സതി

പരമശിവന്റെ ജീവിതപങ്കാളി
(Dakshayani എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹൈന്ദവ പുരാണങ്ങളിൽ ത്രിമൂർത്തികളി] ഒരാളായ ശിവന്റെ ആദ്യ ഭാര്യയാണ് സതി. ബ്രഹ്മാവിന്റെ പുത്രനായ ദക്ഷനും, സ്വായംഭൂവമനുവിൻെറ മകളായ പ്രസൂതിയുമാണ് മാതാപിതാക്കൾ. ദാക്ഷായണി, ഗൗരി, അപർണ്ണ എന്നും പേരുകളുണ്ട്. ലോകാംബികയായ ആദിപരാശക്തിയാണ് ദക്ഷപുത്രീഭാവത്തിൽ സതിയായി അവതരിച്ചത്. ദക്ഷനും ഭാര്യയായ പ്രസൂതിക്കും ജനിച്ച ഒരു പുത്രിയായിരുന്നില്ല സതി.

ദാക്ഷായണി(സതി)
Shiva carrying Sati's corpse on his trident c.1800 India, Himachal Pradesh, Kangra, South Asia from LACMA museum
ദേവനാഗരിद्राक्षायणी (सती)
Sanskrit TransliterationDākshāyani (Satī)
ജീവിത പങ്കാളിShiva

ഒരിക്കൽ ദക്ഷൻ നാകമന്ദാകിനിയിൽ സ്നാനം ചെയ്തുകൊണ്ടിരിക്കുമ്പോൾ, ഒരു വിരിഞ്ഞ താമരയിൽ കൗതുകമുള്ള പെൺപൈതൽ ശയിക്കുന്നതു കാണുന്നു. അത്യാനന്ദപൂർവ്വം അതിനെയെടുത്തു കൊട്ടാരത്തിൽ കൊണ്ടുചെന്നു പ്രേയസിയായ പ്രസൂതിയെ ഏൽപിക്കുകയും, അവരുടെ മകളായി വളർത്തി സതിയെന്ന് (സ്വാതിക ഭാവം ഉള്ളവൾ) നാമകരണം നടത്തുകയും ചെയ്തു. ശിവലിംഗത്തിന്റെ അറ്റം കണ്ടെന്ന് ബ്രഹ്മാവ് കളവ് പറഞ്ഞതിനാൽ മഹാദേവൻ ബ്രഹ്മാവിന്റെ തലകളിലൊന്ന് വെട്ടി മാറ്റുന്നു.അങ്ങനെ ബ്രഹ്മപുത്രനായ ദക്ഷന് ശിവനിൽ വൈരം ജനിക്കുന്നു. കന്യകയായ സതിദേവിക്ക് ശിവനിൽ പ്രണയം ഉണ്ടാകുകയും ഭഗവാനെ വരിക്കുകയും ചെയ്യുന്നു. ഇതിൽ ക്രുദ്ധനായ ദക്ഷൻ ശിവനെ അപമാനിക്കാൻ വേണ്ടി കാലാന്തരത്തിൽ ഒരു യാഗം നടത്തുന്നു. സതിയും ശിവനുമൊഴികെയുള്ള ദേവകളൊക്കെ ക്ഷണിക്കപ്പെട്ടിരുന്നു.

