വടക്കുനോക്കിയന്ത്രം

(Compass എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വടക്കുനോക്കിയന്ത്രം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വടക്കുനോക്കിയന്ത്രം (വിവക്ഷകൾ) എന്ന താൾ കാണുക. വടക്കുനോക്കിയന്ത്രം (വിവക്ഷകൾ)

പുരാതന കാലം മുതൽക്കേ ദിശ അറിയാൻ ഉപയോഗിക്കുന്ന ഉപകരണമാണ്‌ വടക്കുനോക്കിയന്ത്രം. സ്വതന്ത്രമായി ചലിക്കാനനുവദിച്ചാൽ ഒരു കാന്തസൂചി തെക്കുവടക്കു ദിശയിൽ നിലകൊള്ളും എന്ന തത്ത്വമാണ്‌ വടക്കുനോക്കിയന്ത്രത്തിന്റെ അടിസ്ഥാനം. ഭൂമിയുടെ ദക്ഷിണധ്രുവം കാന്തസൂചിയുടെ ഉത്തരധ്രുവത്തെ ആകർഷിക്കുന്നു. അതുപോലെ ഭൂമിയുടെ ഉത്തരധ്രുവം കാന്തത്തിന്റെ ദക്ഷിണധ്രുവത്തെ ആകർഷിക്കുന്നു. 2-ആം നൂറ്റാണ്ടിൽ പുരാതന ചൈനയിൽ ആണ്‌ വടക്കുനോക്കിയന്ത്രം കണ്ടുപിടിച്ചതെന്നു കരുതപ്പെടുന്നു. എങ്കിലും ദ്രവരഹിത വടക്കുനോക്കിയന്ത്രം കണ്ടുപിടിച്ചത് ഏകദേശം 1300ഓടെ മദ്ധ്യകാല യൂറോപ്പിൽ ആണ്‌. 11-ആം നൂറ്റാണ്ടോടെ ഇത് ദേശാന്തരഗമനങ്ങളിൽ ഉപയോഗിച്ചു തുടങ്ങി.

float
float

കാന്തസൂചിയാൽ നിർമ്മിതമായ വടക്കുനോക്കിയന്ത്രങ്ങൾക്ക് ചില പരിമിതികൾ ഉണ്ട്. ഭൗമ കാന്തിക ക്ഷേത്രമല്ലാതെ മറ്റേതെങ്കിലും കാന്തികമണ്ഡലമോ, വൈദ്യുത പ്രവാഹം മൂലമുള്ള കാന്തികമണ്ഡലമോ അല്ലെങ്കിൽ കാന്തിക വസ്തുക്കളുടെ സാമീപ്യം മൂലമോ കാന്തസൂചിയുടെ സ്ഥാനം വ്യത്യാസപ്പെടാം. തന്മൂലം അത് കാണിക്കുന്ന ദിശയുടെ കൃത്യത കുറയുന്നു. ഈ പ്രശ്നം പരിഹരിക്കാൻ ഭൂമിയുടെ കാന്തക്ഷേത്രത്തിൽ അധിഷ്ഠിതമല്ലാത്ത ഗൈറോ കോമ്പസ്, അസ്ട്രോ കോമ്പസ്, ഫൈബർ ഒപ്റ്റിക് ഗൈറോ കോമ്പസ് മുതലായ ആധുനിക ഉപകരണങ്ങൾ ലഭ്യമാണ്‌. ഇവയുടെ മറ്റൊരു മെച്ചം, കാന്തിക ഉത്തര ദിശ അല്ലാതെ കേവല ഉത്തര ദിശ കാണിക്കുന്നു എന്നതാണ്‌. എങ്കിലും വിലക്കുറവും ലളിതമായ രൂപഘടനയും പ്രവർത്തനത്തിനു വൈദ്യുതി ആവശ്യമില്ല എന്ന മെച്ചവും ഒക്കെ കാരണം കാന്തസൂചിയിൽ അധിഷ്ഠിതമായ വടക്കുനോക്കിയന്ത്രങ്ങൾക്ക് ഇപ്പോഴും നല്ല പ്രചാരമാണ്‌.

ചരിത്രം

തിരുത്തുക

വടക്കുനോക്കിയന്ത്രത്തിനു മുൻപുള്ള ദിശാനിർണ്ണയ രീതികൾ

തിരുത്തുക

ആകാശഗോളങ്ങളുടെ സ്ഥാനം, പ്രാദേശികമായ അടയാളങ്ങൾ മുതലായവയായിരുന്നു വടക്കുനോക്കിയന്ത്രം കണ്ടുപിടിക്കപ്പെടുന്നതിനു മുൻപ് സമുദ്രസഞ്ചാരത്തിൽ തങ്ങളുടെ സ്ഥാനം, ലക്ഷ്യം, ദിശ എന്നിവ നിർണ്ണയിക്കാൻ സഞ്ചാരികൾ ഉപയോഗിച്ചിരുന്നത്. കര തങ്ങളുടെ ദൃഷ്ടിയിൽ നിന്ന് മറയാതെ സൂക്ഷിക്കുകയും ചെയ്യുമായിരുന്നു പുരാതൻ നാവികന്മാർ. വടക്കുനോക്കിയന്ത്രത്തിന്റെ കണ്ടുപിടിത്തത്തോടെ ഇത്തരം പരിമിതികളില്ലാതെ, ആകാശം മേഘാവൃതമായിരിക്കുമ്പോഴും ദിശാനിർണ്ണയം സാധ്യമായി. അതോടെ കരയിൽ നിന്ന് വളരെ ദൂരേയ്ക്ക് സഞ്ചരിക്കാനും അതുവഴി വ്യാപാരബന്ധങ്ങൾ സ്ഥാപിക്കാനും അവർക്ക് കഴിഞ്ഞു. അങ്ങനെ കണ്ടുപിടിത്തങ്ങളുടെ ഒരു യുഗം പിറക്കുകയായി.

ഓമെക് നിർമ്മിതി

തിരുത്തുക

പുരാതന മെക്സിക്കോയിലെ ഓമെക് സംസ്കാര നിർമ്മിതിയായ ക്രി. മു. 1400-1000 കാലഘട്ടത്തിലേതെന്നു കരുതപ്പെടുന്ന ചില ഹേമറ്റൈറ്റ് വസ്തുക്കളിൽ നടത്തിയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ ജ്യോതിശാസ്ത്രജ്ഞനായ ജോൺ കാൾസണിന്റെ അഭിപ്രായപ്പെടുന്നത്, അവർ പ്രകൃത്യാ കാന്തികമായ കല്ലുകൾ ജ്യോതിശാസ്ത്രപരവും ഭൗമശാസ്ത്രപരവുമായ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നുവെന്നാണ്‌. ഇത് വാസ്തവമാണെങ്കിൽ ചൈനക്കാർ കാന്തക്കല്ലുകൾ ഇത്തരം ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തി എന്നു കരുതപ്പെടുത്തതിനു ഏകദേശം ഒരു സഹസ്രാബ്ദത്തോളം മുൻപു തന്നെ ഓമെക് സംസ്കാരത്തിൽ അവ കണ്ടുപിടിക്കുകയും ഉപയുക്തമാക്കുകയും ചെയ്തിരിക്കുന്നു. മിനുസപ്പെടുത്തിയ ഒരു കാന്തക്കല്ലിന്റെ ചതുരക്കട്ടയുടെ കഷണമായി കരുതപ്പെടുന്ന ഈ ഓമെക് അവശിഷ്ടം ഇപ്പോൾ 35.5 ഡിഗ്രി വടക്കു പടിഞ്ഞാറു ദിശയിൽ നിലകൊള്ളുന്നു. പൂർണ്ണരൂപത്തിൽ അതു തെക്കുവടക്കു ദിശയിൽ നിലകൊണ്ടിരുന്നുവെന്ന് അനുമാനിക്കുന്നു.

ചൈനക്കാരുടെ കണ്ടുപിടിത്തങ്ങൾ

തിരുത്തുക

വടക്കുനോക്കിയന്ത്രസംബന്ധിയായ ആദ്യകാല ചൈനക്കാരുടെ കണ്ടുപിടിത്തങ്ങൾ ദിശാനിർണ്ണയത്തിനായിരുന്നില്ലത്രേ. മറിച്ച് ഫെങ് ഷൂയി എന്നറിയപ്പെടുന്ന ചൈനീസ് വാസ്തുവിദ്യ പ്രകാരം കെട്ടിടങ്ങളും ചുറ്റുപാടുകളും ഭൗമകാന്തികമണ്ഡലവുമായി സമരസപ്പെടുത്താനായിരുന്നു. മാഗ്നറ്റൈറ്റിന്റെ പ്രത്യേക രൂപമായ ചില കാന്തക്കല്ലുകൾ കൊണ്ടായിരുന്നു ഇവ നിർമ്മിക്കപ്പെട്ടത്.

"https://ml.wikipedia.org/w/index.php?title=വടക്കുനോക്കിയന്ത്രം&oldid=3091265" എന്ന താളിൽനിന്ന് ശേഖരിച്ചത്