കടലാക്രമണം
തീരപ്രദേശങ്ങളിൽ പ്രകൃതിക്ഷോഭം, തരംഗ പ്രവർത്തനം, വേലായ പ്രവർത്തനം (tidal action), കടലോര (littoral current) മുതലായവ കാരണമായി കര ഇടിഞ്ഞും കരളൽ മൂലവും ഗണ്യമായ മാറ്റങ്ങൾ വരുന്ന പ്രക്രിയക്കാണ് കടലാക്രമണം എന്നു പറയുന്നത്.[1][2] സ്വതേ ഒരു നീണ്ട കാലയളവിൽ കടലോരം സ്ഥിരരൂപം പാലിക്കുമെന്നു പ്രതീക്ഷിക്കാവുന്നതല്ല. പ്രകൃത്യാ ഉണ്ടാകുന്ന രൂപഭേദം ഒരു ചെറിയ കാലയളവിലോ, ഒന്നു രണ്ടു തലമുറയ്ക്കകത്തോ, ചിലപ്പോൾ ഒരു കൊടുങ്കാറ്റു മൂലമോ ഉണ്ടാകുകയും അത് മനുഷ്യരാശിയുടെ സാമൂഹ്യ സാമ്പത്തിക രംഗങ്ങളെയും ജീവധനാദികളെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യാം.
കടൽത്തീര രൂപീകരണം
തിരുത്തുകഭൂമിയുടെ ഉപരിതലം വളരെയേറെക്കാലത്തെ ഭൗമശാസ്ത്ര പ്രക്രിയകളുടെ ഫലമാണ്. കടൽത്തീരങ്ങളുടെ ഇന്നത്തെ അവസ്ഥ ഏകദേശം 13000 വർഷങ്ങൾക്കു മുമ്പ് ഉണ്ടായിരുന്ന ഹിമയുഗം ക്ഷയിച്ചു തുടങ്ങിയതു മുതൽ ഇന്നേവരെയുള്ള ദീർഘകാലത്തെ പരിവർത്തനങ്ങളുടെ ഫലമാണ്. ഇന്നത്തെ സമുദ്രതലത്തിന്റെ ഏകദേശം 137 മീറ്റർ താഴെ ആയിരുന്നിരിക്കണം അന്നത്തെ സമുദ്രതലം ഹിമം ഉരുകിയതോടെ ഇത് ഏകദേശം ഒരു നൂറ്റാണ്ടിൽ ഒരു മീറ്റർ എന്ന തോതിൽ ഉയർന്നു. ഏകദേശം 6000 കൊല്ലങ്ങൾക്കു മുമ്പ് ഈ തോത് കുറഞ്ഞുവരുകയും 3000 വർഷങ്ങൾക്കു മുമ്പ് ജലതലം ഏതാണ്ട് ഇന്നത്തെ നിലവാരത്തിൽ എത്തുകയും ചെയ്തു. ഇപ്പോൾ അത് ഏകദേശം ഒരു നൂറ്റാണ്ടിൽ 150 മി. മീ. കണക്കിൽ ഉയരുന്നു എന്നാണ് കണക്കാക്കിയിരിക്കുന്നത്. കഴിഞ്ഞ 3000 വർഷങ്ങളായി ജലനിരപ്പിന് ഗണ്യമായ വ്യത്യാസം ഉണ്ടായിട്ടില്ല എന്നർഥം. ജലതലത്തിന്റെ ഉയർച്ച ചെറിയ പാറക്കഷണളെയും മൺതരികളെയും തരംഗപ്രവർത്തനം കൊണ്ട് ചരിവുകുറഞ്ഞ ഉറച്ചതീരങ്ങളിൽ നിക്ഷേപിക്കുകയും തത്ഫലമായി ഇന്നു നാം കാണുന്ന തരത്തിലുള്ള പുതിയ കടൽപ്പുറങ്ങൾ (beaches) രൂപംകൊള്ളുകയും ചെയ്തു.[3] വലിയ നദികൾ സമുദ്രതലത്തോട് സന്ധിക്കുന്ന സ്ഥലങ്ങളിൽ മണ്ണും ചെളിയും നിക്ഷേപിച്ച് പുതിയ കരകളും തിട്ടകളും രൂപീകരിച്ചു. അതോടനുബന്ധിച്ച് കായലുകളും ചതുപ്പുകളും ഉണ്ടായി. ഉയർന്ന അക്ഷാംശങ്ങളിൽ ഹിമനദികൾ (glaciers) തൂക്കായ ഭൂതലങ്ങൾ കരണ്ട് താഴ്വാരങ്ങളിൽ നിക്ഷേപിച്ച ഉരുണ്ട പാറക്കഷണങ്ങളെയും മൺതരികളെയും ചേർത്ത് സമുദ്രത്തിലെ ഒഴുക്കുകളും ഓളങ്ങളും ബീച്ചുകളായി രൂപപ്പെടുത്തി. സമുദ്രതലം താരതമ്യേന സ്ഥിരത കൈവരിച്ചതോടെ കരരൂപീകരണ പ്രക്രിയയുടെ ആക്കം കുറഞ്ഞു. ഇന്നത്തെ അവസ്ഥയിൽ കടലാക്രമണം മൂലം നശിക്കുന്നതിനേക്കാൾ കൂടുതൽ കര സമുദ്രതലത്തിനു മുകളിൽ ഉണ്ടാകുന്നു എന്നാണ് നിഗമനം. 