പഴശ്ശിരാജാവും ഈസ്റ്റ് ഇന്ത്യ കമ്പനിയും തമ്മിലുള്ള യുദ്ധങ്ങൾ

(Cotiote War എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1793 മുതൽ 1806 വരെ കേരള വർമ്മ പഴശ്ശിരാജാവും ഈസ്റ്റ് ഇന്ത്യ കമ്പനിയും തമ്മിൽ ധാരാളം യുദ്ധങ്ങൾ നടന്നു. ഇവ Cotiote War എന്ന് അറിയപ്പെടുന്നു. തന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യം നിലനിർത്തുക എന്ന ഉദ്ദ്യേശം പഴശ്ശിരാജാവിനുള്ളപ്പോൾ എങ്ങനെയും അതിനെ തകർത്ത് കൈവശപ്പെടുത്തൽ ആയിരുന്നു കമ്പനിയുടെ ലക്ഷ്യം.[1][2] സ്വാതന്ത്ര്യത്തിനുള്ള ദാഹവും സ്വാതന്ത്ര്യത്തെപ്പറ്റി നേരത്തെയുള്ള വാഗ്ദാനങ്ങളിൽ നിന്നും ബ്രിട്ടീഷുകാർ പിന്നോക്കം പോയതും തന്റെ അനുചരന്മാരായ കൈതേരി അമ്പുവിനും കണ്ണവത്ത് ശങ്കരൻ നമ്പ്യാർക്കും ബ്രിട്ടീഷുകാരിൽ നിന്നും നിരന്തരം നേരിടേണ്ടിവന്ന അനുശാസനങ്ങളും ഈ യുദ്ധങ്ങൾ ഉണ്ടാവാനുള്ള കാരണങ്ങളാണ്.[3] ഇന്ത്യ പിടിച്ചെടുക്കാനുള്ള യുദ്ധങ്ങളിൽ ബ്രിട്ടീഷുകാർക്ക് ചെയ്യേണ്ടിവന്ന ഏറ്റവും ദൈർഘ്യമേറിയ യുദ്ധങ്ങളാണ് ഇവ. ആംഗ്ലോ-മൈസൂർ യുദ്ധങ്ങളേക്കാളും ആംഗ്ലോ-മറാത്ത യുദ്ധങ്ങളേക്കാളും സിക്കു യുദ്ധങ്ങളേക്കാളും പോളിഗാർ യുദ്ധങ്ങളേക്കാളും ദീർഘമായിരുന്നു പഴശ്ശി യുദ്ധങ്ങൾ. ബ്രിട്ടീഷുകാരുടെ ഇന്ത്യായുദ്ധങ്ങളിൽ ഏറ്റവും രക്തരൂഷിതമായവയും പഴശ്ശിയുദ്ധങ്ങളായിരുന്നു. 10 വർഷത്തെ യുദ്ധത്തിൽ എതിരിട്ട ബ്രിട്ടീഷ് സേനകളുടെ 80 ശതമാനവും നഷ്ടമായി. [4] ആറളത്തെയും വയനാട്ടിലെയും മലകളിലെ കാടുകളെ ചുറ്റിപ്പറ്റി ഗറില്ലായുദ്ധമുറകളായിരുന്നു പഴശ്ശിയുടെ സേനകൾ ഉപയോഗിച്ചിരുന്നത്. യഥാർത്ഥയുദ്ധം നടക്കുന്ന മേഖലകൾ മൈസൂർ മുതൽ അറബിക്കടൽ വരെയും കുടക് മുതൽ കോയമ്പത്തൂർ വരെയും വ്യാപിച്ചിരുന്നു. ഏറ്റവും രൂഷമായ യുദ്ധം നടന്നത് 1797, 1800 മുതൽ 1801 വരെ, 1803 മുതൽ 1804 എന്നീ വർഷങ്ങളിലായിരുന്നു [5] നിരന്തരമായ തിരിച്ചടികൾ നേരിടേണ്ടി വന്ന ബ്രിട്ടീഷ് സൈന്യത്തിന് ബോംബെ റജിമെന്റിനെ തിരിച്ചുവിളിച്ച് പകരം മദിരാശി റജിമെന്റിനെ വിന്യസിക്കേണ്ടിയും വന്നിട്ടുണ്ട്. 1803 -ൽ 8000 ഉണ്ടായിരുന്ന സേനാബലം 1804 -ന്റെ തുടക്കത്തിൽ 14000 ആക്കി ഉയർത്തിയിരുന്നു.[6] ആർതർ വെല്ലസ്ലി തോറ്റ എക യുദ്ധമാണ് പഴശ്ശിയുദ്ധം. പഴശ്ശിരാജാവ് ജീവിച്ചിരിക്കുമ്പോൾ യുദ്ധം ജയിക്കാൻ സാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.[7] അതു ശരിയായിത്തീരുകയും ചെയ്തു. 1805 നവമ്പർ 30 -ന് പഴശ്ശിരാജാവ് മരിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽത്തന്നെ പഴശ്ശിയുദ്ധം തീരുകയും ചെയ്തു.[8] യുദ്ധാനന്തരം പഴശ്ശിയുടെ രാജ്യം മലബാർ ജില്ലയുടെ ഭാഗമാവുകയും ചെയ്തു.[9] തുടക്കത്തിൽ 6000 പടയാളികൾ ഉണ്ടാായിരുന്ന ഇംഗ്ലീഷുകാർ പിന്നീട് 1800 -ൽ 8000 ആയും 1804 -ൽ 14000 ആയും ഉയർത്തിയിരുന്നു. 1800 മുതൽ 1804 വരെ ആർതർ വെല്ലസ്ലിക്കായിരുന്നു യുദ്ധത്തിന്റെ ചുമതല.[10] കൃത്യമായി എത്ര സൈന്യം പഴശ്ശിക്ക് ഉണ്ടായിരുന്നുവെന്ന് അറിയില്ല. ഏതാണ്ട് 2000 -നും 6000 -നും ഇടയ്ക്ക് ആയേക്കാമെന്ന് കരുതുന്നു.[11] തോക്കുകൾ ധാരാളമായി ഉണ്ടായിരുന്നെങ്കിലും വെടിമരുന്ന് ക്ഷാമം പഴസ്സിസൈന്യത്തിന് ഉണ്ടായിരുന്നു [12] അതിനാൽ 1799 -നു ശേഷം അമ്പും വില്ലും വാളുമായിരുന്നു പ്രധാന ആയുധങ്ങൾ. 10 വർഷത്തെ യുദ്ധത്തിൽ ബ്രിട്ടീഷുകാർക്ക് അവരുടെ 80 ശതമാനം യൂറോപ്പുകാരായ സൈനികരെയും സിപ്പായികളെയും നഷ്ടമായി. പഴശ്ശി സൈന്യത്തിലെ ആൾനാശത്തെപ്പറ്റി കൃത്യമായ കണക്കുകൾ ലഭ്യമല്ല.[13]

  1. Malabar Manual, William Logan, 1887
  2. Supplementary Dispatches and Memoranda of Field Marshal Arthur, Duke of Wellington, Edited, 1858.
  3. Refer Logan
  4. "Indian Atrocities" in "The Examiner" by George Strachan, 1817
  5. Refer Logan
  6. History of Madras Army, W.J Wilson
  7. Refer Wellingtom
  8. Refer Logan
  9. Refer Logan
  10. Refer Logan and Wilson
  11. Refer Wellington
  12. Wellington
  13. Refer Strachan

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക