അപ്പളോണിയയിലെ ഡയോജനസ്
അഞ്ചാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ജീവിച്ചിരുന്ന ഗ്രീക്കു തത്ത്വചിന്തകനായിരുന്നു അപ്പളോണിയയിലെ ഡയോജനസ്. ഏഥൻസ് ആയിരുന്നു ഇദ്ദേഹത്തിന്റെ പ്രവർത്തനകേന്ദ്രം. അയോണിയൻ വീക്ഷണങ്ങൾ, മനസ്സിനെക്കുറിച്ചുള്ള അനക്സഗോറസിന്റെ സിദ്ധാന്തങ്ങൾ, അണുവാദവീക്ഷണം എന്നിവ ഇദ്ദേഹത്തെ സ്വാധീനിച്ചു. അനാക്സിമെനീസിനെ (Anaximenes) പിന്തുടർന്നുകൊണ്ട്, പ്രപഞ്ചത്തിൽ കാണുന്ന എല്ലാ വസ്തുക്കളും അടിസ്ഥാന വസ്തുവായ വായുവിന്റെ വിവിധ രൂപാന്തരങ്ങൾ മാത്രമാണെന്ന ഒരു ഭൗതിക സിദ്ധാന്തത്തിന് ഇദ്ദേഹം രൂപം നൽകി.
ജനനം | 5th century BCE Apollonia Pontica |
---|---|
മരണം | 5th century BCE |
കാലഘട്ടം | Pre-Socratic philosophy |
പ്രദേശം | Western philosophy |
ചിന്താധാര | Pre-Socratic |
പ്രധാന താത്പര്യങ്ങൾ | Metaphysics |
ശ്രദ്ധേയമായ ആശയങ്ങൾ | Air is the arche |
പണ്ഡിതൻ
തിരുത്തുകപലതിൽ നിന്നും ഉത്തമമായതിനെ തിരഞ്ഞെടുക്കുന്ന ഒരു പണ്ഡിതൻ എന്നാണ് ഡയോജനസിനെക്കുറിച്ച് തിയോഫ്രാസ്റ്റസ് അഭിപ്രായപ്പെട്ടത്. ആശയങ്ങളെ ക്രമാനുഗതമായി ചിട്ടപ്പെടുത്തി അവതരിപ്പിക്കുന്ന ഒരു വ്യക്തിയായും ഇദ്ദേഹം ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ഗ്രീക്ക് തത്ത്വചിന്തയുടെ പരിവർത്തനഘട്ടത്തിൽ പുരാതന ആശയങ്ങളുടെ ഉൾക്കാഴ്ചയും പുതിയ കണ്ടുപിടിത്തങ്ങളും തമ്മിൽ സമന്വയിപ്പിക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞു.
അടിസ്ഥാനപരമായ പ്രപഞ്ചവസ്തു
തിരുത്തുകരണ്ട് ആശയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും ഒരു മൂലവസ്തുവിന്റെ അവസ്ഥാന്തരങ്ങളാണെന്ന സിദ്ധാന്തം ഇദ്ദേഹം ആവിഷ്കരിച്ചത്. പ്രപഞ്ചത്തിലെ ഓരോ വസ്തുവും മറ്റു വസ്തുക്കളിൽ നിന്ന് തികച്ചും വ്യത്യസ്തമാണെങ്കിൽ അവ തമ്മിൽ പരസ്പര പ്രവർത്തനം അസാധ്യമായിത്തീരുമായിരുന്നു. എന്നാൽ വസ്തുത അതല്ല. വസ്തുക്കൾ തമ്മിൽ പരസ്പര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനാൽ അവ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ദ്രവ്യങ്ങൾ തമ്മിൽ മൗലിക വ്യത്യാസങ്ങൾ ഒന്നും ഇല്ലതന്നെ. പ്രപഞ്ചത്തിൽ കാണുന്ന സന്തുലിതാവസ്ഥയാണ് ഡയോജനസിനെ സ്വാധീനിച്ച രണ്ടാമത്തെ ആശയം. ബുദ്ധിപൂർവം പ്രവർത്തിക്കുന്നതും സർവവ്യാപി ആയിട്ടുള്ളതുമായ അടിസ്ഥാനപരമായ ഒന്നിന്റെ മാർഗനിർദ്ദേശവും നിയന്ത്രണവും ഉള്ളതു കൊണ്ടാണ് പ്രപഞ്ചത്തിൽ ക്രമബദ്ധത നിലനിൽക്കുന്നത്. ഡയോജനസിന്റെ അഭിപ്രായത്തിൽ അടിസ്ഥാനപരമായ പ്രപഞ്ച വസ്തു വായുവാണ്. ജീവന്റെ അടിസ്ഥാന ഘടകമായ വായുതന്നെയാണ് പ്രപഞ്ചത്തിൽ കാണുന്ന എല്ലാ ജീവജാലങ്ങളുടെയും ഉറവിടം. പ്രപഞ്ചത്തിൽ കാണുന്ന എല്ലാ ഭൗതികമാറ്റങ്ങൾക്കും കാരണമാകുന്നതും വായുവാണ്. ഏറ്റവും അനുവർത്തനക്ഷമമായ ദ്രവ്യമാണ് വായു. ശൈത്യം, ചൂട്, ഈർപ്പം, ജലമയമില്ലാത്ത അവസ്ഥ എന്നിവയ്ക്കെല്ലാം കാരണമായ വായു ജീവജാലങ്ങളിൽ ഉള്ളപ്പോൾ അവയിൽ ഈശ്വര ചൈതന്യം സ്പന്ദിക്കുന്നതായി കണക്കാക്കാം.
പ്രധാനകൃതി
തിരുത്തുകവായുവിന്റെ യാന്ത്രികവും ആത്മീയവുമായ ഗുണങ്ങളെ ആസ്പദമാക്കി സംവേദനം, പ്രത്യക്ഷണം, വികാരം, ചിന്ത എന്നിവയെ വിശദീകരിക്കാനും ഇദ്ദേഹം ശ്രമിച്ചു. സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിലുള്ള നിരീക്ഷണങ്ങൾക്കാണ് ഡയോജനസ് പ്രാധാന്യം കല്പിച്ചത്. സമകാലിക ചിന്തകന്മാർക്ക് ഇദ്ദേഹത്തിന്റെ ഈ സവിശേഷത പൂർണ രൂപത്തിൽ ഉൾക്കൊള്ളുവാൻ കഴിഞ്ഞില്ല. ഡയോജസിന്റെ പ്രധാനകൃതി ഓൺ നേച്ചർ (On Nature) ആണ്.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://www.iep.utm.edu/diogapol/
- http://www.iep.utm.edu/diogen-a/
- http://classicpersuasion.org/pw/diogenes/dldiogenes-ap.htm Archived 2007-02-03 at the Wayback Machine.
- http://www.bookrags.com/research/diogenes-of-apollonia-5th-century-b-eoph/
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡയോജനസ് (അപ്പളോണിയയിലെ) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |