചായങ്ങൾ, സോപ്പുകൾ, ആന്റീസെപ്റ്റിക്കുകൾ മുതലായ രാസവസ്തുക്കളും ചില ചെടികളുമായുള്ള സമ്പർക്കവും നല്ല തണുപ്പ്, നല്ല വെയിൽ മുതലായ കാലാവസ്ഥകളും ചില പരാദങ്ങളുടെയും ബാക്റ്റീരിയകളുടെയും പ്രവത്തനങ്ങളും എക്സിമയ്ക്കു കാരണമാകാറുണ്ട്. മാനസികവും വൈകാരികവുമായ സമ്മർദങ്ങൾ, വിശ്രമം ഇല്ലായ്മ, ഭക്ഷണത്തകരാറുകൾ, ശരിയായ മലശോധന ഇല്ലാതിരിക്കുക. ശരീരത്തിന്റെ പ്രധിരോധ ശക്തിയിൽ കുറവ്, വൃക്കസംബന്ധമായ ശോഥം, പ്രമേഹം, അലർജി മുതലായവകൊണ്ടും പ്രസ്തുത ചർമരോഗമുണ്ടാകാം. പലരിലും വൈയക്തികവും പരമ്പരാഗതവുമായ ചർമീയ സുഗ്രാഹികത (skin sensitivity) മൂലം ഈ രോഗമുണ്ടാകാറുണ്ട്. കുടുംബ ചരിത്രമറിയാവുന്നത് ഇത്തരക്കാരെ ഫലപ്രദമായി ചികിത്സിക്കുന്നതിന് സഹായകമാണ്.[4]
രോഗനിയന്ത്രണം
തിരുത്തുകഎക്സിമ ഏതവസ്ഥയിലും നിയന്ത്രണ വിധേയമാക്കാം. ചിലപ്പോൾ ചില അവസ്ഥകൾ ക്രോണിക് ആകാം. രോഗഹേതു ഒഴിവാക്കിയും, രോഗസ്ഥാനമായ ചർമഭാഗം മയപ്പെടുത്തിയും ക്രോണിക് അവസ്ഥകളിൽ ശോഥം ഉണങ്ങുന്നതിനായി ചർമത്തെ ഉത്തേജിപ്പിച്ചും ഈ രോഗത്തെ ചികിത്സിക്കാറുണ്ട്. ക്ഷോഭജനകമായ ഔഷധങ്ങൾ ചർമത്തിൽ പുരട്ടുന്നത് കുഴപ്പത്തിനു കാരണമാണ്. നൂറുകണക്കിനു പ്രതിവിധികൾ ഈ രോഗത്തിനുണ്ടെങ്കിലും ഒന്നും പരിപൂർണ ഫലപ്രദമാണെന്നു പറയാൻ പ്രയാസമാണ്. ഒരു സാധാരണ രോഗമാണിതെങ്കിലും വൈദ്യശാസ്ത്രത്തോടുള്ള ഒരു വെല്ലുവിളിയായിത്തന്നെ ഇതിനെ കണക്കാക്കാം. നാരങ്ങ, തക്കാളി മുതലായ ചില ഫലങ്ങൾ ഒഴിവാക്കിയും മറ്റുതരം പച്ചക്കറികൾ ധാരാളം കഴിച്ചും ദഹിക്കാൻ വിഷമമായ ഭക്ഷണപദാർഥങ്ങൾ വർജിച്ചും മധുരപലഹാരങ്ങൾ, ചോക്കലെറ്റ്. ശർക്കര, കൊക്കൊ, ഉപ്പ് മുതലായവ അങ്ങേയറ്റം കുറച്ചും മറ്റും ഈ രോഗം നിയന്ത്രണാധീനമാക്കാം. രോഗം ബാധിച്ച ചർമഭാഗങ്ങളിൽ സോപ്പും വെള്ളവും തട്ടിക്കാതിരിക്കുന്നതു നന്ന്. ആവശ്യമുള്ള വിശ്രമവും ഉറക്കവും ഉപേക്ഷിക്കുന്നത് ഈ രോഗം വർദ്ധിക്കാൻ ഇടയാക്കും. ബോറിക് ആസിഡ്, സിങ്ക് ഓക്സൈഡ്, ടാൽക്കം പൗഡർ, സാലിസിലിക് ആസിഡ്, കോൾടാർ, റെസോർസിനോൾ, ഗന്ധകം, ഇക്തിയോൾ, സ്റ്റാർച്ച്, പെട്രോലാറ്റം മുതലായ പദാർഥങ്ങൾ യഥോചിതം മിശ്രണം ചെയ്ത് രോഗശാന്തിക്കായി തൊലിപ്പുറത്ത് ഉപയോഗിക്കാം. വൈദ്യോപദേശത്തോടുകൂടിയ ചികിത്സയാണ് അഭികാമ്യം. മാറിയ രോഗം വീണ്ടും പ്രത്യക്ഷപ്പെട്ടുകൂടായ്കയില്ല. ഇതിന് ആര്യ വേപ്പ് നല്ല ഒരു മരുന്നായി ഉപയോഗിച്ച് വരുന്നു. [5]
അവലംബം
തിരുത്തുക- ↑ http://www.nlm.nih.gov/medlineplus/ency/article/000853.htm#Symptoms Atopic eczema
- ↑ http://eczemaskinsymptoms.net/ Archived 2010-12-29 at the Wayback Machine. Eczema Basics - What is Eczema?
- ↑ http://www.healthnewsflash.com/conditions/atopic_dermatitis.htm Archived 2010-05-26 at the Wayback Machine. Information on Eczema Skin Symptoms, Causes & Treatments
- ↑ http://www.eczematreatmentsecrets.com/sample/eczema-skin-symptoms.htm Archived 2008-11-21 at the Wayback Machine. Eczema Treatment Secrets
- ↑ http://eczemaskinsymptoms.net/eczema-treatments.html Archived 2010-03-09 at the Wayback Machine. Eczema Treatment
പുറംകണ്ണികൾ
തിരുത്തുക- http://www.cowurine.com/skin-diseases.html?gclid=CIPRro-946ACFUtB6wodoxZeEA Archived 2016-03-04 at the Wayback Machine.
- http://hcd2.bupa.co.uk/fact_sheets/html/eczema.html Archived 2010-03-29 at the Wayback Machine.
- http://eczemaskinsymptoms.net/eczema-pictures.html Archived 2010-08-31 at the Wayback Machine.