പിതാവ് നടത്തുന്ന യാഗത്തിൽ തനിക്കും പങ്കെടുക്കണമെന്ന് സതി അഭ്യർത്ഥിക്കുമ്പോൾ ശിവൻ അതിന് സമ്മതിക്കുന്നില്ല. വിഷമാവസ്ഥയിലായ സതീദേവി താൻ പോകുമെന്ന വാശിയിൽ ഉറച്ച് നിന്നു. യജ്ഞത്തിൽ അപമാനിത ആകേണ്ടി വരുമെന്ന് ഭഗവാൻ ഉപദേശിച്ചെങ്കിലും മനസിന്റെ ചാഞ്ചല്യം കാരണം സതീദേവി യജ്ഞത്തിന് പോകുന്നു. യാഗഭൂമിയിൽ ചെന്ന സതിയെ ദക്ഷൻ ശരിയായ രീതിയിൽ സ്വീകരിച്ചില്ല. ശിവനെക്കുറിച്ച് യാഗത്തിനെത്തിയ എല്ലാവരുടെയും മുൻപിൽ ദോഷിച്ച് സംസാരിക്കുകയും ചെയ്യുന്നു. ശിവനെ ദക്ഷൻ അപമാനിക്കാനുള്ള കാരണം താനാണ്‌ എന്നതിനാൽ സതി തന്റെ യോഗശക്തിയുപയോഗിച്ച് സൃഷ്ടിച്ച അഗ്നിയിൽ തന്റെ ദാക്ഷായണി ഭാവത്തിൽ നിന്നു ദേഹത്യാഗം ചെയ്യുന്നു. ഇതറിഞ്ഞ് കോപാകുലനായ മഹാദേവൻ തന്റെ ജട പറിച്ചെറിയുന്നു. ജടയിൽ നിന്ന് ഭയങ്കരനായ വീരഭദ്രൻ അവതരിക്കുന്നു. ദക്ഷനെ വധിക്കുവാനും യാഗസ്ഥലം നശിപ്പിക്കുവാനും ഭഗവാൻ വീരഭദ്രനോട് കല്പിക്കുന്നു. തന്റെ സ്വാമിയുടെ ആജ്ഞപ്രകാരം മറ്റ് ഭൂതങ്ങണങ്ങളോട് ഒപ്പം യാഗഭൂമി തകർത്ത് തരിപ്പണമാക്കുകയും ദക്ഷനെ തലയറുത്ത് ഹോമാകുണ്ഡത്തിൽ നിക്ഷേപിക്കുകയും ചെയ്യുന്നു.പിന്നീട് അവിടെ എത്തിയ മഹാദേവൻ ദക്ഷപത്നി പ്രസൂധിയുടെ അപേക്ഷപ്രകാരം ദക്ഷനെ പുനർജീവിപ്പിക്കുന്നു.തുടർന്ന് സതിയുടെ മൃതദേഹമെടുത്ത് മറയുന്നു. പത്നീവിയോഗത്താൽ ദുഃഖത്തിൽആണ്ടുപോയ മഹാദേവൻ മൃതശരീരവുമായി ഭൂമിയിൽ അലയുന്നു. ഈ അവസ്ഥ ഭൂമിക്ക് മംഗളം അല്ലാത്തതിനാൽ ആദിശക്തി മഹാവിഷ്ണുവിനോട് സതിദേവിയുടെ മൃതശരീരം ഖണ്ഡിക്കാൻ പറയുകയും സുദര്ശനചക്രം വെച്ച് വിഷ്ണു അത് നടത്തുകയും ചെയ്യുന്നു. അവ 51 കഷ്ണങ്ങൾ ആയി ഭൂമിയിൽ പതിച്ച് ശക്തി പീഠങ്ങൾ ആയി മാറുന്നു. ദുഃഖിതനായ മഹാദേവൻ ഭയങ്കരമായ ഒരു തപസിലേക്ക് പോകുന്നു. പരംപുരുഷനും പ്രകൃതിയും തമ്മിലുള്ള സംഘത്തിനായി ആദിപരാശക്തി ഹിമവാന്റെയും മേനാവതിയുടെയും മകളായി, പാർവ്വതി എന്ന പേരിൽ പുനർജനിക്കുകയും ശിവനുമായി വീണ്ടും ഒന്നിക്കുകയും ചെയ്യുന്നു.


"https://ml.wikipedia.org/w/index.php?title=സതി&oldid=3936574" എന്ന താളിൽനിന്ന് ശേഖരിച്ചത്