1911--ൽ അവസാനിച്ച ഒരു പഠനത്തിൽ അതിനുമുമ്പുള്ള കൊല്ലങ്ങളിൽ ബ്രിട്ടനിൽ 2687 ഹെക്റ്റർ പുതിയ കര നഷ്ടപ്പെടുകയും 19487 ഹെക്ടർ പുതിയകര ഉണ്ടാകുകയും ചെയ്തതായി കാണുന്നു. പക്ഷേ നഷ്ടപ്പെട്ട ഭൂമി പലപ്പോഴും മനുഷ്യപ്രയത്നം കൊണ്ടു സാമ്പത്തിക മൂല്യം നേടിയതും, പുതിയ കര കല്ലും മണ്ണും ചെളിയും നിറഞ്ഞു താഴ്ന്നതും പെട്ടെന്ന് ഉപയോഗയോഗ്യമാക്കാൻ പ്രയാസമുള്ളതും ആണ്. ഏതായാലും മൊത്തം കടൽക്കരകളിൽ അധികപങ്കിന്റെയും ലാഭനഷ്ടത്തെപ്പറ്റി വിശദമായി ഒരു പഠനം നടന്നിട്ടില്ല. വ്യാവസായിക മുന്നേറ്റം കൊണ്ടും ജനനിബിഡത ശാസ്ത്രപുരോഗതി കൊണ്ടും മുന്നേറിയ ബ്രിട്ടൺ, യു. എസ്., ജർമനി, ജപ്പാൻ, യു. എസ്. എസ്. ആർ. മുതലായ രാജ്യങ്ങളുടെ സാമ്പത്തിക പ്രാധാന്യമുള്ള തീരഭാഗങ്ങളും ലോകത്തെങ്ങും പ്രധാന തുറമുഖങ്ങളോട് അനുബന്ധിച്ചുള്ള മേഖലകളും മാത്രമാണ് വിശദമായ പഠനത്തിനു വിധേയമായിട്ടുള്ളത്.[4]
കടലാക്രമണത്തിന്റെ അന്തിമഫലങ്ങൾ തീരശിലകളുടെ ഉറപ്പിനെയും മൺതരികളുടെ ഗുണങ്ങളെയും പ്രത്യേകിച്ചു തരികളുടെ വലിപ്പത്തെയും കനത്തെയും കൂടി ആശ്രയിച്ചിരിക്കും. തീരങ്ങൾ ഇന്നത്തെ രൂപം പ്രാപിച്ചതും ഈ ഘടകങ്ങളെ ആശ്രയിച്ചു തന്നെയാണ്. കടൽത്തീരങ്ങളെ സംബന്ധിച്ച പഠനങ്ങളിൽ പഠനോദ്ദേശ്യം അനുസരിച്ച് കരകളെ പലതരത്തിൽ വർഗീകരിക്കാറുണ്ട്.[5] ജലതലത്തിന്റെ ക്രമമായ ഉയർച്ചയിൽ ഉണ്ടായ തീരരൂപമാണോ അതോ ഹിമവാഹികളും നദികളും സമുദ്രം|സമുദ്രതിര]] പ്രക്രിയകളും നികത്തിയെടുത്ത കരയാണോ എന്നുള്ളത് വളരെ പ്രസക്തമാണ് അതുപോലെ തീരഭാഗത്ത് കടൽ അടുത്ത കുറേ കാലങ്ങളായ മുന്നേറിക്കോണ്ടിരിക്കുകയാണോ പിൻവാങ്ങുകയാണോ എന്നുള്ള എന്നുള്ള വസ്തുതയും പ്രധാനമാണ്. തീരപ്രദേശങ്ങളില്ലാത്ത തൂക്കായ ഉറച്ച പാറയാണെങ്കിൽ കടലാക്രമണം ഏശുകയില്ല. പക്ഷേ സ്തരങ്ങളുള്ളതാണെങ്കിൽ അവയിലെ മൃദുവായ ശിലകൾ തരംഗ പ്രവർത്തനഫലമായി ക്രമേണ കരണ്ട് ക്ഷയിച്ചുപോകും ഇതിന്റെ ഫലമായി ദുർബലമായി തീരുന്ന ഭാഗങ്ങൾ പെട്ടെന്ന് ഇടിഞ്ഞു വീഴാനും ഇടയുണ്ട്. തൂക്കായ പാറക്കെട്ടുകളോടു ചേർന്ന് വീതികുറഞ്ഞു താഴ്ന്ന തിട്ടകൾ പാറ കരെണ്ടെടുക്കുന്നതിനുതകുന്ന കൽക്കഷണങ്ങളും മൺതരികളും തരംഗത്തിന് സംഭാവന ചെയ്യും. ഒരു നീണ്ട കാലയളവിൽ ഈ പ്രക്രിയ എത്ര ഉറച്ചപാറയ്ക്കും. ഉറച്ച് കഠിനമായ കരിങ്കല്ല് നോർവേയിലെ ഫിയോഡ് (fjord)കൾ പോലെ ഉരുണ്ട ഗോളരൂപത്തിലോ പരന്ന തലങ്ങളായോ കരണ്ടുപോകും.[6] ഉറച്ച ബസാൾട്ട് (basalt) പാറകൾ തൂണുകൾ പോലെയോ തൂൺ കൂട്ടങ്ങൾ രൂപം പ്രാപിക്കും.[7] ന്യൂയോർക്കിൽ ഹഡ്സൺ നദീ മുഖത്തുള്ള പാലിസേഡ്സ് (palisades) എന്ന പ്രകൃതിദൃശ്യം ഇങ്ങനെ ഉണ്ടായതാണ്.[8]
മണൽക്കല്ല് (sand stone), ചുണ്ണാമ്പുകല്ല് (lime stone), വെട്ടുകല്ല് മുതലായ കാഠിന്യം കുറഞ്ഞശിലകൾ എളുപ്പം കരളിനു വിധേയമാകും. അതുകൊണ്ടുണ്ടാകുന്ന ഇടിയലും ശിലയുടെ ലേയത്വ വൈവിധ്യവും (difference in solubility) കാരണം ഇത്തരം തീരങ്ങൾ ചെങ്കുത്തു പാറകളായോ പടിപടിയായോ രൂപപ്പെടുന്നു. ഹിമനദികൾ ഉത്പാദിപ്പിച്ച കടൽത്തീരങ്ങൾ ഉരുണ്ട പാറകൾ ഉള്ളവയാണ്. കടലിന്റെ പ്രവർത്തനം കൊണ്ടുണ്ടായ കരകൾ മണൽത്തിട്ടകളാണ്. നദീ മുഖങ്ങളോടനുബന്ധിച്ച് ചെളിത്തിട്ടകൾ ഉണ്ടാകും. താരതമ്യേന അടുത്ത കാലത്തുണ്ടായ കാറ്റിന്റെയോ, ശക്തിയായ വേലായ പ്രവർത്തനത്തിന്റെയോ, തിരയടിയുടെയോ ഫലമായി ക്രമേണചരിഞ്ഞ് പെട്ടെന്ന് സമതലമായ മണൽപ്പുറമോ, സമാന്തര തിട്ടകളായ മണൽക്കൂനകളോ (dunes) ആയിക്കാണാവുന്നതാണ്. ഇത്തരം കടൽത്തീരങ്ങളിലാണ് കടലാക്രമണം പെട്ടെന്നു ദൃശ്യമാക്കുന്നത്. മണൽത്തരികളുടെ വലിപ്പവും ഘനവും ആഘാതത്തെ സ്വാധീനിക്കുന്ന നിർണ്ണായക തരംഗ പ്രവർത്തനത്തിന്റെ ഫലത്തെ നിർണയിക്കുന്ന ഘടകങ്ങളാണ് ചവറയ്ക്കടുത്തുള്ള മോണസൈറ്റ് (monazite), ഇൽമെനൈറ്റ് (Ilmenite) ധാതുനിക്ഷേപങ്ങൾ ഇതിന്റെ പ്രകടമായ ഉദാഹരണങ്ങളാണ്.[9][10]
തീരധാരകൾ കൊണ്ടോ, നദീനിക്ഷേപങ്ങൾ കൊണ്ടോ കരയ്ക്കു സമാന്തരമായി കടലിൽ, കരയിൽ നിന്ന് വിട്ടുമാറി നീണ്ട തിട്ടകൾ പലസ്ഥലത്തും ഉണ്ടാകാറുണ്ട്. ഇത്തരം തിട്ടകൾ തരംഗങ്ങൾക്കും വേലിയേറ്റങ്ങൾക്കും ശക്തി കുറയ്ക്കുന്നു. ആലപ്പുഴയ്ക്കടുത്ത് ഇടവപ്പാതിക്കാലത്ത് ചാകരയുണ്ടാകുന്ന പ്രദേശവും വൈപ്പിൻകരപോലെ താരതമ്യേന സ്ഥിരരൂപം പ്രാപിച്ച തിട്ടകളും ഇതിനുദാഹരണങ്ങളാണ്.
കാരണങ്ങളും രൂപങ്ങളും
തിരുത്തുകസമുദ്രതലത്തിന്റെ പ്രവർത്തന പ്രതിപ്രവർത്തനങ്ങൾ കരയിൽ താമസിക്കുന്ന മനുഷ്യ സമൂഹത്തിന് ഉപദ്രവമായി പരിണമിക്കുമ്പോഴാണ് അതിനെ കടലാക്രമണം എന്നു വ്യവഹരിക്കുന്നത്. ഈ വീക്ഷണത്തിൽ സാധാരണ കണ്ടുവരുന്ന കടലാക്രമണ രൂപങ്ങൾ ഇനിപ്പറയുന്നവയാണ്.
അതിശക്തമായ തരംഗങ്ങൾ കരയെ ആക്രമിച്ച് കുറേക്കാലമായി നിലവിലുണ്ടായിരുന്ന തീരരേഖ (shore line) നശിപ്പിക്കുകയും അലകൾ കരയ്ക്കു കയറി നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്യുക; പെട്ടെന്നുണ്ടാകുന്ന ശക്തമായ പ്രകൃതിക്ഷോഭം മൂലമാണ് ഇതുണ്ടാകുന്നത്. കടലിനോടടുത്ത് കരയ്ക്കു താമസിക്കുന്ന മനുഷ്യർക്കും അവരുടെ സമ്പത്തിനും ഇത്തരം കടലാക്രമണം വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കാറുണ്ട്. ഇത്തരം തരംഗങ്ങൾ ഉയർന്ന വേലിയേറ്റം ഭൂമികുലുക്കം, കൊടുംകാറ്റുകൾ മുതലായ ഒന്നിലധികം കാരണങ്ങൾ ഒത്തുചേർന്ന് ഉണ്ടാകുമ്പോൾ ജീവനാദികൾക്കുണ്ടാക്കാൻ സാധ്യതയുള്ള അപകടങ്ങൾ അവർണനീയമാണ്. 1978 നവമ്പറിൽ ആന്ധ്രാപ്രദേശിൽ ഡിവി എന്ന മുനമ്പിൽ ഉണ്ടായ കൊടുംങ്കാറ്റും കടലാക്രമണവും 20,000 അധികം പേരുടെ ജീവൻ അപഹരിച്ചു. കോടിക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ടായി. ഉഷ്ണമേഖലയിൽ ഉണ്ടാകുന്ന അതിശക്തമായ കൊടുങ്കാറ്റുകൾ സാധാരണ ഭൂഖണ്ഡങ്ങളുടെ കിഴക്കേ കരയിലാണ് കണ്ടുവരുന്നത്.
സമുദ്രങ്ങളുടെ അടിത്തട്ടിൽ ഭൂഅഭിനതികളിൽ ശക്തമായ ഭൂമികുലുക്കങ്ങൾ ഉണ്ടാകാറുണ്ട്. ജലത്തിലെ അതിവേഗം സഞ്ചരിക്കുന്ന ആഘാതതരംഗങ്ങൾ (tsunami) വളരെ ഊർജ്ജം സമാഹരിക്കുന്നവയാണ്. തീരത്തോടടുക്കുമ്പോൾ ഇവ വളരെ ഉയർന്ന തരംഗപരമ്പരകളായി കരയിലേക്ക് അതിശക്തമായി അടിച്ചുകയറി ഭയാനകമായ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നു. സുനാമി എന്നറിയപ്പെടുന്ന ഈ വൻതരംഗങ്ങൾ പസഫിക് കരകൾക്കും പ്രത്യേകിച്ച് ജപ്പാൻ, ഹവായ് മുതലായ ദ്വീപതീരങ്ങൾക്കും ഭീമ പ്രകൃതികോപ ഭീഷണിയാണ്. അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുന്ന വൻതരംഗങ്ങൾ ഉണ്ടാകുന്നതിനു മുമ്പ് കൊടുങ്കാറ്റ്, മഴ മുതലായ ലക്ഷണങ്ങൾ ഉണ്ടാകാത്തതുകൊണ്ട് ഇവയെ പ്രവചിക്കുന്നതിനും രക്ഷാപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും പ്രയാസമാണ്. അടുത്തകാലത്ത് ഭൂമികുലുക്കങ്ങൾ പ്രവചിക്കുവാനുള്ള കഴിവ് വർധിച്ചതിനെ തുടർന്ന് ജപ്പാനിലും യു.എസ്സിന്റെ പടിഞ്ഞാറൻ കരയിലും ഏകദേശം മുമ്പുതന്നെ മുന്നറിയിപ്പു കിട്ടത്തക്കവണ്ണം ആവശ്യമായ ശാസ്ത്രീയമാർഗങ്ങൾ അവലംബിച്ചിട്ടുണ്ട് സാധാരണ വേലിയേറ്റപ്രവർത്തനം വളരെ ക്രമമായ ഒരു പ്രക്രിയയാണ്. പക്ഷേ ചില പ്രത്യേകാവസരങ്ങളിൽ മറ്റു കാലാവസ്ഥാഘടകങ്ങൾകൂടി ചേർന്ന് വേലിയേറ്റം സാധാരണ സീമകൾ ലംഘിക്കുമ്പോഴാണ് അപകടകാരിയാകുന്നത് സാധാരണഗതിയിൽത്തന്നെ വേലിയേറ്റപ്രവർത്തനം ഒരു പ്രത്യേക തീരഭാഗം തുടർച്ചയായി കരളുന്നതിനു കാരണമാകാം. ഇതു മനുഷ്യനിർമിതമായ ജട്ടികൾ, തുറമുഖങ്ങൾ മുതലായ സംരചനകൾക്ക് കേടു വരുന്നതിനും ഇടയാകാറുണ്ട്.[11]
കാറ്റിന്റെ ദിശയും കരയോടടുത്ത അടിത്തട്ടിന്റെ ചരിവും രൂപവും തരംഗങ്ങൾ കരയ്ക്ക് വന്നടിക്കുന്നതിന്റെ കോണത്തിന് (angle) വ്യത്യാസം വരുത്തുന്നു. ഈ കോണം, തരംഗങ്ങൾ തീരപദാർഥങ്ങളെ കരയ്ക്കു സമാന്തരമായി ഒഴുക്കി മാറ്റുന്ന ദിശയും തോതും നിയന്ത്രിക്കുന്നു. നദീമുഖങ്ങളോടു ചേർന്നും, ഗൾഫ് സ്ട്രീം (Gulf Stream) പോലെ വലിയ കടൽധാരകളോടനുബന്ധിച്ചും കടൽത്തീരത്ത് സ്ഥിരമായ ധാരകൾ പ്രവർത്തിക്കുന്നുണ്ടാവാം. ഇത്തരം ധാരകൾ പുതിയ കരകൾ രൂപീകരിക്കുന്നതിനും ചില കരകൾ കരളുന്നതിനും കാരണമാകാറുണ്ട്.
ശക്തിയായ കാറ്റ് മണൽതിട്ടകളുടെ ഉപരിതലം രൂപീകരിക്കുന്നതിനും തരികളെ വർഗീകരിക്കുന്നതിനും സഹായിക്കുന്നു. തിരകളുടെ പ്രധാന കാരണങ്ങളിലൊന്ന് എന്നനിലയിൽ വേലായപ്രവർത്തനങ്ങൾക്ക് ഏറ്റക്കുറച്ചിൽ ഉണ്ടാകാറുണ്ട്. കാറ്റ് കടലാക്രമണത്തിന്റെ ഒരു പ്രധാന കാരണമായി തീരുകയും ചെയ്യാറുണ്ട്.
തരംഗപ്രവർത്തനം
തിരുത്തുകകരയ്ക്കു വന്നടിക്കുന്ന അലകൾ ശിലാപിണ്ഡങ്ങളെ കരളുന്നു, പാറക്കഷണങ്ങളെ ഉരുട്ടിയും മറിച്ചും തമ്മിലടിപ്പിക്കുക മൂലവും പൊടിക്കുന്നു. മൺതരികളെ കരയിലേക്കും കടലിലേക്കും ചലിപ്പിക്കുന്നു. അലകളുടെ കരയുമായുള്ള കോണമനുസരിച്ച് കടലോരത്തിനു സമാന്തരമായി മൺതരികളെ അടിച്ചു കയറ്റുന്നത് കരയ്ക്കു രൂപഭേദം വരുത്തുന്നതിൽ ഒരു വലിയ പങ്കു വഹിക്കുന്നു.[12]
കാറ്റിന്റെ ഊർജ്ജം (energy) ജലതലത്തിലേക്ക് പകരുന്നത് തരംഗങ്ങൾ ഉണ്ടാകുന്നതിന് പ്രധാന കാരണമാണ്. ഈ പ്രക്രിയയെ സംബന്ധിച്ചുള്ള അറിവ് അപൂർണമാണ്. എണ്ണമറ്റ ഘടകങ്ങൾ ഉൾക്കൊള്ളുന്നത്കൊണ്ട് ഇക്കാര്യത്തിൽ വളരെ വൈവിധ്യവുമുണ്ട്. തരംഗങ്ങളുടെ പ്രവർത്തനം കൊണ്ട് ഒരു നിശ്ചിത തീരഖണ്ഡത്തിനുണ്ടാകുന്ന രൂപഭേദം മനസ്സിലാക്കുന്നതിനും, പ്രവർത്തനങ്ങൾ പ്രവചിക്കുന്നതിനും, പ്രധിവിധികൾ നിർദ്ദേശിക്കുന്നതിനും താഴെപ്പറയുന്ന ഘടകങ്ങളെ സംബന്ധിച്ച വിവരങ്ങൾ തുടർച്ചയായ നിരീക്ഷണം കൊണ്ട് ശേഖരിക്കേണ്ടതാണ്:[13]
- കരയുടെ ചരിവും പ്രവർത്തനം ബാധിക്കുന്ന സീമകളും;
- പലകാലാവസ്ഥയിലും പലസമയങ്ങളിലും തരംഗങ്ങളുടെ അളവുകൾ;
- ഉയരം (height)-തടം മുതൽ ശീർഷം വരെയുള്ള അളവ്,
- തരംഗദൈർഘ്യം (wave length)-തരംഗങ്ങൾ തമ്മിലുള്ള ശീർഷം മുതൽ ശീർഷം വരെയുള്ള അകലം,
- ആവർത്തന കാലം (frequency),
- കരയോടടുത്തുവരുമ്പോൾ, അലകൾ തലമറിയുന്ന രേഖയുടെ സീമകൾ (limit of line of breakers),
- പല കാലാവസ്ഥയിലും അലകൾ അടിക്കുന്ന ദിശകൾ,
- കരയിലും, കരയോടടുത്ത് അടിത്തട്ടിലും ഉള്ള മണ്ണിന്റെയും ശിലകളുടെയും ഗുണങ്ങൾ, പ്രത്യേകിച്ചു തരികളുടെ വലിപ്പവും ഘനത്വവും.
തരംഗഘടകങ്ങൾ കാലാവസ്ഥയും കറ്റും അനുസരിച്ച് വ്യത്യാസപ്പെടുന്നതാകയാൽ തുടരെ ഒരു വർഷമെങ്കിലും പലസമയങ്ങളിലും നിരീക്ഷണങ്ങൾ നടത്തി സാംഖ്യിക വിശകലനം (statistical analysis) ചെയ്തു ശരിയായ നിഗമനങ്ങളിൽ എത്തേണ്ടതാണ്.[14]
തരംഗപ്രവർത്തനം താത്വികമായി നിർണയിക്കുന്നത് പ്രായോഗികമല്ല. ഒരു നിശ്ചിത തീരഖണ്ഡത്തിൽ തുടരെയുള്ള നിരീക്ഷണങ്ങൾ കൊണ്ടു ശേഖരിച്ച വിവരങ്ങൾ താത്വികമായി പരിശോധിച്ച് അവിടെ ഉണ്ടാകാവുന്ന രൂപഭേദങ്ങൾ ഏകദേശം പ്രവചിക്കാവുന്നതാണ്. മേൽപ്പറഞ്ഞ ഘടകങ്ങൾ അളക്കുന്നതിനു പറ്റിയ പല ഉപകരണങ്ങളും ലഭ്യമാണ്. തരംഗഘടകങ്ങൾ ശാസ്ത്രീയമായി വിശ്ലേഷിക്കുന്നതിനുള്ള പരികലനങ്ങൾ സുസ്ഥാപിതമാണെങ്കിലും ഉപകരണങ്ങൾ മുറയ്ക്കു പരിഷ്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നുമുണ്ട്.[15]
വേലായ പ്രവർത്തനം
തിരുത്തുക(Tidal action). തരംഗങ്ങളെ അപേക്ഷിച്ച് വേലിയേറ്റ--വേലിയിറക്ക പ്രവർത്തനങ്ങൾ ക്രമത്തിലുള്ളതും പ്രവചന വിധേയവുമാണ്.[16] സ്ഥിരവും ക്രമവുമായ വേലിയേറ്റ--വേലിയിറക്കങ്ങൾ തരികളാൽ രൂപവത്കരിക്കപ്പെട്ട കടൽക്കരകൾക്ക് കാലക്രമത്തിൽ വരുത്തുന്ന രൂപഭേദം ചിലപ്പോൾ ആ സ്ഥലത്തുള്ള തരംഗപ്രവർത്തനത്തെക്കാൾ കൂടുതലാകാം. സൂര്യ ചന്ദ്രന്മാരുടെ ആകർഷണ ശക്തിയാണ് വേലായചക്രത്തിന് (tidal cycle) ആധാരമായിട്ടുള്ളത്.[17] കരയുടെ രൂപഭേദങ്ങളും കടലൊഴുക്കുകളും വേലായപ്രവർത്തനത്തിന്റെ സമയത്തിനും ആയാമത്തിനും (amplitude) വ്യത്യാസം വരുത്തുന്നുണ്ടെങ്കിലും അടിസ്ഥാനപരമായ ചാക്രിക സ്വഭാവത്തിനും (cyclic nature) സമയവ്യത്യാസത്തിനും സ്ഥിരതയുണ്ട്. ഒരുസ്ഥലത്ത് രണ്ടു മൂന്നു വർഷത്തെ നിരീക്ഷണങ്ങൾ കൊണ്ട് ഏറ്റസമയം, ഇറക്കസമയം ഏകദേശ സീമകൾ എന്നിവ പ്രവചന വിധേയമാക്കാം. ഇതിനവശ്യമായ ഗണിത പ്രക്രിയകൾ സുപ്രതിഷ്ഠിതവുമാണ്. പക്ഷേ കൊടുംകാറ്റുകൾ, ഭൂമികുലുക്കം മുതലായ അപ്രതീക്ഷിത കാരണങ്ങൾ കൊണ്ട് അതിശക്തമായ ഏറ്റങ്ങൾ ഉണ്ടാകാറുണ്ട്. അതുകൊണ്ട് ജീവധനാദികൾക്കും നാശനഷ്ടങ്ങൾ ഉണ്ടാവുക സാധാരണമാണ്.
പലപ്പോഴും വേലായപ്രവർത്തനം തീരപദാർത്ഥങ്ങളെ ഇളക്കി ഒഴുക്കുന്നതിനു ശക്തമല്ല. അലകൾകൊണ്ട് ഇളകുന്ന പദാർഥങ്ങളെ ഒഴുക്കി മാറ്റുന്നതാണ് അതിന്റെ സ്വഭാവം. ഒരു സ്ഥലത്ത് തുടർച്ചയായുള്ള നിരീക്ഷണങ്ങളെ താത്വികമായി വിലയിരുത്തിയാണ് വേലായപ്രവർത്തനത്തിന്റെ കടലാക്രമണ ശേഷിയെ വിലയിരുത്തേണ്ടത്. അതിനുള്ള പ്രതിവിധികൾ നിർണയിക്കുന്നതിലും ഈ തത്ത്വങ്ങളും നിരീക്ഷണങ്ങളും നിഗമനങ്ങളും കണക്കിലെടുക്കേണ്ടതാണ്.
കടലോരധാരകൾ
തിരുത്തുകകരയോടു ചേർന്നു കാലികമായോ സ്ഥിരമായോ ഏകദേശം കരയ്‌ക്കു സമാന്തരമായി തുടരെയുള്ള കടലോരധാര എന്നു പറയുന്നത്. അലകളുടെ ചരിവ്, നദികളുടെ നിർഗമനങ്ങൾ, കാറ്റുകൾ, കരയുടെ രൂപം മുതലായവ ഇതിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. കടലിൽ തന്നെയുള്ള ഒഴുക്കുകളും ഇതിനു കാരണമാകാം. തുടരെയുള്ള നിരീക്ഷണങ്ങൾ കൊണ്ടാണ് ഇതിന്റെ കാലികദിശകളും, ഊർജവും കരയുടെ രൂപവത്കരണത്തിൽ ഇതിനുള്ള പങ്കും പ്രതിരോധ പ്രവർത്തനങ്ങൾ കൊണ്ട് ഇതിനുണ്ടാകാവുന്ന വ്യത്യാസങ്ങളും നിർണയിക്കേണ്ടത്.
പ്രതിരോധ പ്രവർത്തനങ്ങൾ
തിരുത്തുകഅസാധാരണമായ പ്രകൃതിക്ഷോഭങ്ങൾ കൊണ്ടുണ്ടാകുന്ന കടലാക്രമണം ഇന്ന സ്ഥലത്ത് ഇന്ന സമയത്ത് ഉണ്ടാകുമെന്ന് പ്രവചിക്കുക സാധ്യമല്ല. അവകൊണ്ടുണ്ടാകാവുന്ന ജീവഹാനിയും സാമ്പത്തിക നഷ്ടവും മുൻകൂട്ടി കണക്കാക്കാവുന്നതുമല്ല. ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ കിഴക്കുഭാഗം പൊതുവിൽ തുലാവർഷ കാലത്തും കൊടുംകാറ്റുകൾ ഉണ്ടാകാവുന്ന ഒരു മേഖലയാണെന്നും, താഴ്ന്ന തീരപ്രദേശങ്ങൾ കടലാക്രമണത്തിന് ഇരയാകാനുള്ള സാധ്യതകളുണ്ടെന്നും അറിവുള്ളതാണ്. ഇതുപോലെ പല വൻകരകളിലും കടലാക്രമണ സാധ്യതയുണ്ടെന്ന് ചരിത്രംകൊണ്ടും കാലാവസ്ഥ, ജിയോളജീയപ്രക്രിയ എന്നിവയുടെ അടിസ്ഥാനത്തിലും അറിയാം. ഇത്തരം കരഭാഗങ്ങൾ സംരക്ഷിക്കുന്നതിനുള്ള സാങ്കേതികവിജ്ഞാനവും വിഭവശേഷിയും ഇനിയും ഉണ്ടായിക്കഴിഞ്ഞിട്ടില്ല. ലഭ്യമായ വിഭവ സാമ്പത്തികശേഷി വച്ചുകൊണ്ട് ഇതിനു നൽകാവുന്ന പരിഗണന താരതമ്യേന പരിമിതമാണെന്നും കാണാം. ജനപ്പെരുപ്പം, വാണിജ്യപ്രാധാന്യം, മറ്റു സാമ്പത്തിക പരിഗണന എന്നിവകൊണ്ട് പ്രധാനപ്പെട്ട സംരചനകളേയും ഭൂഭാഗങ്ങളെയും സംരക്ഷിക്കുക എന്നതു മാത്രമാണ് ഇക്കാലത്തു സാധ്യമാകുന്നത്. കാലാവസ്ഥയും പ്രകൃതിക്ഷോഭവും പ്രവചിക്കുന്നതിനുള്ള സാങ്കേതിക ശേഷി മുറയ്ക്കു പുരോഗമിക്കുന്നുണ്ട്. ഇത്തരം പ്രവചനങ്ങൾ കഴിയുന്നത്ര കൂടുതൽ പ്രദേശങ്ങളിൽ ഉടനുടൻ അറിയിക്കുന്നതിനുള്ള വാർത്താവിനിമയ ശൃംഖലയും ഉയർന്ന തോതിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള സംവിധാനവും ഉണ്ടാകുകയാണ് വേണ്ടത്. ഇൻഷുറൻസ് പദ്ധതികൾ വ്യക്തികളുടെ നഷ്ടങ്ങൾ കുറെയെല്ലാം പരിഹരിക്കുന്നതിനുപകരിക്കും
ഒരു നിശ്ചിത സീമയിലുള്ളയും അതോടുചേർന്നുള്ള സംരജനകളും സംരക്ഷിക്കുന്നതിന് അവശ്യമായ കരുതൽ നടപടികൾ സ്വീകരിക്കുന്നതിന് ഒരു മുന്നുപാധിയാണ് കരയുടേയും അതോടുചേർന്ന കടൽഭാഗത്തിന്റെയും എൻജിനീയറിങ് സർവേ (Engineering survey) നിർവഹിക്കുക എന്നത്. കാലാവസ്ഥയുമായി ബന്ധപ്പെട്ട ഘടകങ്ങൾക്ക് പ്രാധാന്യമുള്ളതുകൊണ്ട് ഒരാണ്ടിൽ കാലാവസ്ഥക്കനുസരിച്ച് പലതവണ സർവേ നടത്തണം. ഇത്തരം സർവേ തുടരെ രണ്ടുമൂന്നുകൊല്ലം നടത്തുകയാണെങ്കിൽ കടലാക്രമണത്തിന്റെ പ്രതിമാനം (pattern) നിശ്ചയിക്കാൻ കഴിയുന്നതാണ്. ഒരു പ്രധാന ജനപധത്തോടു ചേർന്ന കരയാണെങ്കിൽ ഒരു നീണ്ട ഭൂതകാലത്തെ കരയുടെ രൂപമാറ്റങ്ങൾ പല ചരിത്ര രേഖകളും, ഭൂസ്വത്തു രേഖകളും വഴി മനസ്സിലാക്കാം. വർത്തമാനകാലത്തെ നിരീക്ഷണങ്ങൾ കൊണ്ടുണ്ടായ നിഗമനങ്ങളുടെ യാഥാർത്ഥ്യം ഇവ സ്ഥിരീകരിക്കും.
സാധാരണ സർവേക്ഷണ രീതികൾക്കും ഉപകരണങ്ങൾക്കും പുറമേ വിമാനവും മറ്റും ഉപയോഗപ്പെടുത്തി തുടരെ എടുക്കുന്ന ഏരിയൽ ഫോട്ടോകൾ ഉപയോഗിച്ചുള്ള സർവേക്ഷണവും വളരെ പ്രയോജനകരമാണ്. പല ഘടകങ്ങളെയും അവയുടെ ആകെത്തുകയേയും ഒന്നിച്ചുകാണുന്നതിന് ഇത്തരം സർവ്വേക്ഷണങ്ങൾ കൊണ്ടു സാധിക്കും. രണ്ടാം ലോകയുദ്ധകാലത്ത് അഭിഗമ്യമല്ലാത്ത ഈ രീതി ഉപയോഗിച്ചു സർവേക്ഷിക്കുന്നതിനുള്ള പ്രവിധികൾ (techniques) വളരെ പുരോഗമിക്കുകയുണ്ടായി. ജലരേഖാനിർണ്ണയം (water line method),[18] ജലസുതാര്യതാനിർണ്ണയം (water transparency method) തരംഗപരമ്പരകളുടെ വേഗവും ദൈർഘ്യവും നിർണ്ണയിക്കൽ മുതലായവ ഇത്തരം സർവേക്ഷണത്തിന്റെ ഭാഗങ്ങളാണ്.[19]
കടലോരധാരകളും രൂപഭേദപ്രവണതകളും നേരിട്ടു നിർണയിക്കുന്നതിന് ഒരു മാർഗ്ഗം ഹ്രസ്വകാല റേഡിയോ പ്രസരണം ഉള്ള പദാർഥങ്ങൾ അടക്കം ചെയ്ത പ്ലാസ്റ്റിക് ഗുളികകൾ ഉപയോഗപ്പെടുത്തി ഉള്ളതാണ്. തീര പദാർഥങ്ങളോട് വലിപ്പത്തിലും ഘനത്തിലും സാമ്യം വഹിക്കുന്ന ഇത്തരം ഗുളികകൾ ഒരു സ്ഥലത്ത് കടലിൽ നിക്ഷേപിച്ചാൽ അവയുടെ ചലത്തിന്റെ ദിശയും ഗൈഗർ കൗണ്ടർ (Geiger counter) കൊണ്ട് പിന്തുടരാവുന്നതാണ്. പ്ലവകങ്ങൾ കൊണ്ടും തീരധാരയുടെ ദിശയും വേഗവും നിർണയിക്കാം.[20]
ഒരു നിശ്ചിത സ്ഥലത്തോ പ്രത്യേക സംരചനകളോടനുബന്ധിച്ചോ തരംഗങ്ങളുടെയും വേലായ പ്രവർത്തനത്തിന്റെയും ഫലങ്ങൾ നിർണ്ണയിക്കുന്നതിന് ഒരു പ്രധാന മാർഗ്ഗം മാതൃകാപരീക്ഷണങ്ങളാണ് (model experiments). വിവിധ തലങ്ങളിലും നിലവാരങ്ങളിലും ഇതിനുള്ള പ്രവിധികൾ ഇന്നു ഹൈഡ്രോളിക് എൻജിനീയറിങ്ങിൽ സുസ്ഥാപിതമായിട്ടുണ്ട്. നിരീക്ഷണങ്ങളും പരീക്ഷണങ്ങളും തട്ടിച്ചുനോക്കി ന്യയയുക്തമായ നിഗമനങ്ങളിൽ എത്തി സംരക്ഷണസംരചനകൾ ഡിസൈൻചെയ്ത് അത് മാതൃകകളിൽ പുനഃപരിശോധന നടത്തിയാണ് വലിയ സംരചനകൾ എല്ലാം തന്നെ ഇക്കാലത്തുനിർമ്മിക്കുന്നത്. വൈവിധ്യംകൊണ്ട് അളവു നിർണ്ണയിക്കാൻ പ്രയാസമുള്ള ഘടകങ്ങളുടെ ബാഹുല്യം ഉൾപ്പെടുന്ന ഇത്തരം സാങ്കേതിക പഠനങ്ങളിൽ മാതൃകാപരീക്ഷണങ്ങൾ ഘടകങ്ങളെ വിലയിരുത്തുന്നതിനും പ്രവിധികളുടെ ഔചിത്യം സ്ഥാപിക്കുന്നതിനും സഹായിക്കുന്നു.
ഒരു നിശ്ചിത കടലോരഖണ്ഡം സംരക്ഷിക്കുന്നതിനുള്ള നിർമ്മാണപ്രവർത്തനങ്ങൾക്ക് രണ്ടുതരം സമീപനം ആകാം. കടലാക്രമണത്തെ നേരിട്ടു ചെറുക്കുന്നതിനു ശേഷിയുള്ള സംരചനകൾ നിർമ്മിക്കുക, കടലാക്രമണ ഘടകങ്ങളെ നിയന്ത്രിച്ച് അവയുടെ ആക്രമണ പ്രവണത കുറയ്ക്കുകയോ, തിരിച്ചുവിടുകയോ അവയെ സംരക്ഷണ സഹായകങ്ങളാക്കി മാറ്റുകയോ ചെയ്യുക. പല പ്രതിരോധ സംരചനകളും ഈ രണ്ടു സമീപനങ്ങളും ഉൾക്കൊള്ളുന്നു.
അവലംബം
തിരുത്തുക- ↑ http://science.jrank.org/pages/6832/Tides-Theories-tidal-action.html Tides - Theories Of Tidal Action
- ↑ http://www.answers.com/topic/littoral-current littoral current
- ↑ http://www.pznow.co.uk/marine/beachformation.html Archived 2010-07-18 at the Wayback Machine. Beach Formation
- ↑ [1] Archived 2010-08-08 at the Wayback Machine. Beach Nourishment: A Guide for Local Government Officials
- ↑ http://www.barbados.org/beaches.htm Barbados Beaches
- ↑ http://www.fjordnorway.com/en/[പ്രവർത്തിക്കാത്ത കണ്ണി] Fjord Norway
- ↑ http://www.galleries.com/rocks/basalt.htm The Rock - Basalt
- ↑ http://www.livingwilderness.com/patterns/palisades.html Palisades, Rock Formation
- ↑ http://www.mindat.org/min-2750.html Monazite
- ↑ http://www.galleries.com/minerals/oxides/ilmenite/ilmenite.htm THE MINERAL ILMENITE
- ↑ http://environment.nationalgeographic.com/environment/natural-disasters/tsunami-profile/ Tsunamis
- ↑ http://peswiki.com/index.php/Directory:Ocean_Wave_Energy Archived 2010-08-15 at the Wayback Machine. Directory:Ocean Wave Energy
- ↑ http://www.seafriends.org.nz/oceano/waves.htm Oceanography: waves
- ↑ http://www.eurosion.org/ EUROSION
- ↑ http://www.eurosion.org/shoreline/introduction.html Shoreline Management Guide
- ↑ http://science.jrank.org/pages/6832/Tides-Theories-tidal-action.html Tides - Theories Of Tidal Action
- ↑ http://www.pnas.org/content/97/8/3814.abstract Archived 2012-08-28 at the Wayback Machine. The 1,800-year oceanic tidal cycle
- ↑ A Sensitivity Analysis of the Waterline Method
- ↑ Water-transparency
- ↑ What is a Geiger Counter?
പുറംകണ്ണികൾ
തിരുത്തുക- [2] littoral current
- http://www.seafriends.org.nz/oceano/beach.htm
- [3] Images for tsunami
- http://www.sristi.org/dmis/what_tsunami Archived 2010-07-21 at the Wayback Machine.