ദിനമണി
ഒരു തമിഴ് ദിനപത്രമാണ് ദിനമണി. 1934-ൽ മധുരയിൽനിന്നു പ്രസിദ്ധീകരണം ആരംഭിച്ചു. 1937-ൽ രാംനാഥ് ഗോയങ്ക ദിനമണിയും ദി ഇന്ത്യൻ എക്സ്പ്രസ്സും വിലയ്ക്കുവാങ്ങി. തുടർന്ന് ടി.എസ്. ചൊക്കലിംഗത്തെ പത്രാധിപരായി നിയമിച്ചു. 1944 വരെ അദ്ദേഹം ഈ സ്ഥാനത്തു തുടർന്നു. പിന്നീട് ആശയവൈരുദ്ധ്യംമൂലം രാജിവച്ചു. ചൊക്കലിംഗത്തിനുശേഷം എ.എൻ. ശിവരാമൻ, എ.ജി. വെങ്കടാചാരി, വെങ്കടരാജുലു, ശങ്കു സുബ്രഹ്മണ്യൻ, രാമരത്തിനം തുടങ്ങിയവരായിരുന്നു ഇതിന്റെ പത്രാധിപന്മാർ. അവരുടെ പ്രയത്നത്തിലൂടെ ദിനമണി ദേശീയ ദിനപത്രത്തിന്റെ നിലയിലേക്ക് ഉയർന്നു.
തമിഴ്സാഹിത്യരംഗത്തെ അഗ്രഗണ്യരായ വി. സന്താനം, പുതുമൈപിത്തൻ, ഇളങ്കോവൻ തുമിലൻ, നാ. പാർഥസാരഥി ചാവി, ഐരാവതം മഹാദേവൻ, കസ്തൂരിരംഗൻ തുടങ്ങിയ സാഹിത്യകാരന്മാർ ദിനമണിയിലെ സ്ഥിരം എഴുത്തുകാരായിരുന്നു.
എക്സ്പ്രസ് പബ്ലിക്കേഷൻസ് കമ്പനിയാണ് ദിനമണി പ്രസിദ്ധീകരിക്കുന്നത്. ചെന്നൈ, മധുര, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, തിരുനെൽവേലി, വേലൂർ എന്നീ നഗരങ്ങളിൽനിന്ന് ദിനമണി പ്രസിദ്ധീകരിക്കപ്പെടുന്നു. ഞായർമണി, തിനമണിക്കതിർ, ചിറുവർമണി (കുട്ടികൾക്ക്), വെള്ളിമണി (ആത്മീയം), കൊണ്ടാട്ടം, ഇളൈഞ്ഞർമണി (യുവാക്കൾക്ക്) തുടങ്ങിയ അനുബന്ധ പ്രസിദ്ധീകരണങ്ങളും പത്രത്തോടൊപ്പം പ്രസിദ്ധീകരിക്കുന്നുണ്ട്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ദിനമണി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |